22 April Monday

ഇന്ത്യ മറന്ന ഫിറോസ് ഗാന്ധി

ഡോ. ബി ഇക്ബാല്‍Updated: Sunday Apr 2, 2017

സ്വാതന്ത്യ്രസമരസേനാനി, അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍, മൂന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ ഏറ്റവും അടുത്ത ബന്ധു (ശ്രീമതി ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവ്, ജവാഹര്‍ലാല്‍ നെഹ്റുവിന്റെ ജാമാതാവ്, രാജീവ് ഗാന്ധിയുടെ അച്ഛന്‍) എന്ന നിലയിലെല്ലാം എപ്പോഴും ഓര്‍മിക്കപ്പെടേണ്ട ഫിറോസ് ഗാന്ധിയെ ഇന്ത്യന്‍ജനതയും കോണ്‍ഗ്രസ് പാര്‍ടിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍തന്നെയും പൂര്‍ണമായും മറക്കുകയും അവഗണിക്കുകയും ചെയ്തിരിക്കയാണ്. മോട്ടിലാല്‍ നെഹ്റുവിനും ജവാഹര്‍ലാല്‍ നെഹ്റുവിനോടുമൊപ്പം നെഹ്റുഗാന്ധി വംശം (Nehru-Gandhi Dynatsy) സ്ഥാപിക്കുന്നതില്‍ ഫിറോസ് ഗാന്ധിയും തന്റെ കുടുംബനാമത്തിലൂടെ പങ്ക് വഹിച്ചിട്ടുണ്ട്. മറ്റ് ഗാന്ധികുടുംബാംഗങ്ങളുടെ നിരവധി ജീവചരിത്രങ്ങള്‍ ഇപ്പോഴും പുറത്ത് വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും സ്വാതന്ത്യ്രസമരസേനാനിയും പാര്‍ലമെന്റംഗവും എഴുത്തുകാരനുമായ ശശിഭൂഷണ്‍ എഴുതിയ ഫിറോസ് ഗാന്ധി എ പൊളിറ്റിക്കല്‍ ബയോഗ്രഫി. (Feroze Gandhi: A Political Biography. Progressive People's Sector Publications, New Delhi, 1977), തരുണ്‍കുമാര്‍ മുഖോപാധ്യായ എഴുതിയ ഫിറോസ് ഗാന്ധി എ ക്രൂസേഡര്‍ ഇന്‍ പാര്‍ലമെന്റ് (Feroze Gandhi: A Crusader in Parliament. Allied Publishers Limited New Delhi 1992) എന്നീ രണ്ട് ജീവചരിത്രഗ്രന്ഥങ്ങള്‍മാത്രമാണ് ഫിറോസ് ഗാന്ധിയെ സംബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്.

1977ല്‍ അടിയന്തരാവസ്ഥയ്ക്കുശേഷം അധികാരം നഷ്ടപ്പെട്ട  ഇന്ദിര ഗാന്ധിയെ ഈവനിങ് പോസ്റ്റിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്യുന്നതിനായി എത്തിയ സ്വീഡിഷ് പത്രപ്രവര്‍ത്തകന്‍ ബെര്‍റ്റില്‍ ഫാല്‍ക്കിന് (Bertil Falk) ഇന്ദിര ഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താല്‍പ്പര്യം തോന്നി. ഇതിലേക്കായി അദ്ദേഹം നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചു. പി ഡി ടാണ്ടന്‍, മിനു മസാനി, താരകേശ്വരി സിന്‍ഹ, സുഭദ്ര ജോഷി, ദേവ് കാന്ത് ബറുവ, വിശ്വംബര്‍നാഥ് പാണ്ടെ, എച്ച് സി ഹെഡ തുടങ്ങി ഫിറോസ് ഗാന്ധിയുമായി അടുത്ത  ബന്ധമുണ്ടായിരുന്ന നിരവധി രാഷ്ടീയ-സാമൂഹ്യ പ്രവര്‍ത്തകരുമായി സംസാരിച്ചു. ഫിറോസ് ഗാന്ധിയെ സംബന്ധിച്ച് ഒരു ലേഖനമെഴുതാനായിരുന്നു ഫാല്‍ക്ക് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞതോടെ ഫിറോസിന്റെ ജീവിതത്തില്‍ ആകൃഷ്ടനായ ഫാല്‍ക്ക് ഫിറോസിന്റെ വിശദമായ  ജീവചരിത്രംതന്നെ രചിക്കാന്‍  തീരുമാനിക്കയാണുണ്ടായത്. നാലു പതിറ്റാണ്ടുകാലം നീണ്ട വിവരശേഖരണത്തിനൊടുവില്‍ ഫിറോസ് ഗാന്ധിയെപ്പറ്റി ഇതിനുമുമ്പ് ശ്രദ്ധിക്കപ്പെടാതെപോയ നിരവധി വിവരങ്ങളടങ്ങിയ മികച്ച ജീവചരിത്രം ഫിറോസ് ദി ഫൊര്‍ഗോട്ടന്‍ ഗാന്ധി എന്ന പേരില്‍ (Feroz The Forgotten Gandhi: A personal Narrative: Bertil Falk: Lotus Collection. Roli Books.  New Delhi.2016) കഴിഞ്ഞവര്‍ഷം ഫാല്‍ക്ക് പ്രസിദ്ധീകരിച്ചു.

