30 January Monday

എങ്കിലു‘മേതിലു'മെന്നതുപോലെ... ഒരു മേതിൽ വായനാനുഭവം; ദേവദാസ് വി എം പങ്കുവയ്ക്കുന്നു

ദേവദാസ് വി എംUpdated: Thursday May 5, 2022

മേതിൽ, ദേവദാസ്‌ വി എം

മേതിൽ ‌രാധാകൃഷ്ണന്റെ എഴുത്തുകളിലൂടെ കടന്നുപോകാൻ അവനവനെ സ്വയം സജ്ജമാക്കേണ്ടതുണ്ട്‌.   വായിക്കുകയെന്നാൽ അർഥം മനസ്സിലാക്കുകയെന്നതു മാത്രമല്ലല്ലോ എന്ന വാസ്തവം ‌പതിയെ തിരിച്ചറിഞ്ഞേക്കും. കഥകളൊരുങ്ങുന്നതിന്റെയും വായനയിലത് വെളിപ്പെടുന്നതിന്റെയും തലങ്ങളും തരങ്ങളും വേർപെട്ടുകിടക്കുന്നു. ലാറസ് പക്ഷികളും പാലക്കാടൻ പാടങ്ങളിലെ കൊറ്റികളും ചിറകടിച്ച് പരസ്‌പരം അഭിവാദ്യംചെയ്യുന്ന ഒരു മേതിൽ വായനാനുഭവം.
 

ഈതലക്കെട്ടിലൂടെ കണ്ണോടിച്ചശേഷം നിങ്ങൾ വീണ്ടുമതൊന്നുകൂടി വായിച്ചേക്കാം. എന്തിലുമേതിലും എന്നതല്ലേ ശരി. അങ്ങനെത്തന്നെയാണോ എഴുതിയിരിക്കുന്നത്. എന്നെല്ലാം ചിലപ്പോൾ  ആലോചിച്ചേക്കാം. അതിന്റെ അസ്വഭാവികതയെക്കുറിച്ച് കൗതുകം പൂണ്ടേക്കാം. ഉദ്ധരണചിഹ്നവും വാക്കിലെ കൊളുത്തുകളുംവച്ചുകൊണ്ട് കളിപ്പൊരുത്തം കണ്ടെത്തിയേക്കാം. നിരത്തിവച്ച വാക്കുകളിൽനിന്ന്‌ നേരിട്ടൊരു അർഥം മനസ്സിലാക്കുക എന്നതിലുപരി ഇത്തരത്തിൽ ചിന്തകളെ തെല്ലുനേരമെങ്കിലും ചിതറിക്കുകയെന്നത് തന്നെയായിരിക്കാം ഒരുപക്ഷേ ആ തലക്കെട്ടിന്റെ ഉദ്ദേശ്യവും.

വായിക്കുകയെന്നാൽ അർഥം മനസ്സിലാക്കുകയെന്നതുമാത്രമല്ലല്ലോ എന്ന വാസ്തവം ‌പതിയെ തിരിച്ചറിഞ്ഞേക്കാം.

മേതിൽ

മേതിൽ

മേതിൽ ‌രാധാകൃഷ്‌ണന്റെ എഴുത്തുകളിലൂടെ കടന്നുപോകുമ്പോൾ ഇത്തരത്തിലുള്ള ചില ആലോചനകളിലൂടെയാണ് അവനവനെ സ്വയം സജ്ജമാക്കാറുള്ളത്. കൗമാരം വിട്ട്, സാഹിത്യത്തെ ഒട്ടൊക്കെ ഗൗരവമായിത്തന്നെ എടുത്തൊരു പ്രായത്തിലാണത് സംഭവിക്കുന്നത്. ഭൂതാവേശം സംഭവിക്കുന്നതുപോലെ വായനയെ വന്നു പൊതിഞ്ഞൊരു അനുഭവമായിരുന്നു മേതിൽ. സാഹിത്യമെഴുത്തുകാരനെന്നതിനേക്കാൾ സാങ്കേതിക ലേഖകൻ, ശാസ്ത്രസംബന്ധിയായ കുറിപ്പെഴുത്തുകാരൻ, ക്വിസ് മാസ്റ്റർ,  ഇന്റർനെറ്റ് പ്രചരണത്തിന്റെ തുടക്കാലത്തെ വെബ് ഡിസൈനർ എന്നിങ്ങനെയുള്ള നിലകളിലെ പരിചയപ്പെടലിനുശേഷമാണ് പതിയെ മേതിലിന്റെ കഥകളിലേ‌ക്കും ‌നോവലുകളിലേക്കും കവിതകളിലേക്കുമൊക്കെ പ്രവേശിക്കുന്നത്. മുയൽക്കുഴിയിൽ വീണ ആലീസിനെ ചുഴറ്റാനും ചുറ്റിക്കാനുമുള്ള വകുപ്പൊക്കെ അതിലുണ്ടായിരുന്നുതാനും.

