മാറിയ കാലത്തെയും ഭാവുകത്വത്തെയും ഉൾക്കൊണ്ട് സാഹിത്യ - സാംസ്‌കാരിക പത്രപ്രവർത്തനത്തിൽ ആശയപ്പുതുമകൾ സാക്ഷാൽക്കരിച്ച പത്രാധിപർ കെ സി നാരായണൻ സംസാരിക്കുന്നു
മലയാളം കടപ്പെട്ട പത്രാധിപനിരയിലാണ് കെ സി നാരായണന് സ്ഥാനം. മാറിയ കാലത്തെയും ഭാവുകത്വത്തെയും ഉൾക്കൊണ്ട് സാഹിത്യ – സാംസ്‌കാരിക പത്രപ്രവർത്തനത്തിൽ ആശയപ്പുതുമകൾ സാക്ഷാൽക്കരിച്ച പത്രാധിപർ; കാമ്പും കാതലുമുള്ള വിഷയങ്ങൾ അവതരിപ്പിച്ച് തന്റെ പ്രസിദ്ധീകരണത്തിന്റെ പേജുകളെ സംവാദവേദികളാക്കി മാറ്റിയ എഡിറ്റർ; എഴുത്തുകാരുടെ രചനാവൈവിധ്യങ്ങൾ കണ്ടെടുത്ത പത്രാധിപർ.
വാരാന്തപ്പതിപ്പിനും ആഴ്‌ചപ്പതിപ്പിനും മാസികയ്‌ക്കും കാലോചിതമായ ഉള്ളടക്ക സമ്പന്നതയും മുഖവും നൽകി എഴുത്തുകാർക്കും വായനക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട പത്രാധിപരായി മാറാൻ കെ സി നാരായണന് സാധിച്ചു. മാതൃഭൂമിയിലും ഭാഷാപോഷിണിയിലും പ്രവർത്തിച്ച് നാല് പതിറ്റാണ്ടിന്റെ സമഗ്രസമ്പുഷ്ടമായ പ്രവർത്തന പരിചയവുമായി പടിയിറങ്ങിയ കെ സി ‘മഹാഭാരതം ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയർ’ എന്ന പുസ്‌തകത്തിലൂടെ വിസ്‌മയിപ്പിക്കുന്ന നിരീക്ഷണങ്ങൾ നടത്തി എഴുത്തുകാരന്റെ പുതിയ മേൽവിലാസത്തിൽ ജീവിക്കുകയാണ്.
മലയാളത്തിലെ മികച്ച സാഹിത്യ– സാംസ്‌കാരിക പഠനപുസ്‌തകമായ ‘മലയാളിയുടെ രാത്രികൾ’ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ‘ബലിയപാലിന്റെ പാഠങ്ങളാ’ണ് ആദ്യ പുസ്‌തകം. പാലക്കാട് ജില്ലയിലെ ശ്രീകൃഷ്‌ണപുരമാണ് കെ സി നാരായണന്റെ ദേശം. തിരുവാഴിയോടൻ വെറ്റിലയുടെ മൃദുലതയും തോട്ടര കത്തിയുടെ മൂർച്ചയും പ്രസിദ്ധമാണ്. ഈ ദേശങ്ങൾക്കിടയിലാണ് കെ സിയുടെ നാട്. ഭാഷയിൽ തിരുവാഴിയോടൻ വെറ്റിലയുടെ മൃദുലതയും ചിന്തയിൽ തോട്ടരക്കത്തിയുടെ മൂർച്ചയുമാണ് കെ സിയുടെ എഴുത്ത് ഒാർമിപ്പിക്കുന്നത്. കെ സി നാരായണനുമായി ദീർഘ സംഭാഷണം.

കെ സി നാരായണനും ഡോ. എൻ പി വിജയകൃഷ്‌ണനും -ഫോട്ടോ: എം എസ് വിശ്വനാഥൻ, അങ്ങാടിപ്പുറം
? മലയാളത്തിന് നല്ലൊരു കോളേജ് അധ്യാപകനെ നഷ്ടപ്പെട്ടു; പകരം നല്ലൊരു പത്രാധിപരെ ലഭിച്ചു. ഇതാണ് കെ സി നാരായണന്റെ നഷ്ടലാഭങ്ങൾ. പി എസ് സി ഒന്നാം റാങ്കോടെ ജയിച്ച് കോളേജിൽ നിയമനം ലഭിച്ചിട്ടും പത്രപ്രവർത്തനം തെരഞ്ഞെടുത്തതെന്തേ.
= എനിക്ക് ആത്മവിശ്വാസവും ആനന്ദവുമുള്ള ജോലിയാണ് പത്രപ്രവർത്തനം. എം എ കഴിഞ്ഞ് ഞാൻ ട്യൂട്ടോറിയൽ കോളേജിൽ പഠിപ്പിച്ചിട്ടുണ്ട്. ഞാനൊരു നല്ല അധ്യാപകനല്ല എന്ന് സ്വയം തോന്നി. പിന്നീട് ഡൽഹിയിലേയ്‌ക്ക് പോയി, ഗവേഷണത്തിന്. ആ സമയത്താണ് മാതൃഭൂമിയിൽ നിയമനം ലഭിക്കുന്നത്. അവിടെ ചെന്നപ്പോൾ ആ പണിയാണ് എനിക്ക് ഇണങ്ങുക എന്ന് മനസ്സിലായി.
വി പി രാമചന്ദ്രൻ എന്നെ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല ഏൽപ്പിച്ചു. പത്രപ്രവർത്തനത്തിലെ വിവിധ വശങ്ങൾ പരിചയപ്പെടാൻ ഈ കാലം സഹായകമായി. എനിക്കതിൽ രസം കയറി. ഞാനത് ആസ്വദിയ്‌ക്കുന്നുണ്ടായിരുന്നു. അഞ്ചുകൊല്ലം കഴിഞ്ഞു. 1979‐ൽ മാതൃഭൂമിയിൽ സമരം വന്നു. നിസാർ അഹമ്മദ്, കാരശ്ശേരി തുടങ്ങിയ സുഹൃത്തുക്കൾ മാതൃഭൂമിയിലെ ജോലിസുരക്ഷയെക്കുറിച്ചൊക്കെ മുന്നറിയിപ്പ് നൽകി.
അവരുടെ നിർബന്ധം കാരണം പിഎസ്‌സി ടെസ്‌റ്റ് എഴുതി. ഫസ്‌റ്റ് റാങ്ക് കിട്ടി. നിയമന ഉത്തരവ് വന്നു. അന്ന് എം അച്യുതൻ മാതൃഭൂമിയിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കോളേജിൽ ചേരാൻ നിർബന്ധിച്ചു. ഇന്റർവ്യൂ ബോർഡിൽ തിരുനല്ലൂർ കരുണാകരൻ ഉണ്ട്. അദ്ദേഹം പത്രപ്രവർത്തനം നല്ലതല്ലേ എന്ന് ചോദിച്ചപ്പോൾ എനിക്ക് പഠിപ്പിക്കാൻ ഇഷ്‌ടമാണെന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അങ്ങനെ തോന്നി എന്നുമാത്രം. എന്റെ പത്നി ഷീലയുടെ അച്ഛൻ പ്രൊഫസറായിരുന്നു. കുടുംബത്തിൽ പ്രഗത്ഭരായ അധ്യാപകർ വേറെയും. ഷീലയുടെ കാഴ്‌ചപ്പാടിലും ഞാനൊരു മോശം അധ്യാപകനായിരുന്നു. മാതൃഭൂമിയുടെ മേൽവിലാസം അന്ന് ആഘോഷവുമായിരുന്നു. ശമ്പളത്തിലും വ്യത്യാസം ഉണ്ടായിരുന്നു. എനിക്ക് ആത്മാനന്ദം നൽകുന്ന ജോലി പത്രപ്രവർത്തനമാണെന്ന് തിരിച്ചറിഞ്ഞ് മാതൃഭൂമിയിൽ തുടർന്നു.
? കെ സിയിലെ ആദ്യകാല പത്രപ്രവർത്തകനെ ഇന്ന് എങ്ങനെ നോക്കിക്കാണുന്നു.
= റിപ്പോർട്ടിങ്ങാണ് പ്രധാന പത്രപ്രവർത്തനം. വാർത്ത കണ്ടെത്തി റിപ്പോർട്ട് ചെയ്യലാണ് വർക്കിങ് ജേർണലിസ്‌റ്റിന്റെ ധർമം. അതെല്ലാം ചമയിച്ച് ഒരുക്കലാണ് എഡിറ്ററുടെ ജോലി. റിപ്പോർട്ടർ ആയില്ലെങ്കിൽ യഥാർഥ പത്രപ്രവർത്തകനാവില്ല. ഞാൻ റിപ്പോർട്ടർ അല്ല. മാഗസിൻ ജേർണലിസമാണ് എന്റെ മേഖല. എനിക്ക് ഇഷ്ടവും അതാണ്. വിഷയങ്ങൾ കണ്ടെത്തുക, അത് എഴുതാൻ ആളെ കണ്ടെത്തുക, എഴുതിപ്പിക്കുക ഇതിലൊക്കെയാണ് എനിയ്‌ക്ക് ആനന്ദം.
? പത്രാധിപർക്ക് സാഹിത്യ അഭിരുചി എത്രത്തോളം വേണ്ടതുണ്ട്. കെ സിയിലെ സാഹിത്യ തൽപ്പരത്വമാണോ മാഗസിൻ ജേർണലിസത്തിന് തുണയായത്.
= സാഹിത്യാഭിരുചികൊണ്ട് മാത്രം നടക്കില്ല. എന്നെക്കാൾ സാഹിത്യ അഭിരുചിയുള്ളവർ, സാഹിത്യകാരന്മാർ ഉണ്ട്. അവരിൽ പലരും വിജയിച്ചില്ല. കെ ബാലകൃഷ്‌ണനും എസ് ജയചന്ദ്രൻനായരും യഥാർഥത്തിൽ സാഹിത്യകാരന്മാരല്ല, നന്നായി എഴുതുന്നവരാണ്. ആരെക്കൊണ്ട് എന്ത് എഴുതിക്കണം എന്ന ഇൻട്യൂഷൻ അവരിലുണ്ട്. എം ടി വാസുദേവൻനായർ സാഹിത്യകാരനായി വിജയിച്ച പത്രാധിപരാണ്. മാതൃഭൂമിയിൽ പി ടി ഉഷയെപ്പറ്റി ഒരു ഫീച്ചർ ചെയ്യണം. പുതുമ വേണം. പലരോടും ചർച്ച ചെയ്‌തു. വ്യക്തത വന്നില്ല. അപ്പോഴാണ് അക്‌ബർ കക്കട്ടിലിനെ ഓർമ വന്നത്. പി ടി ഉഷയുടെ നാട്ടിൽനിന്ന് വരുന്ന അക്‌ബർ കക്കട്ടിലിനെക്കൊണ്ട് പി ടി ഉഷയെക്കുറിച്ച് എഴുതിപ്പിച്ചു. കക്കട്ടിൽ അതുവരെ സ്പോർട്ട്‌സിനെപ്പറ്റി എഴുതിയിട്ടില്ല. ഇയൊരു കണ്ണാണ് പത്രാധിപർക്ക് വേണ്ടത്.
