21 November Thursday

ലോകത്തിന് വഴികാട്ടിയായ വോയ്സക്

സുവീരന്‍Updated: Sunday Oct 2, 2016

ഒരു നാടകം എഴുതിത്തീരുംമുമ്പേ രചയിതാവ് ജീവിതത്തിന്റെ അരങ്ങ് ആകസ്മികമായി വിട്ടൊഴിയുക. അപൂര്‍ണമായി അവശേഷിപ്പിക്കപ്പെട്ട കൃതിയെ ആദ്യമാരും ശ്രദ്ധിക്കാതെ പോവുക. പിന്നീട് ലോകമാകെ പലരും പലതരത്തില്‍ അത് പൂര്‍ത്തീകരിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുക. ഓപ്പറകളായും സിനിമകളായുമൊക്കെ വന്‍ പ്രചാരം നേടുക. മഹാദാര്‍ശനികനായ കള്‍ മാര്‍ക്സിനെപ്പോലും സ്വാധീനിക്കുക. അതിശയകരമായ ചരിത്രം, അല്ലേ? 1836ല്‍ ജര്‍മന്‍കാരനായ കാള്‍ ജോര്‍ജ് ബുഷ്നര്‍ രചിച്ച്, അദ്ദേഹത്തിന്റെ മരണശേഷം 1879ല്‍ മാത്രം പ്രസിദ്ധീകരിച്ച 'വോയ്സക്' എന്ന നാടകം ഇത്തരമൊരപൂര്‍വ ചരിത്രം അവകാശപ്പെടുന്നു.

ഇരുപത്തിമൂന്നു വയസ്സുവരെമാത്രമാണ് വോയ്സക്കിന്റെ സ്രഷ്ടാവ് ജീവിച്ചത്. 1813 ഒക്ടോബറില്‍ ജനിച്ചു. 1837 ഫെബ്രുവരിയില്‍ മരിച്ചു. ചുരുങ്ങിയ വര്‍ഷങ്ങളെ വലിയൊരു കാലമാക്കി മാറ്റുന്നതെങ്ങനെയെന്നതിന് ഉദാഹരണമാണ് ബുഷ്നറുടെ ജീവിതം. പതിനഞ്ചാം വയസ്സില്‍തന്നെ രാഷ്ട്രീയത്തില്‍ ഇടപെട്ടുതുടങ്ങി. പ്രത്യേകിച്ച് മനുഷ്യാവകാശപ്രശ്നങ്ങളില്‍. 18 വയസ്സില്‍ വൈദ്യശാസ്ത്രം പഠിക്കാനാരംഭിച്ചു. സ്ട്രാസ്ബര്‍ഗിലെ പഠനത്തിനിടെ ഫ്രഞ്ച് സഹിത്യത്തിലും രാഷ്ട്രീയചിന്തയിലും ആകൃഷ്ടനായി. ഇക്കാലത്തുതന്നെ സാഹിത്യരചനയിലും ഏര്‍പ്പെട്ടു. വിക്ടര്‍ ഹ്യൂഗോയുടെ നാടകങ്ങള്‍ വിവര്‍ത്തനംചെയ്തു. മുന്നൂറിലധികം കവിതകളെഴുതി. വിപ്ളവകാരിയായ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍മൂലം ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ഒളിവില്‍ പോകേണ്ടിവന്നു. അതിനിടയില്‍ ഉന്നതമായ വൈദ്യശാസ്ത്രബിരുദം കരസ്ഥമാക്കി. സൂറിച്ച് യൂണിവേഴ്സിറ്റിയില്‍ അനാട്ടമി പ്രൊഫസറായി നിയമിതനായി. മൂന്ന് സ്വതന്ത്രനാടകങ്ങള്‍ ബുഷ്നറിന്റേതായുണ്ട്. ഫ്രഞ്ചുവിപ്ളവത്തെ അടിസ്ഥാനമാക്കി ഡാന്റോസ് ഡെത്തും ലിയോണ്‍സ് ആന്‍ഡ്് ലെനയും, പിന്നെ വോയ്സക്കും.

സ്കൂള്‍ ഓഫ് ഡ്രാമയാണ് എന്നെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. വായന അപാരമായ ആനന്ദമാണെന്ന് ബോധ്യപ്പെടുത്തിത്തന്ന എം ടി വാസുദേവന്‍നായരായിരുന്നു അതുവരെ എനിക്ക് ഏറ്റവും വലിയ എഴുത്തുകാരന്‍. അദ്ദേഹത്തിനപ്പുറവും സാഹിത്യമുണ്ടെന്ന് ബോധ്യപ്പെടുത്തിത്തന്നു സ്കൂള്‍ ഓഫ് ഡ്രാമയിലെ ഗ്രന്ഥാലയം. അവധിക്കാലത്ത് നാട്ടില്‍ പോകാതെ ഹോസ്റ്റലില്‍ തങ്ങിയിരുന്നു, വായിക്കാന്‍വേണ്ടിമാത്രം. പുസ്തകങ്ങളുടെ അകംപുറം മറിച്ചുനോക്കി അവിടവിടെയായി വായിക്കുന്നതുപോലും വളരെ പ്രയോജനകരമായി. അങ്ങനെ ഏറെ നേരം പുസ്തകങ്ങള്‍ നോക്കിക്കണ്ടശേഷമാകും വായനയ്ക്കായി ഒരെണ്ണം തെരഞ്ഞെടുക്കുക.