‘എഴുത്തും ‌വായനയും' എന്ന് കേൾക്കുമ്പോൾ എന്താണ് അവ തമ്മിലുള്ള പൊരുത്തമെന്ന് ഒട്ടും പിടികിട്ടാത്തൊരു എഴുത്തുകാരനാണ് ഞാൻ. അഥവാ എഴുത്തും വായനയും തമ്മിലൊരു ബന്ധമില്ലെന്നും,  അവ അത്യന്തം വ്യത്യസ്തങ്ങളായ രണ്ട് സർഗാത്മകപ്രക്രിയകളാണെന്നും തെളിയിച്ചുതന്നെ പറയേണ്ടിയിരിക്കുന്നു.

ഒട്ടുമേ കൂട്ടിപ്പൊരുത്തം വരാത്ത നിലയിലുള്ള രണ്ടുതരം മനോവ്യായാമങ്ങളെ, ഒരു മുഷ്ടിയിലേക്ക് മന്ത്രിച്ചൂതിക്കൊണ്ട് ആവാഹിച്ചുപിടിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ തോന്നുന്ന അസംബന്ധത തന്നെയാകണം അതിന്റെ പ്രധാനകാരണം. ആശയവിനിമയത്തെക്കുറിച്ച്  സൂചിപ്പിക്കുന്ന കൂട്ടത്തിൽ ‘ജിറാഫുകൾ കഴുത്ത് നീട്ടുമ്പോൾ' എന്ന കഥയിൽ മേതിൽ പറഞ്ഞുവെക്കുന്നൊരു സംഗതിയുണ്ട്. ഉപകരണങ്ങളെയും അവയവങ്ങളെയും ആശ്രയിക്കാതെ, വായകൊണ്ടു പറയുന്നത് ചെവിയാലെ കേൾക്കുന്നതുപോലെ, മസ്തിഷ്‌കങ്ങൾ തമ്മിൽ നേരിട്ട് സംഭാഷണം നടത്തുന്നതിന്റെ അപാരസാധ്യതയെപ്പറ്റിയാണത്.

എന്നാൽ അതിന്റെ നേരെവിപരീതമാണ് ‘എഴുത്തും ‌വായനയും' എന്നതിൽ കാണാനാകുന്നത്. പ്ലാ‌സ്റ്റിക്കുകൊണ്ട് നിർമിച്ചൊരു കപ്പിൽ  വെള്ളം ആവർത്തിച്ച്‌ മുക്കിയെടുത്താണ് ഒരാൾ കുളിക്കുന്നതെന്ന് കരുതുക. അതും ആ കപ്പിന്റെ നിർമാണപ്രക്രിയയുമായി എന്ത് ബന്ധം? പ്ലാസ്റ്റിക്ക് ഉരുകുന്നു... അതിലേക്ക് നിറങ്ങൾ ചേർക്കുന്നു... നിശ്ചയിച്ച മാതൃകയുള്ള മൂശയിലേക്കത് ഒഴിക്കുന്നു... അതു നിർവഹിക്കുന്നൊരാൾക്ക് പിന്നീടെപ്പോഴോ നടക്കാനിരിക്കുന്ന മറ്റൊരാളുടെ എണ്ണതേച്ചുകുളിയെക്കുറിച്ച് ആലോചിക്കേണ്ടതില്ലല്ലോ. അതുപോലെത്തന്നെ കൈപ്പിടിയാലെ വെള്ളമെടുത്ത് കോരിയൊഴിക്കുന്നൊരാൾക്ക് പ്ലാസ്റ്റിക്കിന്റെ മൂശയെക്കുറിച്ചും... കഥകളൊരുങ്ങുന്നതിന്റെയും വായനയിലത് വെളിപ്പെടുന്നതിന്റെയും തലങ്ങളും തരങ്ങളും ആ വിധം വേർപെട്ടു കിടക്കുന്നു.

