25 April Thursday

'നമ്മുടെ ശബ്ദം ഉറക്കെ കേള്‍പ്പിക്കേണ്ട കാലം തന്നെയാണിത്'; നിലപാടുകള്‍ വ്യക്തമാക്കി നടി പാര്‍വതി

കെ കെ ഷാഹിനUpdated: Wednesday Dec 20, 2017

ഫോട്ടോ: സന്തോഷ് പട്ടാമ്പി

കെ കെ ഷാഹിന

കെ കെ ഷാഹിന

"മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് മാറുകയാണല്ലോ ഒരു അഭിനേതാവിന്റെ ജോലി. അതുകൊണ്ടുതന്നെ നിങ്ങള്‍ ശരിക്കും ഇങ്ങനെയാവും ഇരിക്കുക എന്ന ഒരു സങ്കല്‍പ്പം പ്രേക്ഷകര്‍ക്ക് കൊടുക്കാതിരിക്കണം എന്ന് ഞാന്‍ കരുതുന്നുണ്ട്. അങ്ങനെ ഒന്ന് കാണുന്ന നിമിഷം മുതല്‍ പ്രേക്ഷകര്‍ക്ക് ഒരു കഥാപാത്രമായി എന്നെ കാണാന്‍ പ്രയാസം നേരിടുമെന്നാണ് എന്റെ തോന്നല്‍'' ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ പാര്‍വതിയുമായി കെ കെ ഷാഹിന സംസാരിക്കുന്നു...

ന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി എന്നതുമാത്രമല്ല പാര്‍വതി തിരുവോത്ത് എന്ന ഇരുപത്തൊമ്പതുകാരിയെ ശ്രദ്ധേയയാക്കുന്നത്. സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു പറയുമ്പോള്‍ പാര്‍വതിയുടേത് ഉറച്ച ശബ്ദമാണ്. മലയാള സിനിമയില്‍ അധികം കേട്ടിട്ടില്ലാത്ത തരത്തിലുള്ള മൂര്‍ച്ചയുണ്ട് ആ ശബ്ദത്തിന്. മലയാളത്തില്‍ മാത്രമല്ല, കേരളത്തിനു പുറത്തും പാര്‍വതി തനിക്ക് പറയാനുള്ളത്, വ്യക്തമായ ഭാഷയില്‍ പറയുന്നുണ്ട്. തനൂജ ചന്ദ്രയുടെ 'ഖരീബ് ഖരീബ് സിംഗിളി'ലൂടെ ബോളിവുഡിലും  സാന്നിധ്യമറിയിച്ചിരിക്കുകയാണ് പാര്‍വതിയിപ്പോള്‍.

മലയാളസിനിമയാകട്ടെ സവിശേഷമായ ഒരു പരിണാമത്തിന് വിധേയമാകുന്ന കാലഘട്ടത്തിലുമാണ്.  ഇതുവരെ നമ്മള്‍ സ്‌ക്രീനില്‍ മാത്രം കേട്ടിരുന്ന നേര്‍ത്ത സ്ത്രീശബ്ദങ്ങള്‍ക്കുപകരം, ശക്തവും വ്യക്തതയുള്ളതുമായ സ്ത്രീകളുടെ കൂട്ടായ ശബ്ദം സിനിമാമേഖലയില്‍ നിന്നുയരുന്നതിലൂടെയാണ് ആ മാറ്റമുണ്ടാകുന്നത്.
സിനിമയിലെ വനിതാക്കൂട്ടായ്മയുടെ പ്രധാന പ്രവര്‍ത്തകരിലൊരാള്‍ കൂടിയായ പാര്‍വതിയുമായി പ്രമുഖ മാധ്യമപ്രവര്‍ത്തക കെ കെ ഷാഹിന സംസാരിക്കുന്നു കഥാപാത്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സിനിമയെക്കുറിച്ചും...

 ? ഞാന്‍ കരുതിയിരുന്നത് പുറത്തൊക്കെ പഠിച്ചയാളാണെന്നാണ്. പക്ഷേ, പാര്‍വതി പഠിച്ചതെല്ലാം കേരളത്തില്‍തന്നെയാണല്ലേ.

= എന്റെ സ്‌കൂളിങ് മുഴുവനും കേരളത്തില്‍ തന്നെയായിരുന്നു. തിരുവനന്തപുരം പാങ്ങോട് കേന്ദ്രീയ വിദ്യാലത്തിലാണ് പഠിച്ചത്. ആര്‍മി കന്റോണ്‍മെന്റിനകത്തായിരുന്നതിനാല്‍ അതൊരു മിനി ദില്ലിയോ മിനി നോര്‍ത്ത് ഇന്ത്യയോ പോലെയായിരുന്നു. തിരുവനന്തപുരത്താണോ എന്ന് തോന്നാത്തവിധമായിരുന്നു അക്കാലത്തെ ജീവിതം എന്നുപറയാം. പന്ത്രണ്ടാം ക്ലാസ്സൊക്കെവരെ എനിക്ക് മലയാളത്തെക്കാള്‍ അറിയാമായിരുന്നത് ഹിന്ദിയും ഇംഗ്ലീഷുമായിരുന്നു.

? ഓരോ സിനിമയിലും കാണുമ്പോള്‍ പാര്‍വതിക്ക് ഓരോ രൂപമാണല്ലോ, ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ടപ്പോള്‍, നോട്ട്ബുക്കിലഭിനയിച്ച അതേ നടി തന്നെയാണോ ഇതെന്നറിയാന്‍ ഞാന്‍ യൂട്യൂബിലെല്ലാം വീണ്ടും നോക്കുകയായിരുന്നു. ഒരു സിനിമയില്‍ കാണുന്ന ആളേയല്ല പാര്‍വതി അടുത്ത സിനിമയില്‍. എന്തുകൊണ്ടാണിത്.

