26 September Saturday

സാന്‍ മിഷേലിന്റെ കഥ ആത്മവിശ്വാസത്തിന്റെ ഔഷധം

വെബ് ഡെസ്‌ക്‌Updated: Sunday Jul 20, 2014

രാത്രി കൂടുതല്‍ ഇരുണ്ടതായേക്കാം. തലയ്ക്കുമീതെ താരകങ്ങള്‍ ഉദിക്കാതിരിക്കാം. പുലരിയെച്ചൊല്ലി പ്രതീക്ഷപോലും ഇല്ലാതെ വരാം. പക്ഷേ, ഇതിനുമുമ്പുതന്നെ ഞാന്‍ ഇരുട്ടിലായിരുന്നുവല്ലോ. മരിച്ചു കഴിഞ്ഞാല്‍ ഏകനായി മാറിയേക്കാം. എന്നാല്‍, ജീവിച്ചിരിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ ഏകാന്തത അനുഭവപ്പൊടാനില്ല"".

ലോകം കണ്ട മികച്ച ആത്മകഥകളിലൊന്നായ എക്സല്‍ മുന്തേയുടെ "സാന്‍ മിഷേലിന്റെ കഥ"യുടെ ആമുഖക്കുറിപ്പ് എഴുത്തുകാരന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

1936ല്‍ എഴുതിയ ആ വരികള്‍ ഇന്നും മനുഷ്യന്റെ എല്ലാ അഹങ്കാരങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും മീതെ ജ്വലിച്ചുനില്‍ക്കുന്നു. എല്ലാ സൗകര്യങ്ങളും വിരല്‍ത്തുമ്പില്‍ ഊഞ്ഞാലാടുന്ന ഇക്കാലത്തും അപാരമായ ഏകാന്തതയും വിരസതയും പിടികൂടി ഒന്നിലും ഉറച്ചുനില്‍ക്കാതെ കിതയ്ക്കുന്നവര്‍ക്ക് ഈ പുസ്തകം ആത്മവിശ്വാസം നല്‍കുന്നു.

എന്നെ സ്വാധീനിച്ച നിരവധി ആത്മകഥകളുണ്ട്. ഇംഗ്ലീഷിലും ഇതര ഭാഷകളിലുമുള്ള ആത്മകഥകളുടെ പരിഭാഷകള്‍ വാങ്ങി വായിക്കുകയും സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എപ്പോഴും പ്രചോദനം പകരുന്ന ചാര്‍ളി ചാപ്ലിന്റെ ആത്മകഥ, ബഞ്ചമിന്‍ ഫ്രാങ്കിളിന്റെ ആത്മകഥ, ഹെന്‍ട്രി ഷാരിയറുടെ പാപ്പിയോണ്‍ തുടങ്ങി നമ്മുടെ കാലഘട്ടത്തില്‍ ഇതിഹാസമാനമുള്ള രചനകള്‍ സമ്മാനിക്കുന്ന ഓര്‍ഹന്‍ പാമുക്കിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ "നിറഭേദശങ്ങള്‍" വരെ ഞാന്‍ ആവര്‍ത്തിച്ച് വായിക്കുന്നു. എന്നാല്‍, ഇവയിലെല്ലാം ചില അപൂര്‍ണതകള്‍ ഈ എളിയ വായനക്കാരന് തോന്നാറുണ്ട്. എവിടെയോ എന്തൊക്കെയോ മറച്ചുവയ്ക്കുന്നതായി അനുഭവപ്പെടും.

