18 July Thursday

കെട്ടുകഥകളുടെ നിര്‍മ്മിതി

പി എം മനോജ്Updated: Sunday Jul 31, 2016

തൊഴിലാളിവര്‍ഗ പാര്‍ടി വിജ്ഞാനദായിനി സമാജമോ വാര്‍ത്താവിതരണകേന്ദ്രമോ അല്ല. തൊഴിലാളിവര്‍ഗത്തെയും അതിന്റെ ബന്ധുക്കളെയും നയിക്കുന്ന രാഷ്ട്രീയസംഘടനയാണത്. തൊഴിലാളിവര്‍ഗത്തിന്റെ ശത്രുക്കള്‍ എക്കാലത്തും അതിനെതിരെ ആക്രമണോത്സുകരാണ്. അതിന്റെ ആശയപരമായ അടിത്തറയില്‍ വിള്ളല്‍വീഴ്ത്താനും രാഷ്ട്രീയത്തെ വികലമായി ചിത്രീകരിക്കാനും സംഘടനയെ തകര്‍ക്കാനുമുള്ള ഇടപെടലുകളുടെ അനുസ്യൂതിയെ പരാജയപ്പെടുത്തിയും മറികടന്നുമേ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാകൂ. വിപ്ളവപാതയില്‍നിന്ന് വ്യതിചലിപ്പിക്കാനും അടിസ്ഥാനമൂല്യങ്ങളെത്തന്നെ ന്യൂനീകരിക്കാനും  കമ്യൂണിസ്റ്റ് പാര്‍ടിയെ ആക്രമിക്കുന്നത് എതിരാളികളുടെ എക്കാലത്തെയും കര്‍മപദ്ധതിയാണ്. അതിനായി അമ്പരപ്പിക്കുന്ന പ്രത്യയശാസ്ത്ര സംവിധാനം അവര്‍ ഒരുക്കിയിരിക്കുന്നു. ആശയപരമായ നേരിട്ടുള്ള ആക്രമണങ്ങള്‍ക്കൊപ്പം പാര്‍ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും പരിക്കേല്‍പ്പിക്കാനുള്ള നീക്കങ്ങളെയും ജാഗരൂകമായി തടഞ്ഞുകൊണ്ടേ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മുന്നോട്ടുപോകാനാകൂ. സമൂഹത്തില്‍നിന്ന് ഒറ്റപ്പെട്ടുനില്‍ക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. അന്യവര്‍ഗങ്ങളുടെ ആശയങ്ങളും താല്‍പ്പര്യങ്ങളും കമ്യൂണിസ്റ്റുകാരിലേക്ക് കടന്നുകയറാനുള്ള അവസരങ്ങളും കുറവല്ല. അത്തരം സാധ്യതകളെയും വലതുപക്ഷത്തുനിന്നും ഇടതുപക്ഷത്തുനിന്നും അവസരവാദങ്ങളുടെ അധിനിവേശത്തെയും വിട്ടുവീഴ്ചയില്ലാതെ ചെറുത്തുതോല്‍പ്പിച്ച് വര്‍ഗതാല്‍പ്പര്യത്തിന്റെ കൊടി ഉയര്‍ത്തിപ്പിടിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയെ മുന്നോട്ടു നയിക്കുന്നത് ശ്രമകരമായ ജോലിയാണ്. അത്തരം പ്രവര്‍ത്തനം ഏതെങ്കിലും നിയതമായ ചാലുകളിലൂടെയല്ല  മുന്നോട്ടുപോകുന്നത്.