= അത് വളരെ ബോധപൂര്‍വം തന്നെയാണ്. നോട്ട്ബുക്ക് എന്റെ രണ്ടാമത്തെ സിനിമയായിരുന്നു, അന്ന് എനിക്ക് പതിനെട്ട് വയസ്സാണ്. ഇപ്പോള്‍ ഇരുപത്തൊമ്പതായി, പ്രായത്തിന്റെ ഈ അന്തരം ഒരു പ്രധാന ഘടകമാണ്. അഭിനയത്തിന് ഒരു സവിശേഷ   വിരുത് കൂടിയുണ്ടെന്ന് എനിക്ക്   മനസ്സിലാക്കിത്തന്നത് യഥാര്‍ഥത്തില്‍ നോട്ട്ബുക്കിന്റെ രചയിതാക്കളായ ബോബിയും സഞ്ജയുമാണ്. അഭിനേതാക്കളെ കൂടി സൃഷ്ടിക്കുന്നതരം എഴുത്തായിരുന്നു അവരുടേത്. ഓരോ കഥാപാത്രത്തെയും വ്യത്യസ്തമായി ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിക്കുന്നത് അവിടെ നിന്നാണ്. എന്നു വച്ചാല്‍ കഴിഞ്ഞ കഥാപാത്രം അങ്ങനെയായിരുന്നല്ലോ അതുകൊണ്ട് ഇത് ഇങ്ങനെ ചെയ്യാം എന്ന മട്ടിലുള്ള ബോധപൂര്‍വമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ല അതുണ്ടാവുന്നത്. പിന്നെ തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എനിക്ക് കിട്ടിയിട്ടുള്ളത്. ഉദാഹരണത്തിന് സിറ്റി ഓഫ് ഗോഡിലെ മരതകവും ബാംഗ്ലൂര്‍ ഡേയ്‌സിലെ സേറയും.

എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിലെ ഒരു രംഗം

എന്ന് നിന്റെ മൊയ്തീന്‍ ചിത്രത്തിലെ ഒരു രംഗം

? കഥാപാത്രങ്ങള്‍ മാത്രമല്ല, പാര്‍വതീ, ഫോട്ടോകള്‍ വരെ ഒന്നിനൊന്ന് വ്യത്യസ്തമാണ്. കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഇന്റര്‍വ്യൂവിനൊപ്പം ഉപയോഗിച്ചിരിക്കുന്ന ഫോട്ടോ എനിക്ക്  രണ്ടുവട്ടം നോക്കേണ്ടിവന്നു,  അത് പാര്‍വതിയാണോ എന്നുറപ്പിക്കാന്‍. അപ്പിയറന്‍സിലെ ഇങ്ങനെയുള്ള വ്യത്യാസത്തെക്കുറിച്ചാണ്... 

 = നിങ്ങള്‍ കാണുന്ന എന്റെ ഫോട്ടോഗ്രാഫുകള്‍ അതത് കഥാപാത്രങ്ങളായിരിക്കുമ്പോഴുള്ളവയാണ്. അതിന്റെ വ്യത്യാസം തീര്‍ച്ചയായും ഉണ്ടാവും. ബോധപൂര്‍വമായ തീരുമാനത്തിന്റെ ഭാഗമായി ഞാനിന്നേവരെ പാര്‍വതിയായിട്ട് ഒരു ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. മുഖങ്ങളില്‍ നിന്ന് മുഖങ്ങളിലേക്ക് മാറുകയാണല്ലോ ഒരു അഭിനേതാവിന്റെ ജോലി. അതുകൊണ്ടുതന്നെ നിങ്ങള്‍ ശരിക്കും ഇങ്ങനെയാവും ഇരിക്കുക എന്ന ഒരു സങ്കല്‍പ്പം പ്രേക്ഷകര്‍ക്ക് കൊടുക്കാതിരിക്കണം എന്ന് ഞാന്‍ കരുതുന്നുണ്ട്. അങ്ങനെ ഒന്ന് കാണുന്ന നിമിഷം മുതല്‍ പ്രേക്ഷകര്‍ക്ക് ഒരു കഥാപാത്രമായി എന്നെ കാണാന്‍ പ്രയാസം നേരിടുമെന്നാണ് എന്റെ തോന്നല്‍. പരമാവധി ലൈംലൈറ്റില്‍ നിന്ന് മാറി നില്‍ക്കുന്നത് എപ്പോഴും നല്ലാതാണെന്നാണ് ഞാന്‍ കരുതുന്നത്. ഒരു കഥാപാത്രം കഴിഞ്ഞ് അടുത്തത് ചെയ്യുമ്പോഴേക്കും പഴയതിനെ കാണികള്‍ മറക്കണം. 'എന്ന് നിന്റെ മൊയ്തീനി'ലെ കാഞ്ചനമാലയുടെ വേഷം ചെയ്ത് ഏതാനും മാസങ്ങള്‍ക്ക് ശേഷം ചാര്‍ലിയിലെ ടെസ്സയായിട്ടാണ് ഞാന്‍ പിന്നീട് സ്‌ക്രീനിലെത്തിയത്. ഒരുതരത്തിലും സാദൃശ്യമില്ലാത്ത രണ്ടു കഥാപാത്രങ്ങള്‍ കിട്ടിയത് ആ അര്‍ഥത്തില്‍ വലിയ ഭാഗ്യമാണ്. ചാര്‍ലിക്ക് ശേഷം പത്തുമാസത്തോളം ഞാന്‍ വേറെ വേഷമൊന്നും ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഞാന്‍ ടിവിയില്‍ വരികയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അക്കാലയളവില്‍ മറ്റെല്ലാവരെയും പോലെ ഞാനെന്റെ ജീവിതം ജീവിക്കുകയായിരുന്നു. ഏതാണ്ടൊരു വര്‍ഷത്തിന് ശേഷമാണ് ഞാന്‍ ടേക്ക് ഓഫില്‍ അഭിനയിക്കുന്നത്.

