24 March Sunday

'96' - ഫ്രെയിമുകളിലൊതുങ്ങാത്ത പ്രണയകാവ്യം

ഷംസുദ്ദീന്‍ കുട്ടോത്ത്Updated: Thursday Oct 11, 2018

    രാത്രി അത്ര വേഗത്തില്‍ മനസില്‍ നിന്നും ഊര്‍ന്നുപോകില്ല... ഇരുട്ടിനേക്കാള്‍ വെളിച്ചമായിരുന്നു അതിന്... 22 വര്‍ഷത്തിനു ശേഷം രാമചന്ദ്രനും ജാനകി ദേവിയും വീണ്ടും തമ്മില്‍ കണ്ടതിന് സാക്ഷിയാണ് ആ  രാത്രി. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ വീണപോലെ,  റാം വീണ്ടും പ്രണയമിടിപ്പില്‍ ലക്കുകെട്ട് ബോധരഹിതനായ രാത്രിയുമാണ്. ട്രാവല്‍ ഫോട്ടോഗ്രാഫറായ രാമചന്ദ്രന്റെ ക്യാമറ ഫ്രെയിമിലെ ഏതോ ദൃശ്യം കണക്കെ, ഓര്‍മകള്‍ ഒറ്റ സ്‌നാപ്പില്‍ ഫ്രീസായിപ്പോയ രാത്രികൂടിയാണത്. അതേ, റാമിന്റെയും ജാനുവിന്റെയും മാത്രമല്ല, സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെയാകെ,   ഉള്ളും പുറവും  ഉലച്ച യാമങ്ങളാണ് കടന്നുപോയത്. തിയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ നമുക്ക് നമ്മോട് തന്നെ സംസാരിക്കാന്‍ തോന്നും. പിന്നീട് സ്‌കൂളിലേക്കുള്ള കുണ്ടനിടവഴികളും കോളേജ് ക്യാമ്പസിന്റെ ഇടനാഴികളും മനസിലെത്തും.

പ്രേക്ഷകര്‍ ഹൃദയം കൊണ്ടാണ് ഈ  സിനിമ കണ്ടത്. ഓര്‍മകള്‍ കൊണ്ടാണ് ഓരോ ദൃശ്യങ്ങളേയും വായിച്ചത്. തിയേറ്ററിലിരുന്ന അത്രയും സമയം നായികയുടേയും നായകന്റേയും നെഞ്ചിടിപ്പിനോട് ചേര്‍ത്താണ് സ്വന്തം ശ്വാസോച്ഛ്വാസത്തെ ക്രമീകരിച്ചത്. '96' പ്രണയത്തിന്റെ മാത്രമല്ല പ്രണയ നിരാസത്തിന്റേയും കാവ്യമാണ്.

ഒറ്റ വാക്കില്‍ പറഞ്ഞു നിര്‍ത്താവുന്ന കഥയാണ് സി പ്രേംകുമാര്‍ സംവിധാനം ചെയ്ത '96' എന്ന സിനിമയിലേത്. പല രംഗങ്ങളും നമുക്ക് പ്രവചിക്കാനും കഴിയും. കണ്ടതും അറിഞ്ഞതുമായ കഥാഭൂമിക. എന്നിട്ടും എന്തായിരിക്കും ഈ സിനിമയെ ഇത്രയും ആഘോഷിക്കാന്‍ കാരണം?. ഉത്തരം ലളിതം, പ്രേക്ഷകര്‍ ഹൃദയം കൊണ്ടാണ് ഈ  സിനിമ കണ്ടത്. ഓര്‍മകള്‍ കൊണ്ടാണ് ഓരോ ദൃശ്യങ്ങളേയും വായിച്ചത്. തിയേറ്ററിലിരുന്ന അത്രയും സമയം നായികയുടേയും നായകന്റേയും നെഞ്ചിടിപ്പിനോട് ചേര്‍ത്താണ് സ്വന്തം ശ്വാസോച്ഛ്വാസത്തെ ക്രമീകരിച്ചത്.ആള്‍ സെയിന്റ്‌സ് മെട്രിക്കുലേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10ാം തരം 'സി'യില്‍ പഠിച്ച റാം എന്ന രാമചന്ദ്രനും (വിജയ് സേതുപതി) ജാനു എന്ന ജാനകി ദേവി (തൃഷ)യും പ്രണയത്തിലാകുന്നതും  അപ്രതീക്ഷിതമായ ചില കാരണങ്ങളാല്‍ പരസ്പരം അകന്നുപോകുന്നതുമാണ് 96ലെ കഥ. 22 വര്‍ഷത്തെ വിരഹത്തിനു ശേഷം സ്‌കൂള്‍ കൂടിച്ചേരലില്‍ ഇരുവരും ഒരുമിച്ച് കാണുന്നു. ജീവിതം കൊണ്ടുപോയ പല വഴികളിലൂടെ യാത്രചെയ്ത ശേഷമുള്ള കണ്ടുമുട്ടല്‍. രാവിലെ പിരിയും മുമ്പ്  പങ്കുവെക്കുന്ന ഇരുവരുടേയും ഓര്‍മകളും വിശേഷങ്ങളുമാണ് ചിത്രം പറയുന്നത്.

