25 May Monday

മൗനം ഉടയുന്നതെപ്പോള്‍

വെബ് ഡെസ്‌ക്‌Updated: Sunday Feb 9, 2020

ഇളയദളപതിചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിങ് കാത്തിരിക്കുകയാണ് മലയാളതാരം അജു വർഗീസ്. തമിഴകസൂപ്പർതാരം വിജയ് മിക്കപ്പോഴും നിലപാടുകൾ വ്യക്തമാക്കാറുള്ളത് പുതിയ ചിത്രത്തിന്റെ സംഗീതം പുറത്തിറക്കുന്ന ചടങ്ങിലാണ്. പതിനായിരക്കണക്കിന് ആരാധകർ തിങ്ങിനിറഞ്ഞ വേദിയിലാകും നടൻ പറയേണ്ടത് പറയാറുള്ളത്. മെർസർ, സർക്കാർ, ബിഗിൽ എന്നീ സൂപ്പർഹിറ്റുകളുടെ ഓഡിയോ പുറത്തിറക്കൽ ചടങ്ങുകൾ, കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരായ നടന്റെ നിലപാടുകളുടെ പ്രഖ്യാപനത്തിനുള്ള വേദികൂടിയായിരുന്നു. സിനിമാ ചിത്രീകരണം മുടക്കി വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി 30 മണിക്കൂർ ചോദ്യംചെയ്ത ആദായനികുതിവകുപ്പിന്റെ നടപടിയോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനെല്ലാമുള്ള മറുപടി അന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനായി കാത്തിരിക്കുന്നതെന്ന് അജുവർഗീസ് ഫെയ്‌സ്‌ബുക്കിൽ കുറിച്ചത്.  ഓഡിയോ ലോഞ്ചിങ് ചടങ്ങ് വൈകാതെ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.

നെയ്‌വേലി ലിഗ്‌നൈറ്റ് കോർപറേഷൻ പ്ലാന്റിൽ സിനിമാസെറ്റിലേക്ക് ബിജെപി മാര്‍ച്ച് നടത്തിയതിനെതിരെ ശക്തമായ വിമർശമാണ്‌ തമിഴക സിനിമാലോകത്ത് ഉയരുന്നത്. തൊഴിൽസ്ഥലത്തേക്കുള്ള കടന്നുകയറ്റം ശക്തമായി നേരിടുമെന്ന് സൗത്ത് ഇന്ത്യൻ ചലച്ചിത്ര തൊഴിലാളികളുടെ ഫെഡറേഷനായ എഫ്ഇഎഫ്എസ്എ പ്രതികരിച്ചു. തമിഴ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും രംഗത്തുവന്നു. അതേസമയം, ബിജെപിയുടെ പ്രതിഷേധത്തിന് പിന്നാലെ സിനിമാസെറ്റിനുള്ള പ്രതിദിന വാടക കുത്തനെ ഉയര്‍ത്തുമെന്ന പ്രതികരണവുമായി കേന്ദ്രപൊതുമേഖല സ്ഥാപനമായ ​ലി​ഗ്നൈറ്റ് കോര്‍പ്പറേഷന്‍ രം​ഗത്തുവന്നു.

എന്തായാലും ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മാസ്റ്റർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികൾ. കാർത്തി ചിത്രം കൈദി ഒരുക്കിയ ലോകേഷിന്റെ അടുത്ത ചിത്രമെന്ന നിലയിലും മാസ്റ്റർ ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. വിജയ് സേതുപതിയും മാസ്റ്ററിൽ അഭിനയിക്കുന്നു.ആന്ദ്രേയ ജെർമിയ,  മലയാളിതാരം മാളവിക മോഹൻ തുടങ്ങിയവരുമുണ്ട്.


പ്രധാന വാർത്തകൾ
 Top