? ഈ മൂന്നാംകണ്ണ് എങ്ങനെയാണ് തുറക്കുക.
= പത്രാധിപർക്ക് എഴുത്തുകാരോട് അസൂയ ഉണ്ടാവരുത്. അയാൾ എഴുതിയാൽ എന്നേക്കാൾ നന്നാവും എന്ന വികാരം വരരുത്. ഞാനൊരു എഴുത്തുകാരനായിരുന്നുവെങ്കിൽ ചിലപ്പോൾ ആ വികാരം വരാം; വരാതിരിക്കാം. അയാളെ അത്രയ്‌ക്കങ്ങു പൊന്തിക്കണ്ട തുടങ്ങിയ വിചാരങ്ങൾ വന്നാൽ തീർന്നു. പിന്നെ പത്രാധിപത്യം നടക്കില്ല. എനിക്ക് എന്റെ പ്രസിദ്ധീകരണം ഗംഭീരമാവണം എന്നേയുള്ളൂ. എനിക്ക് ആഴ്‌ചപ്പതിപ്പ് അല്ലെങ്കിൽ വാരാന്തപ്പതിപ്പ് അതുമല്ലെങ്കിൽ മാസിക നന്നാക്കാൻ തന്ന വിഭവങ്ങളാണ് എഴുത്തുകാർ. വ്യക്തിപരമായ സൗഹൃദം മാത്രമല്ല പ്രധാനം. ഒരു എഴുത്തുകാരനിൽ എന്തെല്ലാം സാധ്യതകൾ ഉണ്ട് എന്ന് പരിചയമാവലാണ് പ്രധാനം.
കൂട്ടായി ആലോചിക്കലും പ്രധാനമാണ്. മാതൃഭൂമിയിൽ റിട്ടയർ ചെയ്‌ത ഐഎഎസുകാരെക്കൊണ്ട് സർവീസ് സ്‌റ്റോറി എഴുതിക്കാം എന്ന ആശയം പി രാജൻ പങ്കുവെച്ചു. പിന്നെ അതിനെക്കുറിച്ചുള്ള ചർച്ചയായി.
അങ്ങനെയാണ് മലയാറ്റൂർ രാമകൃഷ്‌ണന്റെ ‘എന്റെ ഐ എ എസ് ദിനങ്ങൾ’ വരുന്നത്. ഇതിനൊക്കെ നല്ല വായനക്കാരുണ്ടായി. ആഴ്‌ചപ്പതിപ്പിന്റെ സർക്കുലേഷൻ വർധിച്ചപ്പോൾ എന്നിലെ പത്രാധിപർ ആനന്ദിച്ചിട്ടുണ്ട്.
? ഏതെങ്കിലും ഘട്ടത്തിൽ പത്രാധിപ ജോലിയിൽ വിരസത വന്നിട്ടുണ്ടോ. കോളേജ് അധ്യാപകനാവാത്തതിൽ ഖേദിച്ചിട്ടുണ്ടോ.
= ബിഎസ്‌സി കഴിഞ്ഞ് എംബിബിഎസ്സിന് പോകാമായിരുന്നു. ഞാനൊരു മോശം ഡോക്ടർ ആവുമായിരുന്നു. എനിക്ക് സാഹിത്യത്തിനോട് കാമുകത്വം ഉണ്ട്. ഞാനൊരു ക്രിട്ടിക് അല്ല. ഒരു ആശയം കിട്ടിയാലേ ക്ലാസെടുക്കാൻ കഴിയൂ. കൊളേജിൽ ആവർത്തനം വേണം. ഒരു കൊല്ലം മുഴുവനായും നളചരിതം പഠിപ്പിച്ചാൽ ചെടിക്കും. അകലത്തിന്റെ ഒരു കാലം വേണം. അടുപ്പത്തെ തീക്ഷ്‌ണമാക്കാൻ അകലം വേണം. കഥകളി വേഷം അടുത്തുനിന്ന് കാണുമ്പോൾ വികൃതമായി തോന്നാം. അകലമാണ് അതിന്റെ ഭംഗി.
ഒരു ആശയം പറഞ്ഞ് കുറേക്കാലത്തിനുശേഷം വേറൊരു ആശയം. ഇതാണെന്റെ രീതി. സരസമായി പറയാനോ കവിത ചൊല്ലാനോ എനിക്കറിയില്ല. അതുകൊണ്ടാണ് പത്രാധിപ ജോലിവിട്ട് കോളേജിലേക്ക് പോകാത്തത്. നഷ്ടബോധം തോന്നിയിട്ടില്ല. എഡിറ്റിങ് ടേബിളിലാണ് ഞാൻ സ്വസ്ഥനാവുക. സ്‌ട്രോക്ക് വന്ന് ഭേദമായി മനോരമയിലെത്തിയപ്പോൾ സ്വസ്ഥമായി ഇരിക്കാൻ തോമസ് ജേക്കബ് സാർ സ്ഥലം തന്നു. ഈ ക്യുബിക്കിളിലാണ് എനിക്ക് ഏറ്റവും സന്തോഷം എന്ന് പറഞ്ഞ് പഴയ സ്ഥലത്തുതന്നെ ഇരുന്നു. എഡിറ്റിങ് ടേബിളിലെ പണികളിലാണ് ഞാൻ ഏറ്റവും സന്തോഷിച്ചത്.
? കൽക്കത്തയിലും മദിരാശിയിലും പ്രവർത്തിച്ച കാലത്തെ പ്രധാന അനുഭവങ്ങൾ പറയൂ.
= ബംഗാളിൽനിന്ന് കൽക്കത്തക്കത്ത്, തമിഴ്‌നാട്ടിൽനിന്ന് മദിരാശിക്കത്ത് എന്നിവ എഡിറ്റ് പേജിൽ എഴുതിയിരുന്നു. മൊത്തത്തിലുള്ള രാഷ്‌ട്രീയകാര്യങ്ങളുടെ റിപ്പോർട്ടായിരുന്നു അത്. ബംഗാൾ ജീവിതം ഏറെ ആസ്വദിച്ചു. അവിടെ വിധവാവിവാഹം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. മദിരാശിക്കാലത്തെ അലച്ചിലും ക്ഷീണവും അവനവനോടുതന്നെ വെറുപ്പു തോന്നുന്ന വിധമായിരുന്നു. കൂട്ടമരണം നടന്ന വീട്ടിൽ അത് റിപ്പോർട്ട് ചെയ്യാൻ ചെന്നപ്പോൾ അവിടുത്തെ അമ്മ ഞങ്ങളെ ശകാരിച്ചിട്ടുണ്ട്. വിഷമത്തിന്റെയും ദുഃഖത്തിന്റെയും താഴെത്തട്ടിൽ എത്തിയ അവർ അങ്ങനെ പെരുമാറുക സ്വാഭാവികം. ആത്മാഭിമാനത്തിനേറ്റ മുറിവായിരുന്നു അത്. ജയലളിതയുടെ കാലത്ത് നിയമങ്ങൾ കർശനമായിരുന്നു. ബംഗാളിൽ പത്രസമ്മേളനങ്ങളിൽ സംബന്ധിച്ചിട്ടില്ല. കരുണാനിധിയുടെ പത്രസമ്മേളനം കൗതുകമുള്ളതായിരുന്നു.
യുവ ജേർണലിസ്‌റ്റുകൾ ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ തരിമ്പും കൂസാതെ ശാന്തമായി നല്ല തമിഴിലാണ് കരുണാനിധി മറുപടി പറയുക. രാജീവ്‌ഗാന്ധി സൗമ്യനായും ശാന്തനായും സംസാരിക്കുന്നത് കേൾക്കാൻ ഭംഗിയാണ്. ജോർജ് ഫെർണാണ്ടസ്, ഇ എം എസ് എന്നിവരുടെ പത്രസമ്മേളനമാണ് ഞാൻ കണ്ടിട്ടുള്ളതിൽവച്ച് ഗംഭീരം. ബുദ്ധിയുടെ തിളക്കം ഇവരിലാണ് അധികമായി കണ്ടത്. ജോർജ് ഫെർണാണ്ടസ് ബ്രില്ല്യന്റായിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുംപുത്തൂർ ദുരന്തം
രാജീവ്‌ഗാന്ധി പെരുംപുത്തൂരിൽ വന്ന ദിവസം പ്രസ്‌ക്ലബ് ഒരു വാൻ ഒരുക്കി എല്ലാവർക്കും ഒരുമിച്ചുപോകാം എന്ന് തീരുമാനിച്ചു. പിടിഐയുടെ ന്യൂസ് കൊടുക്കാം എന്ന് മാതൃഭൂമി തീരുമാനിച്ചു. ഞാൻ പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ മധുരയിലേക്ക് പോയി. അവിടെ ഒരു ബന്ധുവിനെ കാണേണ്ടതുണ്ടായിരുന്നു. രാവിലെ മധുരയിൽ എത്തിയപ്പോൾ അവിടം നിശ്ചലം. രാജീവ്‌ഗാന്ധി വധിക്കപ്പെട്ട വിവരം അറിയുന്നു. ഞാൻ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്ന ഒരു യോഗമായിരുന്നു.
? നന്നേ ചെറുപ്പത്തിലേ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപരായി.
പുതുമകൾ കൊണ്ടുവന്നു. സർക്കുലേഷൻ വർധിപ്പിച്ചു. മാതൃഭൂമിക്ക് പുതുമുഖവും ശരീരവും നൽകിയതിലെ കലാതന്ത്രം എന്തായിരുന്നു ആശയവിനിമയങ്ങൾക്ക് ഏറെ സമയമെടുത്തിരുന്ന കാലത്ത്; സാന്പത്തിക വളർച്ച വികസിയ്‌ക്കാത്ത കേരളീയ കാലത്ത് ഒക്കെയാണ് കെ സി ഇത് സാധിച്ചത്. എന്തായിരുന്നു അന്നത്തെ മിക്‌സിങ്ങിലെ ഒറ്റ മൂലി.
= എം ഡി നാലപ്പാട് എന്നെ വിളിപ്പിച്ച് ഗൗരവമായ കാര്യം എന്ന് ആമുഖം പറഞ്ഞ് ആഴ്‌ചപ്പതിപ്പിന്റെ ചുമതല ഏൽപ്പിക്കുകയാണ്. എനിക്ക് സാഹിത്യം അറിയില്ല. എന്റെ അമ്മയ്‌ക്ക് അറിയാം. അമ്മയുടെ അമ്മയ്‌ക്കും അറിയാം. മാതൃഭൂമിയുടെ പ്രസ്‌റ്റീജ്, ഗൗരവം, ബഹുമാനം ഇവ ലേശം പോലും താഴരുത്. കോപ്പി കൂട്ടണം. ഒരു ലക്ഷം എന്ന ലക്ഷ്യത്തിലെത്തിക്കണം. ഇതായിരുന്നു എം ഡി നാലപ്പാടിന്റെ നിർദേശം. പിന്നെ അതിനുള്ള ചർച്ചയായി. ഐഎഎസ് ദിനങ്ങൾ എഴുതാൻ ആവശ്യപ്പെട്ട് പലതവണ മലയാറ്റൂർ രാമകൃഷ്‌ണനെ കണ്ടു. ആദ്യമൊന്നും സമ്മതിച്ചില്ല. ഒടുവിൽ സമ്മതിച്ചു.
