രണ്ടാം ലോകയുദ്ധത്തില്‍ വിജയം ഹിറ്റ്ലര്ക്കായിരുന്നെങ്കില് അംഗീകൃത ചരിത്രം മറ്റൊന്നാകുമായിരുന്നു. അതില്‍ ഹിറ്റ്ലര്‍ മഹാനാകുമായിരുന്നു. കാരണം, ചരിത്രം എഴുതുന്നത് എപ്പോഴും വിജയികളാണ്. 60 ലക്ഷത്തോളം ജൂതരെ നാസികള്‍ കൊന്നതായാണ് പറയുന്നത്്. ഈ കണക്ക് പൂര്‍ണമായും ശരിവച്ചാലും അമേരിക്കയിലുണ്ടായ വംശഹത്യയുമായി താരതമ്യംചെയ്താല്‍ ഹിറ്റ്ലറുടേത് നിസ്സാര കുറ്റകൃത്യമാകും. പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ യൂറോപ്പില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ വെള്ളക്കാരാല്‍ കൂട്ടക്കൊലചെയ്യപ്പെട്ട തദ്ദേശീയരുടെ എണ്ണം നാസികളാല്‍ കൊല്ലപ്പെട്ട ജൂതന്മാരുടെ എണ്ണത്തിന്റെ ഇരട്ടിയിലധികം വരും.ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മൊത്തക്കച്ചവടക്കാരായി വേഷംകെട്ടുന്ന പുതിയ അമേരിക്കക്കാര്‍ പഴയ അമേരിക്കക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയാണ് തങ്ങള്‍ കടന്നുവന്ന പുതിയ ലോകത്തിന്റെ അധിപരായത്്. യൂറോപ്പില്‍നിന്ന് ചതിയും അക്രമവുമായി വന്ന വെള്ളക്കാരാല്‍ സ്വന്തം മണ്ണില്‍ ഏറെക്കുറെ ഇല്ലാതാക്കപ്പെട്ട അമേരിക്കന്‍ ആദിവാസികളെക്കുറിച്ച് പുതിയ ഒരു പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. സി വി ഗംഗാധരന് എഴുതിയ "റെഡ് ഇന്ത്യന്‍സ്- അമേരിക്കന്‍ ആദിവാസികളുടെ ദുരിതകാലങ്ങള്‍'.
റെഡ് ഇന്ത്യന്‍സ് എന്നറിയപ്പെടുന്ന അമേരിക്കന്‍ ആദിവാസികളുടെ പൂര്‍വികര്‍ ഏതാണ്ട് 20,000 വര്‍ഷംമുമ്പ് ഏഷ്യയില്‍നിന്ന് സൈബീരിയ വഴി അമേരിക്കന്‍ വന്‍കരയുടെ പടിഞ്ഞാറുള്ള അലാസ്കയില്‍ എത്തിയവരാണെന്നാണ് കരുതപ്പെടുന്നത്. ഇരു അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും വ്യാപിച്ച ഇവരുടെ ജനസംഖ്യ അഞ്ച് നൂറ്റാണ്ടുമുമ്പ്- അതായത് അവിടേക്കുള്ള യൂറോപ്യന്‍ കടന്നുകയറ്റം ആരംഭിക്കുന്ന കാലത്ത്- ഇന്നത്തെ അമേരിക്കയില്‍മാത്രം രണ്ടു കോടിയോളം വരുമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. രണ്ടായിരത്തിലേറെ ഭാഷകളും ഉപഭാഷകളും എണ്ണൂറിലേറെ ഗോത്രങ്ങളും ഉപഗോത്രങ്ങളുമായി കഴിഞ്ഞുവന്ന ആ ജനത ഇന്ന് അവശേഷിക്കുന്നത് പരിഷ്കൃതിയുടെ പുറമ്പോക്കില്‍ അവര്‍ക്കായി നീക്കിയിട്ടിരിക്കുന്ന ഇരുനൂറില്പരം സംവരണപ്രദേശങ്ങളിലാണ്്. അവരുടെ ജനസംഖ്യയാകട്ടെ 30 ലക്ഷത്തില്‍ താഴെയും.15-19 നൂറ്റാണ്ട് കാലത്തിനിടയിലാണ് അമേരിക്കന്‍ ആദിവാസികള്‍ വെള്ളക്കാരാല്‍ ആസൂത്രിതമായി വംശഹത്യചെയ്യപ്പെട്ടത്. ആ വംശഹത്യയുടെ നടുക്കുന്ന വിവരങ്ങളാണ് ഈ ചെറുഗ്രന്ഥത്തിലുള്ളത്.
