07 October Friday

ലഫ്റ്റനന്റ്‌ കെ സി ഏബ്രഹാമിന്റെ ജീവിതം; ഉമ്മൻ പി ഏബ്രഹാം രചിച്ച ചരിത്ര ഗ്രന്ഥം

സാം പൈനുംമൂട്Updated: Saturday Aug 6, 2022

നമ്മുടെ മാതൃരാജ്യം വീരോജിതവും ത്യാഗോജ്വലവുമായ നീണ്ട പോരാട്ടങ്ങൾക്കു ശേഷം സ്വതന്ത്രമായിട്ട് 75 വർഷങ്ങൾ പിന്നിടുകയാണ്. ബ്രിട്ടീഷ് കൊടിയും പടയും കടൽ കടന്നുവെങ്കിലും പുത്തൻ കൊളോണിയലിസത്തിന്റെ നൂറു നൂറു ചങ്ങലകൾ നമ്മുടെ മാതൃരാജ്യത്തെ വരിഞ്ഞു മുറുക്കുകയാണ്. മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും വീര രക്തസാക്ഷികളുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇനിയും നമുക്കു കഴിഞ്ഞിട്ടുമില്ല. ഇതിന്റെയൊക്കെ ഉപോൽപ്പന്നമാകാം പുത്തൻ തലമുറയിലെ ബഹുഭൂരിപക്ഷവും ചരിത്ര വിഷയങ്ങളിൽ കാണിക്കുന്ന അലംഭാവവും  ആശങ്കയുളവാക്കുന്നതാണ്. ആയതിനാൽ പുനർവിചിന്തിനത്തിന് വിധേയമാക്കേണ്ട വിഷയമാണ് നമ്മുടെ ചരിത്ര പഠനം .
ഈ സാഹചര്യത്തിൽ നമ്മുടെ സ്വതന്ത്ര്യ സമര ത്തിൽ പങ്കെടുക്കുകയും ആ കാലഘട്ടത്തിന്റെ ഭാഗമായി പ്രവർത്തിക്കുകയും, എന്നാൽ വിസ്മൃതിയിലാണ്ടു പോകുകയും ചെയ്‌ത നിരവധി ദേശാഭിമാനികൾ കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഉണ്ട് . അവരുടെ ധീരോദാത്തമായ പ്രവർത്തനങ്ങൾ ഇന്നത്തെ തലമുറയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ഏതൊരു ശ്രമങ്ങളും ശ്ലാഘനീയമാണ്.

വിദ്യാർത്ഥിയായിരിക്കെ, സി പി രാമസ്വാമി അയ്യരുടെ കിരാത ഭരണത്തിൽ പ്രതിഷേധിച്ച് തിരുവതാംകൂറിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്തതിനെ തുടർന്ന് മുംബൈലെത്തി, സുബാഷ് ചന്ദ്രബോസിന്റെ നിർദ്ദേശാനുസരണം ഐഎൻഎയിൽ ചേരുകയും സിംഗപ്പുരിൽ
ജയിൽവാസം അനുഭവിക്കുകയും ചെയ്‌ത ധീര ദേശാഭിമാനിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ലഫ്റ്റനന്റെ കെ സി ഏബ്രഹാം ഐഎൻഎയുടെ സമരഗാഥയാണ് സിഎസ്എസ്, തിരുവല്ല വിതരണ ചുമതല നിർവഹിക്കുന്ന "ധീര ദേശാഭിമാനി ലെഫ്റ്റനന്റെ
കെ സി ഏബ്രഹാം' എന്ന ചരിത്ര ഗ്രന്ഥം.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ മാവേലിക്കരയും പ്രാന്തപ്രദേശങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. 1937 ജനുവരി 17 ന് തിരുവനന്തപുരവും വർക്കലയും സന്ദർശിച്ചതിനു ശേഷം വൈക്കത്തേക്കുള്ള സഞ്ചാര മദ്ധ്യേ മഹാത്മഗാന്ധി മാവേലിക്കര തട്ടാരമ്പലത്തിൽ എത്തിയതായി രേഖകളുണ്ട്.
മഹാത്മഗാന്ധിയുടെ സന്ദർശനാനന്തരം ടി കെ മാധവൻ, ടി എം വർഗീസ്, കൊച്ചിക്കൽ ബാലകൃഷ്‌ണൻ തമ്പി , ശങ്കരനാരായണൻ തമ്പി , എൻ . അലക്സാണ്ടർ , സി.എം. സ്റ്റീഫൻ തുടങ്ങിയ പ്രമുഖരുടെ പേരുകളോടൊപ്പം എഴുതിച്ചേർക്കേണ്ട നാമമാണ്  ലഫ്റ്റനന്റ കെ.സി. ഏബ്രഹാമിന്റേത്.
ഇനിയും അറിയപ്പെടാത്ത എത്രയോ സ്വാതന്ത്ര്യ സമര സേനാനികൾ ലോകത്തിൽ നിന്നും മൺമറഞ്ഞു കാണും?സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎ.യിൽ പ്രവർത്തിച്ച കെ സി ഏബ്രഹാം ദേശീയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി രാജ്യത്തിനകത്തും പുറത്തും പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനിയാണ്.

