16 September Monday

മാർ ക്രിസോസ്റ്റം ഡോക്യുമെന്ററി: 48 മണിക്കൂർ 10 മിനിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 11, 2019

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപൊലീത്തയെപ്പറ്റി ബ്ലെസി നിർമിച്ച ‘100 ഈയേഴ്സ് ഓഫ് ക്രിസോസ്റ്റം’ എന്ന ഡോക്യുമെന്ററിക്ക‌്  ഗിന്നസ് ലോക റെക്കോഡ‌്. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി ഫിലിം എന്ന പദവിയാണ‌് ലഭിച്ചത‌്. 48 മണിക്കൂർ 10 മിനിറ്റാണ്  ദൈർഘ്യം. നാല് വർഷത്തെ ശ്രമകരമായ പ്രയത്നത്തിലൂടെയാണ് ഡോക്യുമെന്ററി പൂർത്തീകരിച്ചത്. 21 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ റെക്കോഡ് മറികടന്നാണ് ക്രിസോസ്റ്റത്തിന്റെ 100 വർഷങ്ങൾ  റെക്കോഡ് നേടിയത്.

ഏപ്രിൽ 21ന് 102 വയസ്സ് പൂർത്തീകരിച്ച മാർ ക്രിസോസ്റ്റം വലിയ തിരുമേനിക്കുള്ള സ്നേഹ ബഹുമാനമായി ഈ ഗിന്നസ് ലോക റെക്കോഡ് സമർപ്പിക്കുന്നതായി നിർമാതാവും സംവിധായകനുമായ ബ്ലെസി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജാതിമതങ്ങൾക്ക് അതീതനായി മനുഷ്യനിൽ ഈശ്വരനെ ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന തിരുമേനിയുടെ ജീവിതവും ചിന്തകളും ദർശനങ്ങളും വരും തലമുറയ്ക്കും വെളിച്ചമാകാൻ ഈ ഡോക്യുമെന്ററി സാധ്യമാക്കണമെന്നുള്ള ആത്മാർഥമായ ആഗ്രഹമാണ് ഈ ഉദ്യമത്തിന് പിന്നിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സെൻസർ ബോർഡ് ഓഫ് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദൈർഘ്യമുള്ള ഡോക്യുമെന്ററി സെൻസർ ചെയ്യുന്നത്. ഏഴു ദിവസം തുടർച്ചയായി കണ്ടു തീർത്താണ് ഇതിന് യു സർട്ടിഫിക്കറ്റ് നൽകിയത്.

മുൻ പ്രസിഡന്റ് പ്രണബ് മുഖർജി, വൈസ് പ്രസിഡന്റ് വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോഡി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, മുഖ്യമന്ത്രി പിണറായി വിജയൻ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ‌്രിവാൾ, എം ടി വാസുദേവൻ നായർ, ഒഎൻവി കുറുപ്പ് തുടങ്ങിയവർ  ഡോക്യുമെന്ററിയിൽ സംസാരിക്കുന്നുണ്ട‌്.


പ്രധാന വാർത്തകൾ
 Top