? അതെയതെ, ടെലിവിഷനിലും സിനിമാ പേജുകളിലുമൊന്നും പാര്‍വതിയെ അധികം കണ്ടിട്ടില്ല. തീരുമാനത്തിന്റെ ഭാഗമായിട്ടാണ് അങ്ങനെ മാറി നിന്നതല്ലേ.

= തീര്‍ച്ചയായും. അതെ, പരസ്യങ്ങളോ ഉദ്ഘാടനമടക്കമുള്ള പരിപാടികളോ ഒന്നും ഞാന്‍ ചെയ്യുന്നുണ്ടായിരുന്നില്ല. ഇപ്പൊ ഞാന്‍ കുറച്ചുകൂടി പൊതുവേദികളിലെല്ലാം വരുന്നത്, എനിക്ക് പറയാന്‍ ഇതുപോലെ ചിലതുള്ളതുകൊണ്ടാണ്. അതും നടിയെന്ന നിലയിലല്ല, മറിച്ച് ഒരു സാധാരണ സ്ത്രീയെന്നനിലയില്‍ പറയേണ്ടുന്ന കാര്യങ്ങളാണ് ഞാനിപ്പോള്‍പറയുന്നത്.

 ? ഇതൊന്നുകൂടി വിശദീകരിക്കാമോ, അതായത് ഇക്കാലത്ത് പൊതുവേദികളില്‍ പാര്‍വതിയടക്കമുള്ളവരുടെ ശബ്ദങ്ങള്‍ കേള്‍പ്പിക്കേണ്ടത് ഒരു അനിവാര്യതയാണെന്ന് കരുതുന്നുണ്ടോ. മലയാളത്തില്‍ അടുത്ത കാലത്തു മാത്രമാണ് സിനിമയില്‍ നിന്നും സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയത്.

    = ഉറപ്പായിട്ടും അതെ. നമ്മുടെ ശബ്ദം ഉറക്കെ കേള്‍പ്പിക്കേണ്ട കാലം തന്നെയാണിത്. ആത്യന്തികമായി നമ്മളെല്ലാം തൊഴിലാളികളാണെന്ന് ജനം അറിയേണ്ടതുണ്ട്. WCC ഇപ്പോള്‍ ചെയ്യുന്നത് എന്താണെന്നുവച്ചാല്‍ സ്വന്തം വീട് വൃത്തിയാ ക്കുകയാണ്. ഇതുതന്നെയാണ് നഴ്‌സുമാരും ചെയ്തത്. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി അവര്‍ തെരുവിലിറങ്ങിയപ്പോള്‍, മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചുകിട്ടിയില്ലെങ്കിലും അവരുടെ വേതനവ്യവസ്ഥയെല്ലാം അല്‍പ്പമെങ്കിലും മെച്ചപ്പെടാന്‍ അത് കാരണമായില്ലേ.

എനിക്ക് അവരോട് വലിയ ബഹുമാനമാണുള്ളത്. അവരില്‍ നിന്ന് നമ്മള്‍ പ്രചോദിതരാവുന്നുണ്ട്. ഓരോരുത്തരും അവരുടെ പ്രവര്‍ത്തന മേഖലയില്‍ ഇത്തരം അവകാശ പോരാട്ടങ്ങള്‍ക്ക് മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. സിനിമാമേഖലയില്‍ ഇപ്പോള്‍ ഒരു പാട് പ്രശ്‌നങ്ങളുണ്ട്, അതേപ്പ റ്റി അവിടെയുള്ളവര്‍ സംസാരിക്കേണ്ടതുണ്ട്, അങ്ങനെ നമ്മള്‍ ഉറക്കെ ശബ്ദിച്ചുതുടങ്ങിയാല്‍മാത്രമേ ഇവിടത്തെ പ്രശ്‌നങ്ങളെ ക്കുറിച്ച് സമൂഹം അറിയുകയുള്ളൂ. സിനിമാമേഖലയെക്കുറിച്ചുള്ള ആഖ്യാനങ്ങളെല്ലാം ഏകപക്ഷീയമാണ്, അതുകൊണ്ടുകൂടിയാണ് നമ്മുടെ ശബ്ദം ഉയര്‍ന്നു വരേണ്ടത് പ്രധാനമാണെന്ന് ഞാന്‍ കരുതുന്നത്.

ഇന്ത്യന്‍ രാജ്യാന്തര ചലചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു

ഇന്ത്യന്‍ രാജ്യാന്തര ചലചിത്രോത്സവത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങുന്നു


? അതെ അതെ, അധീശത്വമുറപ്പിച്ചിട്ടുള്ള ഇപ്പോഴത്തെ ആഖ്യാനങ്ങളെ വെല്ലുവിളിക്കേണ്ടതുണ്ട്.

= അതെ, തീര്‍ച്ചയായിട്ടും വേണം. WCCയുടെ ഭാഗത്തുനിന്ന് ഞങ്ങളിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. വെറുതെ ശബ്ദം കേള്‍പ്പിച്ചുകൊണ്ടിരുന്നാല്‍ മാത്രം പോര. നമുക്ക് ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ടെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുമുണ്ട്. അല്ലെങ്കില്‍ ഇപ്പോഴുള്ള മറ്റു നൂറായിരം സംഘടനകളിലൊന്നായി ഇതും മാറും, അത് അറിയാവുന്നവര്‍ കൂടിയാണ് ഞങ്ങള്‍.

