07 June Wednesday

പുസ്തകങ്ങൾ ..പുനർജന്മങ്ങൾ !...ചില വായനാവാര ചിന്തകള്‍

സുരേഷ് നാരായണൻUpdated: Sunday Jun 21, 2020
ഒരു വായനാദിനം കൂടി കടന്നുപോകുമ്പോള്‍ ഒരു ആത്മഭാഷണം ...സുരേഷ് നാരായണന്‍ എഴുതുന്നു.
 
ഇരട്ടവാലന്മാരാണ് ഞാൻ കണ്ടതിൽ വെച്ചേറ്റവും ക്രൂരരായ വില്ലന്മാർ.
അനാഘ്രാതകുസുമങ്ങളായി ഷെൽഫിൽ 'വിശ്രമിക്കുന്ന' പുസ്തകങ്ങളെ ക്രൂരമായ ആനന്ദത്തോടെ ഉഴുതുമുറിക്കുന്നവർ. ഫ്രാൻസിസ് ബേക്കൺൻറെ 'Some books are to be tasted' എന്ന
വചനം  അക്ഷരാർത്ഥത്തിൽ നടപ്പാക്കുന്ന ഒരേയൊരു വർഗ്ഗം!
 
എന്തിനാണു പുസ്തകങ്ങൾ വായിക്കുന്നത് എന്നു ചോദിച്ചാൽ രണ്ടുത്തരങ്ങളുണ്ട്.
ഒന്ന്, ശബ്ദങ്ങൾ  തിരിച്ചറിയാൻ.
രണ്ട്, സ്വയം ശബ്ദമാവാൻ.
 
പറക്കമുറ്റുന്നതിനു മുമ്പ് മരിച്ചുപോയ മനുഷ്യരാണ് പുസ്തകങ്ങളായി, വിശിഷ്യ അനശ്വര കൃതികളായി പുനർജനിക്കുക.
എഴുത്താളരുടെ തൂലികാ ഗർഭപാത്രത്തിൽ കാലമവരെ കനിവോടെ നിക്ഷേപിക്കുന്നു. വേദനയുടെ ഋതുക്കൾ താണ്ടി, അതിൽനിന്നുരുവംകൊള്ളുമ്പോൾ ഒരു പൂർണ്ണജന്മമേകലിലൂടെ 
കാലമവരോട് ഒരു പൂർവ്വജന്മപ്രായശ്ചിത്തം നിറവേറ്റുകയാണ്.
 
ഓർമ്മയിൽ രണ്ടു മുഖങ്ങൾ തെളിഞ്ഞുവരുന്നു ; നാലാംതരത്തിലെ ക്ലാസ് ടീച്ചർ ഗോപിസാറിൻറെയും പഞ്ചായത്ത് ലൈബ്രേറിയൻ ഗോപാലകൃഷ്ണൻ ചേട്ടൻറെയും.
30 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു കോരിച്ചൊരിയുന്ന  ജൂണിലാവണം സർ എന്നെ സ്റ്റാഫ് റൂമിലേക്കു വിളിപ്പിച്ചത്.വിടർന്ന കണ്ണുകളോടെയും വിറയ്ക്കുന്ന കാലടികളോടെയും അതിനകത്തു കയറിയപ്പോൾത്തന്നെ ഒരു പ്രത്യേക മണം ആ ബാലൻറെ മൂക്ക് പിടിച്ചെടുത്തു! ചോറ്റുപാത്രം തുറക്കുമ്പോൾ കൊതിപ്പിക്കുന്ന, ടെക്സ്റ്റ് ബുക്കുകൾ തുറക്കുമ്പോൾ മടുപ്പിക്കുന്ന, അന്നുവരെ പരിചയിച്ച പതിവുമണങ്ങളിൽനിന്ന് തീർത്തും വേറിട്ടുനിൽക്കുന്ന ഒരു പുതുമണം! 
 
