21 February Friday

സ്വാമി വിവേകാനന്ദനും ഉത്തിഷ്ഠത ജാഗ്രതയും

അനിൽ പനച്ചൂരാൻUpdated: Sunday Feb 28, 2016

സ്വാമി വിവേകാനന്ദന്റെ ഏതാനും  പ്രഭാഷണങ്ങളുടെ സംഗ്രഹമാണ്  'ഉത്തിഷ്ഠത ജാഗ്രത'. സമഗ്രമായ  പുസ്തകമൊന്നുമല്ലെങ്കിലും വ്യാസനിലേക്ക് മാത്രമല്ല,
മാര്‍ക്സിലേക്കും എന്നെ നയിക്കാന്‍ പര്യാപ്തമായിരുന്ന ആശയങ്ങളുടെ ഖനി

കാലം കടുത്തതാണ്. നമ്മുടെ പൂര്‍വികരുടെ രണ്ടുതലമുറ കലഹിച്ചും കലാപം നടത്തിയും അകറ്റിനിര്‍ത്തിയ ജാതിമതചിന്തകള്‍ മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടക്കുന്നു. മതനിരപേക്ഷ മനസ്സുള്ള ആരെയും ഇത് അസ്വസ്ഥതപ്പെടുത്തും.

മതത്തിനുവേണ്ടി വാദിക്കുന്നവര്‍തന്നെ അതിന്റെ സത്ത ഉള്‍ക്കൊള്ളുന്നവരുമല്ല. നന്മകളെല്ലാം ചോര്‍ത്തിക്കളയപ്പെട്ട മതമാണ് ഇക്കൂട്ടര്‍ക്കാവശ്യം. എന്റെ ജീവിതത്തിലൊരിക്കലും ഒരു മതത്തിന്റെയും വിശുദ്ധഗ്രന്ഥം ആവശ്യം വന്നിട്ടില്ല. കാരണം എന്റെ ചിന്തകളെ വഴിനടത്താന്‍ ഒരു മഹാപ്രകാശമുണ്ടായിരുന്നു– സ്വാമി വിവേകാനന്ദന്‍. പ്രധാന മതഗ്രന്ഥങ്ങളിലൂടെയെല്ലാം കടന്നുപോയിട്ടുണ്ടെങ്കിലും വിവേകാനന്ദന്‍ തുറപ്പിച്ച കണ്ണില്‍ അവയ്ക്ക് അമിതപ്രാധാന്യം ഉണ്ടായില്ല.

ബാല്യത്തില്‍ത്തന്നെ മനസ്സില്‍ ഇരിപ്പുറപ്പിച്ച മഹാനാണദ്ദേഹം. ആദ്യമായി കേട്ടറിഞ്ഞ ദര്‍ശനവും വായിച്ചറിഞ്ഞ ചിന്തകളും അദ്ദേഹത്തിന്റേത്. ബോംബെയിലെ താമസമാണതിന് നിമിത്തമായത്. എന്റെ കുട്ടിക്കാലത്തിന്റെ ആദ്യപകുതി ബോംബെയിലായിരുന്നു. ബേലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിലെ സന്യാസിമാരില്‍ അച്ഛന്റെ ആത്മമിത്രങ്ങളായിരുന്ന ചിലരുണ്ടായിരുന്നത് വിവേകാനന്ദചിന്തകളുമായി പരിചയത്തിലാകുന്നതിന് തുണയായി. അവരില്‍നിന്ന് എനിക്കൊരു പുസ്തകം കിട്ടി. 'ഉത്തിഷ്ഠത ജാഗ്രത'. കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള ഒരു കുഞ്ഞുപുസ്തകം. പില്‍ക്കാലജീവിതത്തില്‍ ഇത്രയേറെ സ്വാധീനം ചെലുത്താന്‍ അതിന് സാധിക്കുമെന്ന് അന്ന് കരുതിയിരുന്നില്ല. അങ്ങനെയൊക്കെ ചിന്തിക്കാനുള്ള പ്രായവും ആയിട്ടില്ലായിരുന്നല്ലോ.