? അതെ, ഞാന്‍ സജിത(മഠത്തില്‍)യോടും റിമ(കല്ലിങ്കല്‍)യോടുമെല്ലാം സംസാരിച്ചപ്പോള്‍ ഇതേ കാര്യം പറഞ്ഞിരുന്നു. എന്തിലുമേതിലും അഭിപ്രായം പറയേണ്ടവരായിരിക്കാന്‍ നിങ്ങള്‍ക്കെപ്പോഴും കഴിയില്ലല്ലോ. സോഷ്യല്‍ മീഡിയയിലെല്ലാം വരുന്ന കമന്റുകളില്‍ അവഗണിക്കേണ്ടവയെ അവഗണിക്കുക തന്നെയാണ് ചെയ്യാനുള്ളത്. ഐഎഫ്എഫ്‌ഐയിലെ മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടുന്ന ആദ്യത്തെ മലയാളി നടിയായിരിക്കുകയാണ് പാര്‍വതി. ഈ അവാര്‍ഡ് കിട്ടിയതോടെ അവസരങ്ങളുടെ കാര്യത്തില്‍ എന്തു മാറ്റമാണുണ്ടാവുക. ഇങ്ങനെ വലിയ പുരസ്‌കാരമൊക്കെ കിട്ടിയ സ്ത്രീ എന്ന നിലയില്‍ അകറ്റിനിര്‍ത്തപ്പെടാനിടയുണ്ട് സിനിമാലോകം എന്ന് തോന്നുന്നുണ്ടോ. കടുത്ത സ്ത്രീവിരുദ്ധത നിലനില്‍ക്കുന്ന ഒരു മേഖലയാണല്ലോ സിനിമ.

= അവാര്‍ഡിനു മുമ്പു തന്നെ അങ്ങനെ സംഭവിക്കുന്നുണ്ട്. തുടരെ രണ്ടുമൂന്ന് ഹിറ്റ് പടങ്ങളുടെ ഭാഗമായതോടെതന്നെ അതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. അവസരങ്ങള്‍ കുറയുന്നുണ്ട്. പക്ഷേ, അതിലെനിക്ക് പ്രശ്‌നമില്ല. സാമ്പത്തികമോ അല്ലാത്തതോ ആയ വിജയ പരാജയങ്ങളല്ല എന്നെ മുന്നോട്ടുനയിക്കാറുള്ളത്. നോട്ട്ബുക്ക് മുതല്‍ മരിയാന്‍ വരെയുള്ള എന്റെ സിനിമകള്‍ ഒന്നും വലിയ സാമ്പത്തികവിജയങ്ങളായിരുന്നില്ലല്ലോ. അതിനുശേഷം നിരവധി  വിജയചിത്രങ്ങളുമുണ്ടായി. എന്നാല്‍ എല്ലാ കഥാപാത്രങ്ങളെയും ഒരേ ആത്മാര്‍ഥതയോടെയാണ് ഞാന്‍ സമീപിച്ചിട്ടുള്ളത്. പറയുന്നത് അല്‍പ്പം കടന്നു പോയി എന്നെല്ലാം തോന്നാം പക്ഷേ, യാഥാര്‍ഥ്യം ഇതാണ്, ഒരു നടിയെന്ന നിലയില്‍ ഞാന്‍ പരാജയപ്പെട്ടതായി ഇതുവരെ ഒരിക്കല്‍പോലും എനിക്കു തോന്നിയിട്ടില്ല. ഏത് വേഷം ചെയ്യുമ്പോഴും അത് നന്നാക്കാനായും ആ ടീമിനൊപ്പം നില്‍ക്കാനായും  നൂറു ശതമാനം അര്‍പ്പണ ബോധം  കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ എനിക്ക്  നിരാശയൊന്നും ഒരു സാഹചര്യത്തിലും തോന്നാറില്ല. പിന്നെ രസകരമായ ഒരു കാര്യം പറയട്ടെ, ഒരു സിനിമ വിജയിക്കുമ്പോഴും അതേപോലെ പരാജയപ്പെടുമ്പോഴും എന്റെ ഫോണ്‍ കുറെ നാളത്തേക്കെങ്കിലും നിശ്ശബ്ദമാകാറാണ് പതിവ്. ചുരുക്കം ചിലരേ വിളിക്കാറുള്ളൂ.

? വിജയം വരിക്കുന്ന എല്ലാ സ്ത്രീകളുടെ കാര്യത്തിലെല്ലാം ഇതുണ്ടാവുന്നുണ്ടാവും. ഒരു സ്ത്രീയെന്ന നിലയില്‍ എനിക്കതു മനസ്സിലാക്കാന്‍ പറ്റും.

= പിന്നെ  അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന നല്ല ആത്മവിശ്വാസം എനിക്കുണ്ട്. ചില സംഗതികള്‍ ചിലര്‍ക്കേ ചെയ്യാന്‍ പറ്റൂ എന്നതെല്ലാം വെറുതെ തോന്നുന്നതാണ്. ഒഴുക്കിനെതിരെ നീന്തി അവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നവരാണ് കലാകാരന്മാര്‍. എനിക്ക് നല്ല ബോധ്യമുണ്ട് ഞങ്ങളെല്ലാം, അഞ്ജലിയാവട്ടെ റിമയാവട്ടെ രമ്യയാവട്ടെ ഞങ്ങളുടേതായ സ്ഥാനം സ്വയം സൃഷ്ടിച്ചെടുത്തവര്‍ തന്നെയാണ്. ഞങ്ങള്‍ക്കിടയിലെ സഹകരണവും അതുകൊണ്ടുതന്നെ ഈ പരസ്പര ബഹുമാനത്തില്‍ നിന്നുണ്ടാവുന്നതാണ്. കലാരംഗത്ത് എല്ലാവര്‍ക്കും ഇടമുണ്ട്, അവിടേക്ക് പുതിയ ആളുകള്‍ വരട്ടെ, എല്ലാ കഥാപാത്രങ്ങളും എനിക്കു തന്നെ വേണമെന്ന നിര്‍ബന്ധമില്ല. തൊണ്ടിമുതലും ദൃക്‌സാക്ഷിയും വന്നപ്പോള്‍ എനിക്കു വലിയ സന്തോഷമായിരുന്നു, അതിലെ നിമിഷയുടെ അഭിനയം അതിഗംഭീരമല്ലേ.
wcc അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം

wcc അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം


? അതെ അതെ, അവരതില്‍ മനോഹരമായി  അഭിനയിച്ചിട്ടുണ്ട്.

