23 January Wednesday

റ്റർട്ടിൽസ്‌ ഓൾ ദ വേ ഡൌൺ : കൗമാരസാഹിത്യത്തിലെ പുതിയ ഏട്

ഡോ. സിന്ധു ജോസ്Updated: Wednesday Sep 26, 2018

“It might just be a new modern classic” - Matt Haig, The Guardian

ഡോ. സിന്ധു ജോസ്

ഡോ. സിന്ധു ജോസ്

പ്രാദേശികഭാഷകളിൽ വായിക്കുന്നവർക്ക് ഒരു പക്ഷെ അത്ര പരിചയമുള്ള ഒരു സാഹിത്യശാഖയായിരിക്കില്ല Young Adult Fiction. കൗമാരപ്രായക്കാരായ വായനക്കാരെ  ലക്‌ഷ്യം വെച്ച്, അവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എഴുതുന്നവയാണ് Young Adult (YA) നോവലുകൾ. കൗമാരക്കാർക്കിടയിലെ സൗഹൃദം, പ്രണയം, സ്വത്വപ്രതിസന്ധികൾ തുടങ്ങിയവയാണ് YA  നോവലുകൾ പ്രധാനമായും പ്രതിപാദ്യ വിഷയമാക്കാറ്. ഏതെങ്കിലും ഒരൊറ്റ genre ൽ ഒതുക്കാവുന്നതുമല്ല YA നോവലുകൾ. Fantasy, mystery, romance, dystopian, disability narrative എന്നിങ്ങനെ ഏത് genre ലും ആകാം ഒരു YA നോവൽ. Stephenie Meyer-റുടെ Twilight സീരീസിലെ നോവലുകൾ, J. K. Rowling-ന്റെ Harry Potter സീരീസിലെ നോവലുകൾ, Philip Pullman ന്റെ His Dark Materials സീരിസിലെ നോവലുകൾ, Mark Haddon-ന്റെ The Curious Incident of the Dog in the Night Time എന്നിവ പ്രശസ്തമായ ചില ഉദാഹരണങ്ങൾ.

YA നോവലുകളുടെ വായനക്കാരിൽ ഏറിയ പങ്കും മുതിർന്നവരാണ് എന്നതാണ് വളരെയധികം ശ്രദ്ധേയമായ മറ്റൊരു വസ്തുത. കുട്ടികൾക്ക് വേണ്ടി, അതല്ലെങ്കിൽ കൗമാരക്കാർക്ക് വേണ്ടി എഴുതുന്ന പുസ്തകങ്ങൾ മുതിർന്നവർ കൂടുതലായി വായിക്കുന്നയീ  Crossover Nature നെക്കുറിച്ച്, ഈ വായനയുടെ മന:ശാസ്ത്രത്തെക്കുറിച്ച്  ധാരാളം പഠനങ്ങൾ നടക്കുന്നുണ്ട്. Sandra L. Beckett-ന്റെ Crossover Fiction: Global and Historical Perspectives (Routledge), Rachel Falconer-റുടെ The Crossover Novel: Contemporary Children's Fiction and Its Adult Readership (Routledge) എന്നിവ ചില ഉദാഹരണങ്ങൾ. YA നോവലുകളായി എഴുതപ്പെട്ടതല്ലെങ്കിലും, കൗമാര വായനക്കാരെ ആകർഷിച്ച, YA നോവലുകളുമായി സാദൃശ്യം പുലർത്തുന്ന ആദ്യകാല കൃതികളായി, Lewis Carroll രചിച്ച Alice in Wonderland, Mark Twain രചിച്ച The Adventures of Tom Sawyer, Adventures of Huckleberry Finn എന്നിവയെ ഇംഗ്ലീഷ് സാഹിത്യചരിത്രം അടയാളപ്പെടുത്തുന്നുണ്ട്. എന്നാൽ ഈ കൃതികളുടെ ക്രോസ്-ഓവർ വായനയിൽ നിന്നും തീർത്തും വ്യത്യസ്തമാണ്  1990 കൾക്ക് ശേഷമിങ്ങോട്ടുള്ള ക്രോസ്-ഓവർ വായന.

