17 October Thursday

നിരാശ എന്ന രാഷ്ട്രീയാവിഷ്കാരം

ഡോ. അനില്‍ ചേലേബ്രUpdated: Sunday Feb 21, 2016

മനുഷ്യരുടെ ഏറ്റവും വലിയ സിദ്ധികളിലൊന്നാണ് നിരാശപ്പെടാനുള്ള കഴിവ്. സ്വാതന്ത്യ്രം എന്നാല്‍ തോന്നിയതെല്ലാം ചെയ്യാനുള്ള ലൈസന്‍സല്ല. അത് മനുഷ്യാസ്തിത്വവുമായി ബന്ധപ്പെട്ടതാണ്. ജീവിക്കുന്ന സന്ദര്‍ഭം ഭാവനയ്ക്ക് അനുസൃതമല്ലാതിരിക്കുമ്പോഴാണ് ഒരാള്‍ക്ക് പാരതന്ത്യ്രം അനുഭവപ്പെടുന്നത്. അസ്തിത്വവും ബോധവും തമ്മിലുള്ള പൊരുത്തക്കുറവിന്റെ പ്രഥമാവിഷ്കാരമാണ് നിരാശ. അതുകൊണ്ട് നിരാശ മൌലികമായിത്തന്നെ ഒരു രാഷ്ട്രീയാനുഭൂതിയാണ്. ഒ പി സുരേഷിന്റെ കവിതയില്‍ സ്വന്തം അസ്തിത്വത്തിനു നേരെ പല്ലിറുമ്മുന്ന നിഷേധിയുണ്ട്. അശുഭബോധത്തിന്റെ നിഴല്‍വീണുകിടക്കുന്ന ധിഷണയും. എല്ലാ പ്രവൃത്തിയും വിപരീതഫലത്തില്‍ കലാശിക്കുന്ന കാലത്ത് വെറുതെയിരിക്കുകയാണ് നല്ലത്. എല്ലാ പ്രസ്താവനകളും പരസ്പരം റദ്ദുചെയ്യുമ്പോള്‍ സത്യാസത്യങ്ങള്‍ കുഴമറിയുന്നു. അങ്ങനെവരുമ്പോള്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നു വരും. വാക്കും കര്‍മവും ചിന്തയും അസാധ്യമാകുന്ന ഒരു കാലത്ത് അതിശക്തമായ ഒരു രാഷ്ട്രീയാവിഷ്കാരമാണ് നിരാശ എന്നു പറയാം.


