24 October Sunday

'പിടിവിട്ടുപോയ ചിത്രശലഭങ്ങളെ തേടിപ്പിടിക്കാന്‍ പോയിരിക്കുകയാണ് അവന്‍'

ബവാ ചെല്ല ദുരൈ വിവ കെ എസ് വെങ്കിടാചലംUpdated: Wednesday Aug 24, 2016

90കളില്‍ പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ സഹായിയായാണ് മുത്തുക്കുമാറിന്റെ സിനിമാപ്രവേശം. സംവിധായകന്‍ സീമാനാണ് മുത്തുക്കുമാറിനെ ഗാനരചയിതാവാക്കുന്നത്. 'വീരനടൈ' എന്ന ചിത്രത്തിലൂടെ. പിന്നീട് പാട്ടെഴുത്തുകാരന്‍ എന്ന നിലയില്‍ മുത്തുക്കുമാറിന്റെ ദിനങ്ങളായിരുന്നു തമിഴകത്ത്.

41 വയസ്സിനുള്ളില്‍ ആയിരത്തോളം സിനിമകള്‍ക്ക് ഗാനങ്ങളെഴുതി. 2012ല്‍ മാത്രം 102 സിനിമകള്‍ക്ക് പാട്ടെഴുതി. തമിഴിലെ വന്‍ഹിറ്റുകളായ വാരണം ആയിരം, ഗജിനി, കാതല്‍കൊണ്ടേന്‍, അങ്ങാടിത്തെരുവ്, സിങ്കം, ചന്ദ്രമുഖി, പിതാമഹന്‍, തുപ്പാക്കി തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങള്‍ എഴുതിയത് മുത്തുക്കുമാറാണ്. 'അങ്ങാടിത്തെരുവിലെ 'അപ്പടിയെന്‍ട്രും അഴകില്ലൈ' എന്ന ചിത്രം യുവഹൃദയങ്ങള്‍ ഇപ്പോഴും ഏറ്റുപാടുന്നു.  ഇളയരാജ, എ ആര്‍ റഹ്മാന്‍, യുവാന്‍ ശങ്കര്‍രാജ, ജി വി പ്രകാശ് തുടങ്ങിയ പ്രശസ്തരെല്ലാം മുത്തുക്കുമാറിന്റെ വരികള്‍ക്ക് സംഗീതമൊരുക്കി.

അച്ഛന് മകളോടുള്ള ഊഷ്മള സ്നേഹം വിഷയമാക്കിയ 'തങ്കമീനി'ലെ 'ആനന്ദയാഴൈ മീട്ടുകിറാന്‍' എന്ന ഗാനം തമിഴിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഈ ഗാനത്തിന് അദ്ദേഹത്തിന് ദേശീയ അവാര്‍ഡും ലഭിച്ചു. സെയ്വം എന്ന ചിത്രത്തിലെ 'അഴകേ അഴകേ' എന്ന പാട്ടിനും ദേശീയ അംഗീകാരം കിട്ടി. ഫിലിം ഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ മറ്റ് നിരവധി പുരസ്കാരങ്ങളും മുത്തുക്കുമാറിന്റെ ഗാനങ്ങളെ തേടിയെത്തി.
 
നിരവധി ലേഖനങ്ങളും  എഴുതിയിട്ടുണ്ട്. സില്‍ക്ക് സിറ്റി എന്ന പേരില്‍ ഇംഗ്ളീഷ് നോവലും രചിച്ചു.
കിരീടം എന്ന ചിത്രത്തിന് സംഭാഷണവും രചിച്ചിട്ടുണ്ട്.

1975ല്‍ കാഞ്ചീപുരത്താണ് ജനനം. ജീവലക്ഷ്മിയാണ് ഭാര്യ. ആദവനും യോഗലക്ഷ്മിയും മക്കള്‍.

അകാലത്തില്‍ വിടവാങ്ങിയ  പ്രശസ്ത തമിഴ് കവിയും ഗാനരചയിതാവുമായ നാ മുത്തുക്കുമാറുമായുള്ള അഗാധമായ ആത്മബന്ധത്തിന്റെ ഹൃദയം തൊടുന്ന  ഓര്‍മകള്‍...ബവാ ചെല്ല ദുരൈ എഴുതുന്നു...