ഏതാനും പ്രഭാഷണങ്ങളുടെ സംഗ്രഹമാണ് ഉത്തിഷ്ഠത ജാഗ്രത. സമഗ്രമായ പുസ്തകമൊന്നുമല്ലെങ്കിലും വ്യാസനിലേക്ക് മാത്രമല്ല, മാര്‍ക്സിലേക്കും എന്നെ നയിക്കാന്‍ പര്യാപ്തമായിരുന്ന ആശയങ്ങളുടെ ഖനി. ഭൌതികതയും ആത്മീയതയും പരസ്പരപൂരകമായി വര്‍ത്തിക്കേണ്ടതാണെന്ന് ആദ്യം തിരിച്ചറിഞ്ഞത് ആ പുസ്തകത്തിലൂടെയാണ്. അവിടെനിന്ന് സമത്വദര്‍ശനത്തിലേക്ക് ഞാന്‍ പോയിട്ടുണ്ടെങ്കില്‍ അതിനുകാരണം വിവേകാനന്ദന്‍ നല്‍കുന്ന സ്വാതന്ത്യ്രമാണ്. തന്റെ ആശയങ്ങളുമായി ചേര്‍ന്നുനില്‍ക്കാന്‍ മാത്രമല്ല, അതില്‍നിന്ന് മുന്നോട്ടുനടക്കാനുമുള്ള സ്വാതന്ത്യ്രം.ഉത്തിഷ്ഠത ജാഗ്രത എന്റെ ചിന്തകള്‍ക്ക് ചിറകുകള്‍ നല്‍കി.

നാട്ടില്‍ തിരിച്ചെത്തി ഇവിടെ സ്കൂള്‍വിദ്യാഭ്യാസം ആരംഭിച്ചപ്പോള്‍ വായനയുടെ ലോകം കൂടുതല്‍ വിശാലമായി. ബന്ധുകൂടിയായ വിപ്ളവനായകന്‍ പുതുപ്പള്ളി രാഘവന്റെ ഉഗ്രന്‍ പുസ്തകശേഖരം എനിക്കായി തുറന്നുകിട്ടി. കെപിഎസിയിലെ കേശവന്‍പോറ്റി സാര്‍ എന്തൊക്കെ വായിക്കണമെന്നും എങ്ങനെ വായിക്കണമെന്നും വഴികാട്ടിയായി. സംസ്കൃതപണ്ഡിതനായിരുന്നു അദ്ദേഹം. മാക്സിംഗോര്‍ക്കിയുടെ 'അമ്മ' വായിക്കുന്നത് ഇക്കാലത്താണ്. വിവേകാനന്ദന്‍ കഴിഞ്ഞാല്‍ എന്നെ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരനാണ് ഗോര്‍ക്കി.  വിപ്ളവത്തിന്റെ മുഖമാണ് അമ്മ. അമ്മമാരുടെ ത്യാഗംകൂടിയുണ്ടല്ലോ ഏത് വിപ്ളവത്തിലും. അമ്മമാര്‍ പറയും എന്റെ മക്കള്‍ ശരിക്കുവേണ്ടി പോരാടുന്നുവെന്ന്. കെപിഎസിയുടെ ആദ്യനാടകത്തിന്റെ പേര് 'എന്റെ മകനാണ് ശരി' എന്നാണ്. പഴയതലമുറ പറയുന്നു എന്റെ മകന്‍ ശരിയാണ്, പുതിയ തലമുറ ശരിയാണ്, അവന്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം പ്രസക്തമാണ്, ജാതിഭേദമില്ലാത്ത ജീവിതശൈലി തങ്ങള്‍ക്കും സ്വീകാര്യമാണ്, അവന്റെ കൈയിലെ ചെങ്കൊടി പിടിക്കാന്‍ തങ്ങളും തയ്യാറാണ് എന്നൊക്കെ. 

പ്രധാന വാർത്തകൾ
 Top