01 February Wednesday

ഒരു കമ്യൂണിസ്റ്റ് കവിയുടെ വാഗര്‍ഥങ്ങള്‍

ഇ എന്‍ മുരളീധരന്‍നായര്‍Updated: Sunday Aug 28, 2016

'നീലമ്പേരൂര്‍ കവിതകള്‍' എന്ന കാവ്യസമാഹാരത്തെക്കുറിച്ച് പറയുമ്പോള്‍ കവിയെ മാറ്റിനിര്‍ത്തി ഒരു അവലോകനം അനീതിയാകും. അരനൂറ്റാണ്ടിലേറെയായി കവിതയും കമ്യൂണിസവും കൈയിലും നെഞ്ചിലും ഏറ്റിനടന്ന ഒരാളാണ് നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍.

കുട്ടനാടന്‍ ഗ്രാമത്തില്‍നിന്ന് അറുപതുകളുടെ തുടക്കത്തിലാണ് മധുസൂദനന്‍നായര്‍ തിരുവനന്തപുരത്തെത്തിയത്. രാജധാനിയുടെ സാംസ്കാരികമേഖലയില്‍ ഒരുപാടു പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് നേട്ടങ്ങളില്ലാതെ നഷ്ടങ്ങളും വേദനകളും സഹിച്ച ഈ കവിയുടെ ഇനിപറയുന്ന പശ്ചാത്തലവും പ്രവര്‍ത്തനങ്ങളും അധികം പേര്‍ക്കറിയില്ല. അതറിയാതെ കവിയുടെ കമ്യൂണിസത്തില്‍ അലിഞ്ഞുചേര്‍ന്ന വ്യക്തിത്വത്തെയും കവിതയെയും കാഴ്ചപ്പാടുകളെയും കുറിച്ച് പറയാനുമാകില്ല.

വര്‍ഷം 1971. നവധാര പബ്ളിഷിങ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി എന്ന പുതിയ പ്രസാധകസംഘത്തിന് രൂപം നല്‍കി ഞങ്ങള്‍. പുനലൂര്‍ ബാലന്‍, പി ഗോവിന്ദപ്പിള്ള, കടമ്മനിട്ട രാമകൃഷ്ണന്‍, സി ഗോപിനാഥന്‍നായര്‍, അയ്യപ്പപ്പണിക്കര്‍, പി കെ ബാലകൃഷ്ണന്‍, പത്മരാജന്‍, പ്രൊഫ. എം കൃഷ്ണന്‍നായര്‍, പി നാരായണക്കുറുപ്പ്, ചെമ്മനം ചാക്കോ, എം ഗോവിന്ദന്‍, വിഷ്ണുനാരായണന്‍നമ്പൂതിരി, കരൂര്‍ ശശി, നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍ തുടങ്ങിയവരും ഞാനുമായിരുന്നു ആദ്യത്തെ അംഗങ്ങള്‍. തിരുവനന്തപുരം രാമനിലയത്തിലെ 'യുഗരശ്മി' മാസികയുടെ ഓഫീസ് കെട്ടിടത്തില്‍ നവധാരയുടെ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. പത്മരാജന്‍ പ്രസിഡന്റ്, സി ഗോപിനാഥന്‍നായര്‍ സെക്രട്ടറി. നവധാരയുടെ എല്ലാ കാര്യങ്ങളിലും എം വി ദേവനും അരവിന്ദനും കാക്കനാടനും സഹകരിച്ചു.

മുകുന്ദന്റെ അഞ്ചരവയസ്സുള്ള കുട്ടി, പി കെ ബാലകൃഷ്ണന്റെ 'എഴുത്തച്ഛന്റെ കല', 'അയ്യപ്പപ്പണിക്കരുടെ കൃതികള്‍', ആനന്ദിന്റെ 'മരണ സര്‍ട്ടിഫിക്കറ്റ്', മാധവിക്കുട്ടിയുടെ 'രുഗ്മിണിക്കൊരു പാവക്കുട്ടി' തുടങ്ങിയവ പ്രസിദ്ധപ്പെടുത്തി. കവിയരങ്ങിന് തുടക്കമിട്ടത് അവിടെനിന്നായിരുന്നു. നഗരത്തിലെയും പരിസരങ്ങളിലെയും പല സാഹിത്യനായകന്മാരും സഖാക്കളും അവിടെ കൂടി ചെറിയ വലിയ ചര്‍ച്ചകള്‍ നടത്തി. അവിടെ കുശുമ്പും കുന്നായ്മയും ക്ളിക്കുകളും ഇല്ലായിരുന്നു. 'ശുദ്ധവായു ശ്വസിക്കാന്‍ നവധാരയില്‍ കൂടാം' എന്നു പറയുമായിരുന്നു ചില എഴുത്തുകാര്‍.  വല്ലവരും ഇടയ്ക്കൊന്നു മിനുങ്ങിയാല്‍ അതു പുറത്തായിരിക്കണം എന്നു ശഠിച്ചിരുന്നു. ചുരുക്കത്തില്‍ സാഹിത്യ–സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ നാലമ്പലമില്ലാത്ത ശ്രീകോവിലായിരുന്നു അവിടം. പിന്നീടാസ്ഥലം സര്‍ക്കാര്‍ ഭക്ഷിച്ചു.