= നിമിഷക്ക് കൂടുതല്‍ക്കൂടുതല്‍ അവസരങ്ങള്‍ കിട്ടണമെന്നാഗ്രഹിക്കുന്നയാളാണ് ഞാന്‍. അത് ഒരുതരത്തില്‍ ഞങ്ങള്‍ക്കെല്ലാമിടയില്‍ വളര്‍ന്നുവരുന്ന സാഹോദര്യത്തിന്റെ കൂടി ഫലമാണ്. ഞങ്ങള്‍ പരസ്‌പരം പ്രചോദിതരാകുന്നുണ്ട്. നിരന്തരം ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഷെയ്ന്‍ അത്തരത്തിലുള്ള മറ്റൊരു പുതിയ മുഖമാണ്. അയാള്‍ മികച്ച നടനാണ്.  അതുപോലെ തന്നെ ഇപ്പോള്‍ മായാനദിയില്‍ അഭിനയിക്കുന്ന ഐശ്വര്യ. ആ ട്രെയ്‌ലറിലെ ചില ഷോട്ടുകളില്‍ ഐശ്വര്യയെ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടുപോകും.

? ഏത് അഭിമുഖത്തിലും    സ്ത്രീകളോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ആ നടനോടൊപ്പം അഭിനയിച്ചപ്പോള്‍ എന്തായിരുന്നു തോന്നിയതെന്ന്. പുരുഷന്മാരോട് പക്ഷേ, ഈ ചോദ്യം ആരും ചോദിക്കുന്നത് കേട്ടിട്ടില്ല.

=  ശരിയാണ്. എല്ലാ നടന്മാരോടും  അവരുടെ കൂടെ അഭിനയിക്കുന്ന നടിമാരെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കില്‍, അവര്‍ പറയുന്നതെന്താണെന്ന് കേള്‍ക്കാന്‍ രസമായിരിക്കില്ലേ.

? ബോളിവുഡില്‍ ഇര്‍ഫാന്‍ഖാനോടൊപ്പമുള്ള അഭിനയം എങ്ങനെയിരുന്നുവെന്ന് പാര്‍വതിയോടുതന്നെ എന്റെ സഹപ്രവര്‍ത്തകര്‍ ചോദിക്കുന്നത് ഞാന്‍ ഈയിടെ കേട്ടിരുന്നു.

=  ആ ചോദ്യത്തിനുത്തരം പറയാന്‍ എനിക്ക് മടിയൊന്നുമില്ല കേട്ടോ. എന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് പറയുന്നതില്‍  തെറ്റൊന്നുമില്ല.

? ഇര്‍ഫാന്‍ഖാന്‍ ഒരു ഗംഭീര നടനല്ലേ.

= അതെ അതെ, ഞാന്‍ നല്ല നടന്മാരോടൊപ്പം അഭിനയിച്ചിട്ടുണ്ട്. മോശം നടന്മാരോടുകൂടെയും   അഭിനയിച്ചിട്ടുണ്ട്. മോശമെന്ന് ഞാന്‍ പറയുന്നത് കഴിവുകുറഞ്ഞവര്‍ എന്ന അര്‍ഥത്തിലല്ല, മറിച്ച് ഒപ്പം അഭിനയിക്കുന്നവരോട് ഒരുതരത്തിലും സഹകരണമില്ലാത്തവരെയാണ് ഞാന്‍ മോശമെന്ന് പറയുന്നത്. പിന്നെ, നമുക്ക് ഇതിനെക്കാള്‍ വലിയ പോരാട്ടങ്ങള്‍ നടത്താനുണ്ടല്ലോ. അതുകൊണ്ട് അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മാത്രം.

? അതെ, ആ വലിയ പോരാട്ടങ്ങളിലേക്ക് വരാം. പാര്‍വതി  കന്നഡയിലും  തമിഴിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചു, ഓരോയിടത്തെയും  സിനിമാനുഭവങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്.

അങ്ങനെ തരംതിരിച്ച് കാണാനാവുമെന്ന് തോന്നുന്നില്ല. എന്റെ   അനുഭവത്തില്‍ തമിഴില്‍ നിന്ന് ഉത്തമവില്ലന് ശേഷം രണ്ടു മൂന്ന് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ, കഥാപാത്രങ്ങളൊന്നും അത്ര ഗൗരവമുള്ളവയായി തോന്നിയില്ല. തമിഴിലെ കാര്യം പറയുകയാണെങ്കില്‍ അവരുടെ കഥാപാത്രങ്ങള്‍ എനിക്കും, എന്റെ അഭിനയരീതി അവര്‍ക്കും യോജിച്ചതായിരുന്നില്ലെന്ന് തോന്നിയിരുന്നു. തമിഴ്‌സിനിമ പൊതുവെ ചില ഫോര്‍മുലകളെ പിന്തുടരുകയാണ് എന്ന് തോന്നിയിരുന്നു. ഈയിടയായി ചില മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. പക്ഷേ, സ്ത്രീകഥാപാത്രനിര്‍മിതിയിലുള്ള മാറ്റങ്ങള്‍ക്കായാണ് ഞാന്‍ കാത്തിരിക്കുന്നത്. മലയാളത്തിലെപ്പോലെ വാര്‍പ്പുമാതൃകകളെ മറികടക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ തമിഴില്‍ കുറവാണ്. സ്ത്രീകഥാപാത്ര പ്രധാനമെന്ന് പറയപ്പെടുന്ന സിനിമകളില്‍വരെ വാര്‍പ്പുമാതൃകകളെ തന്നെയാണ് പിന്തുടരുന്നത്. ടേക്ക് ഓഫിലെ സമീറയെപ്പോലെ ഒരു കഥാപാത്രം തമിഴില്‍ കാണില്ല.  സ്‌ത്രൈണഗുണമായി എണ്ണപ്പെടുന്ന നാണമോ കൊഞ്ചലോ ഒന്നും പ്രകടിപ്പിക്കാത്ത ചിരിക്കുകപോലും ചെയ്യാത്ത സമീറയെ മലയാളികള്‍ സ്വീകരിച്ചു. കന്നഡയിലെ ഈയിടെ ഇറങ്ങിയ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. എങ്കിലും രക്ഷിതിനെയും പവന്‍കുമാറിനെയും പോലെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിക്കുന്ന സംവിധായകര്‍ അവിടെയുണ്ട്.