ഈറോഡിനും ദിണ്ടിവനത്തിനും നടുവില്‍ ഏതോ ഒരു സ്ഥലത്ത് ഒരു അശോക മരത്തിന്റെ കീഴില്‍ ഇരുന്നുകൊണ്ട് ഇതെഴുതേണ്ട ഗതികേടിലാണ് ഞാന്‍. ഭാഗ്യംകെട്ട ശനിയാഴ്ച.

  ജീവിതകാലം മുഴുവന്‍ അതിനെ കാണുമ്പോഴൊക്കെ ഓടിയൊളിക്കുമായിരുന്ന ഒരു കുഞ്ഞിന്റെ നേരെ ഒരു ദയയുമില്ലാതെ തന്റെ സകല അഹങ്കാരങ്ങളെയും കാണിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു മരണം.

നാല്‍പ്പത്തൊന്നു വയസ്സിനുള്ളില്‍ മുത്തുക്കുമാര്‍ എത്തിപ്പെട്ട ഉയരവും അവന്റെ മേല്‍പ്പതിച്ച വെളിച്ചവും അവനുതന്നെ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.

 കനത്ത മഴ പെയ്തുകൊണ്ടിരുന്ന ഒരു രാത്രിയില്‍ സുഹൃത്ത് നന്ദലാലിനോടൊപ്പം എന്റെ വീട്ടിലേക്കു അവന്‍ വന്നു. നനഞ്ഞ് കുളിച്ചിരുന്നു.

"എന്റെ പേര് മുത്തുക്കുമാര്‍. ഒരു തോര്‍ത്ത് തരു ചേട്ടാ. എന്റെ 'തൂര്‍' എന്ന കവിതയെ നിങ്ങള്‍ എല്ലാ സ്ഥലത്തും പ്രശംസിക്കുന്നതായി അറിഞ്ഞു. എന്നോട് നേരിട്ട് പറയൂ.''

ആ നിമിഷം അവന്‍ ഞങ്ങളുടെ അനുജനായി.
ഞാനും ശൈലജയും ഞങ്ങളുടെ മൊബൈല്‍ ഫോണില്‍ 'അനുജന്‍' എന്നാണ് അവന്റെ നമ്പറിനു നേരെ എഴുതിയിരിക്കുന്നത്.

എന്തില്‍നിന്നും പൊടുന്നനെ അകന്ന് തനിച്ചിരിക്കുവാനായിരുന്നു അവന് എപ്പോഴും താല്‍പ്പര്യം. ഭക്ഷണം ശേഖരിക്കാന്‍ മാത്രമാണ് വെള്ളെലി വയല്‍ വരമ്പുകളില്‍ തിരിഞ്ഞു കളിക്കുക. മറ്റുള്ള സമയങ്ങളില്‍ നനവുപടര്‍ന്ന തന്റെ മാളത്തിലിരിക്കാനാണ് അതിനിഷ്ടം.

 അവന് അപ്പോള്‍ വയസ്സ് മൂന്നര. സ്കൂളില്‍നിന്ന് അമ്മാമന്‍ അവനെ സൈക്കിളില്‍ കൂട്ടിക്കൊണ്ടുവരുന്നു. ഉമ്മറത്ത് അമ്മയുടെ ശരീരം പൂമാലകള്‍ക്കിടയില്‍ കിടത്തപ്പെട്ടിരിക്കുന്നു. അവന്‍ തുറിച്ചു നോക്കുന്നു. അവന്റെ അച്ഛന്റെ സഹോദരിമാരില്‍ ഒരാള്‍ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോയി ഒരു കഷ്ണം കരിമ്പ് കൊടുക്കുന്നു. ആ ദിവസം മുതല്‍ അവന്‍ തന്റെ ജീവിതത്തിലെ എല്ലാ കയ്പ്പുകളെയും ഏതെങ്കിലുമൊരു മധുരംകൊണ്ട് പറ്റിക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ പഠിപ്പിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

പുസ്തകങ്ങളെ ആയിരുന്നു അവന്റെ അച്ഛന്‍ ജീവിതം മുഴുവന്‍ സ്വത്തായി കരുതിയിരുന്നത്. ആ അച്ഛന്റെ നിഴല്‍തന്നെ ആയിരുന്നു

എന്നും അവന്റെ മേല്‍ വീണുകൊണ്ടിരുന്നത്.