നല്ലവനായ ശമരിയാക്കാരനെക്കുറിച്ചുള്ള ബൈബിൾ കഥ നാമേവരും കേട്ടിട്ടുള്ളതാണല്ലോ. യെരുശലേമിൽനിന്ന്‌ യെരീക്കോയിലേക്കുള്ള യാത്രാമധ്യേ ഒരാൾ ആക്രമിക്കപ്പെടുന്നു.

സകലതും നഷ്ടപ്പെട്ട് അയാൾ വഴിയരികിൽ അവശനായി കിടക്കുന്നു. അതുവഴി കടന്നുപോകുന്ന പുരോഹിതനോ ലേവ്യനോ ഒന്നും തന്നെ അയാളെ സഹായിക്കുന്നില്ല. അവഗണിക്കപ്പെട്ടുകിടക്കുന്നയാളെ നമ്മുടെ നല്ലവനായ ശമരിയാക്കാരൻ കാണുന്നു. അപരിചിതനെങ്കിലും സഹജീവിയോടുള്ള കരുണയാൽ ശമരിയാക്കാരൻ മുറിവേറ്റവനെ  തന്റെ കഴുതപ്പുറത്തേറ്റി അടുത്തുള്ള സത്രത്തിൽ എത്തിക്കുന്നു. അയാളുടെ ശുശ്രൂഷയ്‌ക്കുള്ള  പണം മുൻകൂറായി നൽകുന്നു. നന്മ ചെയ്യാനുള്ള പ്രേരണയുണർത്തുന്ന അന്യാപദേശകഥയെന്ന രീതിയിലാണ് നൂറ്റാണ്ടുകളായി ആ കഥ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

ഇവിടെയാണ് സമർഥരായ കഥയെഴുത്തുകാർക്ക് ഇടപെടലുകളുള്ളത്. അവർ ഈ സംഗതികളുടെ മറ്റുവശങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നു. വഴിയിൽ മുറിവേറ്റു വീണുകിടക്കുന്നവനെ സഹായിച്ച ശമരിയാക്കാരന്റെ ഗുണവശങ്ങളെക്കുറിച്ചുമാത്രം കഥകളുണ്ടായാൽ മതിയോ എന്ന് അവർ  സ്വയം ചോദിക്കുന്നു. തങ്ങളുടെ സംശയനിവൃത്തിക്കായി അവർ  അപരിചിതനായ ആ യാത്രക്കാരനെ പിന്തുടർന്ന് യെരുശലേമിലേക്ക് യാത്ര ചെയ്യുന്നു. അന്നേരം കുറെയേറെ ചോദ്യങ്ങളെയും മറികടക്കേണ്ടതായി വരും. ആക്രമിക്കപ്പെട്ടു വഴിയരികെ വീണുകിടക്കുന്നവനെയാരും സഹായിക്കാതിരുന്നതെന്തേ എന്ന ചോദ്യം ആദ്യമുയരും.

കരംപിരിവും കാനേഷുമാരിയുമൊക്കെയുള്ളൊരു രാജ്യത്ത് അടിയന്തര വൈദ്യസഹായമില്ലെന്നോ എന്നാശങ്കപ്പെടും. വഴിപോക്കർ അയാളെയൊന്നു തിരിഞ്ഞുനോക്കാത്തത് എന്തുകൊണ്ടായിരിക്കുമെന്നാലോചിച്ച് നെറ്റിചുളിക്കും.

