23 February Saturday

പ്രീസ്കൂള്‍ മുതല്‍ ഗവേഷണം വരെ

ബി അബുരാജ്Updated: Sunday Sep 6, 2015

ജനകീയവും മതനിരപേക്ഷവും ശാസ്ത്രീയതയില്‍ അധിഷ്ഠിതവുമായ വിദ്യാഭ്യാസം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായി നടക്കുന്ന വര്‍ത്തമാനകാലത്ത് സാധാരണക്കാരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ പ്രതിരോധങ്ങള്‍ അനിവാര്യമായി തീര്‍ന്നിരിക്കുന്നു. വലതുപക്ഷ ഭരണകൂടങ്ങള്‍ കച്ചവട- വര്‍ഗീയ അജന്‍ഡകള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ ഗുണമേന്മയുള്ളതും പ്രാപ്യവുമായ വിദ്യാഭ്യാസം ഒരുപരിധിവരെയെങ്കിലും ഉറപ്പാകുന്നത് ഉല്‍പ്പതിഷ്ണുക്കളായ വിദ്യാഭ്യാസപ്രവര്‍ത്തകരുടെ ജാഗ്രത്തായ ഇടപെടലുകള്‍കൊണ്ടുമാത്രമാണ്. വൈജ്ഞാനികമണ്ഡലത്തിലേക്ക് പ്രതിദിനം ചേര്‍ക്കപ്പെടുന്ന പുതിയ അറിവുകള്‍, ബോധനപ്രക്രിയ സംബന്ധിച്ച നവസിദ്ധാന്തങ്ങളും പ്രയോഗരീതികളും, ഭൗതികസാഹചര്യങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വികാസം എന്നിവയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായി വരുത്തേണ്ടുന്ന പരിഷ്കാരങ്ങളെക്കുറിച്ച് സാമൂഹികമായ അവബോധവും സൃഷ്ടിക്കപ്പെടണം. പ്രത്യക്ഷസമരങ്ങള്‍ക്ക് പൂരകമായി ഇത്തരം ബോധവല്‍ക്കരണങ്ങളിലും ഏര്‍പ്പെടണം. എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഗവേഷകനുമായ ഷിജുഖാന്റെ "ജനകീയ വിദ്യാഭ്യാസം: ഒരു വിദ്യാര്‍ത്ഥിപക്ഷ ഇടപെടല്‍' എന്ന പുസ്തകം ഇതിന് സഹായകമായ, പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പോരാട്ടങ്ങള്‍ക്ക് പിന്‍ബലമേകുന്ന ബൗദ്ധിക സമരായുധമെന്ന നിലയില്‍ പ്രസക്തമായിത്തീരുന്നു.

ഗൗരവമുള്ള വിദ്യാഭ്യാസചര്‍ച്ചകളില്‍ പലപ്പോഴും സ്ഥാനം ലഭിക്കാതെപോകുന്ന വിഷയമാണ് പ്രീസ്കൂള്‍ വിദ്യാഭ്യാസം. "ഓമനപ്പേരുള്ള സ്കൂളുകളില്‍ അവരെല്ലാം ഓമനകളാണോ' എന്ന ചോദ്യവുമായി ഷിജുഖാന്‍ പ്രീസ്കൂള്‍ മേഖലയിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. മൂന്നോ നാലോ വയസ്സില്‍ കുട്ടിയുടെ സാമൂഹ്യവല്‍ക്കരണത്തിന് നാന്ദികുറിക്കുന്ന ഇടമാണ് പ്രീസ്കൂള്‍. അങ്കണവാടികള്‍, പ്ലേ സ്കൂള്‍, ഡേ കെയര്‍ തുടങ്ങിയ പേരുകളിലാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചിരിച്ചും കളിച്ചും കലപിലകൂട്ടിയും പാട്ടുപാടിയും ഉല്ലസിക്കാനും സമപ്രായക്കാരുമായി കൂട്ടുകൂടാനും ഇവിടെ അവസരമുണ്ടാകണം. എന്നാല്‍, മൂന്നാംവയസ്സില്‍ അക്ഷരം പഠിച്ചുതുടങ്ങണമെന്ന അന്ധവിശ്വാസം നമ്മുടെ ഇടയില്‍ എങ്ങനെയോ വന്നുചേര്‍ന്നിരിക്കുന്നു. അങ്കണവാടിയില്‍നിന്നോ നേഴ്സറിയില്‍നിന്നോ വരുന്ന കുട്ടിയോട് ഇന്നെന്തൊക്കെ പഠിച്ചു എന്ന് ചോദിച്ചുകൊണ്ടാണല്ലോ വീട്ടില്‍ സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഇളംപ്രായത്തില്‍ തീര്‍ത്തും അനാവശ്യമായ അക്ഷരഭാരം കുട്ടിയില്‍ അടിച്ചേല്‍പ്പിക്കുന്ന സമ്പ്രദായത്തിലേക്ക് പ്രീസ്കൂളുകള്‍ തിരിഞ്ഞു.