മാധ്യമലോകത്ത് സജീവ ചര്‍ച്ചാവിഷയമായിരിക്കുന്ന ഈ പുസ്തകത്തില്‍ സ്വാതന്ത്യ്രസമരസേനാനി, പാര്‍ലമെന്റേറിയന്‍, സാമൂഹ്യപ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാമുള്ള ഫിറോസ് ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് ഫാല്‍ക്ക് വെളിച്ചംവീശുന്നുണ്ട്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും അദ്ദേഹത്തിനുണ്ടായ തിക്താനുഭവങ്ങളും പുസ്തകത്തില്‍ വിഷയീഭവിക്കുന്നുണ്ട്. ഫിറോസിന്റെ ജനനത്തെപ്പറ്റിയുള്ള വിവാദങ്ങള്‍ പരിശോധിച്ചുകൊണ്ടുള്ള അധ്യായത്തോടെയാണ് (Cotnroversies and Feroz Gandhi's Origins) പുസ്തകം ആരംഭിക്കുന്നത്. ഫിറോസ് ഒരു മുസ്ളിമായിട്ടാണ് ജനിച്ചതെന്ന് കരുതുന്നവരുണ്ട്. 1912ല്‍ ഗുജറാത്തിലെ ഒരു പാര്‍സി കുടുംബത്തില്‍ ജെഹാംഗീര്‍ ഫരേദാന്‍ ഗാന്ധിയുടെയും രതിമായിയുടെയും അഞ്ചുമക്കളില്‍ ഇളയവനായി ഫിറോസ് ജനിച്ചെന്ന് ഫാല്‍ക്ക് വ്യക്തമാക്കുന്നു. ഗുജറാത്തിലെ തറവാട്ടില്‍നിന്ന്  ഫിറോസിന്റെ കുടുംബം പിന്നീട് ബോംബെയിലേക്ക് താമസംമാറ്റി. അച്ഛന്റെ മരണശേഷം ഫിറോസ് അമ്മയോടൊപ്പം അലഹബാദില്‍ അമ്മയുടെ സഹോദരി ഷിറിന്‍ കമ്മിസാറിയേറ്റിനൊപ്പം താമസമായി. അവിവാഹിതയും ഡോക്ടറുമായ ഷിറിന്റെ രഹസ്യബന്ധത്തിലുള്ള മകനാണ് ഫിറോസ് എന്ന് പലരും കരുതുന്നുണ്ടെന്ന് ഫാല്‍ക്ക് സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഇത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കോളേജ് വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പാര്‍ടി രൂപീകരിച്ച വാനരസേനയില്‍ ഫിറോസ് അംഗമാകുകയും പഠനം ഉപേക്ഷിക്കയുംചെയ്തു. വാനരസേനയിലെ പ്രവര്‍ത്തനകാലത്താണ് ഫിറോസ് കമല നെഹ്റുവുമായി പരിചയത്തിലായത്. കമല നെഹ്റു രോഗചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയപ്പോള്‍ ഫിറോസ് ഗാന്ധി ലണ്ടന്‍ സ്കൂള്‍ ഓഫ് അക്കാദമിയില്‍ ഉപരിപഠനത്തിനായി ലണ്ടനിലെത്തുകയും കമല നെഹ്റുവിന്റെ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ അവരെ പരിചരിക്കയുംചെയ്യുന്നുണ്ട്. ഫിറോസും കമലയുമായുള്ള അടുപ്പത്തെ പലരും പ്രേമബന്ധമെന്ന് തെറ്റായി വ്യാഖ്യാനിച്ചപ്പോള്‍ നെഹ്റു അതെല്ലാം തള്ളിക്കളയുകയാണുണ്ടായത്. ലണ്ടനില്‍വച്ചാണ് ഫിറോസും ഇന്ദിരയും തമ്മില്‍ കൂടുതലായി അടുക്കുന്നത്. ഫിറോസിന്റെ വിവാഹാഭ്യര്‍ഥന ഇന്ദിര ആദ്യമെല്ലാം നിരസിച്ചെങ്കിലും പിന്നീട് അവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍, നെഹ്റുവിന് ഈ വിവാഹബന്ധത്തില്‍ തീരെ താല്‍പ്പര്യമില്ലായിരുന്നു. പിന്നീട് മഹാത്മാഗാന്ധി ഇടപെട്ടതിനെത്തുടര്‍ന്നാണ് ഫിറോസ്-ഇന്ദിര വിവാഹം നടക്കുന്നത്. ഇതിനിടെ ഗാന്ധിജിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഗാന്ധിജിയുടെ ആരാധകനായി മാറുകയുംചെയ്ത ഫിറോസ് തന്റെ വീട്ടുപേര് ഗാണ്ടി (Gandy) എന്നതില്‍നിന്ന് ഗാന്ധി (Gandhi) എന്നാക്കി മാറ്റുകയും ചെയ്യുന്നുണ്ട്.

ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ ഭാഗമായി ഫിറോസ് നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ഫാല്‍ക്ക് പുസ്തകത്തില്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന്റെ തൊട്ടടുത്ത മാസങ്ങളില്‍ത്തന്നെ ക്വിറ്റിന്ത്യാസമരത്തെതുടര്‍ന്ന് ഫിറോസ് ജയിലിലടയ്ക്കപ്പെടുന്നു. സ്വാതന്ത്യ്രലബ്ധിക്കുശേഷം കുറച്ചുനാള്‍ ജവാഹര്‍ലാല്‍ നെഹ്റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡിന്റെ മാനേജിങ് ഡയറക്ടറായി ഫിറോസ് ചുമതലയേല്‍ക്കുന്നുണ്ട്. എന്നാല്‍, തന്റെ സഹപ്രവര്‍ത്തകരുമായി സഹകരിച്ചുപോകാന്‍ കഴിയാതിരുന്നതുകൊണ്ട് ഈ ചുമതല നിര്‍വഹിക്കുന്നതില്‍ ഫിറോസ് പരാജയപ്പെട്ടെന്ന് ഫാല്‍ക്ക് എഴുതുന്നു.

താല്‍ക്കാലിക സര്‍ക്കാരിന്റെ കാലത്ത് (1950-52) പാര്‍ലമെന്റംഗമായിരുന്ന ഫിറോസ് സ്വാതന്ത്യ്രത്തിനുശേഷം ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റായ് ബറേലിയില്‍നിന്ന് മത്സരിച്ച് വിജയിച്ച് പാര്‍ലമെന്റംഗമായി. പാര്‍ലമെന്റംഗമെന്ന നിലയിലുള്ള ഫിറോസിന്റെ ഉജ്വലമായ സംഭാവനകള്‍ ഫാല്‍ക്ക് പുസ്തകത്തില്‍ വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്. അഴിമതിക്കെതിരായ പോരാളിയായിട്ടാണ് ഫിറോസ് പാര്‍ലമെന്റില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് പാര്‍ടിയുടെ പാര്‍ലമെന്റംഗമായിരുന്നെങ്കിലും ഭരണരംഗത്തെ വൈകല്യങ്ങള്‍ ഒരു മടിയും കൂടാതെ നിരന്തരം ചൂണ്ടിക്കാട്ടിയ ഫിറോസ് അനൌദ്യോഗിക പ്രതിപക്ഷനേതാവിനെപ്പോലെയാണ് പെരുമാറിക്കൊണ്ടിരുന്നതെന്ന് ഫാല്‍ക്ക് അഭിപ്രായപ്പെടുന്നു. ഇന്ത്യന്‍രാഷ്ടീയത്തെ പിടിച്ചുകുലുക്കിയ പ്രസിദ്ധമായ രണ്ട് അഴിമതിക്കേസുകള്‍ വെളിച്ചത്ത് കൊണ്ടുവന്നത് ഫിറോസ് ഗാന്ധിയായിരുന്നു.