മേൽപ്പറഞ്ഞ പ്രമേയപരിസരം മേതിലിന്റെ കഥയിലാണെങ്കിൽ ശമരിയാക്കാരൻ മിക്കവാറും അപസർപ്പകനായേക്കും. അവശനായ ആ അപരിചിതൻ കാമുകനോ കച്ചവടക്കാരനോ കടമേറി മുടിഞ്ഞവനോ അതോ കലാപകാരിയായോ എന്ന് തിരക്കുന്ന ഗൂഢോദ്ദേശ്യം ശമരിയാക്കാരൻ സ്വയമെടുത്തണിയും. അങ്ങനെ അയാളുടെ കഴുതയും ലക്ഷ്യവും മാർഗവും മറ്റൊന്നിലേക്ക് ആവേശിക്കപ്പെടും. കുറ്റവാളി ആരാണെന്ന് അന്വേഷിക്കുന്നതിലും ഉപരിയായി കൃത്യത്തിൽ തൽപ്പരനായൊരു അപസർപ്പകൻ തന്റെ ആലോചനാവിടവ്‌ നിറയ്‌ക്കാനുള്ളത്ര വിവരങ്ങളറിയാൻ ആളുകളും ഇടങ്ങളുമായി സമ്പർക്കത്തിലേർപ്പെടും. ശേഷം ആരോടുംഒരുത്തരവാദിത്തവുമില്ലെന്ന മട്ടിൽ ബാക്കിയെല്ലാം അവനവന്റെ ഊഹക്രമത്തിന്‌ ചേർത്തുകെട്ടും. ജോർദാൻ നദിയുടെ തീരത്തെ നിഗൂഢതകളും രഹസ്യസംഘക്കാരും അവർക്കുമുന്നിലെത്തി സാക്ഷ്യം പറയും. അപ്പോൾ മറ്റൊരു പ്രശ്നമുടലെടുക്കും. ഈ കഥയിലെ സന്ദേശമെവിടെ എന്ന പതിവ് ചോദ്യമുയരും. അവർക്കുമുന്നിലപ്പോൾ താന്താങ്ങളുടെ ഇ മെയിലിന്റെ ഇൻബോക്‌സിലേക്ക് പോകാനുള്ള ലിങ്കോ തപാലാപ്പീസിലേക്കുള്ള വഴികാണിക്കുന്ന ചൂണ്ടുപലകയോ പരിഹാസരൂപേണ പ്രത്യക്ഷപ്പെടും.

മേതിൽ-      ഫോട്ടോ: ജി പ്രമോദ്‌

മേതിൽ- ഫോട്ടോ: ജി പ്രമോദ്‌

ചിത്രവിധാനങ്ങളിൽ (imagery) നിന്നാണ് താൻ മിക്കപ്പോഴും കഥകളുണ്ടാക്കുന്നതെന്ന് ഒരിക്കലൊരു സ്വകാര്യ സംഭാഷണത്തിൽ മേതിൽ സൂചിപ്പിച്ചിരുന്നു. ഒരു  പിഞ്ഞാണപ്പാത്രത്തിന്റെ നടുക്ക് അച്ചുകുത്തിയ ചിത്രത്തിലേക്ക് കൈവിരൽ ചൂണ്ടിയാണ് ആ സംസാരം തുടങ്ങിയത്. ‘പ്രാതലിനൊരു കൂണ് ' എന്ന കഥയ്‌ക്ക്‌ കാരണഭൂതമായ ഒരു വസ്‌തുവിന്റെ വിവരണമായിരുന്നു അത്. മേതിലിന്റെ കഥകളുടെ തലക്കെട്ടുകൾ പരതിയാൽത്തന്നെ സൃഷ്ടിരഹസ്യമായ അത്തരം ചിത്രവിധാനങ്ങൾ വെളിപ്പെടും.
കയറിന്റെ അറ്റം
യക്ഷിയുടെ ചൂല്
ഉടൽ ഒരു ചൂഴ്‌നില
വരമ്പിലൊരു കൊറ്റി
മറ്റൊരാളുടെ കുപ്പായം
തൂങ്ങിക്കിടക്കുന്ന റിസീവർ
അങ്ങനെയങ്ങനെയങ്ങനെ... 

