12 August Wednesday

വചനകവിത ഭക്തിക്കുമപ്പുറം

ഡോ. ദേശമംഗലം രാമകൃഷ്ണന്‍Updated: Sunday Sep 11, 2016

ഭാവനയും അനുഭവവും സങ്കല്‍പ്പവും സാന്ദ്രീകരിക്കപ്പെട്ട ലഘുകവിതാരൂപമാണ് വചനകവിതകള്‍. കന്നടയിലും തെലുഗുവിലും അത് ശക്തമായ ധാരയായി വളര്‍ന്നു. സമ്പന്നമായ കന്നടസാഹിത്യത്തില്‍ പതിനൊന്നാം നൂറ്റാണ്ടിലാരംഭിച്ച് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ കാവ്യവസന്തമായി പരിലസിച്ച വചനകവിതകള്‍ വിവരണാത്മകങ്ങളല്ല. സംസ്കൃതത്തിലെ മുക്തകങ്ങള്‍പോലെ ചെറുത്. എന്നാല്‍, ജപ്പാനിലെ ഹൈക്കുവിനുള്ളതുപോലെ രൂപ ഭാവനിയമങ്ങള്‍ക്ക് വിധേയമല്ലതാനും.  ഋതുസൂചകവും അക്ഷരനിയന്ത്രിതവുമായ ഹൈക്കു ഒരുനിമിഷത്തെ കാഴ്ചയുടെയും സ്പര്‍ശത്തിന്റെയും കേള്‍വിയുടെയും അനുഭവം പകരുന്നു. വചനകവിത ഗദ്യത്തിലാണ്. അതിനാല്‍, ഏറ്റവും സാധാരണക്കാരായ മനുഷ്യര്‍പോലും അത് ആസ്വദിച്ചു.

ഭക്തിപ്രസ്ഥാനത്തിന്റെ കൈവഴിയായിവേണം വചനകവിതയെ കാണാന്‍. ഭക്തിപ്രസ്ഥാനമെന്നാല്‍ ശരണംവിളികളും അലമുറപോലെയുള്ള പ്രാര്‍ഥനകളുമല്ല. മനുഷ്യര്‍തമ്മിലുള്ള ഏകതയെയും ഐക്യത്തെയും ഭക്തിയുടെ ഉദാത്തഭാവത്തില്‍ ഏകോപിപ്പിച്ച് ഉച്ചനീചത്വങ്ങള്‍ക്ക് അര്‍ഥമില്ലെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നു വചനകവിതകള്‍.

വചനകവിതകളുമായി ഞാനാദ്യം പരിചയത്തിലാകുന്നത് അവയുടെ ഇംഗ്ളീഷ് പരിഭാഷയിലൂടെയാണ്. ഡോ. കെ അയ്യപ്പപ്പണിക്കര്‍ വചനകവിതകള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്ത് നൂറ്റൊന്നു വചനങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചത് കന്നടസാഹിത്യത്തിലെ ഈ മഹാപ്രസ്ഥാനത്തെ നമുക്ക് പരിചയപ്പെടാന്‍ സഹായകമായി.

ആത്മസംബന്ധിയായ സംഘര്‍ഷങ്ങളും അജ്ഞേയമായ ഒന്നിനെ സാക്ഷാല്‍ക്കരിക്കാനുള്ള വിഹ്വലതയും നിറഞ്ഞ ഈ കാവ്യശാഖയില്‍ പ്രമുഖരായ എല്ലാ കവികളെയും അയ്യപ്പപ്പണിക്കര്‍ പരിചയപ്പെടുത്തുന്നു. അക്ക മഹാദേവി, അല്ലമപ്രഭു, ബസവണ്ണ, അംബികര കൌഡയ്യ, ഹഡപദ അപ്പണ്ണ, മടിവാള മാച്ചയ്യ, മുക്തായക്ക, ഷണ്‍മുഖസ്വാമി, ബേഡര ദാസിനയ്യ തുടങ്ങിയ കവികളില്‍ ചിലരുടെ പേരുകളെങ്കിലും നാം കേട്ടിട്ടുണ്ടാകും. പ്രത്യേകിച്ച് ബസവണ്ണയും അക്കമഹാദേവിയും. ഇവരെല്ലാം സാധാരണക്കാരായ മനുഷ്യരായിരുന്നു. ശരീരംകൊണ്ട് അധ്വാനിച്ച് ജീവിച്ചവര്‍.  ചെരുപ്പുകുത്തി, തോണിക്കാരന്‍, അലക്കുകാരന്റെ മകന്‍ എന്നിങ്ങനെ. ഉന്നതസ്ഥാനത്തു വന്ന ചിലരാകട്ടെ അത്തരം സുഖസൌകര്യങ്ങളെല്ലാം വിട്ടെറിയുകയും ചെയ്തു.

