23 May Thursday

നിരൂപണത്തിന്റെ നേര്‍വഴി

ബി അബുരാജ്Updated: Sunday Aug 24, 2014

ഒരു ചിത്രകാരന്‍ എന്തെങ്കിലും സൃഷ്ടിക്കുന്നുവെന്ന് നമുക്ക് പറയാനാകുമോ? ചോദ്യം പ്ലേറ്റോയുടേതാണ്;  ദി റിപ്പബ്ലിക്കില്‍. "തീര്‍ച്ചയായും ഇല്ല, അയാള്‍ കേവലം അനുകരിക്കുക മാത്രമാണ്' എന്ന് തന്റെ മാതൃകാരാജ്യത്തുനിന്ന് കലയെയും സാഹിത്യത്തെയും നിഷ്കാസനം ചെയ്യുമെന്ന് പ്രഖ്യാപിച്ച ഗ്രീക്ക് ദാര്‍ശനികന്‍ സ്വയം ഉത്തരം കണ്ടെത്തുന്നു. ചരിത്രത്തില്‍ മൗലികതയെ സംബന്ധിച്ച ആദ്യ അഭിപ്രായപ്രകടനമായിരിക്കും പ്ലേറ്റോയുടേത്.

സാഹിത്യഭാവനയുടെ സഞ്ചാരപഥങ്ങള്‍ ഓരോ എഴുത്തുകാരനും അവന്റേതുമാത്രവും അവന്‍ സ്വയം വെട്ടിത്തെളിക്കുന്നതുമായിരിക്കണമെന്ന നിര്‍ബന്ധം പ്ലേറ്റോയെ നിഷേധിക്കാനുള്ള പില്‍ക്കാല ദാര്‍ശനിക ലോകത്തിന്റെ ആവേശത്തില്‍നിന്ന് ഉടലെടുത്തതാണ്. മൗലികത സാഹിത്യത്തിന്റെ ശക്തിയും മേന്മയുടെ അളവുകോലുമാണെന്ന നിലപാട് വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. സാഹിത്യരചനകളുടെ മൗലികത (ീൃഴശിമഹശേ്യ) യെ സംബന്ധിച്ച ചിന്തകളെ വീണ്ടും ഉണര്‍ത്തുന്നത് മലയാളത്തിലെ തലയെടുപ്പുള്ള നിരൂപകരിലൊരാളായ കെ എസ് രവികുമാറിന്റെ "ആധുനികതയുടെ അപാവരണങ്ങള്‍' എന്ന നിരൂപണഗ്രന്ഥമാണ്. ഗ്രന്ഥകാരന്‍തന്നെ ചൂണ്ടിക്കാണിക്കുംപോലെ മലയാളത്തിലെ ആധുനികതാപ്രസ്ഥാനത്തെയാണ് ഇതിലെ ലേഖനങ്ങള്‍ മുഖ്യമായും അഭിസംബോധനചെയ്യുന്നതെങ്കിലും അതിലേക്കുള്ള യാത്ര കാണാമറയത്തെ ക്ലാസിക്കല്‍കാലത്തിലാണ് തുടങ്ങുന്നത്.രവികുമാര്‍ ചെറുകഥാപഠനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുന്നയാളാണ്. എന്നാല്‍, അതിനപ്പുറം കടന്ന് സംസ്കാരത്തെയും ഭാഷയെയും പൊതുവില്‍ ചര്‍ച്ചാവിഷയമാക്കുന്ന പുസ്തകമാണ് ആറുഭാഗങ്ങളായി തിരിച്ചിട്ടുള്ള ആധുനികതയുടെ അപാവരണങ്ങള്‍.