ചിലപ്പോഴത് പെർഫ്യൂം സ്‌പ്രേ ആകാം, മറ്റു ചിലപ്പോൾ റൂബിക്‌സ്‌ ക്യൂബ്, അതുമല്ലെങ്കിൽ ചീട്ടുകെട്ട്… എന്നാൽ ചിത്രവിധാനങ്ങളുടെ വ്യാഖ്യാനം മാത്രമല്ല കഥയാകുന്നത്. കയറിന്റെ അറ്റത്ത് സാഹസികനായ തെരുവുജാലക്കാരൻ പ്രത്യക്ഷപ്പെടണം. മുറിയിലെ മൂലയിലൊരു ചൂല് കാണുമ്പോൾ അടിച്ചുവാരലിനെയല്ല, അതിന്മേൽ കയറി പറക്കുന്ന യക്ഷിയെയാണ് ഓർക്കേണ്ടത്. ഉടൽ അതിന്റെ ഉടമയെപ്പോലും കുറ്റബോധത്തോടെ സന്ദേഹിയാക്കണം. തായമ്പക ആസ്വദിക്കുന്നവർ വായുവിൽ വീശുന്ന വെളുത്ത തൂവാല പോലെയാകണം വരമ്പിലെ കൊറ്റിയുടെ പറന്നുവരൽ. കൗമാരയൗവന കാലങ്ങളിലെ രഹസ്യങ്ങൾക്ക് സാക്ഷിയായി നിന്ന കുപ്പായമാകണം അപരൻ കടം ചോദിക്കേണ്ടത്. വീണുകിടക്കുന്ന റിസീവർ രാജ്യാന്തര രഹസ്യസംഘടനകളിലേക്ക് ബന്ധം സ്ഥാപിക്കണം.

കമ്പോളത്തിനുവേണ്ടി എഴുതുന്നൊരു എഴുത്തുകാരനേയല്ല മേതിൽ. തന്റെ കഥകളെങ്ങനെ വായിക്കപ്പെടും എന്നാകുലപ്പെടുന്ന ഒരാളാണെന്ന് നാളിതുവരെ തോന്നിയിട്ടില്ല. വായനസൗഖ്യത്തിന്റെ നടപ്പുരീതികളെയും മാതൃകകളെയും പാടേ അവഗണിച്ചുകൊണ്ടാണ് ആദ്യകാലം മുതൽക്ക് ഈയടുത്തുവരെയുള്ള കഥകൾ നമുക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘മേതിൽ മേലിലും മേതിൽ’ എന്ന മട്ടിലുള്ള പ്രയോഗമൊക്കെ ഒരുപക്ഷെ അങ്ങനെയാകാം ഉരുത്തിരിഞ്ഞുവന്നത്. അതുകൊണ്ടുതന്നെ

മലയാളിയുടെ പതിവ് അഭിപ്രായങ്ങളായ ‘ആ തരക്കേടില്ല... വലിയ കുഴപ്പമില്ല...' എന്നതൊന്നും മേതിലിന്റെ കഥകൾക്ക് പ്രതികരണമായി ലഭിച്ചേക്കില്ല. ആവേശപൂർവമായ ഒരിഷ്‌ടം, അതല്ലെങ്കിൽ അത്രമേൽ അനിഷ്ടം... ഇങ്ങനെ രണ്ട് രീതിയിലാണ് ആ കഥകളുടെ വായന വിഭജിക്കപ്പെട്ടിരിക്കുന്നത്.

മലയാളിയുടെ പതിവ് അഭിപ്രായങ്ങളായ  ‘ആ തരക്കേടില്ല... വലിയ കുഴപ്പമില്ല...' എന്നതൊന്നും മേതിലിന്റെ കഥകൾക്ക് പ്രതികരണമായി ലഭിച്ചേക്കില്ല. ആവേശപൂർവമായ ഒരിഷ്‌ടം, അതല്ലെങ്കിൽ അത്രമേൽ അനിഷ്ടം... ഇങ്ങനെ രണ്ട് രീതിയിലാണ് ആ കഥകളുടെ വായന വിഭജിക്കപ്പെട്ടിരിക്കുന്നത്. മേതിലിന്റെ കഥകളെ ഇഷ്ടപ്പെടാത്ത വായനക്കാർ കുറെപ്പേരെ കാണാനായിട്ടുണ്ട്.

