23 March Thursday

വിയറ്റ്നാം വിപ്ലവത്തിന്റെ സൈദ്ധാന്തിക സംഭാവനകള്‍...ശ്രീജിത്ത് ശിവരാമന്റെ പുസ്തക അവലോകനം

ശ്രീജിത്ത് ശിവരാമന്‍Updated: Friday Jun 10, 2022

വിജയ് പ്രഷാദ് എഡിറ്റ്ചെയ്ത് ലെഫ്റ്റ് വേഡ്  പ്രസിദ്ധീകരിച്ച പുസ്തകമാണ് 'സെലെക്റ്റഡ് ഹോ ചി മിന്‍'. വിയറ്റ്നാം വിപ്ലവകാരിയും ലോക കമ്യൂണിസ്റ്റ് ആചാര്യനുമായ ഹോചിമിന്റെ തെരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളും കവിതകളും കത്തുകളും ഉള്‍പ്പെട്ടതാണ് ഈ പുസ്തകം. സാമാന്യം ദീര്‍ഘമായ ആമുഖത്തില്‍ ഹോ ചി മിന്‍ എന്ന വിപ്ലവകാരിയുടെ ജീവിതപരിണാമം വരച്ചുകാട്ടുന്നുണ്ട് വിജയ് പ്രഷാദ്.

ആമുഖം ആരംഭിക്കുന്നത് 1969 ല്‍ തെക്കന്‍ വിയറ്റ്നാമിലെ സൈഗോണ്‍ പ്രവിശ്യയില്‍ നടന്ന ഒരു സംഭവത്തെ പ്രതിപാദിച്ചുകൊണ്ടാണ്. 1969 സെപ്തംബര്‍ 2 നാണ് ഹോ ചി മിന്‍ അന്തരിക്കുന്നത്. അക്കാലം വിയറ്റ്നാം കമ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ഉത്തരവിയറ്റ്നാമും സാമ്രാജ്യത്വ പാവ ഗവണ്‍മെന്റിന് കീഴിലെ ദക്ഷിണ വിയറ്റ്നാമും ആയി വിഭജിച്ചു കിടക്കുകയായിരുന്നു. ഹോ ചി മിന്റെ മരണത്തില്‍ എല്ലാ അനുശോചന പരിപാടികളും ദക്ഷിണ വിയറ്റ്നാം സര്‍ക്കാര്‍ നിരോധിച്ചു. അപ്പോഴാണ് സൈഗോണിലെ ഒരു പഴയ ക്ഷേത്രത്തിനു മുന്നില്‍ 'ആരാധ്യന്റെ ക്ഷേത്രം' എന്ന് കുങ്കുമം കൊണ്ടെഴുതിയ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെടുന്നത്.

അതുവരെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ആ ക്ഷേത്രത്തിലേക്ക് പിന്നെ ജനപ്രവാഹമായി. ഇതറിഞ്ഞ പൊലീസുകാര്‍ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചു. ആ ക്ഷേത്രം നടത്തിപ്പുകാരിയായ വൃദ്ധയുടെ ചെറുത്തുനില്‍പ്പില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ഒടുവില്‍ പിന്മാറിയ പൊലീസ് ആ വൃദ്ധയെ പൊലീസ് ചീഫിനു മുന്നില്‍ ഹാജരാക്കി. അവര്‍ ചീഫിനോട് പറഞ്ഞു'' ആ ക്ഷേത്രത്തില്‍ നടക്കുന്നതെന്താണെന്നു കാണാന്‍ അങ്ങ് വരണം, ഞങ്ങളവിടെ ആരാധ്യരെ ബഹുമാനിക്കുന്ന ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. രാജ്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി ജീവന്‍ സമര്‍പ്പിച്ചവരെ സ്മരിക്കുക മാത്രമാണ് ചെയ്യുന്നത്''.

ചീഫ് കുപിതനായി മറുപടി പറഞ്ഞത്രേ'' ഹോ ചി മിനെ അല്ലെങ്കില്‍ പിന്നെ ആരെയാണ് നിങ്ങള്‍ അവിടെ ആരാധിക്കുന്നത്? ഹോ ചി മിന്‍ അല്ലാതെ മറ്റാരാണ് ഈ രാജ്യത്ത് ആരാധ്യനായുള്ളത്?. ഇതുവരെ കാടുമൂടി കിടന്ന ക്ഷേത്രം ഹോ യുടെ മരണശേഷം എല്ലാവരെയും ആകര്‍ഷിക്കുന്നത് എങ്ങനെയാണ്  ? ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും''.