ആലപ്പുഴ ജില്ലയിൽ മാവേലിക്കര തോനക്കാട് പാലമൂട്ടിൽ പോളക്കുന്നിലാണ് ജനനം. സർ സി പി രാമസ്വാമി അയ്യരുടെ സേഛാധിപത്യ ഭരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു കൊണ്ടാണ് കെ സി ഏബ്രഹാമിന്റെ സമരഗാഥ ആരംഭിക്കുന്നത്. തഴക്കര എംഎസ്എസിലായിരുന്നു മിഡിൽ സ്‌കൂൾ പഠനം. തുടർന്ന് മാവേലിക്കര ബിഎച്ച്എസിൽ ഹൈസ്‌കൂൾ പഠനം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ആർട്ട്സ് കോളജിൽ നിന്നും ബിരുദം. ബിരുദാനന്തരം മുംബൈയിലേക്ക് ചേക്കേറി ഉദ്യോഗാർത്ഥം. "കാൾട്ടക്‌സ് " ഓയിൽ കമ്പനിയിൽ മെച്ചപ്പെട്ട ജോലി. മുംബൈയിലായിരിക്കുമ്പോഴും ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യ ദൗത്യത്തിലായിരുന്നു കെ സി ഏബ്രഹാമിന്റെ ശ്രദ്ധ. രാജ്യത്തിന്റെ സ്വാതന്ത്ര്യ വാഞ്ചയുമായി കെ സി ഏബ്രഹാം ഡെൽഹി വൈസ്രോയി കമ്മീഷൻ ഓഫിസിലെത്തി. തുടർന്ന് സിംഗപ്പൂരിലും. രണ്ടാം ലോക മഹായുദ്ധസമയത്ത് ബിട്ടീഷ് സേനയുടെ ഭാഗമായിരുന്ന ഏബ്രഹാം ജപ്പാൻ പട്ടാളക്കാരുടെ പിടിയിൽപെട്ടു. സിംഗപ്പൂരിൽ നരകയാതനയാണ് അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നത്. ജയിൽ മോചിതനായ ഏബ്രഹാം 1943 ൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ ചേർന്നു. ഷാനവാസ് ഖാന്റെ റെജിമെന്റിലായിരുന്നു. അവിടെ നിന്നും കെ സി ഏബ്രഹാമിന് ലഫ്റ്റ്നന്റെ പദവി ലഭിച്ചു.

രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടു. 1945 ആഗസ്റ്റ് 15 ന് ജപ്പാൻ ആയുധം വെച്ചു കീഴടങ്ങി. ആഗസ്റ്റ് 16 ന് സിംഗപ്പൂരിലെ "പ്രൊവിഷണൽ ഗവൺമെന്റിന്റെ " ചുമതല മേജർ ജനറൽ കിയാനിയെ ഏൽപ്പിച്ചിട്ട് സുഭാഷ് ചന്ദ്രബോസ് ബാങ്കോക്കിലേക്ക് പോയി. അടുത്ത ദിവസം തായ് വാനിലേക്കും. വിമാനം പറന്നിറങ്ങുമ്പോൾ പ്രൊപ്പല്ലറിന് തീ പിടിച്ചിരുന്നതായി ലെഫ്റ്റനെന്റെ കെ.സി. ഏബ്രഹാം വെളിപ്പെടുത്തുന്നു. പൊള്ളലേറ്റ സുഭാഷിനെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഹബീബ് റഹ്മാനോട് " ഇന്ത്യക്കു വേണ്ടി അവസാന നിമിഷം വരെ പോരാടി " എന്ന് ഇന്ത്യൻ ജനതയോട് പറയണം. നേതാജി അഭ്യർത്ഥിച്ചു. ഹബീബ് റഹ്മാൻ രേഖപ്പെടുത്തിയിട്ടുള്ളതായി
"ധീരദേശാഭിനി " സാക്ഷ്യപ്പെടുത്തുന്നു.