ഇന്ത്യയിലെ അന്നത്തെ വന്‍കിട ബിസിനസ് കുടുംബങ്ങള്‍  പൊതുമുതല്‍ കൊള്ളയടിച്ച് നടത്തിവന്നിരുന്ന വന്‍ സാമ്പത്തികക്രമക്കേടുകളും അഴിമതികളുമാണ് ക്ളേശകരമായി നടത്തിയ ആധികാരിക വിവരശേഖരണത്തിലൂടെ ഫിറോസ് വെളിച്ചത്ത് കൊണ്ടുവന്നത്. ബിസിനസ് സാമ്രാജ്യമായ ഡാല്‍മിയ ടൈംസ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ രാംകൃഷ്ണ ഡാല്‍മിയ താന്‍ ചെയര്‍മാനായിരുന്ന ഭാരത് ഇന്‍ഷുറന്‍സ് കമ്പനിയുടെ പണം തിരിമറിചെയ്ത് ബന്നറ്റ് കോള്‍മാന്‍ എന്ന വിദേശകമ്പനി സ്വന്തമാക്കിയതിന്റെ പിന്നിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ ഫിറോസ് 1955ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച വിവിയന്‍ ബോസ് അന്വേഷണ കമീഷന്‍ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ ശരിവച്ചു. കോടതിനടപടികളെത്തുടര്‍ന്ന് കുറ്റക്കാരനെന്നു കണ്ടെത്തി രാംകൃഷ്ണ ഡാല്‍മിയയെ രണ്ട് വര്‍ഷം ജയിലിലടച്ചു. 

ഫിറോസ് ഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് 245 ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍ക്കാര്‍ ദേശസാല്‍ക്കരിച്ച് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ രൂപീകരിച്ചു. ഡാല്‍മിയയുടെ അഴിമതി തുറന്നുകാട്ടി 1955 ഡിസംബര്‍ ആറിന് ഫിറോസ് നടത്തിയ ഒരു മണിക്കൂര്‍ 55 മിനിറ്റ് നീണ്ട പ്രഭാഷണം ലോക്സഭയുടെ നാളിതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പ്രസംഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജയന്റ് കില്ലര്‍ എന്ന വിശേഷണത്തിനും ഫിറോസ് അര്‍ഹനായി.

1957ല്‍ വീണ്ടും റായ് ബറേലിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ഫിറോസ് പാര്‍ലമെന്റിലെത്തി. 1958ല്‍ മറ്റൊരു ബിസിനസ് ഭീമനായ ഹരിദാസ് മുണ്ട്ര ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനെ കൂട്ടുപിടിച്ച് നടത്തിയ അഴിമതികളാണ് ഫിറോസ് വെളിപ്പെടുത്തിയത്. എല്‍ഐസിയുടെ പണമെടുത്ത് മാര്‍ക്കറ്റ് വിലയില്‍ കൂടുതല്‍ വിലനല്‍കി മുണ്ട്രയുടെ കമ്പനികളുടെ ഷെയറുകള്‍ വാങ്ങിക്കൂട്ടി എന്നായിരുന്നു ആരോപണം. ആരോപണത്തെപ്പറ്റി അന്വേഷിക്കാന്‍ നെഹ്റുസര്‍ക്കാര്‍ എം സി ചഗ്ളയെ അന്വേഷണകമീഷനായി നിയോഗിച്ചു. ധനവകുപ്പിലെ ചില ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെയാണ് മുണ്ട്ര സാമ്പത്തികതിരിമറി നടത്തിയതെന്ന് ചഗ്ള കമീഷന്‍ കണ്ടെത്തി. തുടര്‍ന്ന് നെഹ്റുമന്ത്രിസഭയിലെ ശക്തരായ മന്ത്രിമാരില്‍ പ്രമുഖനായിരുന്ന ടി ടി കൃഷ്ണമാചാരിക്ക്  രാജിവച്ചൊഴിയേണ്ടിവന്നു. മുണ്ട്ര ജയിലിലടയ്ക്കപ്പെട്ടു. ഇടപെടുന്ന വിഷയങ്ങളിലെല്ലാം ഫിറോസ് കാട്ടിയിരുന്ന സൂക്ഷ്മവും വസ്തുനിഷ്ഠാപരവുമായ വിവരശേഖരണം കണക്കിലെടുത്ത് ഇന്ത്യന്‍ പാര്‍ലമെന്റ് കണ്ട ആദ്യത്തെ അന്വേഷണാത്മക പാര്‍ലമെന്റേറിയനായിരുന്നു (Investigative Parliamentarian) ഫിറോസ് എന്ന് ഫാല്‍ക്ക് അഭിപ്രായപ്പെടുന്നു.