ഫോര്‍മുല സിനിമകളെ മറികടക്കാനാവുന്നുണ്ട് എന്നതാണ് പുതിയ മലയാള സിനിമകളുടെ പ്രത്യേകത. യഥാതഥമായ ജീവിതത്തിലേക്ക് സിനിമ തിരിച്ചുവരികയാണെന്ന് തോന്നിപ്പിക്കുന്നവയാണ് പുതിയ സിനിമകള്‍. കന്നഡയിലും മറാത്തിയിലുമെല്ലാം   ഇത്തരം സിനിമകള്‍ ഉണ്ടാവുന്നുണ്ട്.
എടുക്കുന്ന സിനിമ ജനങ്ങളുമായി സംവദിക്കുന്നുണ്ടോ എന്നതാണ് പ്രശ്‌നം. ഞാനിപ്പോള്‍ മലയാളത്തിലൊരു സിനിമ എടുത്താല്‍ അത് പരമാവധി ആളുകള്‍ കാണണമെന്നാണ് ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലുള്ള സിനിമകള്‍. കൂടുതല്‍കൂടുതല്‍ പേര്‍ അത്തരം  സിനിമകള്‍ കാണണം എന്നാണ് എന്റെ ആഗ്രഹം. 

പാര്‍വതിയും ഇര്‍ഫാന്‍ ഖാനും  'ഖരീബ് ഖരീബ് സിംഗിളേ' എന്ന ചിത്രത്തില്‍

പാര്‍വതിയും ഇര്‍ഫാന്‍ ഖാനും 'ഖരീബ് ഖരീബ് സിംഗിളേ' എന്ന ചിത്രത്തില്‍


? ഇതോടൊപ്പം തന്നെ മോശം ഉള്ളടക്കമുള്ള സിനിമകള്‍   മലയാളത്തിലുമുണ്ടാകുന്നില്ലേ.  സ്ത്രീകളെയും ട്രാന്‍സ്‌ജെന്‍ഡറുകളായവരെയുമെല്ലാം അവമതിക്കുകയും അവഹേളിക്കുകയുമെല്ലാം ചെയ്യുന്ന ഇത്തരം മോശം സിനിമകളും ബോക്‌സ്ഓഫീസില്‍ വിജയിക്കുന്നുണ്ട്

=  ഉണ്ട്. സ്ത്രീകളെ അപമാനിക്കുന്ന വിധത്തിലുള്ള സിനിമകളും ഇതിനിടെ വലിയ ഹിറ്റുകളാകുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യം തന്നെയാണ്. അവയൊന്നും തന്നെ നമുക്ക് അഭിമാനിക്കത്തക്കതല്ല.  ഉദാഹരണത്തിന് കസബ എന്ന സിനിമയില്‍ നമ്മുടെ ഒരു സൂപ്പര്‍സ്റ്റാര്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഒരു സ്ത്രീയോടുപറയുന്ന സംഭാഷണം കേട്ടിട്ടുണ്ടോ. ഒരു തരത്തിലും ഗ്ലോറിഫൈ ചെയ്യാന്‍ പറ്റാത്തതാണത്. സ്ത്രീകളെ ലൈംഗിക അച്ചടക്കം പഠിപ്പിക്കുന്ന സംഭാഷണങ്ങള്‍ക്കെല്ലാം ഇപ്പോഴും നല്ല കയ്യടി കിട്ടുന്നുണ്ടെന്നതാണ് മറ്റൊരു കാര്യം.


? വാര്‍പ്പുമാതൃകകളെ ഭേദിക്കുന്നുണ്ട്  മലയാളസിനിമ എന്ന്  പറഞ്ഞില്ലേ, വിശദീകരിക്കാമോ.

=  ടേക്ക് ഓഫ് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച ഷഹീദ് എന്ന കഥാപാത്രത്തെ എടുക്കാം. സ്ത്രീകളോട് വളരെ നന്നായി പെരുമാറുന്ന ഒട്ടും മാച്ചോ (Macho) അല്ലാത്ത ഷഹീദും സമീറയും തമ്മിലുള്ള ബന്ധം തന്നെ എന്ത് മനോഹരമായാണ് എടുത്തിരിക്കുന്നത്. മാച്ചോ അല്ലാത്ത പുരുഷന്മാരെ അവതരിപ്പിക്കുന്നതു പോലും വലിയ വെല്ലുവിളിയാണ്. സിനിമയുടെ മേക്കിങ്ങില്‍ പ്രേമം പോലുള്ള സിനിമകള്‍ ഉണ്ടാക്കിയ മാറ്റം ചെറുതല്ല. കഥാപാത്രനിര്‍മിതിയില്‍ മാത്രമല്ല, കഥയിലും ആഖ്യാനരീതിയിലും വാര്‍പ്പുമാതൃകകളെ ഭേദിക്കുന്നുണ്ട് പുതിയ മലയാള സിനിമകള്‍. കഥാപാത്രങ്ങളുടെ വേഷവിധാനത്തിലടക്കം ഈ മാറ്റം പ്രകടമാണ്. മഹേഷിന്റെ പ്രതികാരത്തില്‍ അപര്‍ണ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അപ്പിയറന്‍സ് നോക്കൂ. ശരിക്കും അടുത്ത വീട്ടിലെ കുട്ടി എന്ന തോന്നലുണ്ടാക്കുന്ന രീതിയിലാണ് ആ കഥാപാത്രത്തെ പ്രസന്റ് ചെയ്യുന്നത്. സംഭാഷണങ്ങളിലെ സ്വാഭാവികതയാണ് മറ്റൊരു സവിശേഷത.