ഒരു പത്രാധിപർക്ക് നിരാശ പാടില്ല എന്ന് സ്വയം പഠിക്കുകയായിരുന്നു. മാധവിക്കുട്ടിയുടെ ബാല്യകാലസ്‌മരണകൾ തുടങ്ങി. അന്പത് ലക്കം തുടർന്നു. എ എസ് വരച്ചു. മലയാളനാട്ടിൽ നിന്നും കലാകൗമുദിയിൽ നിന്നും സാഹിത്യപാരമ്പര്യം ആഗിരണം ചെയ്‌തു എന്നുപറയാം.
ധാരാളം ചർച്ചകൾ കൊണ്ടുവന്നു. കുലപതിയെ വിലയിരുത്തുമ്പോൾ എം ഗോവിന്ദനെ വിമർശിച്ച് നിസാർ അഹമ്മദിന്റെ ലേഖനം. അടൂരിന്റെ മുഖാമുഖത്തെപ്പറ്റി ചർച്ച. കാരശ്ശേരിയുടെ ശരീഅത്ത് ലേഖനം തുടങ്ങി പലതും പരീക്ഷിച്ചു. എം പി ശങ്കുണ്ണിനായരൊക്കെ ധാരാളം എഴുതി. വിദ്വൽ സദസ്സായി ആഴ്‌ചപ്പതിപതിപ്പിന്റെ പേജുകൾ മാറി. എം ടി വാസുദേവൻനായരുമായി
മൂന്നുമണിക്കൂർ സംസാരിച്ചു. അദ്ദേഹം അനുഭവങ്ങൾ പറഞ്ഞു. വിജയിച്ചത്, വിജയിക്കും എന്നു കരുതിയത് വിജയിക്കാത്തത്‐ വായനക്കാരുടെ അഭിരുചികൾ അങ്ങനെ പലതും. അതും എനിക്കൊരു അനുഭവമായി. ഓണപ്പതിപ്പിൽ ലളിതാംബിക അന്തർജനത്തിന്റെതായിരുന്നു ആദ്യ കഥ. ഒ വി വിജയൻ, വി കെ എൻ തുടങ്ങിയവർ കഥകളെഴുതി. വിജയൻ ഇന്ദ്രപ്രസ്ഥം എന്ന കോളം തുടങ്ങി. ലേഖനങ്ങൾ എഴുതി.
? ഒ വി വിജയന്റെ ലേഖനം കെ സി നാരായണൻ തിരിച്ചയച്ചതായി വിജയന്റെ ലേഖനങ്ങളിൽ പറയുന്നുണ്ടല്ലോ.
= അതിലെ ചില ഭാഗങ്ങൾ ആഴ്‌ചപ്പതിപ്പിന്റെ പോളിസിയുമായും വായനയുമായും ഇണങ്ങാത്തതിനാലാണ് തിരിച്ചയച്ചത്. ഒ വി വിജയനും അതു ബോധ്യപ്പെട്ടു. ആഴ്‌ചപ്പതിപ്പുകാലത്തെക്കുറിച്ച് മാതൃഭൂമിയുടെ പ്രത്യേക പതിപ്പിൽ വിശദമായി എഴുതിയിട്ടുണ്ട്.
? മാതൃഭൂമി വാരാന്തപ്പതിപ്പിലേക്കുള്ള രണ്ടാംവരവിൽ കെ സി ഏറെ പുതുമകൾ കൊണ്ടുവന്നല്ലോ. സംവാദമുഖരിതമായ പുറങ്ങളൈക്കാണ്ട് സമ്പന്നമായിരുന്നു അക്കാലം അല്ലേ.
= അശിക്ഷിതപടുവായിട്ടായിരുന്നു ആദ്യം വാരാന്തപ്പതിപ്പിലെത്തിയത്. രണ്ടാമത് (1993) എത്തുമ്പോൾ ആഴ്‌ചപ്പതിപ്പിൽ, ദിനപത്രത്തിൽ ഒക്കെ പ്രവർത്തിച്ചു പരിചയം ബലമായി. പത്രപ്രവർത്തനത്തിൽ അഖിലേന്ത്യാ പരിചയവും അനുഭവസമ്പത്തുമായിട്ടാണ് പിന്നീട് വാരാന്തപ്പതിപ്പിൽ എത്തുന്നത്. ഒന്നാം പേജ് എല്ലാവർക്കും വേണ്ടത്. രണ്ടാം പേജ് തുടർച്ച വരുന്ന ലേഖനങ്ങൾ. മലയാറ്റൂരും കാക്കനാടനും എഴുതി. മൂന്നാം പേജ് സാഹിത്യ സംവാദങ്ങൾ, അടുത്തയാഴ്‌ച എതിർലേഖനം അങ്ങനെ ചർച്ചയായി. നാലാംപേജിൽ കുഞ്ഞുണ്ണി മാസ്‌റ്റർ, സുമംഗല, കേരളീയ കലാലേഖനങ്ങൾ, യോഗ, അങ്ങനെ, കാസറ്റ് കവിത, പെണ്ണെഴുത്ത് ചർച്ചകൾ എല്ലാം സജീവമായി. ടി പത്മനാഭൻ വനസ്ഥലി, എൻ എസ് മാധവന്റെ മുയൽ വേട്ട എന്നീ കഥകൾ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു.
വി കെ എൻ എഴുതിയ ‘എടപ്പെട്ടളയും ഞാൻ’ ഒന്നാം പേജിൽ വന്നു. എം ടി വാസുദേവൻ നായരുമായി വി ആർ സുധീഷിന്റെ സംഭാഷണ പരമ്പര പ്രസിദ്ധീകരിച്ചു. എം പി രാധാകൃഷ്‌ണൻ, ജയമോഹൻ, ഗീതാഹിരണ്യൻ, മേതിൽ രാധാകൃഷ്‌ണൻ എന്നിവരൊക്കെ എഴുതി. മേതിൽ വല്ലാത്ത സന്തോഷത്തോടെയാണ് വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധിയെപ്പറ്റി പറഞ്ഞത്. ‘ഹിരണ്യജ വീട്ടുകാരി മാത്രമായ ആളെ ഒരു എഴുത്തുകാരിയാക്കിയ കെ സി ക്ക് നന്ദി’ എന്ന് ഗീതാഹിരണ്യൻ കത്തയച്ചു.
പുസ്‌തകപരിചയത്തിൽ എഴുതിത്തുടങ്ങിയ പി എം ഗിരീഷ് ഇപ്പോൾ അറിയപ്പെടുന്ന ഭാഷാപണ്ഡിതനും മദ്രാസ് സർവകലാശാലയിൽ മലയാളം മേധാവിയുമായി. വിജയകൃഷ്‌ണനും രംഗപ്രവേശം വാരാന്തപ്പതിപ്പിലൂടെയായിരുന്നുവല്ലോ. അർഥശൂന്യമായ ലഹളയായിരുന്നില്ല ആശയ സമ്പന്നമായ ചർച്ചകളായിരുന്നു നടന്നിരുന്നത്. അപ്പോഴേക്കും എന്റെ വീക്കിലിക്കാലം പൂർവജന്മം പോലെയായിക്കഴിഞ്ഞിരുന്നു. റസാഖ് കോട്ടക്കലിന്റെ ഗംഭീരഫോട്ടോകൾ വാരാന്തപ്പതിപ്പിന് അലങ്കാരമായിരുന്നു. മുമ്പ് ആഴ്‌ചപ്പതിപ്പിൽ തുടങ്ങിവെച്ച സംവാദത്തിന്റെ തുടർച്ച തന്നെയായിരുന്നു വാരാന്തപ്പതിപ്പിലും പരീക്ഷിച്ചത്.
? ന്യൂസ് എഡിറ്ററായി പ്രവർത്തിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങൾ എന്തൊക്കെയായിരുന്നു.
= തൃശൂരിലായിരുന്നു. തൃശൂർ സാംസ്‌കാരിക നഗരമാണ്. സാംസ്‌കാരിക വാർത്തകൾക്ക് പ്രാധാന്യം കൊടുത്തു. കൂടുതൽ സ്ഥലം അനുവദിച്ചു. മറ്റു സ്ഥലങ്ങളിലെ സാംസ്‌കാരിക വാർത്തകൾക്കും ഇടമുണ്ടാക്കി. തൃശൂർപൂരം പോലുള്ള വിശേഷങ്ങൾക്ക് പ്രാധാന്യം നൽകി. ഒരു കൊല്ലം പല്ലാവൂർ അപ്പുമാരാർ കൊട്ടാൻ വന്നില്ല. വർഷങ്ങളായി കൊട്ടുന്ന ആളും മേളത്തിലും ഇടയ്‌ക്കയിലും പ്രമാണിയുമാണ്. അതൊക്കെ വലിയ വാർത്തയായി. ഇങ്ങനെ വായനക്കാർക്കിടയിൽ മറ്റൊരു വിധത്തിൽ ചർച്ചയുണ്ടാക്കാൻ സാധിച്ചു.
? തൃശൂരിൽ നിന്നാണല്ലോ മലയാള മനോരമയിൽ എത്തുന്നത്. ഭാഷാപോഷിണിയുടെ ഉള്ളടക്കത്തിൽ കെ സി നാരായണൻ വരുത്തിയ പരിഷ്‌കാരങ്ങൾ എന്തൊക്കെയാണ്.
= ആഴ്‌ചപ്പതിപ്പ്, വാരാന്തപ്പതിപ്പ്, ദിനപത്രം എന്നിവയിൽ പ്രവർത്തിച്ച പരിചയബലത്തിലാണ് ഭാഷാപോഷിണിയിൽ എത്തുന്നത്. എനിക്ക് അവിടെ സ്വതന്ത്ര ചുമതലയായിരുന്നു. കെ എം മാത്യു, മാമ്മൻ മാത്യു, തോമസ് ജേക്കബ് എന്നിവരുടെ അകമഴിഞ്ഞ സഹകരണം ഇക്കാര്യത്തിൽ ലഭിച്ചു. അവിടെയും സാംസ്‌കാരികമുഖം മറ്റൊരു രീതിയിൽ അവതരിപ്പിച്ചു. എഴുത്തുകാരുടെ ദേശം എന്ന പരമ്പര തുടങ്ങി. സക്കറിയയാണ് ആദ്യം എഴുതിയത്.
പഴയ പാഠങ്ങൾ ഇവിടെയും ആവർത്തിച്ചു. ഇഎംഎസ് ലക്കം വളരെ ശ്രദ്ധിക്കപ്പെട്ടു. മനോരമയിൽ ഒരേസമയം 16 വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്നു. നമ്പൂതിരി രേഖകൾ സഹിതം ആത്മകഥ വരച്ചെഴുതി. ആറുലക്കം പിന്നിട്ടു. എം ടി വാസുദേവൻനായർ സിനിമാനുഭവങ്ങൾ ആത്മകഥാപരമായി എഴുതി.
