27 September Sunday

ഡൈവിങ് കവചവും ചിത്രശലഭവും

ഡോ. ബി എ രാജാകൃഷ്ണന്‍Updated: Sunday Nov 27, 2016

ശരീരത്തിലെ പേശികളെല്ലാം മരവിച്ച് ചലിപ്പിക്കാന്‍ വയ്യാത്ത അവസ്ഥയിലായ ഴാന്‍ ഡൊമിനിക് ബാബി തന്റെ ജീവിതം പറയുന്ന പുസ്തകമാണ്  'ഡൈവിങ് കവചവും ചിത്രശലഭവും' (The Diving Bell and the Butterfly).
സ്വശരീരത്തിലെ ചലിപ്പിക്കുവാന്‍ കഴിയുന്ന കണ്‍പോളകളുടെ സഹായത്തോടെ ഹൃദയസ്പര്‍ശിയായ ഒരു പുസ്തകം രചിക്കുവാന്‍
കഴിഞ്ഞുവെന്നത് ബാബിക്ക് അമരത്വം നല്‍കിയിരിക്കുന്നു.  ഈ ചെറിയ പുസ്തകം പൂര്‍ത്തിയാക്കാന്‍ രണ്ടുലക്ഷം തവണയാണ് ബാബി കണ്‍പോളകള്‍ ചിമ്മിയത്


പ്രശസ്തിയുടെയും ആഡംബരത്തിന്റെയും അത്യുന്നതിയില്‍നിന്ന് പൊടുന്നനെ ഒരു ദിവസം നിസ്സഹായതയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തിയ ഴാന്‍ ഡൊമിനിക് ബാബി തന്റെ ജീവിതം പറയുന്ന പുസ്തകമാണ് 'ഡൈവിങ് കവചവും ചിത്രശലഭവും' (The Diving Bell and the Butterfly)

ജീവിതം ഉല്ലാസമാക്കിയ യുവപത്രപ്രവര്‍ത്തകന്‍ തരുണീമണികളുടെ ആരാധനാപാത്രം, ലോകപ്രശസ്തമായ 'എല്‍' എന്ന ഫ്രഞ്ച് ഫാഷന്‍ മാസികയുടെ മുഖ്യ പത്രാധിപര്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ക്കുടമയായ ഴാന്‍ ഡൊമിനിക് ബാബിയുടെ ജീവിതത്തിന്റെ ഗതിമാറ്റിയത് ഗുരുതരമായ ഒരു മസ്തിഷ്കാഘാതമായിരുന്നു. 20 ദിവസം ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞതിനുശേഷം ജീവിതം തിരിച്ചുകിട്ടിയെങ്കിലും ബാബിയുടെ ശരീരത്തിലെ പേശികളെല്ലാം മരവിച്ച് ചലിപ്പിക്കാന്‍ വയ്യാത്ത അവസ്ഥയിലായി. ആഴക്കടലില്‍ മുങ്ങാനായി നീന്തല്‍വിദഗ്ധര്‍ ഉപയോഗിക്കുന്ന ഉരുക്ക് കവചത്തിനുള്ളിലായ പ്രതീതി. ഇടത് കണ്‍പോളമാത്രം ചലിപ്പിക്കാന്‍ കഴിയും. എന്നാല്‍, കാഴ്ചയ്ക്കും കേള്‍വിക്കും തകരാറൊന്നും സംഭവിച്ചിരുന്നില്ല. മനസ്സ് ഒരു ചിത്രശലഭത്തെപ്പോലെ വിഹരിക്കുകയായിരുന്നു. വൈദ്യശാസ്ത്രത്തില്‍ ഈ അവസ്ഥ അറിയപ്പെടുന്നത് 'ലോക്ക്ഡ് ഇന്‍ സിന്‍ഡ്രോം' (Locked in Syndrome) എന്ന പേരിലാണ്. ബാബിയുടെ രോഗത്തിന്റെ ഒരു പ്രത്യേകത ശബ്ദങ്ങള്‍ ഉച്ചസ്ഥായിയില്‍ വക്രമായി കേള്‍ക്കുക എന്നതായിരുന്നു.

ചേതനയറ്റ ആ ശരീരത്തില്‍ കോപവും താപവും നിരാശയും വേദനിപ്പിക്കുന്ന നര്‍മവും നിറഞ്ഞ ഒരു മനസ്സുണ്ടായിരുന്നു. തന്റെ ചിന്തകളെ മറ്റുള്ളവരിലെത്തിക്കണമെന്ന് ബാബി ആഗ്രഹിച്ചു. പ്രസാധകനായ റോബര്‍ട്ട് ലഫോങ് അയച്ചുകൊടുത്ത ക്ളോഡ് മെന്‍ഡിബില്‍ എന്ന സ്പെഷ്യലിസ്റ്റ് നേഴ്സിന്റെ സഹായത്തോടെയാണ് ബാബി ഈ പുസ്തകം രചിച്ചത്. ഒരു ബോര്‍ഡില്‍ എഴുതിയ അക്ഷരമാലയിലെ അക്ഷരങ്ങളിലൂടെ ക്ളോഡ് വിരലോടിക്കുമ്പോള്‍ 'ശരി' എന്നതിന് ബാബി ഒരുതവണ കണ്ണ് ചിമ്മും തെറ്റിന് രണ്ടുതവണയും.

