19 March Tuesday

ആഫ്രിക്കയെ ഇളക്കിമറിച്ച മതിഗരി

ചാത്തന്നൂര്‍ മോഹന്‍Updated: Sunday Mar 8, 2015

"പ്രവാചകന്‍ സ്വന്തം നാട്ടില്‍നിന്ന് നാടുകടത്തപ്പെടും' എന്നാണ് പ്രമാണം. എഴുത്തിലൂടെ സത്യം വിളിച്ചുപറഞ്ഞതിന് സ്വന്തം നാട്ടില്‍നിന്ന് ആട്ടിപ്പായിക്കപ്പെട്ട എഴുത്തുകാരനാണ് ആക്ടിവിസ്റ്റുകൂടിയായ ആഫ്രിക്കന്‍ നോവലിസ്റ്റ് എന്‍ഗുഗി വാതിയോങ്. ആഫ്രിക്കന്‍ ജനതയുടെ വിമോചനത്തെപ്പറ്റി നിരവധി എഴുത്തുകാര്‍ സ്വപ്നം കണ്ടെങ്കിലും അധിനിവേശ ശക്തികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടണമെന്ന് വസ്തുനിഷ്ഠമായി വിലയിരുത്തിയ എന്‍ഗുഗി ആഫ്രിക്കന്‍ ജനതയുടെ ഊര്‍ജമാണ്. കെനിയയിലെ ലിമുറു എന്ന സ്ഥലത്ത് ജനിച്ച എന്‍ഗുഗിയുടെ ആദ്യനോവല്‍ "വീപ്പ് നോട്ട് ചൈല്‍ഡ്' ആണ്. അദ്ദേഹത്തിന്റെ ഒരു നാടകം കര്‍ഷകരും തൊഴിലാളികളും ഏറ്റെടുത്ത് അവതരിപ്പിച്ചതിനെത്തുടര്‍ന്ന് വിചാരണകൂടാതെ അദ്ദേഹത്തെ തടവിലാക്കി.

ആഫ്രിക്കന്‍ ഭാഷയുടെയും ശൈലിയുടെയും ശക്തനായ വക്താവുകൂടിയാണ് എന്‍ഗുഗി."മതിഗരി' എന്ന നോവല്‍ ആത്യന്തികമായും ഒരന്വേഷണത്തിന്റെ കഥയാണ്. രോഗശാന്തി തേടിയലയുന്ന മനുഷ്യന്റെ വ്യഗ്രതയാണ് കഥയുടെ പ്രധാനഘടകം. തന്നെ ഗ്രസിച്ച ഒരു പ്രത്യേകതരം രോഗത്തിന് പ്രതിവിധിതേടി അലയുന്ന മനുഷ്യന്റെ കഥയാണിത്. യാത്രയ്ക്കിടയില്‍, തന്റെ രോഗം ഭേദമാക്കാനുള്ള കഴിവ് ആര്‍ജിച്ച എന്‍ഡീറോ എന്ന വൃദ്ധനെപ്പറ്റി അയാളറിയുന്നു. വഴി മധ്യേ കണ്ടുമുട്ടുന്നവരോടെല്ലാം എന്‍ഡീറോയെക്കുറിച്ച് ചോദിക്കുന്നു. ഒടുവില്‍ മറ്റുള്ളവരുടെ സഹായത്തോടെ അയാള്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയും രോഗം ഭേദമാവുകയും ചെയ്യുന്നു. ഒരിക്കല്‍പ്പോലും എന്‍ഡീറോ എന്ന വൃദ്ധന്‍ കഥയില്‍ പ്രത്യക്ഷപ്പെടുന്നില്ല. ഒരര്‍ഥത്തില്‍ അയാള്‍ അപാരമായ ഒരു ശക്തിയായി, ദൈവ സങ്കല്‍പ്പമായി, നിയതിയായി നിലകൊള്ളുകയാണ് നോവലില്‍. ആന്തരികപ്രത്യക്ഷത്തിന്റെ നിരവധി മുഹൂര്‍ത്തങ്ങള്‍ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു.യേശുക്രിസ്തു പുനര്‍ജനിച്ചെന്നും രാജ്യമെങ്ങും പര്യടനം നടത്തുന്നെന്നും വിശ്വസിച്ച ഒരുകൂട്ടം ജനങ്ങളെ മുന്‍നിര്‍ത്തിയാണ് ഉയിര്‍ത്തെഴുന്നേല്‍പ്പിനെപ്പറ്റിയും യേശുക്രിസ്തുവിന്റെ രണ്ടാംവരവിനെപ്പറ്റിയും നോവലില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് നോവലില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്നീട് പല സംഭവങ്ങള്‍ക്കും കാരണമായി. ഈ നോവലിലെ സാങ്കല്‍പ്പിക കഥാപാത്രമായ മതിഗരി ഒരു വിധ്വംസക രാഷ്ട്രീയനായകനായി ഉയിര്‍ത്തെഴുന്നേറ്റു.നോവലിന്റെ ആദ്യപതിപ്പ് ഗികുയു ഭാഷയില്‍ കെനിയയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍, കര്‍ഷകര്‍ സത്യവും നീതിയും തേടി അലയുന്ന മതിഗരി എന്നുപറയുന്ന ആളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇത് രഹസ്യപൊലീസ് റിപ്പോര്‍ട്ട് ചെയ്തു.തുടര്‍ന്ന് മതിഗരിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിറക്കി. എന്നാല്‍, മതിഗരി ഒരു പുസ്തകത്തിലെ തികച്ചും സാങ്കല്‍പ്പിക കഥാപാത്രമാണെന്ന് പൊലീസ് മനസ്സിലാക്കി. അങ്ങനെ പൊലീസുകാര്‍ എല്ലാ പുസ്തകശാലകളും റെയ്ഡ് ചെയ്യുകയും നോവലിന്റെ കോപ്പികള്‍ കണ്ടുകെട്ടുകയുംചെയ്തു.കെനിയയുടെ പരിതാപകരമായ അവസ്ഥയില്‍ മതിഗരിക്കുള്ള ദുഃഖവും ധാര്‍മികരോഷവും ആവിഷ്കരിക്കുകയാണ് എന്‍ഗുഗി.കുടിയേറ്റക്കാരന്‍ വില്യംസിന്റെയും അയാളുടെ ആശ്രിതനായ ജോണ്‍ബോയ്യുടെയും പുനരുത്ഥാനമാണ് റോബര്‍ട്ട് വില്യംസും ജോണ്‍ബോയ് ജൂനിയറുമെങ്കില്‍, മതിഗരി സ്വന്തം ചോരയും നീരുമൊഴുക്കി പണിതവീട് റോബര്‍ട്ട് വില്യംസും ജോണ്‍ബോയ് ജൂനിയറും കൈയടക്കുമ്പോള്‍, കുടിയേറ്റക്കാരന്‍ വില്യംസിന്റെയും ജോണ്‍ബോയ്യുടെയും വധത്തോടെ ഉന്മൂലനംചെയ്തെന്ന് മതിഗരി തെറ്റിദ്ധരിച്ച കൊളോണിയല്‍വ്യവസ്ഥയുടെ പുനരാവിഷ്കരണം നടക്കുന്നു.