കമ്യൂണിസ്റ്റ് അനുഭാവമുള്ളവരെ പോലും തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്ന ദക്ഷിണ വിയറ്റ്നാമിലെ പൊലീസ് ചീഫിന് അറിയാമായിരുന്നു ആ രാജ്യത്ത് 'അങ്കിള്‍ ഹോ'യെപ്പോലെ ആരാധ്യനായി മറ്റാരും ഇല്ലെന്ന്, അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ജനതയാകട്ടെ എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കുമിടയിലും, തികച്ചും വ്യത്യസ്തമായ രീതികളും തെരഞ്ഞെടുത്തു.

1885 ലാണ് ഫ്രഞ്ച് കൊളോണിയലിസം വിയറ്റ്നാം കീഴടക്കുന്നത്. അതിനും അഞ്ചു വര്‍ഷം കഴിഞ്ഞ് 1890 മെയ് 19 നാണ് ങുയെന്‍ സിന്‍ സാക് എന്ന കണ്‍ഫ്യുഷ്യന്‍ പണ്ഡിതന്റെയും ഹോംഗ് തി ലോണിന്റെയും  മകനായി ങുയെന്‍ സിന്‍ കുങ് (പിന്നീട് ഹോ ചി മിന്‍ ) ജനിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ കണ്‍ഫ്യുഷ്യനിസത്തിന്റെ ദേശാഭിമാനപൂര്‍ണമായ നിലപാടുകളാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. 1908 ല്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ കൊളോണിയല്‍ വിരുദ്ധ സമരത്തില്‍ ഹോ ഭാഗമായി. 1910 ല്‍ ഗ്രാമീണരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഫ്രഞ്ച് ഉദ്യോഗസ്ഥരെ കാണാനും നിവേദനം നല്‍കാനും എത്തിയപ്പോള്‍ പരിഭാഷകനായി പോയത് ഹോ ആയിരുന്നു. അതോടെ ഹോ സ്കൂളില്‍ നിന്ന് പുറത്തായി. 1911 ല്‍ ഒരു കൊച്ചു കപ്പലില്‍ ജോലിക്കാരനായി ഫ്രാന്‍സിലേക്ക് പോയ ഹോ ഫ്രാന്‍സിലെ ദാരിദ്ര്യവും അരാജകത്വവും ചൂഷണവും കണ്ട് അത്ഭുതപ്പെട്ടു.

'സ്വന്തം നാട്ടിലെ സംസ്കാരം നന്നാക്കിയിട്ടുപോരേ ഫ്രഞ്ചുകാരേ ഞങ്ങള്‍ വിയറ്റ്നാം ജനതയെ ആധുനികവത്കരിക്കുന്നത്' എന്ന് ഈ ഘട്ടത്തില്‍ ഹോ ചോദിക്കുന്നു. അവിടെവെച്ച് ഫ്രഞ്ച് സോഷ്യലിസ്റ്റ് പാര്‍ടിയില്‍ ചേര്‍ന്ന അദ്ദേഹം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബ്രിട്ടന്‍, ടുണീഷ്യ, കിഴക്കന്‍ ആഫ്രിക്ക, അമേരിക്ക, കോംഗോ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും തന്റെ ലോകവീക്ഷണം വിശാലമാക്കുകയും ചെയ്യുന്നു. യൂറോപ്യന്‍ സോഷ്യലിസ്റ്റുകള്‍ക്ക് കൊളോണിയലിസത്തോടുള്ള അവസരവാദപരമായ നിലപാട് ഈ ഘട്ടത്തിലാണ് ഹോ തിരിച്ചറിയുന്നത്. 'അപരിഷ്കൃതരായ കൊളോണിയല്‍ പ്രജകളെ സംസ്കാരമുള്ളവരാക്കാനുള്ള മനുഷ്യത്വപരമായ കൊളോണിയലിസം' എന്ന അറുപിന്തിരിപ്പന്‍ നിലപാടായിരുന്നു ഈ സോഷ്യലിസ്റ്റുകള്‍ മുന്നോട്ടു വെച്ചത്. ഫ്രഞ്ച് സോഷ്യലിസ്റ്റ് രാഷ്ട്രീയത്തോട് ഉണ്ടായ ഈ നിരാശ കൂടുതല്‍ ശാസ്ത്രീയമായ സാമൂഹിക പഠനങ്ങളിലേക്ക് ഹോയെ നയിച്ചു. ഇതാണ് ഹോ ചി മിന്റെ നേതൃത്വത്തില്‍ 1920 ല്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചത്.