എഴുതപ്പെട്ട ആത്മകഥകളില്‍ കൂടുതല്‍ സത്യസന്ധമായ ഒന്ന് മഹാത്മാഗാന്ധിയുടേതാണെന്നു തോന്നുന്നു. അത് സത്യസന്ധമായ സ്വജീവിതമെഴുത്തായി നില്‍ക്കുമ്പോള്‍ത്തന്നെ സാന്‍ മിഷേലിന്റെ കഥ മറ്റൊരുതലത്തില്‍ പ്രചോദനമായും ജീവിതമെന്ന പൊള്ളുന്ന സത്യത്തെ അതിജീവിക്കാനുള്ള ഔഷധമായും തീരുന്നു. ആത്മവിശ്വാസത്തിന്റെ നട്ടെല്ലുകള്‍ ഒടിഞ്ഞുപോകുന്ന നേരത്ത് ഈ പുസ്തകത്തിലെ വരികളിലൂടെ ഒരു സഞ്ചാരം നടത്തിയാല്‍ മനുഷ്യന്റെ ചെറുപ്പവും ജീവിതത്തിന്റെ വ്യാപ്തിയും ബോധ്യപ്പെടും. ആള്‍ദൈവങ്ങളും പുരോഹിതന്മാരും മനുഷ്യമനസ്സിനെ വലവീശി കീഴ്പ്പെടുത്തി മേയുന്ന കാലത്ത് എക്സല്‍ മുന്തേയുടെ രചനയ്ക്ക് പ്രാധാന്യം ഏറെയാണ്.

ഒരു മനുഷ്യന്‍ അയാളെ എങ്ങനെ തിരിച്ചറിയണമെന്ന് മനസ്സിലാക്കിത്തരുകയാണ് സാന്‍ മിഷേലിന്റെ കഥ. ഒരാള്‍ സമൂഹത്തില്‍ ഏതെങ്കിലുമൊരു തലത്തില്‍ ഉപകാരപ്പെടുന്ന വ്യക്തിയായി മാറുമ്പോള്‍ അയാള്‍ എങ്ങനെ ജീവിക്കണമെന്ന മാര്‍ഗം കാട്ടുകയും ചെയ്യുന്നു മുന്തെ.

ആരോഗ്യമുള്ളപ്പോള്‍, പ്രതാപവും പണവും സകലസൗകര്യങ്ങളുള്ളപ്പോള്‍, രാജകുടുംബാംഗങ്ങളും സമ്പന്നരും ഈ ഡോക്ടറെ ഒന്നുകാണാന്‍ കാത്തുനില്‍ക്കുമ്പോള്‍, പാവപ്പെട്ടവര്‍ക്കും പുറമ്പോക്കിലകപ്പെട്ട കുറെ മനുഷ്യര്‍ക്കുമൊപ്പം ചെലവഴിക്കാന്‍ ഈ മഹാന്‍ സമയം കണ്ടെത്തി. ഇത്തരം ചില ജീവിതനിമിഷങ്ങളിലേക്ക് കയറിച്ചെല്ലുമ്പോഴാണ് ഒരു മനുഷ്യന്‍ യഥാര്‍ഥ ദാര്‍ശനികനായി മാറുന്നത്. ഏതു മനുഷ്യനും ഏതെങ്കിലുമൊക്കെ നിമിഷങ്ങളില്‍ നിസ്സഹായനായി നില്‍ക്കുന്നുണ്ടാകും. അത്തരം ആളുകളെയാണ് ആള്‍ ദൈവങ്ങളും പുരോഹിതരും മതാധിഷ്ഠിത രാഷ്ട്രീയപ്രമാണിമാരും തങ്ങളുടെ ഭക്തന്മാരാക്കി കീഴ്പ്പെടുത്തുന്നത്. മതവും രാഷ്ട്രീയവും കൂടിച്ചേരുന്ന ഇന്ത്യയുടെ വര്‍ത്തമാനകാലത്ത് മനുഷ്യമനസ്സ് നിര്‍ദാക്ഷിണ്യം വിഭജിക്കപ്പെടുമ്പോള്‍ എക്സല്‍ മുന്തെയുടെ പുസ്തകം കൂടുതല്‍ പ്രസക്തമായ വായനാതലങ്ങള്‍ നമുക്ക് നല്‍കാതിരിക്കില്ല.