ബാല്യകാലത്ത് അമ്മ അവനെ മടിയില്‍കിടത്തി കൊഞ്ചിച്ചിട്ടില്ല. താങ്ങാനാവാത്തതായിരുന്നു അച്ഛന്റെ സ്നേഹം. തന്റെ പ്രായക്കാരോടൊത്ത് ആഹ്ളാദകരമായ ലോകത്തിലേക്ക് എത്തിപ്പെട്ടാലും അവന്റെ വാസസ്ഥലം ആ എലിമാളംതന്നെ ആയിരുന്നു.

വളര്‍ന്ന് വലിയ ആളായശേഷവും എന്റെ ഭാര്യ ശൈലജയെ വായ്നിറയെ 'ചേച്ചി, ചേച്ചി' എന്നു വിളിക്കുമ്പോഴും അമ്മയുടെ സ്ഥാനമാണ് മനസ്സില്‍ എന്ന് അവര്‍ രണ്ടുപേര്‍ക്കും അറിയാം.

അവന്റെ ഭാര്യ ഗര്‍ഭം ധരിച്ചപ്പോള്‍ ആദ്യം അറിയിച്ചത് ശൈലജയെ ആയിരുന്നു.

'ചേച്ചീ എനിക്കൊരു ആനന്ദവീണ പിറക്കാന്‍ പോകുന്നു.'

കോഴിക്കുഞ്ഞിനെ തന്റെ ഇളം ചൂടില്‍ കാത്ത് സൂക്ഷിക്കുന്നതുപോലെയാണ് അവന്റെ അച്ഛന്‍ അവനെ കാത്തുസൂക്ഷിച്ചിരുന്നത്. അതേപോലെത്തന്നെയാണ് തന്റെ മകന്‍ ആദവനെ മുത്തുക്കുമാര്‍ കൊണ്ടുനടന്നിരുന്നത്. വേറെ ആര്‍ക്കും എത്തിപ്പെടാന്‍ കഴിയാത്ത ബന്ധങ്ങളുടെ ഉയരമായിരുന്നു അത്.

കവി എന്നറിയപ്പെടാനായിരുന്നു അവന്‍ ആഗ്രഹിച്ചിരുന്നത്; അകത്തും പുറത്തും, ഓരോ നിമിഷവും. സമൂഹം തന്നെ ഗാനങ്ങള്‍ക്കായി ആദരിച്ച നേരങ്ങളിലൊക്കെ നാണത്തോടെ അതേ മാളത്തിലേക്ക് ഓടിയൊളിക്കുവാന്‍ ശ്രമിച്ചിരുന്നു.

"ചേട്ടാ, നിങ്ങള്‍ ഇ ബിയിലല്ലേ ജോലി ചെയ്യുന്നത്. ആരെങ്കിലും നിങ്ങളെ ഇ ബിക്കാരന്‍ എന്നു വിളിക്കാറുണ്ടോ? ഞാന്‍ സിനിമയ്ക്ക് പാട്ടെഴുതുന്നു. എന്തുകൊണ്ട് എന്നെ സിനിമാപ്പാട്ടെഴുത്തുകാരന്‍ എന്നു വിളിക്കുന്നത്? അങ്ങനെ വിളിക്കുന്നവരുടെ മുഖത്തേക്ക് എന്റെ കവിതാസമാഹാരം വലിച്ചെറിയണമെന്ന് തോന്നാറുണ്ട്.''

"കവി' എന്ന വാക്കിനോട് അവന് അത്രയും ആത്മബന്ധമായിരുന്നു. അതില്ലാതാകുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
സമൂഹവുമായി ബന്ധപ്പെട്ടതല്ല മുത്തുക്കുമാറിന്റെ ലോകം. തന്റെ ആഖ്യാനത്തില്‍ സമൂഹത്തിനു രണ്ടാംസ്ഥാനമേ കൊടുത്തിരുന്നുള്ളൂ. ആദ്യത്തെ സ്ഥാനം രക്തബന്ധങ്ങള്‍ക്കായിരുന്നു.

അച്ഛന്‍ നാഗരാജനില്‍നിന്ന് ആരംഭിച്ച് മകന്‍ ആദവനിലൂടെ തുടര്‍ന്ന അവന് എത്ര ചെറിയമ്മമാര്‍? എത്ര അമ്മായിമാര്‍? എത്ര അമ്മാമന്‍മാര്‍? എവിടെയൊക്കയോ ഭൂമിക്കടിയില്‍ പരന്നുകിടക്കുന്ന കുടുംബവേരുകള്‍ക്ക് അവസാനംവരെ വെള്ളമൊഴിച്ചുകൊണ്ടിരുന്നത് അവനായിരുന്നു. മഴമൂലം ഒലിച്ചുപോയ മണ്ണിനു പകരം തന്റെ മാംസത്തെ മണ്ണാക്കി വേര് കാത്ത് സൂക്ഷിച്ചു. അതുകൊണ്ട് അവന്റെ എഴുത്തുകള്‍ കുടുംബവേരുകളെ ചുറ്റിപ്പറ്റി കറങ്ങിക്കൊണ്ടിരുന്നു.