ഹോ ചിമിനും എ കെ ജി യും കണ്ടുമുട്ടിയപ്പോൾ ഫയൽ ചിത്രം)

ഹോ ചിമിനും എ കെ ജി യും കണ്ടുമുട്ടിയപ്പോൾ ഫയൽ ചിത്രം)

സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് കൂടുതല്‍ അടുത്ത ഹോ ചി മിന്‍ 1923 ല്‍ ദിമിത്രി മാനുലിസ്കിയുടെ ക്ഷണപ്രകാരം സോവിയറ്റ് യൂണിയനിലേക്ക് തിരിക്കുകയും  , മോസ്കോയിലെ അന്തര്‍ദേശീയ തൊഴിലാളി സര്‍വകലാശാലയില്‍ പഠനം ആരംഭിക്കുകയും ചെയ്തു. 1960ല്‍ ഒരു സോവിയറ്റ് മാസികയിലേക്ക് നല്‍കിയ ലേഖനത്തില്‍ താന്‍ ലെനിനിസത്തെ കണ്ടെത്തിയതിനെക്കുറിച്ച് ഹോ ചി മിന്‍ എഴുതുന്നുണ്ട്. ഫ്രഞ്ച് സോഷ്യലിസ്റ്റുകളുടെ കൊളോണിയലിസത്തോടുള്ള സമീപനത്തില്‍ നിരാശനായി നില്‍ക്കുമ്പോഴാണ് ഒരു സുഹൃത്ത് ഹോയ്ക്ക് ലെനിന്റെ 'ദേശീയതയെയും കൊളോണിയലിസത്തെയും കുറിച്ചുള്ള തീസിസുകള്‍' നല്‍കുന്നത്. ''എനിക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള രാഷ്ട്രീയപദങ്ങള്‍ അതിലുണ്ടായിരുന്നു, പക്ഷേ പിന്നെയും പിന്നെയും വായിച്ച് ഞാന്‍ അതിന്റെ സത്ത മനസ്സിലാക്കി. അതെന്നില്‍ എന്തൊരു വികാരമാണ്, ആത്മവിശ്വാസമാണ്, വ്യക്തതയാണ് വരുത്തിയത് എന്ന് പറഞ്ഞറിയിക്കുവാനാകില്ല.

സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു''. ലെനിനെ വായിച്ച ഹോ ചി മിന്‍ തന്റെ സഖാക്കള്‍ക്കിടയിലേക്ക് ചെന്ന് ഇങ്ങനെ പറഞ്ഞു ''ഇതാണ് നമുക്ക് വേണ്ടത്, ഇതാണ് നമ്മുടെ മോചനത്തിന്റെ വഴി''. രണ്ടു കാര്യങ്ങളിലാണ് ഹോ അന്ന് പ്രധാനമായും ഊന്നിയത്, 1 ) ലോകവിപ്ലവത്തിന്റെ പ്രധാന ഭാഗമാണ് കോളനികളുടെ വിമോചനം. അതിനാല്‍ ലോകമെമ്പാടുമുള്ള കോളനികളുടെ വിമോചനത്തെ വിപ്ലവകാരികള്‍ പിന്തുണയ്ക്കണം 2) ദേശീയ വിമോചനം സാമൂഹിക വിപ്ലവത്തോടുകൂടെ മാത്രമേ പൂര്‍ത്തിയാകൂ. അതിനാല്‍ ബൂര്‍ഷ്വാ ദേശീയ പരിപാടി കര്‍ഷകരുടെയും തൊഴിലാളികളുടെയും വിമോചനത്തോടെ മാത്രമേ പൂര്‍ത്തിയാകൂ.