വി കെ എൻ ഡൽഹി ഡെയ്‌സും, ദുഷ്യന്തൻമാഷ് എന്ന നീണ്ട കഥയും ഇടവേളക്കുശേഷം എഴുതുകയുണ്ടായി. രവീന്ദ്രന്റെ എന്റെ കേരളം ശ്രദ്ധിക്കപ്പെട്ടു. വാർഷികപ്പതിപ്പിൽ പല പരീക്ഷണങ്ങളും നടത്തി. മാധവിക്കുട്ടി, ആനന്ദ്, സക്കറിയ, പുനത്തിൽ കുഞ്ഞബ്‌ദുള്ള, എൻ എസ് മാധവൻ എന്നിവരൊക്കെ സ്ഥിരമായി എഴുതി. കലാമണ്ഡലം ഹൈദരലി, നിലമ്പൂർ ആയിഷ, ഉമ്പായി, വിളയിൽ ഫസീല, തുടങ്ങിയവരുടെ ആത്മകഥകൾ വാർഷികപ്പതിപ്പിൽ ശ്രദ്ധിക്കപ്പെട്ടു. പി ഗോവിന്ദപ്പിള്ളയുമായി
ജോണിലൂക്കോസ് നടത്തിയ അഭിമുഖം വളരെ ചർച്ചചെയ്യപ്പെട്ടു. പല്ലാവൂർ അപ്പുമാരാർ ഭാഷാപോഷിണിയിൽ ആത്മകഥ എഴുതി. വാദ്യകലാകാരന്റെ ആദ്യത്തെ ആത്മകഥ. പിന്നീട് മനോരമ വാർഷികപ്പതിപ്പിന്റെ ചുമതലയും എനിക്കായി. എം ടി വാസുദേവൻനായരുടെ ആത്മകഥാ പരമ്പര ഓരോ കൊല്ലത്തിന്റെയും സമ്പന്നതയായിരുന്നു.
നമ്പൂതിരി വരയും. രണ്ടാമൂഴം എഴുതിയ എം ടി, നോവലിനു വരച്ച നന്പൂതിരി, അത് പ്രസിദ്ധീകരിച്ച എസ് ജയചന്ദ്രൻനായർ എന്നിവർ എം ടിയുടെ വീട്ടിൽ ഒരുമിച്ച് ആ കാലം ചർച്ച ചെയ്‌ത ത്രിമൂർത്തി സംഗമം ഒരു വാർഷികപതിപ്പിലെ മുഖ്യവിശേഷമായിരുന്നു. ആദ്യമായിട്ടായിരുന്നു ഇങ്ങനെയൊരു സമാഗമം. ജയചന്ദ്രൻനായർ ഇതിനുമാത്രമായി വിമാനത്തിൽ ബംഗളൂരുവിൽ നിന്ന് എത്തി. അക്കാലത്തെ ഭാഷാപോഷിണികൾ, വാർഷികപ്പതിപ്പുക ൾ എല്ലാം ഞാൻ ആനന്ദിച്ച് ചെയ്‌തതാണ്.
? കെ പി കേശവമേനോന്റെയും കെ എം മാത്യവിന്റെയും കീഴിൽ ജോലി ചെയ്‌ത പത്രാധിപർ എന്ന കൗതുകവും പറയാം അല്ലേ.
= പേരിനങ്ങനെ പറയാം. കെ പി കേശവമേനോൻ ഉള്ള കാലത്ത് ഞാൻ തുടക്കക്കാരനായിരുന്നു. അദ്ദേഹത്തിന് എന്നെ അറിയുമായിരുന്നില്ല. കെ എം മാത്യു സർ എന്നിൽ വലിയ വാത്സല്യം ചൊരിഞ്ഞിട്ടുണ്ട്. മാമ്മൻ മാത്യുവും തോമസ് ജേക്കബ് സാറും അപ്രകാരം തന്നെ.
? ഇക്കാലമത്രയും കെ സി എഴുതിപ്പിക്കുകയായിരുന്നു. അതിനിടയിൽ സ്വയം എഴുതാൻ മറന്നു. മടിച്ചു. വല്ലപ്പോഴും എഴുതി. എന്താണങ്ങനെ.
= എഴുത്തിനുള്ള ധ്യാനാത്മകതയ്‌ക്ക് സമയം ഉണ്ടായിരുന്നില്ല എന്നതാണ് വാസ്‌തവം. എഴുതാൻ സമയം കണ്ടെത്തിയാൽ മറ്റു ജോലികൾ ചെയ്യാനാവില്ല.
എഴുത്ത് മനസ്സിലിട്ടങ്ങനെ രസിച്ചും ചിന്തിച്ചും ചെേയ്യണ്ട പ്രക്രിയയാണ്. ഒരു ആശയം വികസിക്കാൻ മൂന്നുമാസമൊക്കെ വേണം. എനിക്ക് പെട്ടെന്ന് എഴുതാൻ വശമില്ല. പരീക്ഷിച്ചുനോക്കി സാധിക്കുന്നില്ല. ശരിയാവില്ല. മറ്റുള്ളവർ എഴുതുന്നതിനെക്കുറിച്ചായിരുന്നു എനിക്ക് ആലോചന.
എഴുത്ത് മനസ്സിലിട്ടങ്ങനെ രസിച്ചും ചിന്തിച്ചും ചെേയ്യണ്ട പ്രക്രിയയാണ്. ഒരു ആശയം വികസിക്കാൻ മൂന്നുമാസമൊക്കെ വേണം. എനിക്ക് പെട്ടെന്ന് എഴുതാൻ വശമില്ല. പരീക്ഷിച്ചുനോക്കി സാധിക്കുന്നില്ല. ശരിയാവില്ല. മറ്റുള്ളവർ എഴുതുന്നതിനെക്കുറിച്ചായിരുന്നു എനിക്ക് ആലോചന. എന്റെ പ്രസിദ്ധീകരണം എങ്ങനെ നേരെയാക്കാം എന്നതുമാത്രമായിരുന്നു ചിന്ത.
? മലയാളത്തിലെ ഏറ്റവും മികച്ച സാംസ്‌കാരിക പഠനങ്ങളാണ് കെ സി നാരായണന്റെ മലയാളിയുടെ രാത്രികളും (1987) താളത്തിന്റെ ഗോപുരങ്ങളും (1985) ഏറ്റവും നല്ല തായമ്പക പഠനം കറുത്തചെട്ടിച്ചികളും (1992). ആ നിലയ്‌ക്ക് മികച്ച കലാനിരൂപകൻ കൂടിയാണ് കെ സി. ഇന്നും ചർച്ച ചെയ്യപ്പെടുന്ന കാമ്പുള്ള ഈ ലേഖനങ്ങളുടെ എഴുത്ത് പശ്ചാത്തലത്തെപ്പറ്റി പറയൂ.
= എൻ എൻ കക്കാടുമൊത്തിരുന്ന് കോഴിക്കോട് ഒരു റസ്‌റ്റോറന്റിൽ ചായ കുടിക്കുകയാണ്.
പല്ലാവൂർ അപ്പുമാരാരുടെ തായമ്പകയെക്കുറിച്ച് ചർച്ച വന്നു. ഞാനതുവരെ പല്ലാവൂരിനെ കേട്ടിട്ടില്ലായിരുന്നു. ഞങ്ങളുടെ നാട്ടിൽ ശിവരാമപ്പൊതുവാൾ കുഞ്ഞികൃഷ്‌ണപ്പൊതുവാൾ,ഗോപിപൊതുവാൾ, ദിവാകാരപ്പൊതുവാൾ ഇവരെ കേൾക്കാനേ സന്ദർഭം ഉണ്ടായിരുന്നുള്ളു. ഇ എൻ സതീശനും അപ്പുമാരാരെ വാഴ്‌ത്തി പറഞ്ഞു.
കക്കാടും ആർ രാമചന്ദ്രൻ മാസ്‌റ്ററും ഞാനും കൂടി തളിയിൽ പോയി പല്ലാവൂരിന്റെ തായമ്പക കേട്ടു. പുതുമകൾ കൊട്ടി പല്ലാവൂർ എന്നെ അന്പരപ്പിച്ചു. കേരളത്തിൽ വലിയ ഗോപുരങ്ങളില്ല. പക്ഷേ ശബ്‌ദത്തിന്റെ വലിയ ഗോപുരങ്ങൾ ഇല്ലേ. അതല്ലേ മേളം എന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തു.
ഈ വിഷയം കോഴിക്കോട് ആകാശവാണിയിൽ പ്രഭാഷണമായി അവതരിപ്പിക്കാൻ കക്കാട് നിർദേശിച്ചു. അതിനായി ഒരു ലേഖനം എഴുതി. ടി എൻ വാസുദേവനും എം എൻ കാരശ്ശേരിയും ഞാനുംകൂടി പെരുവനം പൂരം കാണാൻ പോയി. മേളം കേട്ടു. അപ്പോഴൊരു തെളിച്ചം കിട്ടി. ആകാശവാണി ലേഖനം പരിഷ്‌കരിച്ചെഴുതി. സ്ട്രക്‌ചറിലസമൊക്കെ വന്നു. മാതൃഭൂമിയിലെ ജോലി കഴിഞ്ഞ് വന്ന് രാത്രിയാണ് ‘താളത്തിന്റെ ഗോപുരങ്ങൾ’ ആനന്ദിച്ചെഴുതിയത്. എഴുത്തിൽ സ്വയം ജീവിച്ചാലേ എഴുതാൻ കഴിയൂ.
അനുഭൂതിയിൽ നിന്നേ എഴുത്തുണ്ടാകൂ. വിവരങ്ങളിൽ നിന്ന് ഉണ്ടാകില്ല. കഥകളി പല നിലയ്‌ക്കും കാണാം. ചിത്രമായും ശില്പമായും സ്വപ്നമായും കാണാം. നരകാസുരവധം കളി കഴിഞ്ഞ് കല്ലുവഴിയിൽ നിന്ന് ശ്രീകൃഷ്‌ണപുരത്തേക്ക് നടക്കുമ്പോൾ നരകാസുരനുമില്ല, വിഷ്‌ണുവും ഇല്ല. പുളിച്ച കണ്ണും മശങ്ങിയ ശരീരവും വിശക്കുന്ന വയറുമായി രാവിലെ തിരിച്ചുനടക്കുമ്പോൾ സ്വയം വിഡ്‌ഢിയായി തോന്നും. ഉത്സവം നമ്മളിൽ നിന്ന് എന്തോ ചോർത്തിക്കളഞ്ഞതു പോലെയാണ് അനുഭവപ്പെടുക. ഉത്സവം ആഘോഷിക്കുവാൻ കഴിയില്ല. ഉത്സവം നമ്മളെ ദരിദ്രരാക്കുകയാണ്.