ചില പ്രത്യേക ഗുണങ്ങളുണ്ടായിരുന്നു അവന്. ഒരിക്കല്‍ ഞങ്ങളുടെ വീട്ടില്‍ നിന്ന് പ്രഭാതഭക്ഷണം കഴിച്ചിട്ടുപോയി. വല്ലാത്ത ഒരു ശൂന്യത അവന്‍ പോയശേഷം ഞങ്ങള്‍ അനുഭവിച്ചു. പക്ഷേ, പത്താമത്തെ നിമിഷത്തില്‍ ആ ശൂന്യതയെ ഒരു ഫോണ്‍ വിളിയിലൂടെ അവന്‍ തുടച്ചെറിഞ്ഞു.

"ചേച്ചി, എന്റെ 'ആനന്ദയാഴ്' എന്ന പാട്ടിന് നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നു.''

അത്രമാത്രം. കവികള്‍ വാക്കുകളുടെ കാര്യത്തില്‍ പിശുക്കന്മാരാണ്. അതില്‍ എന്റെ അനുജന്‍ അറുപിശുക്കനാണ്.

എന്റെ സുഹൃത്ത് എസ്കെപി കരുണാവും ഞാനും ആയിരുന്നു അവന്റെ കല്യാണത്തിനു 'വരന്റെ സുഹൃത്തുക്കള്‍'. കല്യാണത്തിനു വന്നുകൂടിയ സിനിമാതാരങ്ങള്‍ അവനെ ആകര്‍ഷിച്ചതേയില്ല. ആ സമയത്തുപോലും ചെറുപ്രായത്തില്‍ തന്നെ കൊണ്ടുനടന്ന് നോക്കിയിരുന്ന ആയയോടായിരുന്നു അവന്‍ കൂടുതല്‍ അടുപ്പം കാണിച്ചതും ശ്രദ്ധിച്ചതും. ആയയുടെ കൈപിടിച്ചു നടന്നിരുന്ന ആ ചെറിയ കുട്ടിയുടെ– ഗ്രാമീണ ചെക്കന്റെ– ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവായിരുന്നു അത്.

ആര്‍ക്കും കൃത്യമായി ഗണിക്കാന്‍ കഴിയാത്ത ഒരു നിമിഷത്തില്‍ അവന്‍ നമ്മളെ കടന്നുപോകും.

'കണയാഴി' മാസിക നടത്തിയ ഒരു പരിപാടിയില്‍ അവന്റെ 'തൂര്‍' എന്ന കവിത അന്തരിച്ച എഴുത്തുകാരന്‍ സുജാത വായിച്ചു. 'ആരാണ് ഇതെഴുതിയതെന്ന് എനിക്കറിയില്ല. ഈ കൂട്ടത്തിലുണ്ടെങ്കില്‍ സ്റ്റേജിലേക്കുവരണം' എന്ന് പറഞ്ഞു. ഒരു കവിതമാത്രം എഴുതിയ പാവം പയ്യന്‍ സ്റ്റേജിലേക്കു കയറിച്ചെന്ന് പരിഭ്രമത്തോടെ നിന്നു. ആരോ ഒരാള്‍ ആയിരം രൂപയെടുത്ത് അവന് കൊടുത്തു. അവന്‍ ശ്രദ്ധാപൂര്‍വം എണ്ണാന്‍ തുടങ്ങിയപ്പോള്‍ കരഘോഷവും ചിരിയും ഉയര്‍ന്നു.

"ഈ തുക 'കണയാഴി'യുടെ വളര്‍ച്ചക്ക് സംഭാവന ചെയ്യുന്നു'' എന്നു മാത്രം പറഞ്ഞ് അവന്‍ മൌനം പാലിച്ചു.

ആര്‍ക്കും അവനെ വിലയിരുത്താന്‍ കഴിയുമായിരുന്നില്ല. ജീവിതത്തില്‍ തനിക്ക് തോന്നിയ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന

കുഞ്ഞായിരുന്നു അവന്‍.