ഈ പുസ്തകത്തില്‍ ഒന്നാമതായി കൊടുത്തിരിക്കുന്ന ഹോയുടെ കത്ത് ഫ്രാന്‍സിലെ കോളനികാര്യ മന്ത്രിക്ക് എഴുതിയതാണ്. വിയറ്റ്നാമില്‍ (അന്നമീസ് ജനതയെ ആണ് ഹോ അതില്‍ എടുത്തു പറയുന്നത്) അക്കാലത്ത് നടക്കുന്ന കൊളോണിയല്‍ ചൂഷണത്തോടും അനീതിയോടുമുള്ള ദേശസ്നേഹിയായ ചെറുപ്പക്കാരന്റെ രോഷം ഈ എഴുത്തില്‍ കാണാം. പരിഹാസവും രോഷവും കലര്‍ന്ന ഈ കത്ത് പക്ഷേ ആ ചൂഷണത്തിന്റെ രാഷ്ട്രീയസമ്പദ് മാനങ്ങളെക്കുറിച്ച് നിശബ്ദമാണ്. 1922 ല്‍ തന്നെ എഴുതിയ അടുത്ത ലേഖനമാകട്ടെ അന്നമീസ് സ്ത്രീകള്‍ ഫ്രഞ്ച് കൊളോണിയലിസത്തിനു കീഴില്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ചാണ്. ഫ്രഞ്ച് കൊളോണിയലിസത്തിനു കീഴില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണത്തെ ലിബറല്‍ വൈകാരികതയിലാണ് ഹോ സമീപിക്കുന്നത്. കൊളോണിയല്‍ സാഡിസം എന്ന സംജ്ഞയിലാണ് ഈ ചൂഷണത്തെ വിശകലനം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കുന്നത്.

എന്നാല്‍ പിന്നീടങ്ങോട്ടുള്ള ലേഖനങ്ങളില്‍ സ്ഥിതി മാറുന്നു. മൂന്നാമത്തെ ലേഖനം 1924ല്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ അഞ്ചാം കോണ്‍ഗ്രസ്സില്‍ 'ദേശീയ കൊളോണിയല്‍ പ്രശ്നത്തെ സംബന്ധിച്ച്' അദ്ദേഹം നടത്തിയ പ്രസംഗമാണ്. കൃത്യമായ കണക്കുകള്‍ ഉദ്ധരിച്ച് കോളനി രാജ്യങ്ങളില്‍ നിന്നും അധീശ സാമ്രാജ്യങ്ങളിലേക്കുള്ള കൊള്ളയെ വരച്ചുകാട്ടാന്‍ അദ്ദേഹത്തിന് കഴിയുന്നു. മാത്രമല്ല കൊളോണിയല്‍ പ്രശ്നത്തോട് കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കേണ്ട നിലപാടും അദ്ദേഹം വ്യക്തമാക്കുന്നു. 'കോണ്‍ഗ്രസ്സിന് ശേഷം മ്യൂസിയത്തിലേക്ക് പോകുന്ന രാഷ്ട്രീയ പ്രമേയങ്ങളും പരിപാടികളുമല്ല നമുക്കുവേണ്ടത്, മറിച്ച് കോളനി പ്രശ്നത്തെ നേരിടാനുള്ള കര്‍മ പരിപാടികളാണെന്നും' സൂചിപ്പിച്ച ശേഷം അതിനായി അഞ്ചിന പദ്ധതിയും അദ്ദേഹം അവതരിപ്പിക്കുന്നു. 1922 ല്‍ നിന്നും 1924 ലേക്കെത്തുമ്പോള്‍ ലക്ഷണമൊത്ത ഒരു മാര്‍ക്സിസ്റ്റ് ആയി പരിണമിക്കുകയാണ് ഹോ ചി മിന്‍. മുന്‍പേ സൂചിപ്പിച്ച പോലെ 1923 ല്‍ ലെനിനെ വായിക്കുന്നതോടെ അദ്ദേഹത്തിന് ലഭിക്കുന്ന തെളിമയും ആത്മവിശ്വാസവും ഈ പരിണാമത്തില്‍ കാണാം.