ആ അനുഭൂതിയാണ് മലയാളിയുടെ രാത്രികൾ എന്ന ലേഖനം. മേൽക്കുമേൽ ആലോചിച്ചപ്പോൾ സിവി രാമൻപിള്ള വന്നു. സി എൻ ശ്രീകണ്ഠൻ നായരും ഒളപ്പമണ്ണയും വന്നു. കലാമണ്ഡലം രാമൻകുട്ടിനായർ വന്നു. ചിത്രകാരൻ എ എസുമായുള്ള ഒരു വർത്തമാനത്തിനിടയിൽ കഥകളി രാത്രി അവതരിപ്പിച്ചാലേ ശോഭയുള്ളൂ. കറുപ്പല്ലേ അടിയിലുള്ളത് എന്ന് എ എസ് പറഞ്ഞു.
ഇങ്ങനെയുള്ള സംസാരങ്ങളിൽ എനിക്ക് ആവശ്യമുള്ളത് രജിസ്‌റ്റർ ചെയ്യുന്ന സ്വഭാവം ഉണ്ട്. വേണ്ടതെ മനസ്സിൽ കിടക്കൂ. എനിക്ക് സ്വപ്‌നാടകനായി നടക്കാൻ ഇഷ്‌ടമാണ്. പി കുഞ്ഞിരാമൻനായർ ഈ ലേഖനത്തിൽ വരുന്നത് അതിന്റെ കൂടി ഭാഗമാണ്. എനിക്ക് പിയെ വളരെ ഇഷ്‌ടമാണ്. എന്നിൽ എഴുതാൻ കഴിവില്ലാത്ത ഒരു കവിയുണ്ട്. എനിക്കറിയാവുന്ന ഒരു ഗദ്യഭാഷയിലേക്ക് എന്റെ അനുഭൂതികൾ കൊണ്ടുവന്നതാണ് മലയാളിയുടെ രാത്രികൾ. കോട്ടക്കൽ വച്ച് പല്ലാവൂരും തൃത്താല കേശവനും തമ്മിലുണ്ടായ ഇരട്ടത്തായമ്പകകയുടെ ആസ്വാദനവും തുടർന്ന് തായമ്പകയ്‌ക്ക് സംഗീതകച്ചേരിയുമായുള്ള സാദൃശ്യം പരിശോധിക്കലുമാണ് കറുത്ത ചെട്ടിച്ചികൾ എന്ന ലേഖനം. അതും അനുഭൂതി പ്രധാനമാണ്.
? കഥകളിയും കൊട്ടും കെ സിക്ക് നൽകിയത് സൗന്ദര്യാനുഭൂതി മാത്രമാണോ.
= അല്ല, സൗന്ദര്യമല്ല വിഷാദത്തിന്റെ അനുഭൂതിയാണ് നൽകിയത്. നേടിയതു മുഴുവൻ നഷ്‌ടമാകൽ കൂടിയുണ്ട് കഥകളിക്കാഴ്‌ചയിൽ. കാണുമ്പോൾ കൊള്ളാം എന്ന് തോന്നും. പുലർച്ചെ കുളികഴിഞ്ഞ് പോരുമ്പോൾ നഷ്‌ടബോധവും.
? നളചരിതത്തെക്കുറിച്ച് കെ സി വ്യക്തമായി പറഞ്ഞിട്ടുണ്ട്. അരങ്ങിൽ എങ്ങനെയാണ് കാണുന്നത്.
പ്രധാനമായും പാട്ട് കേൾക്കും. വരികൾ നിൽക്കും. രംഗദൃശ്യം നിൽക്കില്ല. സാഹിത്യമാണ് ശ്രദ്ധിക്കുക. സ്‌നേഹസദൃശം ചെയ്‌കസ്‌മരണവും അപരിഹരണീയവിധിയന്ത്രത്തിരിപ്പ് തുടങ്ങിയവ മനസ്സിൽ നിൽക്കും. കഥകളിയിലും ഒരു ടേക്ക് ഓഫ് പോയിന്റ് ഉണ്ട്. വിമാനയാത്രാനുഭവം പോലെ.
= പ്രധാനമായും പാട്ട് കേൾക്കും. വരികൾ നിൽക്കും. രംഗദൃശ്യം നിൽക്കില്ല. സാഹിത്യമാണ് ശ്രദ്ധിക്കുക. സ്‌നേഹസദൃശം ചെയ്‌കസ്‌മരണവും അപരിഹരണീയവിധിയന്ത്രത്തിരിപ്പ് തുടങ്ങിയവ മനസ്സിൽ നിൽക്കും. കഥകളിയിലും ഒരു ടേക്ക് ഓഫ് പോയിന്റ് ഉണ്ട്. വിമാനയാത്രാനുഭവം പോലെ.
? വാഴേങ്കട കുഞ്ചുനായർ മുതൽ ഷൺമുഖൻ വരെയുള്ള പല തലമുറകളിലെ വേഷക്കാർ കെസിയുടെ നയനപഥത്തിലുണ്ട്. ആരാണ് കെസിയെ സ്വാധീനിച്ച വേഷക്കാരൻ. അഥവാ ആരെല്ലാം.
= കലാമണ്ഡലം രാമൻകുട്ടിനായരെയാണ് എനിക്ക് ഏറ്റവും അധികം ഇഷ്‌ടം. ഏറെ പരിമിതികളുള്ള നടനായിരുന്നു. കൃഷ്‌ണൻനായരെപ്പോലെ, ഗോപിയെപ്പോലെ ശരീരസൗഭാഗ്യമില്ല; കഥകളിനടനു വേണ്ട പലതുമില്ല.
എന്നിട്ടും രാവണൻ ഓരോ ശിരസ്സും വെട്ടി ഹോമിച്ച് നേടിയപോലെ രാമൻകുട്ടിനായർ സ്വയം നേടുകയായിരുന്നു. രാമൻകുട്ടിനായരുടെ വേഷത്തിന് അധൃഷ്യതയുണ്ട്. പരിമിതിയിലും ആത്മവിശ്വാസം. അതായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്.
‘പട്ടടവരെ കാത്തോരഹങ്കാരവും’ എന്ന് അക്കിത്തം എഴുതിയത് വള്ളത്തോളിനെപ്പോലെ രാമൻകുട്ടിനായർക്കും ബാധകമാണ്. കത്തിയാണ് കഥകളി. കത്തി രാമൻകുട്ടിനായരുടെ കത്തിയാണ്. അതിനപ്പുറം ഇല്ല. കോട്ടക്കൽ ശിവരാമനെയും ഇഷ്ടംതന്നെ. പാട്ടിൽ ശങ്കരൻ എമ്പ്രാന്തിരിയെ മാത്രമാണ് ഇഷ്ടം. കൊട്ടിൽ കൃഷ്‌ണൻകുട്ടിപ്പൊതുവാളും അപ്പുക്കുട്ടിപ്പൊതുവാളും. ചെണ്ടയോട് ജന്മവാസനാപരമായ ഒരു ഇഷ്ടം കൂടിയുണ്ട്. മുത്തച്ഛൻ പാനേങ്കളിക്ക് ചെണ്ട കൊട്ടുമായിരുന്നു. ഇവിടെ ചെണ്ട ഉണ്ടായിരുന്നു. ഞാൻ കൊട്ടി നോക്കിയിട്ടുണ്ട്.
? തായമ്പകയിലോ.
= പല്ലാവൂർ അപ്പുമാരാരുടെ തായമ്പകയോളം ഇഷ്ടം മറ്റൊരു തായമ്പകയോടും തോന്നിയിട്ടില്ല.
സർപ്രൈസാണത്. അത്ഭുതപ്പെടുത്തൽ ഇതുപോലെ മറ്റൊരു തായമ്പകയിലും കേട്ടിട്ടില്ല.
? പഞ്ചവാദ്യം.
= തിമിലയിലൊക്കെ പെറുക്കി എടുക്കാവുന്ന എണ്ണങ്ങളുടെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ട്. കൂട്ടിക്കൊട്ടിലെ ശബ്ദസമുദ്രം ആസ്വദിക്കാം. ഖണ്ഡങ്ങളാക്കി വിഭജിച്ച് നൽകിയുള്ള കൊട്ടിലെ സംഗീതം ഗംഭീരം തന്നെയാണ്. പഞ്ചവാദ്യമദ്ദളത്തിൽ കുനിശ്ശേരി ചന്ദ്രന്റെ കൊട്ട് അസാമാന്യം തന്നെയാണ്. വളരെ കേമം. ഞാൻ കേട്ട് എന്റെ കാതുകൾക്ക് ബോധ്യപ്പെട്ടതിനെക്കുറിച്ചേ പറയാൻ കഴിയൂ.
? പല്ലാവൂർ അപ്പുമാരാരുടെ മകനാണ് കുനിശ്ശേരി ചന്ദ്രൻ. ഇതൊരു അപൂർവതയല്ലേ.
= ഇരുവരിലും വിസ്‌മയങ്ങൾ ഉണ്ട്.
? മേളത്തിലോ.
= പെരുവനം ഭാഗത്തുള്ളവരുടെ മേളമാണ് പൊതുവെ ഇഷ്ടം.
? കലകൾ ആധുനികമായി. പുതിയ കാലം. പുതിയ തലമുറ. ഇവരെ എങ്ങനെ നോക്കിക്കാണുന്നു.
= ഇപ്പോൾ കൂടുതൽ സൗന്ദര്യാത്മകമായിട്ടുണ്ട്. ഇവിടെ കലാമണ്ഡലം കുട്ടികൃഷ്‌ണന്റെ കീഴിൽ പഠിച്ചവരുടെ സമ്പൂർണ നളചരിതം ഉണ്ടായി. ഒൻപതാം ക്ലാസുകാരിയുടെ ‘കലി’ അതിഗംഭീരമായി. കോപ്പുമുതൽ തേപ്പുവരെ മാറി. 1970ൽ ദർപ്പണയിലേക്കുപോയ കോട്ടയ്‌ക്കൽ ശശിധരൻ 2002ൽ തിരിച്ചുവന്നു. ഇക്കാലത്തിനിടയിലെ മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘ഒക്കെ മാറി’ എന്നാണ് ശശിധരൻ വിലയിരുത്തിയത്. അന്നത്തെ കേമം ഒക്കെ ഇന്ന് അതല്ലാത്ത നില വന്നു. ചെണ്ടയിൽ കൃഷ്‌ണൻകുട്ടിപ്പൊതുവാളുടെ കാലത്തെ ചെണ്ട ഇന്ന് മാറി.
കൂടുതൽ നാദബോധം വന്നു. പണ്ട് 20 വയസ്സ് ആയ ഒരാൾക്ക് ശൃംഗാരം വരുമായിരുന്നില്ല. ഇന്ന് ഏത് കുട്ടിക്കും വശ്യം അഭിനയിക്കാനറിയാം. വികാരങ്ങളെക്കുറിച്ചുള്ള അറിവ് പല മീഡിയത്തിൽ കണ്ട പരിചയം അവർക്കുണ്ടാവുന്നു. മാറിയ ജീവിതകാലം അനുകൂലമായി അവരെ സ്വാധീനിക്കുന്നു. 40 പേർ മാത്രം കണ്ടിരുന്ന കഥകളി ഇന്ന് തത്സമയം 1400 പേർ കാണുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്നാണ് ഈ കാഴ്‌ച.
