29 May Friday

പൗരത്വ പ്രതിഷേധത്തിന്റെ പേരില്‍ മോശം അഭിപ്രായം വന്നാലും പ്രശ്‌നമില്ല; ഞാനും ഇന്ത്യൻ പൗര - നിമിഷ സജയൻ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020

അഭിനേതാവ് എന്നതിനേക്കാള്‍ ഇന്ത്യന്‍ പൗരയാണെന്ന് ബോധ്യം കൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് നടി നിമിഷ സജയന്‍. പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ട്. അത് വ്യക്തിപരമായ കാര്യമാണെന്നും നിമിഷ സജയന്‍ കൗമുദി ഓൺലൈനോട്‌ പറഞ്ഞു. പ്രതിഷേധത്തിനിടെ "തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല പിന്നല്ലേ ഇന്ത്യ' എന്ന താരത്തിന്റെ പ്രസ്‌താവന സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ ബിജെപി രംഗത്തെത്തി. കൃത്യമായ ബോധ്യത്തോടെയാണ്‌ അത്‌ പറഞ്ഞതെന്ന്‌ വ്യക്തമാക്കുകയാണ്‌ നിമിഷ.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാര്യങ്ങള്‍ നാടിന്റെ സമാധാനം നഷ്‌പ്പെടുത്തുകയാണ്. ഇത് വേദനിപ്പിക്കുന്നതാണ്. എല്ലാവരും തുല്യരാകുന്ന കാലമാണ് ആഗ്രഹിക്കുന്നത്. ഒരുമയോടെ നില്‍ക്കാന്‍ കഴിയണമെന്നും നിമിഷ സജയന്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് വ്യക്തമാക്കി കൊണ്ട് തന്നെയാണ് എറണാകുളത്തെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. കലാകാരന്‍മാര്‍ ഇത്തരം പ്രതിഷേധങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാറുണ്ട്. സമൂഹത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിവില്ലാത്തവരാണ് മാറി നില്‍ക്കുന്നത്. ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതിഷേധിക്കാന്‍ തയ്യാറായതില്‍ സന്തോഷമുണ്ട് . തിരക്കുള്ള സമയത്ത് എല്ലാവര്‍ക്കും ഇതിന്റെ ഭാഗമാകാന്‍ കഴിയണമെന്നില്ല.

പ്രതിഷേധിക്കുന്നതിന്റെ പേരില്‍ എന്ത് മോശം അഭിപ്രായമുണ്ടായാലും താനത് കാര്യമാക്കില്ല. സത്യസന്ധമായി പെരുമാറാനാണ് താന്‍ പഠിച്ചിട്ടുള്ളതെന്നും നിമിഷ സജയന്‍ വ്യക്തമാക്കി.


പ്രധാന വാർത്തകൾ
 Top