തികച്ചും വൃത്തിഹീനവും അനാരോഗ്യകരവുമായ സാഹചര്യങ്ങളില്‍ വേണ്ടത്ര സ്ഥലസൗകര്യമോ കളിക്കോപ്പുകളോ പരിശീലനം സിദ്ധിച്ച ജീവനക്കാരോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രീസ്കൂളുകള്‍ കുരുന്നുകള്‍ക്ക് തടവറയ്ക്കുതുല്യമായ അനുഭവം നല്‍കുന്നു. മൂന്നുസെന്റില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അങ്കണവാടികളില്‍ ജോലിചെയ്യുന്നവരുടെ അവസ്ഥ കുട്ടികളുടേതുപോലെതന്നെ പരിതാപകരം. പ്രീസ്കൂളുകളുടെ പരിമിതികള്‍ ഷിജുഖാന്‍ അക്കമിട്ട് നിരത്തുന്നു. സ്വകാര്യ പ്രീസ്കൂളുകളെ സംബന്ധിച്ച് ആധികാരികമായ ഒരു കണക്കും സര്‍ക്കാരിന്റെ പക്കലില്ല. ആധുനികവീക്ഷണത്തിനുസൃതമായി പ്രീസ്കൂളുകളെ സജ്ജമാക്കാന്‍ കാലവിളംബം കൂടാതെ പ്രീസ്കൂള്‍ നിയമം പാസാക്കണമെന്ന ഷിജുഖാന്റെ അഭിപ്രായം ഭരണകര്‍ത്താക്കള്‍ ഗൗരവമായി പരിഗണിക്കണം.

ബാലാവകാശങ്ങളുമായി ബന്ധപ്പെട്ട മറ്റു രണ്ട് ലേഖനങ്ങള്‍കൂടി പുസ്തകത്തിലുണ്ട്. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനാറായി കുറച്ചുകൊണ്ട് കേരളസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ വിമര്‍ശിക്കുന്ന പതിനാറില്‍ വേണ്ടത് വിദ്യാഭ്യാസമാണ്, വിവാഹമല്ല എന്നതാണ് ഇതിലൊന്ന്.സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, റിസര്‍ച്ച് മേഖലയിലെ പ്രതിസന്ധികളും ചര്‍ച്ചയ്ക്ക് വിധേയമാകുന്നു. സ്കൂള്‍ പാഠ്യപദ്ധതി, കോളേജുകളുടെ സ്വയംഭരണം, വിലയിടിയുന്ന വൈസ്ചാന്‍സലര്‍ പദവി, ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനം, സാമൂഹ്യനീതി, സ്വാശ്രയവിദ്യാഭ്യാസം തുടങ്ങി വിദ്യാഭ്യാസമേഖലയിലെ സമകാലിക പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളെയും സ്പര്‍ശിക്കാന്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പതിനാറാമത്തെയും അവസാനത്തേതുമായ ലേഖനം ഗവേഷണത്തിന്റെ ഭാവിയെക്കുറിച്ചുള്ളതാണ്. അങ്ങനെ പ്രീസ്കൂളില്‍ തുടങ്ങി ഗവേഷണത്തില്‍ അവസാനിക്കുന്ന ഈ പുസ്തകം വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രമല്ല പൊതുവായനക്കാര്‍ക്കും പ്രയോജനകരമായിത്തീരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top