തുടര്‍ന്ന് ഞങ്ങള്‍ അഞ്ചുപേര്‍ ചേര്‍ന്ന് കുട്ടികളുടെ ഒരു മാസിക നടത്തി. 'തത്തമ്മ'. നീലമ്പേരൂരും ആര്‍ട്ടിസ്റ്റ് ഗോപാലനും ബാലചന്ദ്രനും എം വീരാനന്ദനും ഞാനും. നാലുവര്‍ഷം കഴിഞ്ഞ് എന്റെ വീട് ജപ്തിചെയ്യുന്നിടംവരെ എത്തിയപ്പോള്‍ അത് നിര്‍ത്തി. പൊളിഞ്ഞ കമ്പനിയില്‍ ഓഹരിയിട്ടവര്‍ പണം തിരിച്ചുകിട്ടാന്‍ നിര്‍ബന്ധിച്ചുതുടങ്ങി. തറവാട് വിറ്റുകിട്ടിയ ഓഹരി കമ്പനിക്ക് നല്‍കിയത് ഈ കവിമാത്രമായിരുന്നു. ക്ളബ്ബുകളും ക്ളിക്കുകളുമില്ലാത്ത ഒരു സാംസ്കാരികകേന്ദ്രത്തിന്റെ പ്രവര്‍ത്തകനും കമ്യൂണിസ്റ്റുകാരനുമായ ഒരു കവിയുടെ കവിതകളാണ് ഈ സമാഹാരത്തില്‍ എന്നും. അതുവായിക്കുമ്പോള്‍ ഈ പശ്ചാത്തലം അറിഞ്ഞിരിക്കണമെന്നും ഉദ്ദേശിച്ചാണ് ഇങ്ങനെ ചിലത് പറഞ്ഞത്.

"അധികാരം കൊയ്യണമാദ്യം നാം അതിനുമേലാകട്ടെ പൊന്നാര്യന്‍'' എന്നു പാടിയ നമ്മുടെ ആദ്യത്തെ കമ്യൂണിസ്റ്റ് കവി ഇടശ്ശേരിയാണ് നീലമ്പേരൂരിന്റെ ഗുരു (പേജ് 155). ലെനിന്‍ കഴിഞ്ഞാല്‍ ലോകം അറിയുന്ന ഏറ്റവും മഹാനായ കമ്യൂണിസ്റ്റും കവിയുമായ ഹോചിമിനെ കരളില്‍കൊണ്ട് കവി പാടുന്നു.
"സൂര്യനില്‍ നിന്നൊരാളെത്തുമാകാശമായ്!
അതുവരെ
ശ്വാസം നിലച്ചതാഴ്്വാരം,
ജീവിച്ചുനാറും കടല്‍പ്പുറം,
പോരൈതിഹ്യത്തില്‍പ്പുതഞ്ഞ പടനിലം;
ഭാഷയശ്ളീലമായ് ചീഞ്ഞ പാഠാവലി,
വാള്‍ത്തലപ്പോതിത്തെളിച്ച സങ്കീര്‍ത്തനം,
കോഴയ്ക്കുകോട്ട തുറന്ന സഭാതലം,
കോടി പുതപ്പിച്ചടക്കിയ നേരുക–
ളെന്നിവയൊക്കെയും നിന്റെ
സഹനത്തിനു സാക്ഷികള്‍
ഇത്തണുപ്പൂരിയെറിഞ്ഞൊരു സൂര്യന്‍!
സൂര്യന്റെ നെറ്റിത്തടം പൊട്ടിയൊരുവനൊരു
കാട്ടുതീപോലെ, തീക്കാറ്റുപോലെ!
നിന്റെ ഹൃദയം പിളര്‍ന്നെത്തുമവനു
ഞാന്‍ സാക്ഷി; യെന്‍ വാക്കു സാക്ഷി!
ഒരിക്കലും വാക്ക് മാറ്റിച്ചവിട്ടാത്ത ഗുരുവിന്റെ പാത തുടരുകയാണ് നീലമ്പേരൂര്‍.
ഡോ. പി സോമന്റെ അറിവും നിറവുമാര്‍ന്ന അവതാരിക കവിയെ സമഗ്രമായിക്കാണുന്നു. ഈ ദശകത്തിലാദ്യം പിറന്ന ഏറ്റവും മികച്ച കവിതകള്‍ ഇവിടെ നമുക്ക് ഒന്നിച്ച് ലഭിച്ചിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top