ഒരുകാലത്ത് നമ്മെ ആവേശഭരിതരാക്കിയിരുന്ന വാക്കുകള്‍ പൊള്ളയായ തൊണ്ടുകള്‍പോലെ കുമിയുന്നു. അങ്ങനെ പാഴ്വാക്കായിത്തീര്‍ന്ന ഭാവനയുടെ പേരാണ് നാരായണഗുരു എന്ന് സുരേഷ് ഓര്‍മിപ്പിക്കുന്നു. ഈ പരിഹാസം ആത്മനിന്ദയായി നിറയുന്നു. അതിനാല്‍ വെറുതെയിരിക്കുക എന്നതിന്റെ ഒരു സാര്‍ത്രിയന്‍ സൂചന ആത്മഹത്യ എന്നുതന്നെ. നമ്മുടെ അസ്തിത്വം ആത്യന്തികമായി നമ്മുടെ ഒരു തെരഞ്ഞെടുപ്പാണ്. കാരണം, ഓരോരുത്തരുടെയും ഭാവനയാണ് സ്വന്തം അസ്തിത്വത്തെ മനസ്സിലാക്കുന്നതിന്റെ ആധാരം. ഭാവനയ്ക്കകത്താണ് നാം സ്വാതന്ത്യ്രവും അസ്വാതന്ത്യ്രവും അനുഭവിക്കുന്നത്. പലതും ചെയ്യാനുണ്ടായിട്ടും ഒന്നും ചെയ്യാന്‍കഴിയാത്തതിന്റെ മടുപ്പില്‍നിന്നാണ് വെറുതെയിരിക്കാന്‍ കവി നമ്മോട് പറയുന്നത്.
ഒരു കവിയുടെ സിദ്ധി തീര്‍ത്തും തെളിയുക അയാള്‍ ഭാഷയുടെ കെട്ടുപാടുകളെ അഴിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍ താന്‍ പരാജയപ്പെടുന്നു എന്ന് തിരിച്ചറിയുന്ന വേളയിലാണ്. സുരേഷ് ഈ തിരിച്ചറിവില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അയാള്‍ക്ക് ഭാഷയില്‍ വിക്ക് അനുഭവപ്പെടുന്നുണ്ട്. ശബ്ദത്തിനും അര്‍ഥത്തിനുമിടയിലെ അന്തമറ്റ ആഴങ്ങള്‍ അയാളെ ശ്വാസംമുട്ടിക്കുന്നു.
നിനക്കുമാത്രമറിയുന്ന
ഭാഷയുടെ ഉദ്യാനമാണ് ഞാന്‍
നീ തുറക്കുമ്പോള്‍മാത്രം
അര്‍ഥം തെളിയുന്ന പുസ്തകം.
ഭാഷയുടെ ഈ ഗൂഢവിനിമയം കവിയുടെ സ്വപ്നമാണ്. ഒരു കൈനോട്ടക്കാരന്‍ രേഖകളുടെ മഹാവിപിനത്തില്‍ അര്‍ഥമന്വേഷിച്ച് നടക്കുന്നതുപോലെ ശബ്ദങ്ങളുടെ കാനനഭംഗികളില്‍ സ്വയം നഷ്ടപ്പെട്ട് അലയാന്‍ അയാള്‍ക്ക് ആഗ്രഹമുണ്ട്. ഉറവപൊട്ടിയ വരികള്‍ എഴുതാനാകാത്തതിന്റെ പ്രയാസത്തിലാണ് യഥാര്‍ഥ കവിതയുള്ളത്. ആ അനുഭവമാണ് കവി കാംക്ഷിക്കുന്നത്. പക്ഷേ, അത് സാധ്യമെന്ന് അയാള്‍ കരുതുന്നില്ല. അതുകൊണ്ടാണ് മറ്റൊരു കവിതയില്‍
സത്യം പറയേണ്ട, പറയുന്നതെങ്ങനെ
ചുറ്റുമസത്യത്തില്‍ വാര്‍പ്പുകള്‍ വാക്കുകള്‍,
എന്ന് നിരാശപ്പെടുന്നത്. വാക്കുതന്നെയാണ് ഈ കവിക്ക് പ്രശ്നം. സുരേഷിനെ നാം കവിയെന്നു വിളിക്കുന്നതും അതുകൊണ്ടുതന്നെ. എല്ലാം എല്ലാറ്റിനോടും ചേരുംപടി ചേരുന്ന നിര്‍ഗുണ സമരകാലത്ത് വാക്കുകള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ അര്‍ഥം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല. ചേരുംപടി ചേരല്‍ എന്നത് മെറ്റോണമിക്കല്‍ ബന്ധംതന്നെയാണ്. ഒന്നിനു സമാനമായ മറ്റൊന്ന്– ഒന്നിനു പകരം നില്‍ക്കാവുന്ന ഒന്ന്– അങ്ങനെയൊരു വാക്ക് എത്ര തെരഞ്ഞിട്ടും തനിക്കുചുറ്റുമുള്ള വ്യവഹാരങ്ങളില്‍ ഒരിടത്തും കവിക്ക് കാണാന്‍ കഴിയുന്നില്ല. അവിടെ ഒരു വാക്കും തന്നിലേക്ക് നോക്കുന്നില്ല. അടുത്തുവരുന്ന അപരപദത്തിലേക്കാണ് അവ നീളുന്നത്. തന്റെതന്നെ ആഴങ്ങളെ അളക്കുന്ന വാക്കുകള്‍– ഭാഷയിലെ മെറ്റഫോറിക് ബന്ധങ്ങള്‍– തീര്‍ത്തും നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പും കൂട്ടിച്ചേര്‍ക്കലുമാണ് കവിത. തെരഞ്ഞെടുക്കണമെങ്കില്‍ ഒന്നിനു സമാനമായ മറ്റൊരു പദം വേണമല്ലോ. അങ്ങനെയൊരു സാധ്യത ഭാഷയില്‍– വ്യവഹാരങ്ങളില്‍– ഇല്ലാതായിരിക്കുന്നു. കവിത കെട്ടാനറിയുന്ന ഒരാള്‍ക്കുമുന്നില്‍ ഭാഷ ആ സാധ്യത അടച്ചുകളഞ്ഞിരിക്കുന്നു. അപ്പോള്‍ അയാള്‍ വെറുതെയിരിക്കുകയല്ലാതെ എന്തുചെയ്യും? അതുകൊണ്ടായിരിക്കണം ഈ കാവ്യസമാഹാരം ഒരു കവിയുടെ ഏറ്റവും ഉദാത്തമായ വിലാപത്തില്‍ അവസാനിക്കുന്നത്. അതിങ്ങനെ:
ഉള്ളില്‍ പതുങ്ങിയ അര്‍ഥങ്ങളില്‍നിന്ന്
അഴകും ആകാരവും നേടി
ഭാഷയുടെ ആകാശത്തിലേക്ക്
സധൈര്യം വളരുന്ന വാക്കുകളെവിടെ?
വാക്കേ വാക്കേ കൂടെവിടെ എന്ന് ഒരിക്കല്‍ ഒരു കവി ചോദിച്ചപ്പോഴാണ്, ഇതാ ആധുനികത വന്നിരിക്കുന്നുവെന്ന് നാം പറഞ്ഞത്. അത് വളരെക്കാലംമുമ്പ്. ഇന്ന് അദ്ദേഹത്തിന്റെ പിന്മുറക്കാരനായ കവി വാക്കിന്റെ കൂടെവിടെ എന്നല്ല ചോദിക്കുന്നത്. അതിന്റെ ചിറകെവിടെ എന്നാണ്? ആരാണ് വാക്കുകളുടെ ചിറകരിഞ്ഞുകളഞ്ഞത്? ഭാഷയുടെ ആകാശത്തില്‍ അന്തമില്ലാതെ പറന്ന വാക്കുകളുടെ കാലം കഴിഞ്ഞോ? മണ്ണില്‍ നുരക്കുന്ന പുഴുക്കളായിപ്പോയ വാക്കുകളുടെ കാലത്ത് കവിത സാധ്യമല്ലല്ലോ? ഭാഷയില്‍നിന്ന് കുടിയിറക്കപ്പെട്ടവര്‍ക്ക് സ്വാതന്ത്യ്രത്തെക്കുറിച്ച് ഭാവനചെയ്യാന്‍ കഴിയാതെ വരുന്നു.
വാക്കുകളുടെ ശവങ്ങള്‍ നിറഞ്ഞ്
ഭാഷ, ശ്മശാനമായി എരിഞ്ഞു
അടിമത്തത്തിന്റെ നിബിഡാന്ധകാരത്തിലാണ് ഒരുജനത മുഴുവനുമെന്ന് ഓര്‍മിപ്പിക്കുകയാണ് സുരേഷ്.

പ്രധാന വാർത്തകൾ
 Top