 ജാനകി ദേവിയും രാമചന്ദ്രനും അവരുടെ ശിഷ്ടജീവിതത്തെ എത്ര ഭംഗിയായാണ് ഒരു രാത്രിയുടെ വിശാലതയില്‍ (പരിമിതിയില്‍)  ഒതുക്കിവെച്ചത് എന്ന് അമ്പരന്ന് തിയേറ്റര്‍ വിടുമ്പോള്‍ തീര്‍ച്ചയായും വല്ലാത്തൊരു നിലാവ് പ്രേക്ഷകരുടെ സജലമിഴികള്‍ക്കുമേല്‍ പതിയും. പിന്നെ, മഷിപ്പെന്നില്‍ നിന്നും പ്രണയം അവന്റെ/അവളുടെ  യൂണിഫോമിലേക്ക്   കുടഞ്ഞും സൈക്കിളില്‍ ഇടവഴികളും ചെമ്മണ്‍ പാതകളും പാലവും കടന്നും പോയ  ഗൃഹാതുരതകളിലേക്ക് വീണ്ടും ഊളിയിടും. അങ്ങനെ, പലര്‍ക്കും പോയ കാലത്തെ തിരിച്ചു പിടിക്കാനും സ്വയം പരിശോധന നടത്താനും സിനിമ അവസരം നല്‍കുന്നു. ജീവിതം എടുത്തെറിഞ്ഞ തിരക്കുകളില്‍ നമ്മള്‍ എത്രത്തോളം നാമല്ലാതായിപ്പോയി എന്ന സ്വയം തിരുത്തലിന് നിമിത്തമാകാനും സിനിമയ്ക്ക് കഴിയുന്നു.''റൊമ്പ ദൂരം പോയിട്ടയാ റാം..?
''ഉന്നൈ എങ്കൈ വിട്ടയോ, അങ്ക താന്‍ നിക്കറേന്‍...''
നായികാ നായകന്മാരുടെ ഈ വാക്കുകള്‍ ആവര്‍ത്തിച്ച്  മുഴങ്ങുന്ന മനസുമായി പഴയ ഡയറിത്താളുകളും കത്തുകളും ഒപ്പം ഫേസ്ബുക്കും തിരയുന്നവരെയാണ് ഈ സിനിമ ലക്ഷ്യം വെക്കുന്നത്. അവര്‍ തന്നെയാണ് ഈ സിനിമയെ പിന്നെയും പിന്നെയും കണ്ട് വന്‍ വിജയമാക്കുന്നതും. 

മലയാളിയായ ഗോവിന്ദ് വസന്ത ഈണം പകര്‍ന്ന  പാട്ടുകള്‍ കുറേക്കാലം നമ്മുടെ നെഞ്ചില്‍ കൂടുകൂട്ടും. ക്യാമറ കൈകാര്യം ചെയ്ത മഹേന്ദ്രന്‍ ജയരാജ്, എന്‍ ഷണ്‍മുഖ സുന്ദരം എന്നിവര്‍ തമിഴ് സിനിമയുടെ വാഗ്ദാനങ്ങളാണ്. ആദിത്യ ഭാസ്‌കര്‍, ഗൗരി കൃഷ്ണ എന്നിവരാണ് വിജയ് സേതുപതിയുടേയും തൃഷയുടേയും കുട്ടിക്കാലം അവിസ്മരണീയമാക്കിയത്.തൃഷയുടേയും വിജയ് സേതുപതിയുടേയും പ്രകടനം എത്ര പുകഴ്ത്തിയാലും അധികമാവില്ല. വിദേശത്ത് നിന്നും '96 കൂടിച്ചേരലില്‍' എത്തുന്ന തൃഷയുടെ ജാനകി ഏറെ പക്വതയുള്ള കഥാപാത്രമാണ്. അവരുടെ നോട്ടം പോലും വാചാലം. പ്രകൃതിയുടെ വിസ്മയങ്ങളിലേക്ക് തുറന്നുവെച്ച ക്യാമറയുമായാണ് വിജയ് സേതുപതിയുടെ രാമചന്ദ്രന്‍ എന്ന ഫോട്ടോഗ്രാഫറുടെ യാത്രകള്‍..  കാറ്റിലും ഇലയിലും പുഴയിലും കടലിലും എല്ലാം അയാളുണ്ട്. മലഞ്ചരിവിലും മരുഭൂമിയിലും അയാളുണ്ട്. അതിനയാള്‍ക്ക് ഗൂഗിള്‍ മാപ്പ് ആവശ്യമില്ല.  ആരും കാണാത്തത് അയാളുടെ കാഴ്ചയില്‍ പതിയും. ഇരുവരുടേയും സുഹൃത്തുക്കളായ സുഭാഷിണി, മുരളി,  സതീഷ് എന്നിവരെ ഉജ്ജ്വലമായി അവതരിപ്പിച്ച അഭിനേതാക്കളേയും എടുത്തു പറയേണ്ടതു തന്നെ.

ചില സംഗതികള്‍, കാഴ്ചകള്‍...അങ്ങിനെയാണ്. അവ നമുക്ക്  പറഞ്ഞനുഭവിപ്പിക്കാന്‍ കഴിയില്ല... അതുപോലെയാണ് '96' എന്ന സിനിമയും.

ചിത്രത്തിന്റെ ട്രെയ്‌ലര്‍

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top