എന്നാൽ ആ കഥകളെ ഇഷ്ടപ്പെടാത്ത എഴുത്തുകാർ തുലോം കുറവാണെന്നാണ് അനുഭവം. അതുകൊണ്ട് തന്നെയാകണം  മേതിൽ ‘എഴുത്തുകാരുടെ എഴുത്തുകാരനാ'ണെന്ന് പലപ്പോഴും തോന്നിയിട്ടുള്ളത്.

അസാധ്യതകളിൽ നിന്നും അയാഥാർഥ്യങ്ങളിൽ നിന്നുമാണ് മേതിലിന്റെ മിക്ക കഥാസന്ദർഭങ്ങളും പൊട്ടിമുളയ്‌ക്കുന്നതെന്ന് പൊതുവിൽ ഒരഭിപ്രായം കേൾക്കാം. കഥയാകട്ടെ, നാടകമാകട്ടെ, സിനിമയാകട്ടെ... കൃത്യമായ സന്ദർഭങ്ങൾക്ക് തുടർച്ചകൾ സംഭവിക്കുന്നതാണ് സ്വാഭാവികതയെന്നാണ് നമ്മുടെ പൊതുബോധം. അതുകൊണ്ടുതന്നെ അപരിചിതരായ രോഗികളുടെ നീണ്ടവരികളിൽനിന്ന് കേന്ദ്രകഥാപാത്രം മാത്രം ഡോക്‌ടറുടെ മുന്നിലെത്തുന്നു.

ഇരുതലയ്‌ക്കൽനിന്നുമുള്ള സംഭാഷണങ്ങളിലെ വസ്തുതകൾ വെളിപ്പെടുത്തുന്നവിധം ടെലിഫോണിൽ ആളുകൾ സംസാരിക്കുന്നു. ആരോ റിമോട്ടിൽ വിരൽ ഞെക്കുമ്പോൾ കഥാസന്ദർഭത്തിന് അപ്പോൾ ആവശ്യമായ ദൃശ്യശകലം പൊടുന്നനെ ടെലിവിഷനിൽ തെളിയുന്നു. ഇതാണ് സ്വാഭാവികതയെന്നും ഇതുതന്നെയാണ് യാഥാർഥ്യമെന്നും നാം ഏറെക്കാലമായി ധരിച്ചുവച്ചിരിക്കുന്നു.

എന്നാൽ ഇടർച്ചകളും അസാധ്യതകളും ചേർന്നതാണ് ജീവിതയാഥാർ ഥ്യമെന്നത് വാസ്തവം പതിയെ വിസ്‌മരിക്കപ്പെടുന്നു. ഇനി സന്ദർഭങ്ങളെ വിട്ട്, കഥാപാത്രങ്ങളിലേക്ക് കണ്ണോടിച്ചാലോ. ഒറ്റയടിക്ക് നന്നാകുന്ന മനുഷ്യരെ മേതിൽ കഥകളിൽ തപ്പിയാൽ കണ്ടെത്താനായേക്കില്ല. മനുഷ്യനും യന്ത്രവുമായുള്ള അഭേദ്യബന്ധത്തെക്കുറിച്ച് ഏറെ എഴുതിയ മേതിൽ അതിനുള്ള പരോക്ഷമായ കാരണവും ഒരു കഥയിൽ  സൂചിപ്പിക്കുന്നുണ്ട്. ഒറ്റരാത്രികൊണ്ട് കൂടുതൽ നന്നാകാൻ യന്ത്രങ്ങൾക്കാകില്ല, അങ്ങനെയാകുന്നത് തെർമോഡയനാമിക്‌സ്‌ തത്വങ്ങൾക്ക് എതിരാകും. അക്കാരണങ്ങൾകൊണ്ടുതന്നെ കാൽപ്പനികമായ വൈകാരികതയുടെ തിരതള്ളിച്ചകൊണ്ട് ബോധോദയം സിദ്ധിക്കുകയോ പെട്ടുപോകുകയോ ചെയ്യുന്ന കഥാപാത്രങ്ങളും ‌മേതിൽ കഥകളിൽ (അ)സാധ്യതകളായിത്തന്നെ തുടർന്നേക്കാം.