അതാ സാറിൻറെ മുമ്പിലെ മേശയിൽ കുറേ കുട്ടിപ്പുസ്തകങ്ങൾ അട്ടിയട്ടിയായി വെച്ചിരിക്കുന്നു.
മനോഹരമായ  കവർപേജിലേക്കാണ് ആദ്യം കണ്ണുകൾ പോയത്.ഒരു വലിയ കിളിക്കൂടിനകത്ത് അലസമായി വിശ്രമിക്കുന്ന ഒരു കൊച്ചുപെൺകുട്ടി ! അതിനുമുകളിൽ അനാവൃതമായ ടൈറ്റിൽ- 'വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം!' അന്നായിരുന്നു ഈയുള്ളവൻറെ വായനയുടെ ഒന്നാം ക്ലാസ്  പ്രവേശനം!
 
പിന്നെയും രണ്ടു മൂന്നു വർഷങ്ങൾക്കുശേഷമാണാ ഗ്രാമീണ വായനശാലയിലേക്കുപോയത്.അന്ന് സ്റ്റാഫ്റൂമിലേക്ക് പോയതുപോലെ ഭയവും കയ്യിൽ പിടിച്ചുകൊണ്ട്! ഗോപാലകൃഷ്ണൻ എന്ന ചേട്ടൻ കട്ടിക്കണ്ണടക്കിടയിലൂടെ എന്നെ നോക്കി. ഞാൻ ചേട്ടനെയും. 
ഗോപിസാറിൻറെ വാത്സല്യമൊന്നും ആ മുഖത്തുണ്ടായിരുന്നില്ല.
ഡോക്ടർ പി കെ രാജശേഖരൻ പറഞ്ഞതുപോലെ, ഗ്രാമീണ ലൈബ്രേറിയന്മാർക്ക് കുട്ടികളെ കാണുന്നത് ചതുർത്ഥിയാണ്. പുസ്തകങ്ങൾ കൊണ്ടുപോയ് തുലക്കാനായ് ജനിച്ചവരാണല്ലോ അവർ!
 
ആ ഒരു തോന്നലാവണം 'യുഗ ചക്രവർത്തിനി ഇന്ദിരാഗാന്ധി' എന്ന പുസ്തകമൊക്കെ ഒരു ആറാം ക്ലാസുകാരൻറെ കയ്യിലേക്ക് നിറഞ്ഞ മനസ്സോടെ വെച്ചുകൊടുക്കാൻ ചേട്ടനെ പ്രേരിപ്പിച്ചിട്ടുണ്ടാവുക!
 
ഇതിലും തീവ്രമായ മറ്റൊരനുഭവമാണ്, അച്ഛൻ കാണാതെ അതീവരഹസ്യമായി വായിച്ച ഡിറ്റക്ടീവ് നോവൽ ആകാംക്ഷയുടെ സർവ്വകോശങ്ങളേയുമുണർത്തി അവസാന അധ്യായത്തിലേക്ക് എത്തിച്ചതും, അവിടെ അവസാന പേജിൻറ സ്ഥാനത്തു കണ്ട ശുദ്ധ ശൂന്യതയിൽ കാൽ തെന്നി സ്വയം നിരാശയുടെ പടുകുഴിയിലേക്കാഞ്ഞു പതിച്ചതും! എന്തൊരു ദുർവിധി!
 
പ്രവർത്തനത്തിന് പ്രതിപ്രവർത്തനവും ഉണ്ടാവുമല്ലോ. അങ്ങനെ ഉള്ളിലേക്കു രുട്ടിക്കറ്റിയ അക്ഷരങ്ങൾ പതുക്കെപ്പതുക്കെ കവിതകളായി, കുഞ്ഞുകഥകളായി പുറത്തുവരാൻ തുടങ്ങി.
 
അങ്ങനെ ഇപ്പോൾ ഈ 'വ്യർഥ വർഷത്തിലെ കഷ്ടമാസത്തിൻറെ' അടഞ്ഞ മുറിയിലിരുന്ന് വായനാദിനത്തെപ്പറ്റി ആലോചിക്കുമ്പോൾ, പണ്ടെന്നോ ഒരു യാത്രയിൽ എഴുതിയ വരികൾ മനസ്സിലേക്കു കടന്നു വരുന്നു.
"എനിക്ക് പുസ്തകങ്ങൾ മാത്രം കൊണ്ടുപോകുന്ന ഒരു തീവണ്ടിയുടെ ലോക്കോപൈലറ്റ് ആകണം"
-----

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top