ആക്രമണത്തിന്റെ മാറുന്ന സ്വഭാവം പ്രത്യാക്രമണത്തിന്റെയും പ്രതിരോധത്തിന്റെയും തീവ്രത നിര്‍ണയിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം, അതിന്റെ പ്രാരംഭംമുതല്‍ ശക്തമായ കടന്നാക്രമണങ്ങളെ നേരിട്ടിട്ടുണ്ട്. നാല്‍പ്പതുകളിലും അമ്പതുകളിലും  കണ്ണഞ്ചിപ്പിക്കുംവിധമുള്ള വളര്‍ച്ച നേടിയ പാര്‍ടിയെ തകര്‍ക്കാനുള്ള ഏറ്റവും വലിയ യുദ്ധമായിരുന്നു 1959ലെ വിമോചന സമരം. കമ്യൂണിസ്റ്റ് വിരുദ്ധരുടെ മഹാസഖ്യമായി മാറിയ ആ അട്ടിമറിസമരത്തിനുശേഷമാണ്, അതുവരെയുണ്ടായിരുന്ന വളര്‍ച്ചയുടെ തോത് ഇല്ലാതാവുകയും പ്രസ്ഥാനത്തിന്റെ ജനപിന്തുണയില്‍ സ്തംഭനസമാനമായ അവസ്ഥ സൃഷ്ടിക്കപ്പെടുകയും ചെയ്തത്. സദാ കണ്ണുതുറന്നിരിക്കുകയും തക്കംപാര്‍ത്തിരിക്കുകയും ചെയ്യുന്ന ശത്രുക്കള്‍ക്കെതിരായ പോരാട്ടത്തിലാണ് കമ്യൂണിസ്റ്റുകാരുടെ ഊര്‍ജത്തിന്റെ വലിയൊരളവ് വിനിയോഗിക്കേണ്ടിവരുന്നത്. അത് ഒരനിവാര്യതയുമാണ്. ഒന്നിനുപുറകെ ഒന്നായി ജന്മംകൊള്ളുന്ന നുണക്കഥകളെയും വ്യാജ പ്രചാരണങ്ങളെയും വസ്തുതകള്‍നിരത്തി തുറന്നുകാട്ടാന്‍ കമ്യൂണിസ്റ്റുകര്‍ക്ക് ബോധപൂര്‍വം ഇടപെടേണ്ടിവരുന്നതിന്റെ രസതന്ത്രവും മറ്റൊന്നല്ല.

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമാണ് സിപിഐ എം. അതിനെ തകര്‍ത്തുകൊണ്ടേ കേരളത്തിന്റെ ഇടതുപക്ഷമനസ്സിനെ നോവിക്കാനാകൂ എന്ന തിരിച്ചറിവാണ് കെട്ടുകഥകളുടെ നിര്‍മിതിക്ക് ഇന്ധനമാകുന്നത്. അക്രമത്തിന്റെ വക്താക്കളെന്ന പട്ടംമുതല്‍ അഴിമതിയുടെ കിരീടംവരെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും നേതൃത്വത്തിനും ചാര്‍ത്തിനല്‍കുമ്പോള്‍, പാര്‍ടിയുടെ അകത്തളങ്ങളിലേക്ക് നുഴഞ്ഞുകയറി വ്യാജ കഥകള്‍ നിര്‍മിക്കുമ്പോള്‍, മാധ്യമകോറസുകള്‍ മാര്‍ക്സിസ്റ്റ് വിരോധ ഗാനാലാപത്തിന് ഒച്ചകൂട്ടുമ്പോള്‍ പ്രത്യാക്രമണവും പ്രതിരോധവും ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാറുകയാണ് കമ്യൂണിസ്റ്റുകാര്‍ക്ക്. അത്തരമൊരു പ്രവര്‍ത്തനമാണ്, ജി വിജയകുമാര്‍, 'കെട്ടുകഥകളുടെ നിര്‍മ്മിതി' എന്ന പുസ്തകരചനയിലൂടെ നിര്‍വഹിക്കുന്നത്. സിപിഐ എമ്മിനുനേരെ എതിര്‍പ്പുകള്‍ എന്തുകൊണ്ടുണ്ടാകുന്നു, കൊലപാതകക്കേസുകള്‍ എങ്ങനെ സിപിഐ  എമ്മിനെതിരായ ആയുധമാക്കി മാറ്റുന്നു, ലാവ്ലിന്‍ അടക്കമുള്ള കഥാനിര്‍മിതികള്‍ എങ്ങനെ ഉണ്ടായി, കേരളത്തിലെ സംഘപരിവാര്‍ അജണ്ട എന്നിങ്ങനെയുള്ള വിഷയങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന വിജയകുമാര്‍, കഴിഞ്ഞ പതിറ്റാണ്ടില്‍ സിപിഐ എം നേരിട്ട ആക്രമണങ്ങളുടെ നഖചിത്രം വരയ്ക്കുകയാണ്. വലതുപക്ഷ മാധ്യമങ്ങളുടെ നുണവര്‍ഷത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒലിച്ചുപോകാതിരിക്കാനുള്ള ചിറകെട്ടുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്. അതുതന്നെയാണ് 'ചിന്ത' പ്രസിധീകരിച്ച ഈ പുസ്തകത്തിന്റെ പ്രസക്തിയും.
ാമിീഷറയശ@ഴാമശഹ.രീാദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top