ശാന്തിമന്ത്രത്തിലൂടെയല്ല സായുധബലത്തിലൂടെമാത്രമേ ശത്രുവിനെ പരാജയപ്പെടുത്താന്‍ സാധിക്കുകയുള്ളൂ എന്ന മതിഗരിയുടെ വെളിപാടുകൊണ്ട വിശ്വാസം എന്‍ഗുഗിയുടെ മനോഭാവമാണ്.മതിഗരി കുഴിച്ചിട്ട തോക്കും വാളും വെടിയുണ്ടകളുടെ അരപ്പട്ടയും ധരിച്ച മുറൂക്കി ചരിത്രത്തിന്റെ ഭാഗമാണ്. മുറൂക്കിയിലൂടെ ഒരു പുതിയ മതിഗരിയെ സൃഷ്ടിക്കുകവഴി എന്‍ഗുഗിയുടെ സന്ദേശം ജനങ്ങളോടുള്ള ആഹ്വാനമായി മാറുന്നു. അധിനിവേശത്തിനെതിരായ മര്‍ദിതന്റെ സഹനവും സമരവുമാണ് ഈ നോവലിന്റെ കേന്ദ്രപ്രമേയം. ആഫ്രിക്കയെ ഇളക്കിമറിച്ച ഒന്നായിരുന്നു ഈ കൃതി. മനുഷ്യസ്വാതന്ത്ര്യത്തിന്റെ തട്ടകത്തിലേക്കുള്ള തിരുത്തല്‍ശക്തിയായി എന്‍ഗുഗി പരിണമിച്ചു. കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ നോവല്‍ ജനകീയ സാംസ്കാരികമുന്നേറ്റങ്ങള്‍ക്ക് പ്രചോദനമായി. വര്‍ത്തമാനകാല പരിതഃസ്ഥിതിയില്‍ രാജ്യമെങ്ങും നടമാടുന്ന അഴിമതിക്കും അക്രമങ്ങള്‍ക്കും കുത്തകകള്‍ക്കും ചൂഷണത്തിനും ഒക്കെ എതിരായുള്ള ചെറുത്തുനില്‍പ്പിന്റെയും സമരവീര്യത്തിന്റെയും സാക്ഷ്യപത്രമാണ് എന്‍ഗുഗിയുടെ മതിഗരി.

പ്രധാന വാർത്തകൾ
 Top