ഇതിന്റെ തുടക്കമാണ് മൗലികതയെ സംബന്ധിച്ച ലേഖനം. പതിനെട്ടാംനൂറ്റാണ്ടില്‍ കാല്‍പ്പനികത വ്യക്തിവാദത്തിന് നല്‍കിയ പ്രാധാന്യത്തില്‍നിന്നാണ് മൗലികതയുടെ ദിവ്യത്വം ഉയിരെടുക്കുന്നതെന്ന് രവികുമാര്‍ ശരിയായി നിരീക്ഷിക്കുന്നു. എന്നാല്‍, അതിനുമപ്പുറം ഉല്‍പ്പാദനബന്ധങ്ങളില്‍ വന്ന മാറ്റങ്ങളുമായി ഇതിനെ കൂട്ടിയിണക്കുന്നിടത്താണ് നിരൂപകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം വെളിപ്പെടുന്നത്. "മുതലാളിത്തം സംസ്കാരവ്യവസായത്തിന്റെ വിപണിസാധ്യത'&ൃെൂൗീ;തിരിച്ചറിഞ്ഞതോടെ മൂല്യത്തിന്റെ അളവുകോലായി മൗലികത അവതരിപ്പിക്കപ്പെടുകയായിരുന്നു. ഒരു എഴുത്തുകാരനും ശൂന്യതയില്‍നിന്നല്ല തന്റെ രചനകള്‍ സൃഷ്ടിക്കുന്നതെന്നതിനാല്‍ കൃതിയുടെ നിര്‍മിതിക്ക് രചയിതാവ് ഉപയോഗിച്ചതെല്ലാം പാടേ സ്വന്തമാണ് എന്ന വാദം അര്‍ഥശൂന്യമാണെന്നതില്‍ രവികുമാറിന് സംശയമേയില്ല.

പ്രവാസവും കഥാസാഹിത്യവും തമ്മിലുള്ള ബന്ധം വിശകലനംചെയ്യുന്നതാണ് അടുത്ത ലേഖനം. ഇതിഹാസങ്ങളില്‍പ്പോലും പ്രവാസജീവിതം വിഷയമാകുന്നുണ്ട്. ജീവിതം കരുപ്പിടിപ്പിക്കാനായി മലയാളികള്‍ സഹ്യനപ്പുറത്തേക്കും കടലുകടന്നും യാത്രചെയ്തപ്പോള്‍ മലയാളകഥാസാഹിത്യത്തില്‍ അനിവാര്യമായ പ്രമേയമായി പ്രവാസം കടന്നുവന്നു. അന്യവല്‍ക്കരണത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും കഥകളായിരുന്നു അവ. ഇക്കൂട്ടത്തില്‍ കോവിലനെപ്പോലെയുള്ളവര്‍ വ്യത്യസ്തരാകുന്നതെങ്ങനെയെന്ന് രവികുമാറിലെ സൂക്ഷ്മഗ്രാഹി കണ്ടെത്തുന്നു. മഹാഭാരതം: യുദ്ധത്തിന്റെ അപരപാഠങ്ങള്‍, വ്യാസവിരചിതമായ ഇതിഹാസം എങ്ങനെ ലോകസാഹിത്യത്തിലെ ഏറ്റവും വലിയ യുദ്ധവിരുദ്ധ കൃതിയായിത്തീരുന്നു എന്ന പരിശോധനയാണ്. വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ മാനവികതയുടെ ഇതിഹാസമാണെന്നു സ്ഥാപിക്കുന്ന അടുത്ത ലേഖനം നാലപ്പാടന്റെ പാവങ്ങളുടെ പരിഭാഷ മലയാളത്തില്‍ പുതിയൊരു ഗദ്യസംസ്കാരത്തിന് തുടക്കംകുറിച്ചതെങ്ങനെ എന്നുകൂടി നമ്മെ ബോധ്യപ്പെടുത്തുന്നു.ചന്തുമേനോന്‍, ഉറൂബ്, തകഴി, എം ടി, കാക്കനാടന്‍, ഒ വി വിജയന്‍, മുകുന്ദന്‍ തുടങ്ങിയവരുടെ രചനകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.