1924 ല്‍ ഹോ ചി മിന്‍ ഗാങ്ഷോ(ചൈന)യിലേക്ക്  പോകുന്നു. അവിടെ അദ്ദേഹവും സഖാക്കളും ചേര്‍ന്ന് വിയറ്റ്നാം യുവ കമ്യൂണിസ്റ്റ് വിപ്ലവ ലീഗ് രൂപീകരിക്കുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിപ്ലവകാരികളുടെ തലമുറകളെ തന്നെ സൃഷ്ടിക്കുകയും അവര്‍ വിയറ്റ്നാമില്‍ കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിന് നിയോഗിക്കപ്പെടുകയും ചെയ്യുന്നു. ഗാങ്ഷോയിലെ വിയറ്റ്നാം വിപ്ലവത്തിനായുള്ള പ്രത്യേക പാഠശാലയില്‍ അദ്ദേഹം എടുത്ത ക്ലാസുകളാണ് 'വിപ്ലവ പാത' എന്ന പേരില്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടത്. വിയറ്റ്നാം ചരിത്രത്തെയും വിപ്ലവത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള ഏറ്റവും ആധികാരികമായ രേഖ എന്ന നിലയില്‍ അത് ഈ പുസ്തകത്തിലെ അഞ്ചാമത്തെ ഭാഗമായി നല്‍കിയിരിക്കുന്നു.

1925 മുതല്‍ തന്നെ ഈ വിപ്ലവകാരികളുടെ നേതൃത്വത്തില്‍ വിയറ്റ്നാമിലെ തൊഴിലാളി വര്‍ഗം കരുത്തുകാട്ടി തുടങ്ങി. ആ വര്‍ഷം നടന്ന തുറമുഖ തൊഴിലാളി പണിമുടക്കില്‍ ചൈനയിലേക്കുള്ള ഫ്രഞ്ച് യുദ്ധക്കപ്പല്‍ പോലും തടയാന്‍ തൊഴിലാളികള്‍ക്കായി. 1929 ലെ മുതലാളിത്ത പ്രതിസന്ധിയുടെ ഭാരം കോളനികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ശ്രമിച്ചു. ഇതിനെതിരായി 1930 ലെ മെയ്ദിനത്തില്‍ വിയറ്റ്നാം കമ്യൂണിസ്റ്റുകാര്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ങേതിന്‍ സോവിയറ്റ് എന്ന പേരില്‍ ഒരു സമാന്തര ഭരണം താല്‍ക്കാലികമായെങ്കിലും സൃഷ്ടിക്കുകയും ചെയ്തു.

ഈ ആവേശത്തില്‍ 1930 ഒക്ടോബറില്‍ വ്യത്യസ്ത കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ ചേര്‍ത്ത് ഹോ ചി മിന്‍ വിയറ്റ്നാം കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപം നല്‍കി. 1931 മുതല്‍ 1941 വരെയുള്ള ദശാബ്ദം വിയറ്റ്നാമില്‍ ഉടനീളം കമ്യൂണിസ്റ്റ് പാര്‍ട്ടി കരുത്താര്‍ജിച്ചു. പതിനായിരങ്ങള്‍ അറസ്റ്റിലായി. 1941 ല്‍ ലോകമഹായുദ്ധത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമാണ് ഒന്നാമത്തെ കടമയെന്നും അതിനായി ഭൂവുടമകള്‍, ധനിക കര്‍ഷകര്‍ ഒരു വിഭാഗം തദ്ദേശീയ ബൂര്‍ഷ്വാസി എന്നിവരെ കൂടെ കൂട്ടി ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ പോരാടണം എന്നും പാര്‍ടി നിശ്ചയിച്ചു.

പുസ്തകത്തിലെ പിന്നീടുള്ള ലേഖനങ്ങളില്‍ ഉടനീളം കാണാനാവുക വിയറ്റ്നാമിലെ വസ്തുനിഷ്ഠ സാഹചര്യങ്ങളെ പരിഗണിച്ച് വിപ്ലവമുന്നേറ്റത്തെ നയിക്കുന്ന ലെനിനിസ്റ്റായ ഹോയെ ആണ്. ഇടയ്ക്കു ചേര്‍ത്തിട്ടുള്ള കവിതകളില്‍ ഹോ ചി മിന്‍ എന്ന സാഹിത്യകാരനെയും കാണാനാവും. വളരെ ആഴത്തില്‍ വിപ്ലവപ്രവര്‍ത്തനത്തെ സമീപിക്കാന്‍ ഈ ലേഖനങ്ങളില്‍ അദ്ദേഹം ശ്രമിക്കുന്നു. കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ പ്രവര്‍ത്തന രീതി, ജനങ്ങളെ സംഘടിപ്പിക്കേണ്ട വിധം, യുവാക്കളുടേയുടെയും പ്രായം ചെന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കടമകള്‍ തുടങ്ങി ആഗോള രാഷ്ട്രീയം വരെയുള്ള പ്രശ്നങ്ങളെ സമീപിക്കാന്‍ അദ്ദേഹം തയ്യാറാകുന്നു. ഉത്തര വിയറ്റ്നാമില്‍ പാര്‍ട്ടി അധികാരത്തില്‍ വന്നശേഷമുള്ള അദ്ദേഹത്തിന്റെ എഴുത്തുകള്‍ ഭരണത്തെയും സോഷ്യലിസ്റ്റ് നിര്‍മാണത്തെയും സംബന്ധിച്ച കാഴ്ചപ്പാടുകളിലാണ് ഊന്നുന്നത്.