ശാസ്ത്രസംബന്ധിയായ നിയമങ്ങളും വസ്തുവകകളുമെല്ലാം കഥയുടെ ഘടനയെപ്പോലും സ്വാധീനിക്കുന്ന തരത്തിലുള്ള മേതിലിന്റെ രചനാരീതിയെക്കുറിച്ച് മിക്കവരും പറയുന്നതാണ്. എന്നാൽ എഴുത്തുകാരൻ/വായനക്കാരൻ എന്നീ രണ്ട് നിലയിലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് കെട്ടുകഥകളെ( myths) കഥയിലേക്ക് ആവാഹിക്കുന്ന മേതിലീയൻ ശൈലിയാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് ‘സംഗീതം ഒരു സമയകലയാണ്‌ ’  പിന്നെയും വായിക്കാനെടുത്തു. അതിലാകട്ടെ, കറുത്തമരണമായ പ്ലേഗ് എന്ന മഹാവിപത്തിനെ ഹാംലിനിലെ കുഴലൂത്തുകാരനിലേക്കും എലികളിലേക്കുമാണ് കൊളുത്തിയിടുന്നത്.

കെട്ടുകഥകളെ വ്യാഖ്യാനവിധേയമാക്കുക മാത്രമല്ല, അതിനെ പലപ്പോഴും വിരുദ്ധദ്വന്ദങ്ങളിലേക്ക് ആനയിക്കാനും, അതുവഴി വിഭ്രമം സൃഷ്ടിക്കാനും മേതിലിനാകുന്നു.  വസ്തുക്കളെ കത്തിക്കുന്ന കാര്യം പറയുമ്പോൾ ഫോസിൽ ഇന്ധനമായ പെട്രോളിൽ നിന്ന് തുടങ്ങി അത് വാഴപ്പിണ്ടിയിലെത്തി നിൽക്കുന്നു. എരിയിന്ധനങ്ങളിൽ വാഴപ്പിണ്ടിക്കെന്താണ് കാര്യമെന്ന് ചോദ്യമുയരുമ്പോൾ ശ്രീ ശങ്കരാചാര്യർ തന്റെ അമ്മയെ വാഴപ്പിണ്ടിയിൽ  ദഹിപ്പിച്ച കഥ പറയുന്നു.  
 

എന്നാൽ കെട്ടുകഥകളെ വ്യാഖ്യാനവിധേയമാക്കുക മാത്രമല്ല, അതിനെ പലപ്പോഴും വിരുദ്ധദ്വന്ദങ്ങളിലേക്ക് ആനയിക്കാനും, അതുവഴി വിഭ്രമം സൃഷ്ടിക്കാനും മേതിലിനാകുന്നു. വസ്തുക്കളെ കത്തിക്കുന്ന കാര്യം പറയുമ്പോൾ ഫോസിൽ ഇന്ധനമായ പെട്രോളിൽനിന്ന് തുടങ്ങി അത് വാഴപ്പിണ്ടിയിലെത്തി നിൽക്കുന്നു. എരിയിന്ധനങ്ങളിൽ വാഴപ്പിണ്ടിക്കെന്താണ് കാര്യമെന്ന് ചോദ്യമുയരുമ്പോൾ ശ്രീ ശങ്കരാചാര്യർ തന്റെ അമ്മയെ വാഴപ്പിണ്ടിയിൽ ദഹിപ്പിച്ച കഥ പറയുന്നു.