1945 ൽ കെ.സി. ഏബ്രഹാം പദവികളെല്ലാം ഉപേക്ഷിച്ച് ജന്മനാട്ടിലെത്തി. 1972 - 1975 കാലഘട്ടങ്ങളിൽ പല പ്രാവശ്യം ഞാൻ കെ സി ഏബഹാമിന്റെ തോനക്കാട് പോളക്കുന്നു ഭവനം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ സജീവ് ഏബ്രഹാമും  മകൾ ലൗലി സൂസനും തഴക്കര എംഎസ്എസ് ഹൈസ്‌കൂളിൽ സഹപാഠികളായിരുന്നു. കെ സി ഏബ്രഹാം എറണാകുളത്ത് ഉദ്യോഗസ്ഥനയാരുന്നു. ഭാര്യ ചിന്നമ്മ ഏബ്രഹാമിന്റെ സ്വീകരണം ഓർമ്മയിലുണ്ട്.

1980 മുതൽ പ്രവാസ ലോകത്ത് ഞാൻ എത്തിയതോടെ ഈ കുടുംബവുമായുള്ള സൗഹൃദം നഷ്‌ടപ്പെട്ടിരുന്നു. 2022 ജൂൺ മാസത്തിൽ യുഎസ്എയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ കെ സി ഏബ്രഹാമിന്റെ രണ്ടാമത്തെ മകൻ  ഉമ്മൻ പി ഏബ്രഹാമിനെ (രാജൻ ) പരിചയപ്പെട്ടതോടുകൂടിയാണ് ധീരദേശാഭിമാനി ലഫ്റ്റനന്റെ കെ സി ഏബ്രഹാമിന്റെ മക്കളായിരുന്നു സജീവും ലൗലിയും എന്നത് തിരിച്ചറിയാൻ കഴിഞ്ഞത്.  പിതാവിന്റെ ത്യാഗോജ്വലമായ പ്രവർത്തനങ്ങളിൽ ഒരു മാവേലിക്കരക്കാരൻ എന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു.

1917 ഒക്ടോബർ 23ന് ജനിച്ച കെ സി ഏബ്രഹാം 1978 ഏപ്രിൽ 21 ന് ഈ ലോകത്തിൽ നിന്നും യാത്രയായി. തോനക്കാട് സെന്റെ ജോർജ് ഓർത്തഡോക്‌സ് പള്ളിസെമിത്തേരിയിൽ അന്ത്യവിശ്രമം. ആറു മക്കൾ. അഞ്ച് ആണും ഒരു പെണ്ണും. എല്ലാവരും യുഎസ് എയിൽ!

നമ്മുടെ മാതൃരാജ്യത്തിന്റെ സ്വാതന്ത്യത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാജി സുഭാഷ് ചന്ദ്രബോസിനോടെപ്പം ഐ .എൻ .എ .
യിൽ കെ സി ഏബ്രഹാമിന്റെ സംഭാവനകൾ തിരിച്ചറിയുന്നതും അടയാളപ്പെടുത്തേണ്ടതും അംഗീകരിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.  ലഫ്റ്റനന്റെ കെ സി ഏബ്രഹാമിന്റെ ജീവിതവും ദർശനവും ദൗത്യവും വരുംതലമുറകൾക്കും അറിയാൻ സഹായകരമാണ് ഉമ്മൻ പി ഏബ്രഹാം രചിച്ച ധീരദേശാഭിമാനി ലഫ്റ്റനന്റെ കെ സി ഏബ്രഹാം എന്ന ചരിത്ര ഗ്രന്ഥം. ധീരദേശാഭിമാനി ലഫ്റ്റനന്റെ കെ സി ഏബ്രഹാമിന് സ്‌മ‌രണാഞ്ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top