ഓരോ രാത്രിയിലും ബാബി തന്റെ ചിന്തകള്‍ വാചകങ്ങളായി ചിട്ടപ്പെടുത്തി ഹൃദിസ്ഥമാക്കും. പിറ്റേദിവസം ബാബിയുടെ കണ്‍ചിമ്മലുകളിലൂടെ ക്ളോഡ് അവ കടലാസിലേക്ക് പകര്‍ത്തും. ഈ ചെറിയ പുസ്തകം പൂര്‍ത്തിയാക്കാന്‍ രണ്ടുലക്ഷം തവണയാണ് ബാബി കണ്‍പോളകള്‍ ചിമ്മിയത്. വിധിക്കെതിരെ പൊരുതിയ ബാബിയുടെ ആത്മധൈര്യവും വികാരസാന്ദ്രമായ കഥനാചാതുര്യവും ഒത്തുചേര്‍ന്നപ്പോള്‍ ലഭിച്ച അമൂല്യമായ ഒരു ഗ്രന്ഥമാണിത്.

സാധാരണഗതിയില്‍ വായനക്കാര്‍ ഇത്തരമൊരു പുസ്തകത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത് വസ്തുതാധിഷ്ഠിതമായ വിവരണമായിരിക്കും. ഗ്രന്ഥകാരന്റെ ദുഃസ്ഥിതിയിലെ പ്രതിബിംബങ്ങളിലേക്ക് ഈ പുസ്തകം വെളിച്ചം വീശുന്നുണ്ടെങ്കിലും അവയുടെ മുന്നില്‍ പകച്ചുനില്‍ക്കുന്ന വായനക്കാരുടെ മനസ്സിന്റെ ഇരുണ്ട തലങ്ങളെ പ്രകാശമാനമാക്കുന്നത് നര്‍മവും ഭാവനയും നിറഞ്ഞ ആഖ്യാനമാണ്.

പ്രതികൂല സാഹചര്യങ്ങള്‍ നേരിടാനുള്ള ബാബിയുടെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നു; 'ലോക്ക്ഡ് ഇന്‍ സിന്‍ഡ്രോം' ബാധിച്ചവര്‍ക്കായി ലോകത്ത് ആദ്യമായി ഒരു സംഘടന ഉണ്ടാക്കുന്നതുവഴി ഞാന്‍ ഈ രോഗത്തിനെതിരായ യുദ്ധം തുടരും.'

അപ്രകാരം ഉണ്ടാക്കിയ സംഘടനയാണ് 'അലിസ്.'

ബാബിയുടെ ഈ പുസ്തകം പ്രസിദ്ധീകരിച്ച ദിവസംതന്നെ 25,000 കോപ്പികള്‍ വിറ്റഴിഞ്ഞു. രണ്ടുദിവസത്തിനുശേഷം ബാബി ഇഹലോകവാസം വെടിഞ്ഞു. (1997, മാര്‍ച്ച് 9) ബെസ്റ്റ് സെല്ലറായ ഈ പുസ്തകത്തെ അധികരിച്ചുനിര്‍മിക്കപ്പെട്ട സിനിമയും വന്‍ ഹിറ്റായിരുന്നു.

ഒറ്റയിരുപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന, ആത്മവീര്യത്തിന്റെയും അതിജീവനത്തിന്റെയും പാഠപുസ്തകമായ ഈ ഗ്രന്ഥം അതിമനോഹരമായി വിവര്‍ത്തനം ചെയ്തിരിക്കുന്നത് വിഖ്യാത ഫോറന്‍സിക് മെഡിസിന്‍ വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ബി ഉമാദത്തനും സഹോദരി പ്രൊഫ. ബി ലളിതയും ചേര്‍ന്നാണ്.

ഡിസി ബുക്സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ അവതരണക്കുറിപ്പില്‍ ഡോ. ബി ഉമാദത്തന്‍ ഇങ്ങനെ എഴുതുന്നു: 'ബാബിയെപ്പോലെ അനേകമാളുകള്‍ ഉപരിമസ്തിഷ്കമരണം സംഭവിച്ചു വര്‍ഷങ്ങളോളം നിശ്ചേതാവസ്ഥയില്‍ കഴിയുന്നു. എന്നാല്‍, സ്വശരീരത്തിലെ ചലിപ്പിക്കുവാന്‍ കഴിയുന്ന കണ്‍പോളകളുടെ സഹായത്തോടെ ഹൃദയസ്പര്‍ശിയായ ഒരു പുസ്തകം രചിക്കുവാന്‍ കഴിഞ്ഞുവെന്നത് ബാബിക്ക് അമരത്വം നല്‍കിയിരിക്കുന്നു. ജീവിതത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കുവാന്‍ ഈ കൃതി പ്രേരകമാകുന്നു.'


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top