YA നോവലുകൾക്ക് മുൻപില്ലാത്ത വിധം  സ്വീകാര്യത വർദ്ധിക്കുകയും YA നോവലുകൾ ഉത്തരവാദിത്തത്തോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യുവാൻ പ്രഗത്ഭരായ എഴുത്തുകാർ കൂടുതലായി മുന്നോട്ടു വരികയും ചെയ്തത് 1990 കൾക്ക് ശേഷമാണ്. മുതിർന്ന വായനക്കാരെ മുന്നിൽ കണ്ട് പ്രസാധകർ പല  YA നോവലുകളുടെയും അഡൽറ്റ്  എഡിഷനുകൾ കൂടി  പുറത്തിറക്കാൻ തുടങ്ങിയതോടെ   (ഉള്ളടക്കം മാറുന്നില്ല, പുറംചട്ട മാത്രം) ഇവയുടെ ക്രോസ്സ്-ഓവർ സ്വഭാവം പരക്കെ ശ്രദ്ധിക്കപ്പെടുകയും അക്കാദമിക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ബ്രിട്ടനിൽ, താച്ചർക്ക് ശേഷം അധികാരത്തിലെത്തിയ ടോണി  ബ്ലെയറുടെ യുവാക്കളെ ലക്‌ഷ്യം വെച്ചുള്ള പല നയങ്ങളും (youth-oriented policies) മധ്യവയസ്‌ക്കരുടേതടക്കം മന:ശാസ്ത്രത്തെ സ്വാധീനിച്ചതും അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും 9/11 നു ശേഷമുണ്ടായ അരക്ഷിതാവസ്‌ഥയുമാണ്  1997 മുതലിങ്ങോട്ട്  YA നോവലുകൾ പ്രായപൂർത്തിയായവർ കൂടുതലായി വായിക്കാനുള്ള ഒരു കാരണമായി  Falconer, Beckett മുതലായ സൈദ്ധാന്തികർ നിരീക്ഷിക്കുന്നത്. Rachel Falconer പറയുന്നത് ശ്രദ്ധിക്കൂ:

“The practice of cross-reading demonstrates how our attitude to childhood, adulthood, and the in-between state of adolescence are all shifting, becoming more flexible and porous as we adopt to changing social conditions in the developed world (4, The Crossover Novel: Contemporary Children’s Fiction and Its Adult Readership) … In times of fundamental social change, readers evince a heightened appetite for fictions that focus on the edges of identity, the points of transition and rupture, and the places where we might, like microcosms of the greater world, break down and potentially assume new and hybrid identities” (89, Young Adult Fiction and the Crossover Phenomenon).  

YA നോവലുകൾ ആഴത്തിലുള്ള വായനയും വിശകലനവും അർഹിക്കുന്നുണ്ട് എന്ന് സാരം.

ഈ പരമ്പരയിലെ നിരൂപകശ്രദ്ധയാകർഷിച്ച  പുതിയ രചനയാണ് John Green രചിച്ച Turtles All the Way Down (Dutton-Penguin, October 10, 2017). Mystery YA നോവലുകളുടെ ഗണത്തിൽ പെടുത്താവുന്നതാണ് Turtles All the Way Down. പതിനാറ് വയസ്സുകാരി അസാ ഹോംസ് (Aza Holmes), അസയുടെ കാമുകൻ ഡേവിസ് പിക്കറ്റ് (Davis Pickett), അസയുടെ സുഹൃത്തുക്കളായ ഡെയ്‌സി റാമിറെസ് (Daisy Ramirez), മൈക്കൽ ടർണർ (Mychal Turner) എന്നിവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങൾ. കോടീശ്വരനും കരാറ് പണിയിലെ അഴിമതിക്ക് അന്വേഷണം നേരിടുകയും ചെയ്യുന്ന ഡേവിസിന്റെ പിതാവ് റസ്സൽ പിക്കറ്റ് (Russell Pickett) അപ്രത്യക്ഷനാവുന്നതോടെ ഭരണകൂടം പിക്കറ്റിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുന്നു. ഡെയ്‌സിയുടെ നിർബന്ധത്തിനു വഴങ്ങി പിക്കറ്റിനെ കണ്ടെത്താൻ അസയും ഡെയ്സിയും ശ്രമിക്കുന്നതാണ് നോവലിന്റെ ഇതിവൃത്തം.

