13 November Wednesday

പടിയിറങ്ങിയ ശ്രീ; മലയാളസിനിമയുടെ മുഖശ്രീ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

മലയാളത്തിന്റെ ശ്രീ മാഞ്ഞിട്ട് 13 വർഷം. അഞ്ചുദശകം തെന്നിന്ത്യൻ വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന താരം ഇപ്പോഴുമുണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ. മലയാളസിനിമയുടെ മുഖശ്രീ, ശാലീന സൗന്ദര്യം എന്നെല്ലാമായിരുന്നു  ശ്രീവിദ്യ എന്ന അതുല്യ കലാകാരിയെ ചലച്ചിത്രമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അഭിനയിച്ചത് എണ്ണൂറിലധികം സിനിമകളിൽ. അനുവാചക ഹൃദയങ്ങളിൽ തൊട്ടാൽ ചോരപൊടിയുന്ന മുറിവ് അവശേഷിപ്പിച്ച് 2006 ഒക്ടോബർ 19നാണ് അവരെ അർബുദം അപഹരിച്ചത്. സിനിമയുടെ വെള്ളിവെളിച്ചത്തിൽ കുളിച്ചു നിന്നപ്പോഴും അവരുടെ വ്യക്തിജീവിതം തീരാനൊമ്പരങ്ങളുടേതായിരുന്നു.

പ്രസിദ്ധമായ കലാകുടുംബത്തിലായിരുന്നു ജനനം. കർണാടിക് സംഗീതജ്ഞ എം എൽ വസന്തകുമാരിയുടേയും തമിഴ് ഹാസ്യനടൻ കൃഷ്ണമൂർത്തിയുടെയും മകൾ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ലോകത്തായിരുന്നു വളർന്നത്. പതിമൂന്നാം വയസ്സിൽ  തിരുവുൾ  ചൊൽവർ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി.  1969 ലിറങ്ങിയ ‘കുമാരസംഭവ'ത്തിൽ ഒരു നൃത്തരംഗത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ആ വർഷം തന്നെ ചട്ടമ്പിക്കവലയിലൂടെ സത്യന്റെ നായികയായി. എഴുപതുകളുടെ തുടക്കത്തിൽ ധാരാളം തമിഴ്, തെലുങ്ക്, മലയാള സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു. 1975ൽ വന്ന  കെ ബാലചന്ദറിന്റെ ‘അപൂർവരാഗ'ങ്ങളിലെ അഭിനയം നിരൂപകപ്രശംസ നേടി. 1976 ൽ ഇറങ്ങിയ ‘ഹൃദയം ഒരു ക്ഷേത്രം', ‘തീക്കനൽ' എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. മലയാളത്തിൽ പ്രമുഖ നടന്മാരുടെയെല്ലാം നായികയായി.

 

അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു അവയെല്ലാം. രചന, ദൈവത്തിന്റെ വികൃതികൾ, ജീവിതം ഒരു ഗാനം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു.  മധുവിന്റെ നായികയായിട്ടാണ് കൂടുതലും അഭിനയിച്ചത്. കേരളത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലും കച്ചേരികൾ അവതരിപ്പിച്ചു.

ദാമ്പത്യജീവിതം തകർന്നത് അവരുടെ വ്യക്തിജീവിതത്തെയും സാമ്പത്തിക സുരക്ഷയെയും വല്ലാതെ ബാധിച്ചു. താരത്തിളക്കങ്ങൾക്കിടയിലും അവർ ഒറ്റയ്‌ക്കായി.  അവസാന കാലത്ത് മിനിസ്‌ക്രീനിലും സജീവമായി. അർബുദരോഗത്തോട് മല്ലടിച്ച് ആശുപത്രിയിൽ കഴിയുമ്പോൾ കമൽഹാസൻ അവരെ സന്ദർശിച്ചത് വാർത്തയായിരുന്നു. രഞ്ജിത്തിന്റെ തിരക്കഥ എന്ന ചിത്രത്തിന് ആധാരമായത് ഈ സന്ദർശനമായിരുന്നു.


പ്രധാന വാർത്തകൾ
 Top