? സൗന്ദര്യാത്മകമായ കലാനിരൂപണങ്ങൾ അധികം വരാത്തത് എന്തുകൊണ്ടാണ്.
കലയെക്കുറിച്ചോ കലാകാരന്മാരെക്കുറിച്ചോ വിവരിച്ചതുകൊണ്ടു കാര്യമില്ല. ജീവിതത്തിലെ ഒരു പ്രത്യേക ഭാവത്തിൽനിന്ന് വരേണ്ട അനുഭൂതിയിൽനിന്നേ ആസ്വാദനം എഴുതാൻ കഴിയൂ. കവിത ഉറവെടുക്കുന്ന സ്ഥലത്തുനിന്നേ അനുഭൂതി ഉറവെടുക്കൂ. ഇഷ്ടത്തിൽ നിന്നല്ല നഷ്ടത്തിൽ നിന്നാണ് അതുണ്ടാവുക.
= കലയെക്കുറിച്ചോ കലാകാരന്മാരെക്കുറിച്ചോ വിവരിച്ചതുകൊണ്ടു കാര്യമില്ല. ജീവിതത്തിലെ ഒരു പ്രത്യേക ഭാവത്തിൽനിന്ന് വരേണ്ട അനുഭൂതിയിൽനിന്നേ ആസ്വാദനം എഴുതാൻ കഴിയൂ. കവിത ഉറവെടുക്കുന്ന സ്ഥലത്തുനിന്നേ അനുഭൂതി ഉറവെടുക്കൂ. ഇഷ്ടത്തിൽ നിന്നല്ല നഷ്ടത്തിൽ നിന്നാണ് അതുണ്ടാവുക. ഉത്സവസ്ഥലമൊക്കെ വിഷാദഭൂമി കൂടിയാണ്. പരിയാനംപറ്റക്കാവിലെ പൂരം തിരക്കിനിടയ്‌ക്ക് ശിരസ്സിലേക്ക് മേഘം ഇടിഞ്ഞുവീണാലുണ്ടാകുന്ന ശൂന്യത അനുഭവമാവുകയാണ്.
? കെ സിയുടെ വർത്തമാനം ഗൃഹാതുരത്വം കൂടിയായി മാറുകയാണ്. എന്താണ് നൊസ്‌റ്റാൾജിയ.
= കൈവിട്ടുപോയ സംഗതിയെക്കുറിച്ചുള്ള വിഷാദമാണ് നൊസ്‌റ്റാൾജിയ. ജീവിതം കഴിഞ്ഞ് മരണത്തിന്റെ അപ്പുറത്തുനിന്ന് ഇങ്ങോട്ടുള്ള നോട്ടത്തിലല്ലേ ഏറ്റവും വലിയ വിഷാദം.
? വിഷാദം എങ്ങനെയാണ് ആനന്ദമാകുന്നത്.
= ആസ്വാദനത്തിൽ വിഷാദം ഉണ്ട്. മഹാഭാരതത്തിൽ അതുണ്ട്. എന്റെ അനുഭവം അങ്ങനെയാണ്.
? പത്രാധിപരായ കാലത്ത് കെ സി നാരായണൻ മറ്റു പത്രാധിപന്മാരെ നിരീക്ഷിച്ച വിധം എങ്ങനെയാണ്.
= എസ് ജയചന്ദ്രൻനായരെ നിരീക്ഷിച്ചിട്ടുണ്ട്. രണ്ടാമൂഴം വരെയുള്ള കാലം അദ്ദേഹം പുതുമകൾ കൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ കണ്ടെത്തലുകളായ രവീന്ദ്രൻ, ഒ വി വിജയൻ, നമ്പൂതിരി എന്നിവരെക്കൊണ്ടൊക്കെ പിന്നീട് ഞാൻ സ്ഥിരമായി എഴുതിപ്പിച്ചു, വരപ്പിച്ചു. അദ്ദേഹം പരീക്ഷിച്ചവരെ ഞാൻ തടുത്തിട്ടുണ്ട്. ജയചന്ദ്രൻനായരെ ഞാൻ കൊള്ളയടിച്ചിട്ടുണ്ട്; പകൽക്കൊള്ളതന്നെ. ഒരാളിൽനിന്ന് എനിക്കെന്ത് പഠിക്കാനുണ്ട്. അതിൽ ദോഷത്തിന് ഞാൻ പ്രാധാന്യം കൊടുക്കാറില്ല. അതെന്റെ ജീവിത തത്വമാണ്. എം ടി വാസുദേവൻനായരിൽനിന്നും ഞാൻ പഠിച്ചിട്ടുണ്ട്. സാഹിത്യപത്രപ്രവർത്തനം നിരീക്ഷിച്ചിട്ടുണ്ട്. ഞാൻ നടക്കാൻ തുടങ്ങിയപ്പോൾ ജയചന്ദ്രൻനായർ വളരെ മുന്നിലായിരുന്നു. പക്ഷേ ഞാനും ഒപ്പം എത്തി. എന്നോട് വലിയ വാത്സല്യവും സ്‌നേഹവുമാണ്. ചിന്ത രവിയോട് എന്നെപ്പറ്റി വെരിഗുഡ് എഡിറ്റർ എന്ന് പറഞ്ഞത് അവാർഡായി പരിഗണിക്കുന്നു.
? ടി ജെ എസ് ജോർജും കെസിയെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ.
= ഇന്ത്യാ ടുഡേയിലാണത് വന്നത്.
? മറ്റു പത്രാധിപന്മാർ കെ സി നാരായണനെ കണ്ട രീതിയെക്കുറിച്ച് അറിയുമോ.
= അന്വേഷിച്ചിട്ടില്ല. എന്റെ രീതിയിൽ ഞാനങ്ങനെ പോവുന്നു.
? പത്രപ്രവർത്തനം പഠിക്കുന്നവർക്ക് ക്ലാസെടുക്കുന്ന കെ സിയിലെ അധ്യാപനരീതി എങ്ങനെയാണ്.
= മുപ്പതു കുട്ടികളുള്ള ക്ലാസ്. ആറ് കുട്ടികളുള്ള അഞ്ച് ഗ്രൂപ്പാക്കി തിരിക്കും. എട്ടിന്റെ പെരുക്കപ്പേജിൽ ന്യൂസ് മാഗസിൻ ഇറക്കാനുള്ള രൂപകൽപ്പന, വിഷയം ഇവ ചർച്ചചെയ്യും. അടുത്തയാഴ്‌ച ഇറങ്ങുന്നതാണ്. അന്നും കെടാതെ നിൽക്കുന്ന വിഷയമാകണം. വിഷയം തയാറാക്കണം. കവർസ്‌റ്റോറി കണ്ടെത്തണം. ജേർണലിസം ആസ്‌പെക്റ്റ് മാത്രമേ പറയൂ. സാഹിത്യം വിഷയമാവില്ല. ഗ്രൂപ്പ് ചർച്ച വരും. നാല് ദിവസത്തെ ക്ലാസൊക്കെ ഉണ്ടാവും. പത്രപ്രവർത്തന പരീക്ഷ പാസ്സാവലല്ല പ്രധാനം.
പരീക്ഷ പാസ്സായി നാളെ എന്റെ കീഴിൽ വരുമ്പോൾ എനിക്ക് ഉപകാരപ്രദമായ ആളാണോ എന്ന് നോക്കലാണ് പ്രധാനം. എനിക്ക് ഉപകാരമില്ലെങ്കിൽ നിങ്ങൾക്ക് റാങ്ക് കിട്ടിയാലും കാര്യമില്ല. നിങ്ങളെ വേണ്ട. ഇങ്ങനെ ഒരു രീതിശാസ്‌ത്രം അവലംബിച്ചു. മനസ്സിനെ എക്‌സർസൈസ് ചെയ്യിപ്പിക്കലാണ് പ്രധാനം. ഈ പരിശീലനക്കളരിയിലെ അധ്യാപനം ഞാൻ ആസ്വദിച്ചിട്ടുണ്ട്.
? കെ സി നാരായണന്റെ ലേഖനങ്ങൾ നിരീക്ഷണപ്പുതുമ കൊണ്ടുകൂടി ആകർഷകങ്ങളാണ്. പുതുമകൾ കണ്ടെത്തുന്ന വായനാവിധം എങ്ങനെയാണ്.
= ക്ലേശമാണത്. ആശയങ്ങൾ വീണുകിട്ടിയതിനെ മനസ്സിലിട്ടു ക്രമീകരിച്ചു വേണം എഴുതാൻ. ഒരു വാക്യത്തിൽ നിന്നാവാം തുടക്കം. അതാവാം ഇൻസ്‌പിരേഷൻ. പറഞ്ഞുപോയത് എഴുതുന്നതിൽ സന്തോഷവുമില്ല.
? കെ സി യുടെ എഴുത്തിന്റെ വായ്‌ത്താരി തന്നെയാണ് പ്രഭാഷണവും. പ്രഭാഷണകലയുടെ നിർവഹണം എങ്ങനെയാണ്.
= ആളുകളെ ത്രസിപ്പിക്കുന്ന ഒരു പോയിന്റ് വേണം എന്ന് നിർബന്ധമാണ്. ആ പോയിന്റ് കിട്ടിയാലേ പ്രസംഗിക്കാൻ ചെല്ലാമെന്ന് ഏൽക്കുകയുള്ളൂ. രണ്ടുതവണയേ ഒരു ആശയം പറയാൻ സാധിക്കൂ. കവിതയുടെ അപ്രതീക്ഷിത സ്ഥലങ്ങൾ എന്ന വിഷയത്തിൽ നിഘണ്ടുവിൽനിന്ന് എങ്ങനെ കവിതയുണ്ടാവാം എന്ന പോയിന്റ് അവതരിപ്പിച്ചു. പ്രസംഗത്തിന്റെ അനുഭൂതിതലം മറ്റൊന്നാണ്. എന്റെ പ്രസംഗം കേൾക്കാനായി എത്തുന്നവരുടെ സാന്നിധ്യം എന്നെ സന്തോഷിപ്പിക്കാറുമുണ്ട്.
? പത്രാധിപർ എന്ന നിലയ്‌ക്ക് ശത്രുക്കളെ സമ്പാദിച്ചിട്ടില്ലേ. എത്രത്തോളം.
= എഴുത്തുകാർക്ക് ശത്രുവും വായനക്കാർക്ക് മിത്രവും എന്നാണ് ഞാൻ സ്വയം നിർവചിച്ചിട്ടുള്ളത്.
? രചന തിരിച്ചയക്കുമ്പോൾ വിഷമം തോന്നാറുണ്ടോ.
= ഇല്ല. അത് ജോലിയുടെ ഭാഗമാണ്.
? രചനകളുടെ തെരഞ്ഞെടുപ്പിൽ കെ സി ദീക്ഷിക്കുന്ന മാനദണ്ഡം എന്താണ്.