ഇരുപതാംനൂറ്റാണ്ടില്‍ മലയാളചെറുകഥ കൈവരിച്ച ഭാവുകത്വപരിണാമത്തെക്കുറിച്ച് ആഴത്തിലുള്ള വിചിന്തനങ്ങള്‍ മുമ്പും നടത്തിയിട്ടുള്ള നിരൂപകനില്‍നിന്ന് സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന രചനകളാണ് ഇതെല്ലാം. അതേ അര്‍ഥത്തിലും ഗൗരവത്തിലുമുള്ള ഏതാനും കവിതാപഠനങ്ങള്‍കൂടി ആധുനികതയുടെ അപാവരണങ്ങളില്‍ കാണാം. കുമാരനാശാന്റെ വീണപൂവ്, വൈലോപ്പിള്ളിയുടെയും കടമ്മനിട്ടയുടെയും ഒളപ്പമണ്ണയുടെയും ചങ്ങമ്പുഴയുടെയും കവിതകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കാവ്യനിരൂപണങ്ങള്‍ ശ്രദ്ധേയമാണ്. അയ്യപ്പപ്പണിക്കരുടെ ഗോത്രയാനത്തെ ധ്യാനകവിതയുടെ പുനരാഗമനമായി രവികുമാര്‍ കാണുന്നു.പരമ്പരാഗത നിരൂപകര്‍ രാഷ്ട്രീയത്തെ സാഹിത്യത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ ഇന്നും പരിശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു സാംസ്കാരികോല്‍പ്പന്നവും രാഷ്ട്രീയനിര്‍മുക്തമല്ലെന്ന് സച്ചിദാനന്ദന്‍ കവിതകളുടെ പഠനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു.

വിലാസിനിയുടെ അത്രതന്നെ ശ്രദ്ധിക്കപ്പെടാതെപോയ നോവലെറ്റാണ് യാത്രാമുഖം. മലയാളസാഹിത്യത്തിലെ വലുപ്പംകൊണ്ട് ഒന്നാംസ്ഥാനത്തുനില്‍ക്കുന്ന അവകാശികളുടെ കര്‍ത്താവാണ് വിലാസിനി. അദ്ദേഹം അവസാനകാലത്ത് മൃതിയെ വിഷയമാക്കി രചിച്ച യാത്രാമുഖം കണ്ടെത്തി വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു കുറിപ്പ് ഇതിലുണ്ട്.നിരൂപണത്തിലെ തന്റെ പൂര്‍വസൂരികളായ മുണ്ടശ്ശേരി, പി കെ ബാലകൃഷ്ണന്‍, എം കൃഷ്ണന്‍നായര്‍, സുകുമാര്‍ അഴീക്കോട് എന്നിവരെക്കുറിച്ചുള്ളതാണ് നാലാംഭാഗം. ഇതില്‍ സാഹിത്യചരിത്രത്തില്‍ ഇടംപിടിച്ച ഒരവതാരിക അദ്ദേഹം എടുത്തുകാട്ടുന്നു. ചിത്രകാരനായ എം വി ദേവന്‍ അയ്യപ്പപ്പണിക്കരുടെ കൃതികള്‍ക്കെഴുതിയ അവതാരികയാണ് അത്.കഥ, കവിത, നിരൂപണം എന്നിങ്ങനെ വ്യത്യസ്തമായ മേഖലകളിലൂടെ രവികുമാറിലെ നിരൂപണപ്രതിഭ സഞ്ചരിക്കുന്നു. സാഹിത്യവിദ്യാര്‍ഥികള്‍ക്കുമാത്രമല്ല, സാഹിത്യകുതുകികളായ സാധാരണക്കാര്‍ക്കും വായനയുടെ വഴികളില്‍ വെളിച്ചമാകുന്നവയാണ് ഇതിലെ ഉള്ളടക്കം.

പ്രധാന വാർത്തകൾ
 Top