പ്രത്യേക വലയത്തില്‍ ഒതുങ്ങിനില്‍ക്കാതെ കാലികപ്രസക്തമായ വിഷയങ്ങള്‍ അവലംബിച്ച് രസകരവും ഗൌരവതരവുമായി അവതരിപ്പിക്കുന്നവയാണ് ഷാഹുല്‍ ഹമീദ് കെ ടിയുടെ കഥകള്‍. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷം, പ്രകൃതിയോടുള്ള ആഭിമുഖ്യം, ഫ്ളക്സ് അടക്കമുള്ള മാലിന്യങ്ങളാല്‍ നിറയുന്ന ഭൂമി, പ്രാന്തവല്‍ക്കരിക്കപ്പെടുന്ന മനുഷ്യജീവിതം, ആതുരസേവനമേഖലയിലെ കള്ളത്തരങ്ങള്‍ എന്നിവ തുറന്നുകാട്ടുന്ന 13 കഥകളുടെ സമാഹാരമാണ് അദ്ദേഹത്തിന്റെ 'സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്' എന്ന പുസ്തകം. ചരിത്രവും സമൂഹവും പരിസ്ഥിതിയും മാനവികമൂല്യങ്ങളും കൈകോര്‍ക്കുന്ന ചിന്താദീപ്തങ്ങളായ ജീവിതങ്ങളാണ് ഈ കഥകളില്‍. സമകാലിക വിഷയങ്ങളോട് പ്രതിപത്തി പുലര്‍ത്തുന്ന പ്രമേയങ്ങള്‍.
സര്‍വനാശത്തിന്റെ മുതലക്കൂപ്പിലേക്ക് എടുത്തെറിയപ്പെട്ട പ്രകൃതിയും അതിലെ പക്ഷി-മൃഗാദികളും ഇവിടെ മനുഷ്യനോട് സംസാരിക്കാന്‍ ബാധ്യതപ്പെടുന്നു. ദൃശ്യമായ ലോകത്തിന്റെ സത്യാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍, പരുക്കന്‍ അനുഭവങ്ങള്‍, നിറപ്പകിട്ടാര്‍ന്ന ജീവിതത്തിന് ഒടുവില്‍ പശ്ചാത്താപത്തിന്റെ കൊടുമുടി കയറുന്ന കഥാപാത്രങ്ങള്‍, സ്വന്തം ആവാസവ്യവസ്ഥിതിയില്‍നിന്ന് പുറത്താക്കപ്പെടുന്ന ജനവിഭാഗങ്ങളും മൃഗങ്ങളും, പരിഷ്കാരത്തിന്റെ പുറംചട്ടയില്‍ അന്ധരാകുന്ന മധ്യവര്‍ഗകുടുംബങ്ങള്‍, സ്വന്തം കുഞ്ഞിന്റെ വയറുനിറയ്ക്കാന്‍ വേശ്യാവൃത്തി ചെയ്യുന്ന അമ്മയും അമ്മയ്ക്ക് കൂട്ടിരിക്കുന്ന മകനും, കാപട്യംപേറി ജീവിക്കുന്ന വ്യക്തികളും സമൂഹവും, മനുഷ്യജീവിതത്തിന്റെ ദയനീയത, ജലക്ഷാമം അങ്ങനെ ജീവിതത്തിന്റെ എല്ലാ അരികുകളിലേക്കും കഥാകാരന്‍ വായനക്കാരനെ നയിക്കുന്നു.
ഗ്രീന്‍ റവല്യൂഷന്‍, ഭൂമിയില്‍ ഒരിടത്ത്, വിഗ്ഗുകളുടെ നഗരം, സ്പ്രിങ്, വിന്റര്‍ തുടങ്ങിയ കഥകള്‍ പ്രകൃതിയുടെയും മനുഷ്യന്റെയും ആന്തരിക വികാരങ്ങളും അതിന്റെ ബഹിര്‍സ്ഫുരണങ്ങളും ചര്‍ച്ചചെയ്യുന്നു. ആഖ്യാനത്തിന്റെ പതിവുശീലങ്ങളെ ചോദ്യംചെയ്യുന്നവയാണ് ഭൂമിയില്‍ ഒരിടത്ത്, കപ്പല്‍ച്ചേതം, ഗ്രീന്‍ റവല്യൂഷന്‍ എന്നീ കഥകള്‍. ചിതറിപ്പോയ ജീവിതങ്ങളും ഒരിക്കലും തിരിച്ചുവാരാനാകാത്തവിധം ആധുനികതയുടെ പടുകുഴിയില്‍ അകപ്പെട്ടുപോയവരും. ഉള്ളുനീറിക്കഴിയുന്നവരുടെ ഹൃദയത്തുടിപ്പുകളും അനീതിയുടെ പീഡിതാവസ്ഥയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ നിസ്സഹായതയും. കൊടുങ്കാറ്റിനുമുമ്പുള്ള നിശ്ശബ്ദത ഇതിലെ മിക്ക കഥകളിലും ദര്‍ശിക്കാം.
ഈ ഭൂമി മനുഷ്യനുമാത്രമുള്ളതല്ലെന്നും ഓരോ ജീവിക്കും ഇവിടെ മൌലികമായ അവകാശങ്ങളുണ്ടെന്നും മനുഷ്യന്റെ സ്വാര്‍ഥത അവ ഇല്ലാതാക്കരുതെന്നും കഥാകാരന്‍ ഓര്‍മപ്പെടുത്തുന്നു. മനുഷ്യനും ഉറുമ്പും പരുന്തും ആടും മനസ്സ് തുറന്ന് സംസാരിക്കുന്ന ഒരു സ്വതന്ത്രലോകത്തിലേക്കുള്ള യാത്രയാണ് 'സ്പ്രിങ് സമ്മര്‍ ഫാള്‍ വിന്റര്‍ ആന്‍ഡ് സ്പ്രിങ്'.
midhunrain@gmail.com
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..