= അയച്ചുകിട്ടുന്ന രചനകൾ ശ്രദ്ധാപൂർവം വായിക്കുക എന്നത് പത്രാധിപരുടെ ബാധ്യതയാണ്. അത് ഇഷ്ടമായോ എന്ന് സ്വയം ചോദിക്കുക. നല്ല സൃഷ്‌ടിയല്ലെങ്കിൽ മുഴുവൻ ബോധ്യമായിട്ടില്ലെങ്കിൽ ഇതിലൊരു ഭാവി സാധ്യത ഉണ്ടോ എന്നു നോക്കണം. അയാളിൽനിന്ന് ഒരു എഴുത്തുകാരനെ രൂപപ്പെടുത്താൻ സാധിക്കും എന്ന തോന്നലുണ്ടാവുക പ്രധാനമാണ്.
ഒരാളിൽ സാധ്യത കണ്ടെത്തി അയാളെക്കൊണ്ട് എഴുതിക്കുക എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്. അതുതന്നെ മാനദണ്ഡം.
? പത്രാധിപർക്ക്, പത്രാധിപസമിതിയൊക്കെ ഉണ്ടെങ്കിലും ഒരു ഏകപക്ഷീയത ആവശ്യമല്ലേ.
= അതാണ് നന്നാവുക.
? നല്ല കഥാകൃത്തിന്റെ മോശം കഥ വന്നാൽ അതിന് പത്രാധിപരാണോ ഉത്തരവാദി.
= അല്ല. എഴുത്തുകാരൻതന്നെ. കഥ മോശമായാൽ കഥാകൃത്താണ് ഉത്തരവാദി. മറിച്ച് അപരിചിതന്റെ മോശം കഥ വന്നാൽ പത്രാധിപരാണ് ഉത്തരവാദി.
? പത്രാധിപജീവിതം വിട്ട് സ്വതന്ത്ര എഴുത്തുകാരന്റെ മേൽവിലാസത്തിലാണ് ഇന്ന് കെ സിയുടെ നില. പത്രാധിപ പരിചയം, എഡിറ്റിങിലെ കല എല്ലാം കെ സി യിലെ എഴുത്തുകാരന് ഗുണഘടകമാവുന്നുണ്ടോ.
= എഴുതുന്ന വിഷയം ഏശുമോ എന്ന ചിന്തയാണ് ആദ്യം വരിക. മഹാഭാരതത്തെക്കുറിച്ച് എഴുതുവാൻ തീരുമാനിച്ചപ്പോൾ ഹെഡിങ്ങാണ് ആദ്യം വന്നത്. മഹാഭാരതം‐
ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയർ. എന്നിലെ പത്രാധിപരാണ് ആ പേരിട്ടത്. മഹാഭാരതം: ഒരു വിചിന്തനം, പുനർവിചിന്തനം എന്നൊക്കെയായാൽ ഏശില്ല.
? മഹാഭാരതം ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയർ എന്ന പരമ്പര മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ 51 ലക്കത്തിലായി പ്രസിദ്ധീകരിച്ചു. പിന്നീട് പുസ്‌തകമായി. എഴുത്തുകാരുടെ നിരയിലേക്ക് കെ സിയെ നയിച്ച അല്ലെങ്കിൽ ഉപനയിച്ച ഈ രചനയുടെ അണിയറയിലേക്ക് പോകാം. പറയൂ.
= മഹാഭാരതത്തിൽ ജീവിക്കുക എന്നതാണ് കാര്യം. കംപ്യൂട്ടർ ഓഫ് ചെയ്‌താലും അതിലേക്ക് ഇ‐മെയിൽ വരുമല്ലോ. എനിക്ക് സദാ വന്നുകൊണ്ടിരുന്ന ഇമെയിലുകൾ മഹാഭാരതത്തിൽ നിന്നായിരുന്നു. ആ ഇമെയിലുകളെ മനസ്സ് സ്വീകരിച്ചിരുന്നുള്ളു. മഹാഭാരതം കഥ തന്നെ ഒരു സമുദ്രമാണ്. വായിക്കുമ്പോൾ ആശയങ്ങൾ വരും. ഇതിന്റെ പ്രതിബിംബം തന്നെയല്ലേ അതും എന്നൊക്കെ തോന്നും. കുറിപ്പുകൾ എഴുതി. ചാക്കുകണക്കിന് കുറിപ്പുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ഏതാണ്ട് അത്രയും കളഞ്ഞിട്ടുമുണ്ട്. ഇതിൽനിന്നാണ് ലേഖനങ്ങൾ എഴുതുക. പല തുടക്കങ്ങൾ പരീക്ഷിച്ചു. പലതും ബാലിശമായത്; അർധ ബാലിശമായത് എന്ന് തോന്നി, ഉപേക്ഷിച്ചു.
കൈയെഴുത്തുപ്രതിയുടെ മൂന്നിരട്ടി ഇവിടെ ബാക്കിയിരിപ്പുണ്ട്. ‘വ്യാസൻ ഡോട്ട് കോമി’ ൽ നിന്ന് വന്നുകൊണ്ടിരുന്ന ഇമെയിലുകളായിരുന്നു എനിക്ക് ആധാരം. തമ്പുരാൻ ഡോട്ട് കോമിൽനിന്നും ഇമെയിലുകൾ വരുമായിരുന്നു. എഴുതിക്കഴിഞ്ഞപ്പോൾ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപർ സുഭാഷ് ചന്ദ്രൻ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. മദനൻ മനോഹരമായി വരച്ചു. ഇക്കാര്യത്തിൽ സുഭാഷ്‌ചന്ദ്രനോട് അതിയായ നന്ദിയുണ്ട്.
? മറ്റു മഹാഭാരത പഠനങ്ങൾ വായിച്ച അനുഭവം ഈ എഴുത്തിനെ ബാധിച്ചുവോ.
= കുട്ടികൃഷ്‌ണ മാരാരുടെ ഭാരതപര്യടനം പണ്ട് വായിച്ചതാണ്. ഞാൻ എഴുതാൻ തീരുമാനിച്ചപ്പോൾ മഹാഭാരത പഠനങ്ങൾ ഒന്നും വായിക്കില്ല; പ്രഭാഷണങ്ങൾ കേൾക്കില്ല എന്ന് നിശ്ചയിച്ചു. വായിച്ചത് മറന്നു. മറ്റുള്ളവരുടെ ആശയം എന്നിൽവന്ന് എന്റേതായി തോന്നാൻ തുടങ്ങരുതല്ലോ. വിസ്‌മയത്തിന്റെയും വിഷാദത്തിന്റെയും ഉറവിടം കൂടിയാണ് മഹാഭാരതം.
? പല കാലങ്ങളിൽ പല വിഷയങ്ങൾ അവതരിപ്പിച്ച കെ സി ഏറ്റവും ആസ്വദിച്ച കാലം ഏതായിരുന്നു.
= അങ്ങനെ പറയാൻ പറ്റില്ല. മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ വിവിധ വിഷയങ്ങളെക്കുറിച്ച് വിവിധ വീക്ഷണകോണിലുള്ളവർ പങ്കെടുക്കുന്ന നിരന്തരമായ ചർച്ചകൾ സംഘടിപ്പിച്ചു. മറ്റു പ്രസിദ്ധീകരണങ്ങൾ ഇങ്ങനെ ചർച്ചാവേദികളാവാത്ത കാലത്താണിത്. 1985ൽ ശരീഅത്ത് പൊതുസമൂഹത്തിൽ ചർച്ചാവിഷയമായി അവതരിപ്പിച്ച് വിഭിന്ന കാഴ്‌ചപ്പാടുള്ളവരെ അണിനിരത്തി എഴുതിപ്പിച്ചു. കാരശ്ശേരി, വി എ കബീർ തുടങ്ങിയവർ വിവിധ വീക്ഷണകോണുകളിൽ എഴുതി.
ക്രിസ്‌തുവിന്റെ ആറാം തിരുമുറിവ് നാടകം, കമ്യൂണിസം, ആർഎസ്‌എസ് തുടങ്ങി അനുകൂലവും പ്രതികൂലവുമായ നിലപാടുകളിൽനിന്ന് ഒരു വിഷയത്തെ സമീപിച്ച് ചർച്ച നടത്തി. സംഘർഷ‐ സമരവേദിയായി ആഴ്ചപ്പതിപ്പിനെ മാറ്റുക എന്ന രീതി മൂന്നുകൊല്ലവും തുടർന്നു. അതിന് വായനാശ്രദ്ധ കിട്ടി. അഭിപ്രായങ്ങളുടെ ഏറ്റുമുട്ടൽ ഇന്ത്യൻ കൺസപ്‌റ്റ് കൂടിയാണ്.
ജനാധിപത്യബോധത്തിന്റെ, വിശ്വാസത്തിന്റെ സ്‌പിരിറ്റിന്റെ പ്രതിഫലനം കൂടിയാണത്. ഇന്ത്യയിലുണ്ടായ സംവാദചരിത്രത്തെക്കുറിച്ച് അമർത്യാസെൻ പുസ്‌തകം എഴുതിയിട്ടുണ്ട്.
ആർഗ്യുമെന്റേറ്റീവ് ഇന്ത്യൻ. സംവാദങ്ങളിലൂടെയാണ് ആശയങ്ങൾ മുന്നോട്ടുവരുന്നത്. വന്നിരുന്നത്. അതാണ് നടക്കേണ്ടത്. ‘വാദേ വാദേ ജായതേ തത്വബോധ’ ‐ വാദങ്ങളിൽനിന്നും എതിർവാദങ്ങളിൽനിന്നുമാണ് സത്യബോധം ഉണ്ടാവുന്നത്. വാദിച്ച് മാത്രമേ സത്യത്തിലെത്താൻ കഴിയൂ. ആശാന്റെ സീതാകാവ്യത്തിന്റെ ആമുഖത്തിൽ സുകുമാർ അഴീക്കോട് ഇത് എടുത്തുചേർത്തിട്ടുണ്ട്. ഞാൻ ഉടനീളം അവലംബിക്കുന്ന ഒന്നാണിത്.
? നല്ല എഴുത്തുകാരുള്ള കാലത്തേ നല്ല പത്രാധിപരുണ്ടാകൂ എന്നുണ്ടോ.
= നല്ല എഴുത്തുകാർ ഉണ്ടാവുക പത്രാധിപർക്ക് ബലംതന്നെയാണ്. എഴുത്തുകാരാണ് പത്രം ഉണ്ടാക്കുന്നത്. എല്ലാം മോശം എഴുത്തുകാരാണെങ്കിൽ പ്രസിദ്ധീകരണങ്ങളും ആ ലവലിൽ ആയിരിക്കും. ആഴ്‌ചപ്പതിപ്പുകളുടെ ലവൽ എഴുത്തുകാരുടെ ലവലാണ്. മുമ്പൊക്കെ അയ്യപ്പപ്പണിക്കർ, വിഷ്‌ണുനാരായണൻ നമ്പൂതിരി, സുഗതകുമാരി‐ ആരുടെ കവിതയാണ് ആദ്യം കൊടുക്കേണ്ടത് എന്ന അനിശ്ചിതത്വം ഉണ്ടായിരുന്നു.