എന്നാൽ ഈ പ്രധാന കഥാതന്തുവിനും അപ്പുറത്ത് മറ്റ് പല കാര്യങ്ങൾ കൂടി സംവദിക്കാൻ ശ്രമിക്കുന്നതാണ് Turtles All the Way Down-ന്റെ സവിശേഷത. കടുത്ത ഉത്കണ്ഠയ്‌ക്കും (Anxiety) OCD (Obsessive Compulsive Disorder)-യ്‌ക്കും ചികിത്സയിലാണ് അസ. പിതാവിന്റെ പെട്ടെന്നുള്ള മരണത്തോടെയാണ് അസ ഉത്കണ്ഠയ്ക്ക് അടിപ്പെടുന്നത്. ഉത്ക്കണ്ഠയിലൂടെ കടന്നു പോകുന്നവരുടെ മാനസികാവസ്‌ഥ കൃത്യമായി അവതരിപ്പിക്കാൻ ജോൺ ഗ്രീനിന് പുസ്തകത്തിൽ സാധിച്ചിട്ടുണ്ട്. ചെറുപ്പകാലം മുതൽ താനും കടുത്ത ഉത്കണ്ഠയുടെ പിടിയിലാണെന്നും അസയെ പോലെ തന്നെ ചികിത്സയിലായിരുന്നുവെന്നും പുസ്‌തകപ്രകാശനത്തോടനുബന്ധിച്ച ഒരു ചടങ്ങിൽ ഗ്രീൻ വെളിപ്പെടുത്തിയിരുന്നു:

“This is my first attempt to write directly about the kind of mental illness that has affected my life since childhood, so while the story is fictional, it is also quite personal.”

ചില സംഭാഷണങ്ങൾ ശ്രദ്ധിക്കൂ:

“Supposedly everyone has them—you look out from over a bridge or whatever and it occurs to you out of nowhere that you could just jump. And then if you’re most people, you think, well, that was a weird thought, and move on with your life. But for some people, the invasive can kind of take over, crowding out all the other thoughts until it’s the only one you’re able to have, the thought you’re perpetually either thinking or distracting yourself from.” (TAWD, 37)

“English, which can express the thoughts of Hamlet and the tragedy of Lear, has no words for the shiver and the headache. . . . The merest schoolgirl, when she falls in love, has Shakespeare or Keats to speak her mind for her; but let a sufferer try to describe a pain in his head to a doctor and language at once runs dry.” (TAWD, 64)

“...feeling scared?” “Kinda.” “Of what?” “It’s not like that. The sentence doesn’t have, like, an object. I’m just scared.” (TAWD, 95)

വേദനയും വിഷാദവും ഉത്കണ്ഠയും വിവരിക്കാൻ വാക്കുകളില്ല എന്ന് അസ പറയുമ്പോൾ തന്നെ കഴിയുന്നത്ര വാക്കുകളിലൂടെ അസയുടെ, അസയെപ്പോലെയുള്ളവരുടെ മാനസികവ്യാപാരങ്ങൾ  കൃത്യമായി വരച്ചിടാൻ ഗ്രീനിന് സാധിക്കുന്നുണ്ട്.

രക്ഷിതാക്കളുടെ അസാന്നിദ്ധ്യം കുട്ടികളുടെ വ്യക്തിത്വത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഡേവിസിന്റെയും അനുജൻ നോഹയുടെയും ജീവിത സാഹചര്യങ്ങളിലൂടെ, മധ്യവർഗ്ഗ സാഹചര്യങ്ങളിൽ നിന്നായിരുന്നാൽ പോലും കോളേജ് വിദ്യാഭ്യാസം നിലവിലെ അമേരിക്കൻ സാഹചര്യത്തിൽ എത്രകണ്ട് അപ്രാപ്യമാണെന്ന് ഡെയ്സിയുടെയും അസയുടെയും സംഭാഷണങ്ങളിലൂടെ ഒക്കെ ഗ്രീൻ വ്യക്തമാക്കാൻ ശ്രമിക്കുന്നു. കഥ വികസിക്കുന്ന ഇൻഡ്യാനാപോളിസ് (Indianapolis) നഗരത്തിന്റെ ഭൂമിശാസ്ത്രവും സാമൂഹ്യജീവിതവുമൊക്കെ വ്യക്തമായി അടയാളപ്പെടുത്താൻ നോവലിൽ ഗ്രീനിന് സാധിക്കുന്നുണ്ട്.

