07 July Tuesday

ഗുഹയുടെ അഗാധത

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2016

കാപ്രിയാനോ അല്‍ഗോര്‍ തീര്‍ത്തും സാധാരണക്കാരനായ ഒരു മണ്‍പാത്ര നിര്‍മാണത്തൊഴിലാളിയാണ്. കരകൌശലകലാകാരന്‍ എന്ന് പറയുന്നതാവും കൂടുതല്‍ ശരി. മണ്ണുകൊണ്ട് മനോഹരരൂപങ്ങള്‍ പടുക്കുന്നയാള്‍. രാജ്യത്തെ വാണിജ്യകേന്ദ്രമാണ് ഇത്തരം തൊഴിലാളികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി വിപണനം നടത്തുന്നത്. അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ചെറുതും വലുതുമായ രൂപങ്ങള്‍ നിര്‍മിച്ച് നല്‍കും. അങ്ങനെ ലഭിച്ച നല്ലൊരു ഓഡര്‍ നിറവേറ്റാനുള്ള ശ്രമത്തിലായിരുന്നു കാപ്രിയാനോയും മകള്‍ മാര്‍ത്തയും. അപ്പോള്‍ അശനിപാതംപോലെ, അവരുടെ എല്ലാ പരിശ്രമങ്ങളെയും വൃഥാവിലാക്കിക്കൊണ്ട് ആ വാര്‍ത്ത എത്തുന്നു. കാപ്രിയാനോക്ക് ലഭിച്ച ഓഡര്‍ വാണിജ്യകേന്ദ്രം റദ്ദാക്കിയിരിക്കുന്നു. കാരണമൊന്നുമില്ല. അതോടെ ആ കുടുംബത്തിന്റെ മുന്നോട്ടുള്ള വഴി ഇരുളടഞ്ഞതായി. നോബേല്‍ സമ്മാനജേതാവായ പോര്‍ച്ചുഗീസ് എഴുത്തുകാരന്‍ ഷൂസെ സരമാഗോയുടെ ഗുഹ (ഠവല ഇമ്ല) പറയുന്നത് ഈ കഥയാണ്.

വാണിജ്യവല്‍ക്കരണത്തിന്റെ നിര്‍ദയതന്ത്രങ്ങള്‍ പയറ്റുന്ന ഭരണകൂടം പരമ്പരാഗത തൊഴിലാളികളുടെയും കരകൌശല വിദഗ്ധരുടെയുമൊക്കെ ജീവിതത്തെ ചവിട്ടിയരയ്ക്കുന്നത് എങ്ങനെയെന്നാണ് സരമാഗോ ഇവിടെ പറയാന്‍ ശ്രമിക്കുന്നത്. അധികാരസ്ഥാപനങ്ങള്‍ സ്വാധീനമില്ലാത്ത സാധാരണക്കാരനെ എന്നും വിലകുറച്ചുകാണുന്നു. അവന്റെ ജീവിതത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. വികസനത്തിന്റെ ചക്രങ്ങള്‍ ഉരുളുമ്പോള്‍ അതിനടിയില്‍ പെട്ടുപോകാനാണ് അവന്റെ വിധി. കമ്പോളവല്‍ക്കരണത്തിന്റെ കടുത്തകാലത്ത് ഏതൊരു മൂന്നാംലോകരാജ്യത്തും എത്രയോ കാപ്രിയാനോമാര്‍ ഉണ്ടായിരിക്കുന്നു, ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സമകാലീന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നമുക്കിത് എളുപ്പം മനസ്സിലാകും.

നമ്മെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒട്ടനവധി രംഗങ്ങള്‍ 'ഗുഹ'യിലുണ്ട്. ഒറ്റയടിക്ക് തന്റെ അധ്വാനം നിരസിക്കപ്പെടുമ്പോള്‍ അധികാരികളോട് തന്റെ ഭാഗം പറയാന്‍ നടത്തുന്ന ശ്രമങ്ങള്‍ കമ്പോളാധിഷ്ഠിത വ്യവസ്ഥയെക്കുറിച്ച് ഗൌരവപൂര്‍വമായ ചിന്തകളിലേക്ക് മനസ്സിനെ നയിക്കും.