ഇന്നും പ്രധാനമായ ഭൂമി ഏറ്റെടുക്കല്‍, ബ്യൂറോക്രസിയുടെ നിയന്ത്രണം, മിതവ്യയവും മനുഷ്യാദ്ധ്വാനത്തിന്റെ പാഴ്ച്ചെലവും തുടങ്ങി എല്ലാ വിധ വിഷയങ്ങളിലേക്കും ഈ ലേഖനങ്ങള്‍ വെളിച്ചം വീശുന്നു. സവിശേഷ ശ്രദ്ധയോടെ നാം വായിക്കേണ്ട രണ്ടു ലേഖനങ്ങളാണ് 1958 ഫെബ്രുവരിയില്‍ ഡല്‍ഹിയിലെ ജനസാഗരത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം നടത്തിയ പ്രസംഗവും കര്‍ഷക സഹകരണ സംഘങ്ങളിലെ മാനേജീരിയല്‍ തൊഴിലാളികളോട് നടത്തുന്ന പ്രസംഗവും. നവലിബറല്‍ മുതലാളിത്തം ഇന്ത്യന്‍ കാര്‍ഷിക മേഖലയില്‍ നടത്തുന്ന ഹിംസാത്മകമായ ഇടപെടലിന് ബദലുകള്‍ ആരായുന്നവര്‍ എന്ന നിലയില്‍ ഈ ലേഖനത്തെ സവിശേഷമായി നാം പഠിക്കേണ്ടതുണ്ട്.

ഹോ ചി മിന്റെ മരണത്തിനും ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമേരിക്കന്‍ സാമ്രാജ്യത്വത്തെ അടിയറവു പറയിപ്പിച്ച് വിയറ്റ്നാം കമ്യൂണിസ്റ്റുകാര്‍ രാജ്യത്തെ പുനരേകീകരിച്ച് ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക് സ്ഥാപിക്കുന്നത്. ഈ കോവിഡ് കാലത്ത് ലോകം തന്നെ ഉറ്റുനോക്കിയ ആരോഗ്യ മാതൃകയായിരുന്നു വിയറ്റ്നാമിലേത്. ചൈനയ്ക്ക് ശേഷം തുടര്‍ച്ചയായ വളര്‍ച്ചയോടെ ഏഷ്യയിലെ പ്രധാനശക്തികളിലൊന്നായി മാറുകയാണ് സോഷ്യലിസ്റ്റ് വിയറ്റ്നാം.

നവകേരള സൃഷ്ടിക്കായി അണിനിരക്കുന്ന കേരളത്തിലെ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് വിയറ്റ്നാമില്‍ നിന്നും ഹോ ചി മിന്റെ എഴുത്തുകളില്‍ നിന്നും ഏറെ പഠിക്കാനുണ്ട്.

തന്റെ കവിതകളിലൊന്നില്‍ വിയറ്റ്നാമിലെ ദേശീയ നായകനായ ക്വങ് ത്രൂങ്നെ കുറിച്ച് ഹോ ചി മിന്‍ എഴുതി:
''അയാള്‍ക്ക് ഇച്ഛാശക്തിയുണ്ടായിരുന്നു
അയാള്‍ക്കൊരു കരുത്തുറ്റ തലച്ചോറുണ്ടായിരുന്നു
എല്ലാത്തിലുമുപരിയായി
അയാള്‍ക്ക് പിന്നില്‍
ജനങ്ങള്‍ അണിനിരന്നിരുന്നു''
വിയറ്റ്നാമില്‍ ചെങ്കൊടി ഉയരേപാറുമ്പോള്‍ ഹോയെക്കുറിച്ചും അതുതന്നെ പറയാം.

(ചിന്ത വാരികയിൽ നിന്ന്)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top