22 October Tuesday

ഗോഡ്‌സെയെക്കാൾ എതിർക്കപ്പെടേണ്ടത് പിന്നിലുള്ള പ്രത്യയശാസ്ത്രം: സൂര്യ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019


സിനിമയിൽ മാത്രമല്ല, ജീവിതത്തിലും സ്വന്തമായി നിലപാടുണ്ടെന്ന് വിളിച്ചുപറയാൻ മടിച്ചിട്ടില്ല തെന്നിന്ത്യൻ യുവതാരം സൂര്യ. ഏറ്റവും പുതിയ ചിത്രം കാപ്പാൻ റിലീസ് ചെയ്യാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ ശക്തമായ രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ച് താരം. ​ഗാന്ധിവധത്തെക്കുറിച്ച് പെരിയാറിന്റെ പ്രശസ്തമായ വാക്കുകൾ സൂര്യ ഓർമിപ്പിച്ചു. 

""ഗാന്ധിയെ വധിച്ച ഗോഡ്‌സെയെക്കാൾ എതിർക്കപ്പെടേണ്ടത് അതിനുപിന്നിലുള്ള പ്രത്യയശാസ്ത്രത്തെയാണ്. ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ അതേച്ചൊല്ലി ഇന്ത്യയിൽ വ്യാപകമായ സംഘർഷങ്ങളുണ്ടായി. മതഭ്രാന്തനായ ​ഗോഡ്സെയ്ക്കെതിരെ രാജ്യത്താകമാനം വികാരമുയർന്നു. അപ്പോൾ പെരിയാർ പറഞ്ഞു. ഗോഡ്സെയെന്ന തോക്ക് കൊണ്ടു വരൂ നമുക്ക് അത് കഷണങ്ങളായി നശിപ്പിച്ച് പ്രശ്നം പരിഹരിക്കാം.

പെരിയാർ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാകാതെ ചുറ്റുമുള്ളവർ നിന്നപ്പോൾ പെരിയാർ അവരോട് പറഞ്ഞു; ഗാന്ധിജിയുടെ മരണത്തിന് ഗോഡ്സെയെ കുറ്റപ്പെടുത്തുന്നത് നമ്മൾ ആ തോക്ക് നശിപ്പിക്കുന്നതുപോലെമാത്രമാണ്. ​ഗോഡ്സെ ഒരു ആയുധം മാത്രമാണ്. അയാളെ അതിന് പ്രേരിപ്പിച്ച പ്രത്യയശാസ്ത്രമാണ് യഥാർഥ വില്ലൻ. പെരിയാറിന്റെ ഈ വാക്കുകൾ ഇന്നും പ്രസക്തമായി നിലനിൽക്കുന്നു-'', സിനിമയുടെ പ്രചാരണ പരിപാടിക്കിടെ ആരാധകരുടെ കൈയടി ഏറ്റുവാങ്ങികൊണ്ട് സൂര്യ പറഞ്ഞു.

ദ്രാവിഡ കഴകത്തിന്റെ സ്ഥാപകനും തമിഴ് സാമൂഹ്യ പരിഷ്കർത്താവുമായ പെരിയാർ ഇ വി രാമസ്വാമിയുടെ ജന്മവാർഷിക ദിനമായിരുന്ന സെപ്തംബർ 17. സൂര്യ ഉദ്ധരിച്ച പെരിയാറിന്റെ വാക്കുകൾ സാമൂഹ്യമാധ്യമങ്ങൾ വ്യാപകമായി ഏറ്റെടുത്തു.

ഹിന്ദി മൂന്നാംഭാഷയായി അടിച്ചേൽപ്പിക്കാൻ കേന്ദ്രം കരട് വിദ്യാഭ്യാസനയത്തിലൂടെ ശ്രമിച്ചപ്പോൾ അതിനെതിരെ ആദ്യമായി പ്രതികരിച്ച തെന്നിന്ത്യൻ താരവും സൂര്യ ആയിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അതിലൂടെ ഒരു പ്രത്യയശാസ്ത്രത്തെ കടത്തിവിടാനാണെന്ന് അന്ന് താരം ചൂണ്ടിക്കാട്ടി. കമൽഹാസൻ അടക്കമുള്ളവർ പിന്നീട് അതിനെ പിന്തുണച്ച് രം​ഗത്തുവന്നു.

ഇന്ത്യൻ രാഷ്ട്രീയവും രാജ്ത്തെ കർഷകരുടെ അവസ്ഥയുമാണ് കാപ്പാൻ ചർച്ച ചെയ്യുന്നതെന്നും സൂര്യ വെളിപ്പെടുത്തി. ചിത്രത്തിൽ പ്രധാനമന്ത്രിയുടെ വേഷത്തിൽ മോഹൻലാൽ അഭിനയിക്കുന്നു. എൻഎസ്ജി കമാൻഡോയുടെ വേഷമാണ് സൂര്യയ്ക്ക്. കാപ്പാൻ 20ന് റിലീസ് ചെയ്യും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top