19 May Sunday

മുളക് കച്ചവടക്കാരനായിരുന്ന തോപ്പിൽ മുഹമ്മദ് മീരാൻ നോവലിസ്റ്റായ മാജിക്കൽ റിയലിസം...തോപ്പിൽ മുഹമ്മദ് മീരാനെപറ്റി നിസാം റാവുത്തര്‍

വെബ് ഡെസ്‌ക്‌Updated: Friday May 10, 2019
നിസാം റാവുത്തര്‍

നിസാം റാവുത്തര്‍

അന്തരിച്ച നോവലിസ്റ്റ് തോപ്പിൽ മുഹമ്മദ് മീരാനെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അനുസ്മരിയ്ക്കുന്നു.

തേങ്ങാപട്ടണം എന്ന കടലോര ഗ്രാമത്ത് ജനിച്ച
മുളക് കച്ചവടക്കാരനായിരുന്ന
തോപ്പിൽ മുഹമ്മദ് മീരാൻ നോവലിസ്റ്റായ കഥക്ക് മറ്റൊരു മാജിക്കൽ റിയലിസത്തിന്റെ വിസ്മയ ചരടുണ്ട്..
ഒരു കടലോര ഗ്രാമത്തിൻ കഥൈ ജനിമൃതികളുടെ അഗാധസമുദ്ര ഗർത്തങ്ങളിൽ നിന്ന് പിറവി കൊണ്ടൊതൊന്നുമല്ലന്ന് മീരാൻ സാഹിബ് പറയും, അത് ആ കടൽത്തീരത്തെ സാധാരണക്കാരന്റെ കഥയാണ്..
ആ സാധാരണത്വം തന്നെയാണ് ഒരു ജീവിതകാലം മുഴുവൻ അദ്ദേഹം സൂക്ഷിച്ചതും.. 

കണ്ടാൽ ആരും പറയില്ല ഒരു എഴുത്തുകാരനാണെന്ന് 
കച്ചവടക്കാരന്റെ ശരീരഭാഷയും
ജ്ഞാനിയുടെ മനസുമായി ഒരു മനുഷ്യൻ..
ആദ്യം കാണുന്നത് വർഷങ്ങൾക്ക് മുമ്പ് Dc ബുക്സിന്റെ 25 ആം വാർഷികത്തിന്..
സദസിലെ കേൾവിക്കാരനെ ഞെട്ടിച്ചു കൊണ്ട് എന്റെ പേരും ഞാനെഴുതിയ കുഞ്ഞുനോവലിനെയും പരാമർശിച്ച് സംസാരിക്കുമ്പോൾ ഞങ്ങൾ പരസ്പരം അറിയുമായിരുന്നില്ല..
അന്നത്തെ പരിചയപ്പുറത്ത് എന്നോടൊപ്പം കോട്ടയത്തുനിന്ന് എന്റെ ഗ്രാമമാമായ ആദിക്കാട്ടുകുളങ്ങരയിലെ വീട്ടിലേക്ക് വരുമ്പോൾ റാവുത്തരൻമാരെ കുറിച്ചാണ് അദ്ദേഹം കൂടുതൽ പറഞ്ഞത്..

കിഴക്കൻ കടൽത്തീരത്തെ മഖ്ബാരി എന്ന് വിളിച്ച പോർച്ചീഗിസുകാരുടെ ആജന്മ ശത്രു കുഞ്ഞാലിമാരുടെ തായ് വേര് തമിഴ്നാട്ടിലെ  കിഴക്കൻ കടലോരമാണന്നും മലബാറിലേക്ക് പലായനം ചെയ്തതാണ് കുഞ്ഞാലിയും കുടുംബവുമെന്നും അതുകൊണ്ടാണ് മാപ്പിളപ്പാട്ടുകൾക്കും പടപ്പാട്ടുകൾക്കും 
തമിഴ് മൊഴികൾ ഉണ്ടാകാനുള്ള കാരണവുമെന്നുമുള്ള കൗതുകമായ അറിവ് തന്നു കൊണ്ടേയിരുന്നു...

തേങ്ങാപ്പട്ടണത്തിൽ നിന്നും തിരുനെൽവേലിയിലെത്തിയ മീരാൻ സാഹിബിന് താമ്രപർണി നദി അത്രക്ക് പ്രീയപ്പെട്ടതായിരുന്നു. ഒരിക്കൽ തിരുനെൽവേലിയിൽ അദ്ധേ ഹത്തെ കാണാൻ ചെന്നപ്പോൾ നദിക്കരയിലേക്ക് കൂട്ടികൊണ്ടു പോയി .. തിരുവള്ളുവനേയും തിരുക്കുറലിനെയും പറ്റി പറഞ്ഞു..
വിശുദ്ധ പുസ്തകം പോലെ പ്രീയപ്പെട്ടതായിരുന്നു തിരുക്കുറൽ..
തിരുവള്ളുവൻ ഒരു പ്രവാചകനും...

ഒരേ സമയം കാരശ്ശേരി മാഷിനോടും, കാന്തപുരം മുസ്ലിയാരോടും സൗഹൃദമുണ്ടായിരുന്നു മീരാൻ സാഹിബിന്..
പരസ്പര വിരുദ്ധരായ രണ്ടു പേരെയും കാണാൻ കോഴിക്കോട്ടെക്ക് പോകുമ്പോൾ ഇടക്കൊക്കെ എന്നേയും കൂട്ടിയിരുന്നു..
ഈ വൈരുദ്ധ്യത്തെ കുറിച്ചു തമാശയായി ചോദിക്കുമ്പോൾ മീരാൻ സാഹിബ് ഇന്ത്യയെ കുറിച്ച് പറയും,
അതാണ് നാനാത്വത്തിൽ ഏകത്വം..

ആ ഏകത്വത്തിൽ മീരാൻ സാഹിബ്  തന്റെ പ്രശസ്ത നോവലായ ചാരുകസേരയിൽ (ചായ്‌വ് നാൽക്കാലി) യിൽ പറന്നു വരുന്ന  മാലാഖമാർ  താമ്രപർണിയും  ഇന്ത്യൻ മഹാസമുദ്രവും കടന്ന്  കഥകളുടെ വിസ്മയങ്ങൾ കൂട്ടി വച്ചിരിക്കുന്ന ലോകത്തേക്ക് കൂട്ടികൊണ്ട് പോയതാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം..

അവിടെ  അറിയാക്കഥകളുടെ  മുളക്ചാക്കുകളുടെ പുറത്തിരുന്ന് വ്യാപാരിയായ ആ എഴുത്തുകാരൻ വീണ്ടും വീണ്ടും എഴുതട്ടെ...
ദൂരെ, കടൽ വിതുമ്പുന്ന ശബ്ദം

എനിക്ക് കേൾക്കാം.


പ്രധാന വാർത്തകൾ
 Top