ഫിറോസ് ഗാന്ധിയുടെ അഴിമതിവിരുദ്ധപോരാട്ടങ്ങള്‍ നെഹ്റുവിനെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. നെഹ്റുവില്‍നിന്നും ഇന്ദിര ഗാന്ധിയില്‍നിന്നും ഫിറോസ് മാനസികമായി വളരെ അകന്നു. ഫിറോസ് എംപിമാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സിലും ഇന്ദിരയും രണ്ടു മക്കളും നെഹ്റുവിനോടൊപ്പം തീന്‍മൂര്‍ത്തിഭവനിലുമാണ് താമസിച്ചിരുന്നത്. ഇതിനിടെ അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ഇന്ദിര ഗാന്ധി കേരളത്തില്‍ 1957ല്‍ അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാരിനോട് സ്വീകരിച്ച സമീപനത്തോട് ഫിറോസ് ഗാന്ധി ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. വിമോചനസമരത്തെതുടര്‍ന്ന് കേരളത്തിലെത്തിയ ഇന്ദിര ഗാന്ധി കേരളസര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് നെഹ്റുവിനോട് ആവശ്യപ്പെട്ടു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അധികാരമുപയോഗിച്ച് പിരിച്ചുവിടുന്നതിനെ അടിമുടി ജനാധിപത്യവാദിയായിരുന്ന ഫിറോസ് ഗാന്ധി ശക്തമായി എതിര്‍ത്തു. കമ്യൂണിസ്റ്റ് സര്‍ക്കാരിനോടുള്ള ഫിറോസിന്റെയും ഇന്ദിരയുടെയും വ്യത്യസ്തനിലപാടും നെഹ്റുവിന്റെ നിസ്സഹായാവസ്ഥയുമെല്ലാം പുസ്തകത്തിന്റെ ഒരധ്യായത്തില്‍ (Upheaval in Kerala) ഫാല്‍ക്ക് വിശദമായി ചര്‍ച്ചചെയ്യുന്നുണ്ട്.

രാജ്യത്തിന് തുടര്‍ന്നും വലിയ സംഭാവനചെയ്യാന്‍ പ്രാപ്തിയും ആദര്‍ശശുദ്ധിയും കാഴ്ചപ്പാടുമുണ്ടായിരുന്ന ഫിറോസ് ഗാന്ധി അടിക്കടി രണ്ടുതവണയായുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് 1960 സെപ്തംബര്‍ എട്ടിന് തന്റെ 48-ാമത്തെ വയസ്സില്‍ മരണമടയുകയാണുണ്ടായത്. ഫിറോസിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തിയ ജനസമുദ്രംകണ്ട് നെഹ്റുപോലും അത്ഭുതപ്പെട്ടുപോയെന്ന് ഫാല്‍ക്ക് രേഖപ്പെടുത്തുന്നു. പില്‍ക്കാലത്ത് ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫിറോസ് ഗാന്ധി പ്രതിനിധാനംചെയ്ത സോഷ്യലിസ്റ്റ് ജനാധിപത്യ കാഴ്ചപ്പാടുകളില്‍നിന്ന് വ്യതിചലിച്ചെന്ന് ഫാല്‍ക്ക് നിരവധി ഉദാഹരണങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്. മാധ്യമസ്വാതന്ത്യ്രത്തിനായി പാര്‍ലമെന്റില്‍ ഫിറോസ് അവതരിപ്പിച്ച് അംഗീകാരംനേടിയ ബില്ലിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമായാണ് അടിയന്തരാവസ്ഥക്കാലത്ത് ഒരു മടിയും കൂടാതെ ഇന്ദിര ഗാന്ധി മാധ്യമസ്വാതന്ത്യ്രത്തിന് കൂച്ചുവിലങ്ങിട്ടതെന്ന് ഫാല്‍ക്ക് ചൂണ്ടിക്കാട്ടുന്നു.

1912 ആഗസ്ത് 12നാണ് ഫിറോസ് ഗാന്ധി ജനിച്ചത്. 2012ല്‍ ഫിറോസിന്റെ ജന്മശതാബ്ദി ആഘോഷിക്കാന്‍ നെഹ്റുകുടുംബമോ കോണ്‍ഗ്രസ് പാര്‍ടിയോ പൊതുസമൂഹമോ കാര്യമായ ശ്രമങ്ങളൊന്നും നടത്തിയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ മറന്ന ഫിറോസ് ഗാന്ധിയുടെ സംഭാവനകളും കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ വിദേശിയായ ബെര്‍റ്റില്‍ ഫാല്‍ക്കിന്റെ പുസ്തകം ഏറെ സഹായിക്കും.

ekbalb@gmail.com

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top