ഇതിന്റെ വിവര്‍ത്തനം മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ അവതാരികയെഴുതിയത് എം ടി വാസുദേവന്‍നായരാണ്. "ചട്ടവട്ടങ്ങളനുസരിച്ചുള്ള ഒരു ആത്മകഥയോ ഓര്‍മക്കുറിപ്പോ അല്ല ഈ ഗ്രന്ഥം. ജീവിതകാലത്ത് കണ്ടുമുട്ടിയ ചില മനുഷ്യര്‍, സംഭവങ്ങള്‍, അവിസ്മരണീയമായ ചില ജീവിതസന്ധികള്‍, ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന ഈ ചിത്രങ്ങള്‍ വരച്ചെടുക്കുകയാണ് സാന്‍ മിഷേലിന്റെ കഥാകാരന്‍ ചെയ്യുന്നത്"- എം ടി എഴുതി.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ എഴുതപ്പെട്ട സാന്‍ മിഷേലിന്റെ കഥയില്‍ മുന്തെയുടെ ചില നിരീക്ഷണങ്ങള്‍ ഇന്നും പുതുമ നഷ്ടമാകാതെ നിലനില്‍ക്കുന്നു. മനുഷ്യബന്ധങ്ങളെപ്പറ്റി പറയുന്നത് ഇവയില്‍ ശ്രദ്ധേയം.

"സ്നേഹം ഒരു പൂവാണ്. അല്‍പ്പായുസ്സാണത്. പുരുഷനില്‍ അത് വിവാഹത്തോടെ സ്വാഭാവികമരണമടയുന്നു. സ്ത്രീയുടെ ലോകത്ത് അത് ഒടുക്കംവരെ നിലനില്‍ക്കുന്നു. തകര്‍ന്നുവീണ സ്വപ്നായകനോടുള്ള സ്നേഹം മാതൃസ്നേഹമായി രൂപാന്തരപ്പെടുമെന്നു മാത്രം."

പുരുഷന്‍ പ്രകൃത്യാ കൂടുതല്‍ ഇണകളെ കൊതിക്കുന്നവനാണെന്നും സ്ത്രീക്കത് മനസ്സിലാകില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അവിഹിതബന്ധങ്ങളും ഫേസ്ബുക്കും ഇമെയിലും മൊബൈല്‍ പ്രണയവും അരങ്ങുവാഴുന്ന പുതുകാലത്ത് സംഭവിക്കുന്ന പലതിലേക്കുമാണ് ഡോക്ടര്‍ അന്നേ വിരല്‍ചൂണ്ടുന്നതെന്നു തോന്നും; ഇതു വായിക്കുമ്പോള്‍.

ഒരു പുസ്തകത്തെ തൊടുക എന്നുപറഞ്ഞാല്‍ ഒരു ജീവിതത്തെ തൊടുക എന്നാണര്‍ഥം. ഒരു ജീവിതത്തെ തൊടുമ്പോള്‍ അന്നോളമറിയാത്ത ജീവിതവും പ്രതീക്ഷകളും സ്വപ്നങ്ങളും യാഥാര്‍ഥ്യവും തുടങ്ങി നിരവധി അനുഭവങ്ങള്‍ ഒരാള്‍ക്ക് ഒന്നിച്ച് കിട്ടുന്നു. ബ്രിട്ടനില്‍മാത്രം 80 പതിപ്പ് പുറത്തുവന്ന, 30 ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട സാന്‍ മിഷേലിന്റെ കഥ ഇന്നും ആളുകള്‍ തേടിപ്പിടിച്ച് വായിക്കുന്നത് ഇത്തരം അനുഭവങ്ങളെ തങ്ങളുടേതുകൂടിയാക്കി ആത്മവിശ്വാസം നേടുന്നതിനാണ്.

താനൊരു ഗ്രന്ഥകാരനല്ലെന്നും ആകാനാഗ്രഹിച്ചിട്ടില്ലെന്നും മുന്തെ പറയുന്നു. എന്നാല്‍, "സ്വയം തീര്‍ക്കുന്ന കുരിശുകള്‍ ചുമക്കാനല്ലാതെ മറ്റെന്തിനാണ് മനുഷ്യന് ചുമലുകള്‍ നല്‍കിയിട്ടുള്ളതെന്ന്" എഴുതിയ ഒരു മനുഷ്യനെ പ്രതിഭയുടെ തേജസ്സാര്‍ന്ന എഴുത്തുകാരന്‍ എന്നല്ലാതെ എന്താണ് നാം വിളിക്കുക.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top