അക്ക മഹാദേവി വിവാഹംകഴിച്ചത് ഒരു നാടുവാഴിയെ. എന്നാല്‍, അധികം വൈകാതെ സുഖസമൃദ്ധമായ ആ ജീവിതം വിട്ടെറിഞ്ഞ് അവര്‍ വനവാസത്തിനുപോയി. അക്കാലത്തെ ഉള്‍വിളികളും ദര്‍ശനങ്ങളും കവിതയായി പുറത്തുവന്നു. അക്കയുടെ കവിത സര്‍ഗാത്മകമായി പ്രഖ്യാപിച്ച സ്വാതന്ത്യ്രമായിരുന്നു. അതിനവര്‍ കണ്ടെത്തിയ മാര്‍ഗം ശിവനോടുള്ള ഭക്തിയാണ്. ശിവനെ ചെന്നമല്ലികാര്‍ജുന എന്ന് അക്ക വിളിച്ചു. കവിതകളെല്ലാം ചെന്നമല്ലികാര്‍ജുനയ്ക്കുള്ള അര്‍ച്ചനകളായി.

അക്കയുടെ ഒരു കവിത ഇങ്ങനെ:
സ്വന്തം പശകൊണ്ട്
പട്ടുനൂല്‍പ്പുഴു വീടുനെയ്യുന്നു.
സ്വന്തം നൂല്‍ ഉടലില്‍ ചുറ്റിക്കൊണ്ട്
ചാവുകയും ചെയ്യുന്നു.
മനസ്സിലെ മോഹങ്ങള്‍കൊണ്ട്
ഞാന്‍ വേവുകയാണ്.
അയ്യാ. എന്റെ മനസ്സിന്റെ ദുഷിപ്പുകള്‍
ഒഴിവാക്കിത്തരൂ.
നിന്നിലേക്കെത്താനുള്ള വഴികാട്ടിത്തരൂ
ചെന്നമല്ലികാര്‍ജുനാ.

ബസവണ്ണയ്ക്ക് ആമുഖം ആവശ്യമില്ല. വീരശൈവ വിഭാഗത്തിലെ സാമൂഹ്യപരിഷ്കര്‍ത്താവും കവിയുമെന്ന നിലയില്‍ പ്രശസ്തനാണല്ലോ അദ്ദേഹം. വീടുപേക്ഷിച്ച് സമൂഹത്തിലെ ഉന്നതസ്ഥാനങ്ങള്‍ ത്യജിച്ച് നദികളുടെ സംഗമസ്ഥാനത്ത് ചെന്നിരുന്ന് ധ്യാനിച്ചു. തുടര്‍ന്നുള്ള വെളിപാടുകള്‍ കവിതയായി.

അല്ലമപ്രഭു ജ്ഞാനയോഗിയായി കുടുംബജീവിതമുപേക്ഷിച്ച് ദീര്‍ഘസഞ്ചാരങ്ങള്‍ നടത്തി. ബുദ്ധിയും ജ്ഞാനവുമാണ് മനുഷ്യന് ആവശ്യം, ജാതിയല്ലെന്ന് പ്രഖ്യാപിച്ച കവിയായിരുന്നു അല്ലമപ്രഭു.

ഇതിഹാസതുല്യമായ ദീര്‍ഘകാവ്യങ്ങളിലൂടെ രൂപപ്പെട്ട ഭക്തിപ്രസ്ഥാനം ഒരു വഴിക്ക്. കബീറിന്റെ ദോഹകളുടേതായ മറ്റൊരു വഴി. വചനങ്ങളുടെ വേറിട്ട വഴി. ഇങ്ങനെ പല വഴികള്‍ ചേര്‍ന്ന ഈ പ്രസ്ഥാനത്തിലെ പുരോഗമനാത്മകമായ ഭക്തിയാണ് വചന കവിതകളില്‍ നാം കാണുന്നത്. ഇന്നും കന്നടയിലെ പുതുകവിതയെ അടക്കം സ്വാധീനിക്കുന്ന വചനകവിതയിലേക്കുള്ള പ്രവേശികയാണ് അയ്യപ്പപ്പണിക്കര്‍ പരിഭാഷപ്പെടുത്തിയ 101 വചനങ്ങള്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top