പോപ്പ് കൾച്ചറും സാഹിത്യവും ശ്രദ്ധയോടെ പിന്തുടരുന്നവർക്ക് മാത്രം മനസ്സിലാകുന്ന വിധമുള്ള പരാമർശങ്ങൾ, ഉദ്ധരണികൾ മുതലായവ ഗ്രീനിന്റെ കൃതികളിൽ പൊതുവെ അങ്ങിങ്ങോളം കാണാം. നോവലിന്റെ തലക്കെട്ട് തന്നെ Terry Pratchett നെയും Stephen Hawking നെയും ഓർമ്മപ്പെടുത്തുന്നു. കുറ്റാന്വേഷണത്തിനിറങ്ങിത്തിരിക്കുന്ന അസയുടെ ‘സർനെയിം’ (surname) Holmes ആണെന്നത് ശ്രദ്ധിക്കുക. Star Wars റെഫറൻസുകൾ അങ്ങോളമിങ്ങോളം ഉള്ള നോവലിൽ ഡെയ്‌സി റാമിറെസ് ഒരു Star Wars ഫാൻഫിക്ഷൻ (fanfiction) എഴുത്തുകാരി കൂടിയാണ്. വായനയ്‌ക്കിടയിൽ Shakespeare, W. B. Yeats, Edna St. Vincent Millay, James Joyce, J. K. Rowling എന്നിങ്ങനെ ധാരാളം എഴുത്തുകാരുടെ  കൃതികള്‍ പരാമർശിക്കപ്പെടുന്നു. പലപ്പോഴും കഥാപാത്രങ്ങൾ അവരവരുടെ വികാരങ്ങളും ചിന്തകളും പരസ്പരം പ്രകടിപ്പിക്കുന്നത് പ്രശസ്തമായ പല ഉദ്ധരണികളിലൂടെയാണ്. “Green does Aaron Sorkin better than Aaron Sorkin does” എന്ന് പകുതി തമാശയായും പകുതി കാര്യമായും Jennifer Senior New York Times-ൽ എഴുതിയത് ഇത് കൊണ്ട് കൂടിയാണ്.

നോവലിന്റെ ഒരേയൊരു ന്യൂനതയായി തോന്നുന്നത് പ്രധാന കഥാതന്തു - റസ്സൽ പിക്കറ്റിനെ കണ്ടെത്തുകയെന്ന ലക്‌ഷ്യം - പലപ്പോഴും  sidetracked ആയിപ്പോകുന്നു എന്നതാണ്. നോവലിസ്റ്റിന്റെ ഭാഗത്ത് നിന്നുള്ള മനപ്പൂർവ്വമായ ശ്രമമാണെങ്കിൽ കൂടി വായനയുടെ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ട്. കൗമാരപ്രായക്കാരായ വായനക്കാരെ ആകർഷിക്കാൻ പല cliche-കളും നോവലിസ്റ്റ് അനുകരിക്കുന്നുമുണ്ട്. പക്ഷെ, ഇത് കൊണ്ടൊന്നും തള്ളിക്കളായാൻ പറ്റുന്നതല്ല YA നോവലുകളുടെ ചരിത്രത്തിൽ Turtles All the Way Down-നുള്ള  സ്‌ഥാനം. The Curious Incident of the Dog in the Night Time, Asperger Syndrom കൈകാര്യം ചെയ്ത അതേ ഗൗരവത്തോടെ തന്നെയാണ് ഗ്രീൻ കൗമാരപ്രായക്കാർക്കിടയിലെ Anxiety യും OCD യെയും മുതിർന്നവർക്ക് കൂടി മനസ്സിലാകും വിധം നോവലിൽ അവതരിപ്പിക്കുന്നത്. YA നോവലുകൾ പിന്തുടരുന്നവർ (അല്ലെങ്കിൽ കൂടിയും) തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ് Turtles All the Way Down.

“The voice of a suffering teenage girl and the dark lens through which she views life are well drawn and uncomfortably convincing . . . This is Green’s darkest, most complex work to date but I suspect many readers will thank him for it” (Fiona Noble, New York Times)


പ്രധാന വാർത്തകൾ
 Top