യാദൃച്ഛികമായി കണ്ണില്‍പ്പെട്ടതാണ് വോയ്സക്. പുറംചട്ടയിലെ ചിത്രം മനസ്സിലുടക്കി. ബ്ളാക്ക് ആന്‍ഡ് വൈറ്റില്‍. നാടകത്തിന്റെ സ്റ്റില്‍. പിന്‍കവറില്‍ പൊടിമീശയുള്ള സുന്ദരനായ ഒരു ചെറിയ പയ്യന്റെ പടം. അതും അത്ഭുതമായി. അകത്തേക്ക് കടന്നപ്പോള്‍ വീണ്ടും അതിശയം. മൈക്കല്‍ പാറ്റേഴ്സന്റെയാണ് ആമുഖം. സ്കൂള്‍ ഓഫ് ഡ്രാമയില്‍ അദ്ദേഹം ക്ളാസുകള്‍ എടുത്തിട്ടുണ്ട്. പണ്ഡിതനായ അദ്ദേഹത്തിന്റെ ക്ളാസുകള്‍ കേള്‍ക്കാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. പാറ്റേഴ്സണ്‍ വിശദമായി വോയ്സക്കിനെ നമുക്ക് പരിചയപ്പെടുത്തി തരുന്നു.

ബുഷ്നറുടെ നാടകം പുറത്തുവരുംവരെ ജര്‍മനിയില്‍ പ്രഭുക്കള്‍ക്കും അഭിജാതന്മാര്‍ക്കും മാത്രമേ കഥകളുണ്ടായിരുന്നുള്ളൂ. തൊഴിലാളിവര്‍ഗത്തില്‍നിന്നുള്ള ഒരു സാധാരണക്കാരനെ ആദ്യമായി കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ലോകസാഹിത്യത്തിനുതന്നെ രാഷ്ട്രീയമായ ദിശാബോധം പകര്‍ന്ന് ബുഷ്നറും അദ്ദേഹത്തിന്റെ വോയ്സക്കും.

ലീപ്സിങ്ങില്‍ വോസക് എന്ന വ്യക്തി തന്റെ ഭാര്യയെ തലവെട്ടിക്കൊന്ന സംഭവമാണ് പ്രചോദനമായതെങ്കിലും അതിനുമപ്പുറം കടന്നുചെല്ലുന്നു നാടകം. വോസക്കിനു പകരം വോയ്സക് എന്ന മുഖ്യ കഥാപാത്രത്തിന് പേര് നല്‍കുന്നു. പേരുമാറ്റത്തില്‍തന്നെയുണ്ട് കാര്യം. പണമില്ലാത്തവന്‍, ദരിദ്രന്‍ എന്നൊക്കെയാണ് ആ വാക്കിന്റെ അര്‍ഥം. അയാള്‍ ഒരു സാധാരണ പട്ടാളക്കാരനാണ്. താഴേക്കിടയിലുള്ളവരെ നിര്‍ദാക്ഷിണ്യം ചൂഷണംചെയ്യുന്ന സമൂഹത്തിന്റെ പ്രതീകമാണ് സൈന്യം. വോയ്സക്കിനെ മരുന്നുഗവേഷണത്തിനായി ഗിനിപ്പന്നിയെപ്പോലെ ഉപയോഗിക്കുന്നു. അയാളുടെ ഭാര്യയെയാകട്ടെ ശാരീരിക തൃഷ്ണകള്‍ ശമിപ്പിക്കാനായി കൈവശപ്പെടുത്തുന്നു. വോയ്സക്കിന് ഭാര്യയെ കൊല്ലേണ്ടതായി വരികയാണ്. അക്കാലത്തെ വര്‍ഗപരമായ വേര്‍തിരിവുകളും അതിലൂടെ പാവപ്പെട്ടവന്റെ ജീവിതം തട്ടിപ്പറിക്കപ്പെടുന്നതും ബുഷ്നര്‍ ഇതില്‍ ആവിഷ്കരിക്കുന്നു.

സംഘര്‍ഷനിര്‍ഭരമാണ് നാടകം. വയലന്‍സിനെതന്നെ ഗുണപരമാക്കി മാറ്റാനാണ് നാടകകൃത്ത് ശ്രമിക്കുന്നത്. സമൂഹമാറ്റത്തിനായുള്ള കലാപങ്ങളില്‍ പലപ്പോഴും വയലന്‍സ് ഉണ്ടാകും. അതുപോലെയാണ് വോയ്സക്കിലെ വയലന്‍സും. നാടകഘടനയും രൂപവും തികച്ചും ആധുനികം. എക്സ്പ്രഷനിസത്തിന്റെയും സര്‍റിയലിസത്തിന്റെയും ഘടകങ്ങള്‍ നാടകത്തിലുണ്ട്.

നാടകപഠനത്തിന്റെ ഭാഗമായി വോയ്സക് സംവിധാനം ചെയ്ത് അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചപ്പോള്‍ അധ്യാപകര്‍, വയലാ വാസുദേവന്‍പിള്ള സാറടക്കം ആദ്യം യോജിച്ചില്ല. തുടക്കക്കാരന്റെ കൈയിലൊതുങ്ങാത്ത സങ്കീര്‍ണതയെക്കുറിച്ചായിരുന്നു അവരുടെ ഭയം. എന്റെ അപകടകരമായ ആത്മവിശ്വാസം അവരുടെ നിലപാട് മാറാന്‍ കാരണമായി. ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അധ്യാപകര്‍ പിന്തുണ നല്‍കി. അങ്ങനെ വോയ്സക് ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കാന്‍ സാധിച്ചതും ഇപ്പോള്‍ ഓര്‍ത്തുപോകുന്നു.

പ്രധാന വാർത്തകൾ
 Top