? സിനിമയുടെ ഉള്ളില്‍നിന്ന് പുറത്തിറങ്ങിയാല്‍, സെറ്റുകളില്‍പൊതുവെ സ്ത്രീകളോടുള്ള  സമീപനം എന്താണ്.
 

= പൊതുവെ ഈ മേഖലയില്‍ സ്ത്രീകളോടുള്ള ബഹുമാനക്കുറവ് പ്രകടമാണ്. മലയാളത്തിലെന്നല്ല, പൊതുവെ ഇതാണ് സ്ഥിതി. പ്രശസ്തരായവരോടും അല്ലാത്തവരോടുമുള്ള സമീപനം തികച്ചും വിഭിന്നമാണ്. അണിയറ പ്രവര്‍ത്തകരെ രണ്ടാം തരക്കാരായിത്തന്നെയാണ് കണക്കാക്കുന്നത്. ഞാനൊരു ഉദാഹരണം പറയാം. നടീനടന്മാര്‍ക്ക് സെറ്റില്‍ വിശ്രമിക്കാന്‍ പലപ്പോഴും നിര്‍മാണകമ്പനികള്‍ വാനിറ്റിവാനുകള്‍ നല്‍കാറുണ്ട്. ജനവാസ പ്രദേശങ്ങളില്‍നിന്ന് മാറിയൊക്കെയുള്ള ഷൂട്ടിങ്ങുകളില്‍ ഈ വാനില്‍ മാത്രമായിരിക്കും പലപ്പോഴും ശുചിമുറികളുണ്ടായിരിക്കുക. നിങ്ങള്‍ ചിലപ്പൊ വിശ്വസിക്കില്ല, ഈ വാനുകള്‍ അനുവദിച്ചിട്ടുള്ള അഭിനേതാക്കള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമല്ലാതെ മറ്റാര്‍ക്കും ഇതുപയോഗിക്കാന്‍ അവകാശമില്ല. സ്ത്രീകള്‍ക്കൊന്നും ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കില്‍ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാന്‍ അനുവദിക്കില്ല. വാനിന്റെ ഡ്രൈവര്‍മാരടക്കമുള്ളവര്‍ ഇതുപറഞ്ഞ് ആളുകളെ വിലക്കുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. എന്തൊരു അനീതിയാണിത്. വര്‍ണവിവേചനത്തിന്റെ കാലത്തൊന്നുമല്ലല്ലോ നമ്മള്‍ ജീവിക്കുന്നത്. എനിക്ക് വാനിറ്റി വാന്‍ കിട്ടുമ്പോഴെല്ലാം സെറ്റിലുള്ള സ്ത്രീകളോട് അതുപയോഗിച്ചു കൊള്ളാന്‍ ഞാന്‍ പറയാറുണ്ട്. നമ്മളിവിടത്തെ സിനിമാസംഘടനകളോടെല്ലാം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സംഗതിയാണിത്.

മറ്റൊന്ന്, സെക്‌സീസ്റ്റ് ആയ കമന്റുകളാണ്. ചാര്‍ലിയുടെ ആര്‍ട് ഡയറക്ടര്‍ ആയിരുന്ന ജയശ്രീ പറഞ്ഞ ഒരു കാര്യമുണ്ട്.  സിനിമയുടെ ഷൂട്ടിങ് സമയത്ത് എന്തെങ്കിലുമൊരു ചെറിയ പ്രശ്‌നം ആര്‍ടിസ്റ്റിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ മതി ഉടന്‍ വരുന്ന കമന്റ്, 'ഇതാണ് ഈ പെണ്ണുങ്ങളെക്കൊണ്ടുള്ള കുഴപ്പം' എന്നാണ്. ചെറിയ എന്തെങ്കിലും പ്രശ്‌നമാവും. ഒരു പുരുഷനായിരുന്നു ആര്‍ട് ഡയറക്ടറെങ്കില്‍ വഴക്കു പറയുന്നതുപോയിട്ട് ആരും ശ്രദ്ധിക്കുക പോലും ചെയ്യില്ല. സ്ത്രീവിരുദ്ധത വെള്ളത്തില്‍ എണ്ണ വീണതുപോലെയാണ്, എത്ര കോരിക്കളഞ്ഞാലും ഒരു പാടപോലെ അതവിടെ കിടക്കും. ചിലതിനോടൊക്കെ പൊരുതി പൊരുതി നമുക്ക് മടുക്കില്ലേ... എനിക്കുതോന്നുന്നു ഇനി നമ്മള്‍ ബുദ്ധിപൂര്‍വം ഇതിനെ നേരിടണമെന്ന്. അടുത്ത തലമുറയിലെങ്കിലും ഇതെല്ലാം ഒഴിവാക്കിയെടുക്കാന്‍ പറ്റണം. പുതിയ തലമുറയിലുള്ളവര്‍ക്കിടയിലാവണം ഇതിനായുള്ള പ്രവര്‍ത്തനം കേന്ദ്രീകരിക്കേണ്ടത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും      ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമെല്ലാം തുല്യ അവകാശങ്ങളും അവസരങ്ങളും ഉണ്ടാവണം. ആ ലക്ഷ്യത്തിനു വേണ്ടിയാവണം   wcc അടക്കമുള്ളവയുടെ പ്രവര്‍ത്തനം.
'മരിയാന്‍' ചിത്രീകരണ വേളയില്‍