ബുദ്ധിമുട്ടുന്ന തന്റെ സഹപ്രവര്‍ത്തകരെ നന്നായി സഹായിക്കുമായിരുന്നു.

ദിവസംതോറും ഒരു പുറ്റുപോലെ വളര്‍ന്നുകൊണ്ടിരുന്ന ഏകാന്തതയ്ക്ക് ഭക്ഷിക്കാന്‍ തന്നെ കൊടുക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നപ്പോള്‍ ആയിരിക്കണം അവന്‍ മദ്യപിക്കാന്‍ ആരംഭിച്ചത്.

സംവിധായകന്‍ രാമനും ഞാനും എത്ര ശ്രമിച്ചിട്ടും അവന്‍ എന്തിനാണ് ഇങ്ങനെ മദ്യപിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

എവിടെ നിന്നോ ഒരു അടി (തീര്‍ച്ചയായും ബന്ധുക്കളില്‍നിന്നുതന്നെ ആവണം) അതിശക്തമായി എപ്പോഴോ കിട്ടീട്ടുണ്ടാവണം. വളര്‍ന്ന് വലുതായശേഷവും അതിന്റെ വേദന മറക്കാന്‍ അവനു കഴിഞ്ഞിട്ടുണ്ടാവില്ല. ആ വ്രണം ഉണങ്ങാതെ കിടക്കുന്നുണ്ടാവണം. മദ്യത്തിലൂടെ ഉണക്കാം എന്നു കരുതിയിരിക്കാം ആ കുഞ്ഞ്.

നല്ലൊരു വായനക്കാരനായിരുന്നു. കാശ് കിട്ടുമെന്നുള്ളതുകൊണ്ടുമാത്രമാണ് സിനിമാ ജീവിതത്തെ സ്വീകരിച്ചത്.

'ചെന്നൈക്ക് പുറത്ത് ഏതെങ്കിലുമൊരു സര്‍ക്കാര്‍ കോളേജില്‍ തമിഴ് അധ്യാപകനാവണം. അതാണെന്റെ ആഗ്രഹം'– അവന്‍ പറയുമായിരുന്നു.

ബവാ ചെല്ലദുരൈ, സി മോഹന്‍, നാ മുത്തുക്കുമാര്‍

ബവാ ചെല്ലദുരൈ, സി മോഹന്‍, നാ മുത്തുക്കുമാര്‍

വലിയ സ്വപ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല മുത്തുക്കുമാര്‍ എന്ന കവിക്ക്. കൈയില്‍ കിട്ടുന്ന പണം കാക്കകളുമായി പങ്കുവയ്ക്കും. ബന്ധങ്ങള്‍ അവനുചുറ്റും പൊക്കിള്‍ക്കൊടിപോലെ ചുറ്റിക്കിടക്കുന്നതിനെ രഹസ്യമായി ആസ്വദിച്ചിരുന്നു.

താന്‍  എത്ര പഠിച്ചിട്ടുണ്ടെന്ന് ഒരിടത്തും വിളിച്ചുപറയാത്തവനാണ് അവന്‍. ഒരു കൊച്ചുകുഞ്ഞിന്റെ ഒരു നിമിഷ അരക്കെട്ടിന്റെ ചലനത്തിന്റെ അത്രയേ വരൂ അവന്റെ സ്റ്റേജ് സംസാരം. അതില്‍ കൂടില്ല. തന്റെ കുഞ്ഞിന്റെ നൃത്തം കാണാന്‍ ബെഞ്ചില്‍ ഒരുപാട് നേരം ഇരിക്കേണ്ടിവരുന്ന അച്ഛന് അതുമതി. അതുമാത്രം മതി.

അങ്ങനെത്തന്നെയാണ്, ഒരു നിമിഷത്തിന്റെ ഇടവേളക്കിടയില്‍ നിന്നുകത്തുന്ന നാടകഅരങ്ങിലെ വിളക്കിന്റെ വെളിച്ചത്തെപ്പോലെ, ഞങ്ങളുടെ നക്ഷത്രം പൊലിഞ്ഞത്..

നാ മുത്തുക്കുമാറിന്റെ മൂന്ന് കവിതകള്‍ ഇവിടെവായിക്കാം 

 (ദേശാഭിമാനി വാരികയില്‍ നിന്ന്)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top