മനുഷ്യബന്ധങ്ങളുടെ സൂക്ഷ്മമായ കെട്ടുപിണച്ചിലുകള്‍ ഈ നോവലിലുണ്ട്. കാപ്രിയാനോയും മകളും തമ്മിലുള്ള ബന്ധം അത്തരത്തിലുള്ളതാണ്. അയാളുടെ ജോലികളില്‍ അവള്‍ സഹായിയാകുന്നു. കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന സന്ദര്‍ഭങ്ങള്‍ അവര്‍ പരസ്പരം കൂടുതല്‍ മനസ്സിലാക്കാന്‍ കാരണമായി. അറുപതുവയസ്സുകഴിഞ്ഞ കാപ്രിയാനോക്ക് ഇസൌറ എന്നൊരു സ്ത്രീയുമായുള്ള പ്രണയതുല്യമായ അടുപ്പത്തെപ്പോലും മകള്‍ പിന്തുണയ്ക്കുന്നുണ്ട്.

സരമാഗോ മുമ്പുതന്നെ എനിക്ക് പ്രിയപ്പെട്ട എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ 'അന്ധത' ലോകം മുഴുവന്‍ വായിക്കപ്പെട്ടിട്ടുണ്ട്. അന്ധതയിലെന്നപോലെ ഗുഹയിലും ഭാഷയുടെ കാവ്യാത്മകത അത്യാകര്‍ഷകം. കേവലം കഥപറച്ചിലുകാരനല്ല സരമാഗോ. തന്റെ ചുറ്റും കാണുന്ന മനുഷ്യരുടെ ഭൌതികവും വൈകാരികവുമായ പ്രശ്നങ്ങളിലൂടെ വായനക്കാരെ കൂട്ടിക്കൊണ്ടുപോവുകയാണ് അദ്ദേഹം.

സിനിമയിലെത്തുംമുമ്പ് തുടര്‍ച്ചയായി വായിച്ചുകൊണ്ടിരുന്നു. നാട്ടിലെ നാല് ലൈബ്രറികളില്‍ അംഗത്വം. മാസം പത്ത് പുസ്തകമെങ്കിലും തീര്‍ക്കും. സമയച്ചുരുക്കംമൂലം അതിപ്പോള്‍ പകുതിയായി. യാത്രകളാണ് ആശ്വാസം. ജോലിസ്ഥലമായ കാസര്‍കോട്ടേക്കുള്ള ദീര്‍ഘമായ തീവണ്ടിയാത്രയും ഇടയ്ക്കൊക്കെ വേണ്ടിവരുന്ന വിമാനയാത്രകളും പുസ്തകങ്ങളോട് ചങ്ങാത്തം കൂടാനുള്ള അവസരമാക്കിത്തീര്‍ക്കും.

ഒട്ടുമിക്ക ക്ളാസിക് കൃതികളും തെരഞ്ഞുപിടിച്ച് വായിച്ചിട്ടുണ്ടെങ്കിലും എക്കാലത്തെയും പ്രിയപ്പെട്ടവ ഗാര്‍സ്യ മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറുവര്‍ഷങ്ങളും നമ്മുടെ സ്വന്തം ഖസാക്കിന്റെ ഇതിഹാസവും. അതെന്തുകൊണ്ടെന്ന് ചോദിക്കരുത്. വെറുക്കാന്‍ ഒരു കാരണം വേണം. പ്രണയത്തിലാകാന്‍ അത് വേണ്ടല്ലോ.

ഷെര്‍ലക് ഹോംസ് കഥകളും അഗതാക്രിസ്റ്റിയുടെ കൃതികളും വായിക്കാന്‍ ഇഷ്ടമാണ്. ഇവയുടെ സമ്പൂര്‍ണ സമാഹാരം സ്വന്തമായുണ്ട്. ഏറെ പറയേണ്ടതില്ല ഈ കൃതികളെപ്പറ്റി. വായനക്കാരെ ഉല്‍ക്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തി കഥയില്‍നിന്ന് ഒരു നിമിഷംപോലും അവര്‍ അകന്നുപോകാതെ സൂക്ഷിക്കുക മാത്രമല്ല കോനന്‍ ഡോയലിനെപ്പോലുള്ള എഴുത്തുകാര്‍. ബുദ്ധിയുടെയും സൂക്ഷ്മനിരീക്ഷണത്തിന്റെയും സാധ്യതകളെ കണ്ടെത്താന്‍ പ്രേരിപ്പിക്കുകകൂടിയാണ്.

പ്രധാന വാർത്തകൾ
 Top