20 February Wednesday

പിന്നോട്ടുപോകലുകളെക്കുറിച്ച് ഒരു ഓര്‍മപ്പെടുത്തല്‍

ബി അബുരാജ്Updated: Sunday Oct 19, 2014

വികസനത്തിന്റെ അളവുകോലുകളില്‍ ജനതയുടെ സാംസ്കാരിക നിലവാരവും പാരിസ്ഥിതിക സുസ്ഥിരതയുംകൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരുകാലത്ത് വികസിത രാജ്യങ്ങള്‍ക്കൊപ്പമോ ചിലപ്പോഴെങ്കിലും അവയേക്കാള്‍ മുകളിലോ ആണെന്ന് മേനിപറഞ്ഞിരുന്ന കേരളസമൂഹം, പുതിയ മാനദണ്ഡങ്ങള്‍കൂടി പരിഗണിക്കുമ്പോള്‍ മനുഷ്യവികസനത്തില്‍ ഇന്നെവിടെ നില്‍ക്കുന്നുവെന്ന് പരിശോധിക്കുക കൗതുകകരമാണ്. സമസ്തമേഖലകളും കച്ചവടവല്‍ക്കരിക്കപ്പെടുകയും രൊക്കം പണത്തിനപ്പുറം മറ്റൊരു മൂല്യവും ആവശ്യമില്ലെന്നുള്ള ചിന്ത പൊതുസമൂഹത്തില്‍ അതിവേഗം വ്യാപിക്കുകയുംചെയ്യുന്നു. നവോത്ഥാന നായകന്മാരും ഇടതുപക്ഷപ്രസ്ഥാനങ്ങളും ചേര്‍ന്ന് പടുത്തുയര്‍ത്തിയ പുരോഗമന സാംസ്കാരിക അവബോധത്തെയും ജീവിതവീക്ഷണത്തെയും തകര്‍ത്തെറിയുക എന്ന ലക്ഷ്യത്തോടെയാണ് മതജാതിശക്തികളും ആഗോളീകരണം കെട്ടഴിച്ചുവിട്ട കമ്പോളയുക്തികളും കേരളസമൂഹത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം പിന്നോട്ടുപോകലുകളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് ഡോ. എസ് രാജശേഖരന്റെ പിന്‍വിചാരങ്ങള്‍.

നാലുഭാഗങ്ങളായി തിരിച്ച് പതിനെട്ട് ലേഖനങ്ങള്‍. സ്വത്വവാദം, പ്രണയം, മിശ്രവിവാഹം, മത-ജാതിബന്ധങ്ങള്‍, വിദ്യാഭ്യാസം, ഭാഷയിലേക്കുള്ള അധിനിവേശങ്ങള്‍, മലയാളലിപി, ജര്‍മനിയിലെയും ഇന്ത്യയിലെയും യാത്രാസൗകര്യങ്ങളും ഭക്ഷണരീതികളും- ഇങ്ങനെ വ്യത്യസ്തമായ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചയാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്. അധ്യാപകനും സാഹിത്യനിരൂപകനുമൊക്കെയായ ഗ്രന്ഥകാരന്‍ മലയാളിവായനക്കാരന് സുപരിചിതനാണ്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ മുന്‍നിരപ്രവര്‍ത്തകനായ രാജശേഖരന്റെ ലേഖനങ്ങള്‍ സ്വാഭാവികമായും പ്രതിഫലിപ്പിക്കുന്നത് മതനിരപേക്ഷ ജനാധിപത്യത്തിന്റെയും മനുഷ്യനന്മയുടെയും പ്രകാശംതന്നെ.മതവിശ്വാസത്തെയും വിദ്യാഭ്യാസത്തെയുംകുറിച്ചുള്ള ലേഖനങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. ഇന്ത്യ മതേതര രാഷ്ട്രം എന്നാണ് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന എന്നര്‍ഥം. അവിടെ ഭരണഘടനയും വ്യവസ്ഥയും മതനിരാസത്തെക്കുറിച്ച് നിശബ്ദതപാലിക്കുന്നു.

"മതം, നിയമപാലനം, മതേതരത്വം' എന്ന ലേഖനത്തില്‍ രാജശേഖരന്‍ ഈ വിഷയം ഉന്നയിക്കുന്നു. ബാല്യകൗമാരങ്ങള്‍ ആരാധനയുടെയും ഭക്തിയുടെയും ആഘോഷമാക്കിയ യൗവനാരംഭത്തില്‍ ഭജനസമിതി നടത്തുകയും കീര്‍ത്തനാലാപനങ്ങളില്‍ ആഹ്ലാദിക്കുകയും ചെയ്ത ഒരാളാണ് മതവും ദൈവങ്ങളും വിപത്താണെന്ന തിരിച്ചറിവിലേക്കെത്തുകയും മതനിരാസത്തിന് അംഗീകാരം ലഭിക്കണമെന്ന് വാദിക്കുകയും ചെയ്യുന്നത് എന്നത് മതചിഹ്നങ്ങളെ ആവേശത്തോടെ വാരിപ്പുണരാന്‍ മടികാണിക്കാത്തവര്‍ മനസ്സിലാക്കണം. ജാതിയും മതവും അനാചാരങ്ങളും പ്രാകൃതമായ ചില സാഹചര്യങ്ങള്‍ സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ് സാമൂഹ്യപരിഷ്കര്‍ത്താക്കളെല്ലാം ആദ്യംതന്നെ ജാതിപരിഷ്കരണത്തിന് മുന്‍തൂക്കം നല്‍കിയത്. അതുപക്ഷേ, സാമുദായികബോധം വളര്‍ത്താനായിരുന്നില്ലെന്ന് ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. സഞ്ചാരസ്വാതന്ത്ര്യം, ആരാധനാസ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരം തുടങ്ങി അവകാശങ്ങളെല്ലാം നേടിയെടുത്തപ്പോഴും കാലഹരണപ്പെട്ട സാമുദായികചിന്തയെ കുടഞ്ഞെറിയാന്‍ മലയാളിക്ക് സാധിച്ചില്ല എന്ന ശരിയായ വിമര്‍ശവും അദ്ദേഹം ഉന്നയിക്കുന്നു.

മലയാളഭാഷ, വിദ്യാഭ്യാസം എന്നീ വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന അഞ്ച് ലേഖനങ്ങള്‍ പിന്‍വിചാരങ്ങളിലുണ്ട്. ഉന്നതവിദ്യാഭ്യാസരംഗംവരെ അധ്യയനം മലയാളത്തിലായിരിക്കണമെന്ന വാദം മുന്നോട്ടുവച്ചത് ഇ എം എസാണ്. ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നു രാജശേഖരന്‍. ഗ്രന്ഥാലയ ഭാഷയായി ഇംഗ്ലീഷിനെ നിലനിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു. സാംസ്കാരികമായ അധിനിവേശം കേരളസമൂഹത്തെ പിന്നോട്ടടിക്കുന്നുവെന്ന മുന്നറിയിപ്പ് നല്‍കുന്നതിലൂടെ നമ്മുടെ സാംസ്കാരിക സ്വത്വം തിരിച്ചുപിടിക്കാന്‍ ആവശ്യമായ കര്‍മപദ്ധതികളെക്കുറിച്ചാലോചിക്കാനുള്ള പ്രേരണ നല്‍കുകകൂടിയാണ് അദ്ദേഹം.

പ്രധാന വാർത്തകൾ
 Top