? നല്ല എഴുത്തുകാരുടെ അഭാവം പത്രാധിപരുടെ ധർമ സങ്കടമല്ലേ.
= പത്രാധിപരുടെ മാത്രമല്ല വായനക്കാരുടെയും ധർമസങ്കടമാണ്. ആനന്ദിപ്പിക്കുന്ന ഒന്നും അതിൽ ഇല്ലെങ്കിൽ എന്തിനിത് വാങ്ങണം എന്ന ചിന്ത വരാം. പണം വെറുതെ ഉണ്ടാവില്ലല്ലോ.
? കെ സിക്ക് പിന്നാലെ വന്ന പത്രാധിപന്മാരെ ശ്രദ്ധിച്ചിട്ടില്ലേ.
= അത്ഭുതപ്പെടുത്തുന്ന പരമ്പര കൊണ്ടുവന്നവരുണ്ട്. പുതുമ കൊണ്ടുവരുമ്പോഴും ട്രഡീഷനെ മാനിയ്‌ക്കണം. കമൽറാം സജീവിനെ ശ്രദ്ധിച്ചിട്ടുണ്ട്. സാഹിത്യ പാരമ്പര്യം തിരിച്ചുകൊണ്ടുവരുന്ന സുഭാഷ് ചന്ദ്രൻ, സമകാലികമാക്കുന്ന ശ്രീകാന്ത് കോട്ടയ്‌ക്കൽ എന്നിവരെ എടുത്തുപറയാം.
? കെ സിക്ക് വ്യക്തവും കൃത്യവുമായ സാഹിത്യ പക്ഷപാതങ്ങൾ ഉണ്ട്. എന്തൊക്കെയാണ് കെ സിയുടെ സാഹിത്യ അഭിരുചി. എല്ലാ മേഖലകളും പരാമർശിക്കാം.
= എനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട കവി എന്ന പേരിൽ എൻ വി കൃഷ്ണവാരിയരെക്കുറിച്ചെഴുതിയതാണ് എന്റെ ആദ്യത്തെ ലേഖനം. എൻ വി എനിക്ക് പ്രിയപ്പെട്ട കവിയാണ്.‘അകാരണ ക്ലാന്തമാം മനം തോഴി/ദുഃഖത്താൽ തുളുമ്പുമ്പോൾ’ എന്നെഴുതിയ കൃഷ്ണവാരിയർ അസ്സൽ കവിയാണ്. പി കുഞ്ഞിരാമൻ നായർ എന്റെ കവിയാണ്. ഈയിടെ കലാമണ്ഡലം ഗോപിയെ കണ്ടപ്പോൾ ‘ഇനി വരുമോ തവ മുഖത്തുജ്വലഹരിതകാനനം പച്ച തേയ്‌ക്കും ദിനം’ എന്ന പി കവിതാ വരി ഓർമിച്ചു. പി യ്‌ക്ക് ഇന്നലെയാണ് ഇഷ്ടം.
വൈലോപ്പിള്ളിയുടെ രചനാഭംഗി ഗംഭീരം. കാളിദാസൻ തന്നെ വൈലോപ്പിള്ളി.
ഇടശ്ശേരിയുടെ അപ്രശസ്ത കവിതകളാണ് എനിക്കിഷ്‌ടം. കഞ്ഞികുടിക്കാനുള്ള പ്ലാവില പെറുക്കാനേ താൻ കുനിഞ്ഞിട്ടുള്ളൂ എന്ന് ഇടശ്ശേരി എഴുതുന്നു. കുമാരനാശാനും ശങ്കരക്കുറുപ്പും ശക്തരായ കവികളാണ്. അയ്യപ്പപ്പണിക്കരുടെ നിഷ്ഠയില്ലായ്‌മയെക്കുറിച്ച്, സച്ചിദാനന്ദന്റെ വാചാലതയെക്കുറിച്ച് ഞാൻ വിമർശന ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ‘പുതുമുദ്ര’കളിലെ എല്ലാ കവികളെയും ഇഷ്ടമാണ്. പി യെ വാറ്റിയെടുത്തതാണ് ആർ രാമചന്ദ്രൻ. കടമ്മനിട്ടയെ പ്രിയമാണ്. പുതുതലമുറയിൽ അനിത തമ്പി, അൻവർ അലി, പി രാമൻ (കനം എന്ന സമാഹാരത്തിലെ മാത്രം പി രാമൻ) എന്നിവരെ പറയാം. എൻ എസ് മാധവന്റെ കഥകളിലെ രാഷ്ട്രീയജാഗ്രത വിസ്‌മയിപ്പിക്കുന്നു. സക്കറിയയുടെ കഥകൾ ഗംഭീരം. അശോകൻ ചരുവിലിനെ പൊതുവെ ഇഷ്‌ടമാണ്.
സുഭാഷ് ചന്ദ്രന്റെ കഥകളും നോവലുകളും തുടക്കകാലത്തേ ഇഷ്‌ടമായിട്ടുണ്ട്. ഇ സന്തോഷ് കുമാർ, സന്തോഷ് ഏച്ചിക്കാനം, വിനോയ് തോമസ് അങ്ങനെ പോവുന്നു. വിമർശനത്തിൽ പി കെ ബാലകൃഷ്ണന്റെ എഴുത്തിലെ വമ്പത്തരവും തർക്കഭാഷയും ആകർഷിച്ചിട്ടുണ്ട്. ചരിത്രവുമായി ബന്ധിപ്പിച്ചുള്ള എഴുത്ത് കേമം തന്നെ. കുമാരനാശാനെപ്പറ്റി, ചന്തുമേനോനെപ്പറ്റി, നോവലിനെപ്പറ്റി, പി കെ ബാലകൃഷ്‌ണന്റെ കഥകൾ ഗംഭീരം തന്നെ. കെ പി അപ്പനിൽ ആലങ്കാരികത മുന്നിട്ടു നിൽക്കുന്നു.
എം പി ശങ്കുണ്ണിനായരുടെ വീക്ഷണങ്ങൾ വിസ്‌മയിപ്പിക്കുന്നു. ‘കാവ്യവ്യുത്‌പത്തി’ ഒക്കെ എഴുതാൻ എന്തുമാത്രം ഇന്ധനങ്ങൾ വേണം. വിജ്ഞാനം നിസ്സാരമാണ് ശങ്കുണ്ണി നായർക്ക്. രാവണന്റെ കൈലാസമെടുത്തുള്ള അമ്മാനമാടൽ പോലെ, ഭാരമില്ലാതെ ശങ്കുണ്ണി നായർ എഴുതി. അയത്നലളിതമാണത്.
? ശ്രീകൃഷ്‌ണപുരം പത്രാധിപരുടെ ദേശം‐ കെ സി യുടെ ജീവിതത്തെയും ബാധിച്ചിട്ടുണ്ടോ.
= ചീത്തയായാലും നല്ലതായാലും സ്വാധീനിച്ചിട്ടുണ്ട്. വേഗമില്ലായ്‌മ, അമാന്തം എല്ലാം. ഉമ്മറത്തെ പടിയിൽ ഏകാന്തനായി, നിശ്ശബ്‌ദനായി എത്രനേരമെങ്കിലും ഇരിക്കുക അച്ഛന്റെ സ്വഭാമായിരുന്നു. ഇന്നലെ രാവിലെ പത്തരമുതൽ രാത്രി എട്ടരവരെ ഒറ്റയിരിപ്പിൽ നളചരിതം കാണാൻ കഴിഞ്ഞത് ഈ ഇരിപ്പുസംസ്‌കാരത്തിന്റെ ഫലമാണ്. നിശ്ചലതയുടെ സുഖം ഞാൻ അനുഭവിക്കുന്നു. ആളുകളുമായി സാമൂഹ്യ അകലമുള്ള കുട്ടിക്കാലമായിരുന്നു. രാമകൃഷ്‌ണൻ മാത്രമായിരുന്നു സുഹൃത്ത്.

കെ സി നാരായണൻ- ഫോട്ടോ: എം എസ് വിശ്വനാഥൻ, അങ്ങാടിപ്പുറം
ലോഹ്യം നടിക്കൽ മാത്രമായിരുന്നു പരിചയം. ശ്രീകൃഷ്‌ണപുരം ലൈബ്രറിയിലെ പുസ്‌തകങ്ങൾ, പി സി മാസ്‌റ്ററുടെ വായനാ നിർദേശങ്ങൾ എല്ലാം തന്നെ സ്വാധീനിച്ചിട്ടുണ്ട്. മണ്ണാർക്കാട് പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ പ്രൊഫസർ പി ഇ ഡി നമ്പൂതിരിയുടെ നേതൃത്വത്തിൽ ആധുനികതയെപ്പറ്റി സെമിനാറുണ്ടായി. ജോർജ് ഇരുമ്പയം, എം തോമസ് മാത്യു, കെ പി ശശിധരൻ എന്നിവരായിരുന്നു പ്രഭാഷകർ. കെ പി ശശിധരൻ സാർത്രിനെയും ഷെനെയും കുറിച്ച് ഉജ്വലമായി പ്രസംഗിച്ചു. അത് എന്നെ പ്രചോദിപ്പിച്ചു. ഖസാക്കിന്റെ ഇതിഹാസത്തെ കാർട്ടൂൺ നോവലായി വിശേഷിപ്പിച്ചത് കെ പി ശശിധരനാണ്. നല്ല കണ്ടെത്തലല്ലേ.
? മലയാളഭാഷയ്‌ക്ക്, എഴുത്തുകാർക്ക്, വായനക്കാർക്ക്, പത്രസ്ഥാപനങ്ങൾക്ക് കെ സി നാരായണൻ എന്ന പത്രാധിപർ എന്തു നൽകി.
= ഞാൻ നൽകി എന്നു പറയില്ല. അവർക്ക് എന്തുകിട്ടി എന്ന് വായനക്കാർ പറയേണ്ട ഉത്തരമാണ്. എനിക്ക് പത്രാധിപജീവിതം സന്തോഷകാലമായിരുന്നു. അത് എന്റെ മനസ്സിനെ പുഷ്‌ടിപ്പെടുത്തി. ഞാൻ റിലീവ് ചെയ്യുകയായിരുന്നു. അതിലൂടെ ഞാൻ ജീവിക്കുകയായിരുന്നു. അതിലൂടെയാണ് ഞാൻ ലോകം കണ്ടത്.
? ഇപ്പോൾ മുതിർന്ന മാധ്യമപ്രവർത്തകൻ, മുൻ മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ എന്നൊക്കെയാണ് കെ സി നാരായണന് വിശേഷണം. അതിൽ തൃപ്‌തനാണോ.
= എഴുത്തുകാരനും വായനക്കാരനും മധ്യത്തിൽ നിൽക്കുന്നതാണ് മാധ്യമം. ഞാൻ ഇേപ്പാൾ മധ്യസ്ഥനല്ല. ഞാൻ എഴുത്തുകാരൻ എന്ന കക്ഷിയാണ് അതാണ് തൃപ്‌തി .
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..