അമേരിക്കന്‍ ആദിവാസിവംശങ്ങളില് 80 ശതമാനത്തോളം നശിച്ചുപോയത് യൂറോപ്യന്മാര് സമ്മാനിച്ച പകര്‍ച്ചവ്യാധികള്‍ മൂലമായിരുന്നു. പ്രകൃതിയോടിണങ്ങി ജീവിച്ചുവന്ന അവര്‍ക്ക് തങ്ങള്‍ക്ക് അതുവരെ അജ്ഞാതമായിരുന്ന രോഗങ്ങളെ ചെറുക്കാന്‍ മാര്‍ഗങ്ങളുണ്ടായിരുന്നില്ല. പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടിലെ പരിഷ്കൃത അമേരിക്കന്‍ ഭരണാധികാരികള്‍പോലും അവശേഷിച്ച ആദിവാസികളെ കൂട്ടത്തോടെ കൊല്ലാന്‍ വസൂരി രോഗബീജങ്ങളടങ്ങിയ പുതപ്പുകള്‍ വിതരണംചെയ്തിരുന്നു. എന്നു മാത്രമല്ല, ആദിവാസികളുമായി ഉണ്ടാക്കിയ ഒരു ഉടമ്പടിയുടെ മറവിലായിരുന്നു ആ കൊടുംചതി എന്നുമറിയുക.
ബ്രിട്ടനിലും സ്പെയിനിലും ജര്‍മനിയിലുമെല്ലാം ക്രൈസ്തവ വിഭാഗങ്ങള്‍ തമ്മിലുണ്ടായ പോരുകളും യൂറോപ്പില്‍ പൊതുവെ നടമാടിയിരുന്ന കടുത്ത ദാരിദ്ര്യവും മറ്റുമാണ് അമേരിക്കന്‍ വന്‍കരകളില്‍ പുതിയ ഭൂമികകള്‍ തേടിപ്പോകാന്‍ ആദ്യകാലത്ത് വെള്ളക്കാരെ പ്രേരിപ്പിച്ചത്. എന്നാല്‍, ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ച തദ്ദേശീയജനതകളെ പിന്നീട് മതത്തിന്റെ പേരില്‍പ്പോലും പീഡിപ്പിക്കുകയും ഇല്ലാതാക്കുകയുമാണ് അതിഥികള്ചെയ്തത്. പതിനെട്ടാം നൂറ്റാണ്ടില്‍ പാക്സ്ടണ് ബോയ്സ് എന്ന വെള്ളക്കാരുടെ കുപ്രസിദ്ധ അക്രമിസംഘം പെന്‍സില്‍വാനിയയിലും സമീപപ്രദേശങ്ങളിലും ആദിവാസികളെ കശാപ്പുചെയ്ത് അഴിഞ്ഞാടിയിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത ആദിവാസികളെപ്പോലും അക്രമികള്‍ വെറുതെവിട്ടിരുന്നില്ല.ഇത്തരം ചതികളും അക്രമങ്ങളും ചെറുത്ത ധീരരായ ആദിവാസിനേതാക്കളും അവരുടെ ചരിത്രത്തിലുണ്ട്.
1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന് പിയേഴ്സ് ആദിവാസികളുടെ ഭൂമി വാങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച് എഴുതിയ കത്തിന് സിയാറ്റില്‍ മൂപ്പന് എഴുതിയ മറുപടി എക്കാലവും അധീശത്വങ്ങള്ക്കെതിരായ പോരാട്ടങ്ങളെ ആവേശം കൊള്ളിക്കുന്നതാണ്. എങ്ങനെയാണ് നിങ്ങള്‍ക്ക് ആകാശവും ഭൂമിയും വാങ്ങാനോ വില്‍ക്കാനോ കഴിയുക എന്ന ആ ആദിവാസി മൂപ്പന്റെ ചോദ്യം ഇന്നും എവിടെയും അലയടിക്കുന്നുണ്ട്.ഒക്ലഹോമ, കലിഫോര്‍ണിയ, ന്യൂ മെക്സിക്കോ, അരിസോണ എന്നീ നാല് സംസ്ഥാനങ്ങളിലാണ് അമേരിക്കയിലെ അവശേഷിക്കുന്ന ആദിവാസികളില്‍ ഭൂരിപക്ഷവും ഇന്നുള്ളത്. 1924ല്‍ മാത്രമാണ് ഇവര്‍ക്ക് അമേരിക്ക പൗരത്വം നല്കിത്തുടങ്ങിയത്. അതും ഉപാധികളോടെ. അമേരിക്കയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അധ്യായമാണ് പുസ്തകം ഓര്‍മിപ്പിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..