'മരിയാന്‍' ചിത്രീകരണ വേളയില്‍


 ? സമീപകാലത്തായി ഇന്ത്യയില്‍ സ്വാതന്ത്ര്യം എന്ന സങ്കല്‍പ്പം തന്നെ വലിയ ഭീഷണി നേരിടുന്നുണ്ടല്ലോ. ആവിഷ്‌കാരങ്ങള്‍ക്കെതിരെയെല്ലാം അസഹിഷ്ണുക്കളായ ഒരു വിഭാഗം മുന്നോട്ടു വരുന്നു. സിനിമകള്‍ക്കും കലാകാരന്മാര്‍ക്കുമെതിരെ ഭീഷണിയുണ്ടാവുന്നു. മതത്തെ, വിശ്വാസങ്ങളെ ചോദ്യം ചെയ്തുവെന്നതിന്റെ പേരില്‍ സിനിമകള്‍ തടഞ്ഞുവയ്ക്കുന്നു.കേന്ദ്ര സര്‍ക്കാരും പലപ്പോഴും ഇവര്‍ക്കൊപ്പം ചേരുന്നു. പത്മാവതി, സെക്‌സി ദുര്‍ഗ തുടങ്ങിയ ചിത്രങ്ങള്‍ക്കെതിരെയുണ്ടായ നീക്കങ്ങളെയും അതുമായി ബന്ധപ്പെട്ട വിവാദത്തെയുമെല്ലാം പാര്‍വതി എങ്ങനെയാണ് കാണുന്നത്

 = പ്രതിലോമകരമായ നിലപാടുകളെയും ഭീഷണികളെയും  അതിജീവിച്ചു മുന്നോട്ടുപോന്ന ചരിത്രമാണ് കലയ്ക്കുള്ളത്. മതഭ്രാന്തന്മാരോടും വര്‍ഗീയവാദികളോടും എനിക്ക് സത്യത്തില്‍ സഹതാപമേയുള്ളൂ. വിശ്വാസത്തിന്റെ പേരില്‍ ഭയപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. സ്വയം ശവക്കുഴി തോണ്ടുകയാണവര്‍. ഭയപ്പെടുത്തല്‍ കൊണ്ട് താല്‍ക്കാലിക നേട്ടങ്ങളുണ്ടാക്കാന്‍ പറ്റിയേക്കും, പക്ഷേ, കലയെയും അത് പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെയും തോല്‍പ്പിക്കാനാവില്ല. ഈ ഭീഷണികള്‍ക്ക് നമ്മളെ പരുക്കേല്‍പ്പിക്കാനോ ഒരുപക്ഷേ, ഇല്ലാതാക്കാനോ കഴിഞ്ഞേക്കാം പക്ഷേ, നമ്മുടെ ശബ്ദം നിലയ്ക്കില്ലെന്നുറപ്പാണ്. രാജ്യം ഭരിക്കുന്നവര്‍ക്ക് ഇരട്ടത്താപ്പാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഒരു വശത്ത് സിനിമകളെ നിരോധിക്കുന്നു. മറുവശത്ത് സിനിമാക്കാരുടെ തലയ്ക്ക് വിലയിടുന്നവര്‍ക്കെതിരെ ഒരക്ഷരം പറയാതിരിക്കുകയും ചെയ്യുന്നു. സെന്‍സര്‍ഷിപ്പ് എന്ന ആശയംതന്നെ പ്രശ്‌നമാണ്. അപകടകരമായ തലത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍പോകുന്നത്. സ്ത്രീകളെ അപമാനിക്കുന്നതും അവര്‍ക്കെതിരായ അതിക്രമങ്ങളെ ന്യായീകരിക്കുന്നതുമായ ചിത്രങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ ദുര്‍ഗ എന്ന പേരിനുമുന്നില്‍ സെക്‌സി എന്നു ചേര്‍ത്തതിനാണ് ഒരു സിനിമയെ തടയുന്നത്. അതുമാത്രമല്ല, എങ്കിലും അതു കൂടിയാണല്ലോ സെന്‍സര്‍ഷിപ്പിന് കാരണം. സെക്‌സി എന്നതിന് പകരം എസ് എന്ന് പ്രയോഗിച്ചാല്‍ ഇൗ പ്രശ്‌നങ്ങളെല്ലാം തീരുമോ?

പത്മാവതിയുടെ കാര്യമെടുത്താല്‍, ആത്മാഭിമാനം കാക്കാന്‍ ജീവന്‍ ത്യജിച്ചയാളാണ് പത്മാവതിയെന്ന് വിശ്വസിക്കുന്നവര്‍ തന്നെയാണ് അതിലഭിനയിച്ച സ്ത്രീയുടെ തലയറുക്കാന്‍ വരുന്നതെന്നത് വിരോധാഭാസമാണ്. പ്രതിലോമകരവും സ്ത്രീവിരുദ്ധവുമായ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിനുപകരം മനുഷ്യരുടെ ചിന്തയേയും സാംസ്‌കാരികവികാസത്തെ തന്നെയും നിയന്ത്രിക്കാനാണ് സെന്‍സര്‍ഷിപ്പുകൊണ്ട് ശ്രമിക്കുന്നത് .


 (ദേശാഭിമാനി വാരികയില്‍ നിന്ന്‍)
 

പ്രധാന വാർത്തകൾ
 Top