ആ വിധത്തിൽ മേതിൽതന്റെ കഥകളിൽ എത്രമാത്രം നാഗരികനാണോ അത്രമാത്രം ഗ്രാമീണനുമാണെന്നു കാണാം. അർബനിസത്തോടൊപ്പം ആഭിചാരവും ആ കഥകളിൽ അനായാസേന വഴങ്ങുന്നു. പഴുതാരയെ തച്ചുകൊല്ലാൻ മടിച്ച് പെർഫ്യൂം ‌ബോട്ടിൽ ചീറ്റിക്കുന്ന ഫ്ലാറ്റ് നിവാസിയിൽനിന്ന് കുതറിമാറി പൊടുന്നനെ അരമനകളെയും അരക്കില്ലത്തെയും വർണനയ്‌ക്കു വിധേയമാക്കുന്നു.  ഒരുനിമിഷത്തിൽ അയാളിൽ ആൽഫ്രഡ് ഹിച്ച്‌കോക്ക്

ആൽഫ്രഡ് ഹിച്ച്‌കോക്ക്

ആൽഫ്രഡ് ഹിച്ച്‌കോക്ക്

ആവേശിക്കുന്നു, മറുനിമിഷത്തിലത് ഗുഹാമുഖത്ത് അന്ധാളിച്ചു നിൽക്കുന്ന ബാലിസുഗ്രീവന്മാരിലേക്കെത്തുന്നു. ഒരു മുറിയിൽ കാണുന്നയാൾ സ്റ്റാലിനെപ്പോലും കബളിപ്പിച്ച റഷ്യൻ ചാരനും മജീഷ്യനുമാണെങ്കിൽ, തൊട്ടടുത്ത തെരുവിൽ ഗ്രേറ്റ് ഇന്ത്യൻ റോപ്പ് ‌ട്രിക്ക് കാണിക്കുന്ന മായാജാലക്കാരനായ പുലവനാണുള്ളത്. ചതിക്കപ്പെട്ട് ഒറ്റച്ചെരിപ്പിട്ടോടുന്ന സിൻഡ്രല്ലയും ആൾമാറാട്ടത്താൽ വഞ്ചിതയായ അഹല്യയും കണ്ടുമുട്ടുന്നു. ലാറസ് പക്ഷികളും പാലക്കാടൻ പാടങ്ങളിലെ കൊറ്റികളും ചിറകടിച്ച് പരസ്‌പരം അഭിവാദ്യം ചെയ്യുന്നു.  ആർക്കിമിഡീസും പെരുന്തച്ചനും കൈകോർത്തു പിടിച്ചു നടക്കുന്നു...

*************

ഇത്രയൊക്കെ പറഞ്ഞശേഷവും, മേതിൽ ഏറ്റവും സുന്ദരമായി ഒരു കഥ ഒളിപ്പിച്ചുവച്ചത് ഒരു കവിതയിലാണെന്നാണെന്റെ പക്ഷം. ‘കുളം’ എന്ന കവിതയാണത്. അതിലെ ചില വരികളിങ്ങനെ...
‘മുരുകന്റെ പെങ്ങളെ ഇന്നലെ തൊട്ട് കാണാതായി
മുരുകൻ എന്നിട്ടും കുളത്തിന്നരികിലെ പൊന്തയില്
തുമ്പി പിടിക്കുന്നു…
മുരുകാ ഈ കുമിളകള് എവിടന്നു വരുന്നു?
മീനിനേക്കാള് വലിയതെന്തോ വെള്ളത്തിന്നടിയിലുണ്ട്
മീനിനേക്കാള് ജീവനുള്ളതെന്തോ വലയങ്ങൾക്കടിയിലുണ്ട്
മുരുകാ, കുരുത്തംകെട്ടവനേ, തുമ്പിപിടുത്തം നിർത്ത്!
കുളത്തിലേക്ക് ഒറ്റ ചാട്ടം ചാടി അകാശം പിളർക്ക്!
തിരയ്, കരയ്, അട്ടഹസിക്ക്, നെട്ടോട്ടമോട്,
എന്തെങ്കിലും ചെയ്തു തുലയ്‌ക്ക്!’
നോവലിൽ തുടങ്ങി, കഥകളിലൂടെ കടന്നുള്ള പുനർവായനകൾ പലപ്പോഴും മേതിലിന്റെ കവിതകളിൽ ചെന്നവസാനിക്കുന്നതിന്റെ കാരണവും ചിലപ്പോൾ അതായിരിക്കാം.

(ദേശാഭിമാനി വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top