18 February Monday

ഈ അവാര്‍ഡിന് അര്‍ക്കശോഭ

ആര് എസ് ബാബുUpdated: Sunday Oct 6, 2013

മലയാളത്തിന്റെ ജനകീയ മഹാകവി വയലാര്‍ രാമവര്‍മയുടെ മനസ്സിനോട് ഇണങ്ങുന്ന പുരസ്കാര പ്രഖ്യാപനമാണ് ശനിയാഴ്ചയുണ്ടായത്. പ്രഭാവര്‍മയ്ക്ക് ലഭിച്ച ഈ പുരസ്കാരത്തിന്റെ അര്‍ക്കശോഭ വലുതാണ്. വയലാര്‍ രാമവര്‍മ ഒരു വെള്ളക്കടലാസില്‍ പ്രഭാവര്‍മയ്ക്ക് രണ്ടുവരി കുറിച്ചുകൊടുത്തിരുന്നു: "പണ്ടേ തുരുമ്പിച്ച പൊന്നുടവാളുമായ് തെണ്ടാതിരിക്കട്ടെ, നാളെയീ ക്ഷത്രിയന്‍" അന്ന് വര്‍മ പരുമല ദേവസ്വംബോര്‍ഡ് കോളേജിലെ പ്രീ- ഡിഗ്രി വിദ്യാര്‍ഥിയാണ്. വയലാര്‍ അന്ത്യയാത്രയാകുന്ന 1975 ഒക്ടോബര്‍ 27ന് ആഴ്ചകള്‍ക്കുമുമ്പ് ചങ്ങനാശേരി എന്‍എസ്എസ് കോളേജിലെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് വയലാര്‍ ആ വരികള്‍ കുറിച്ചുകൊടുത്തത്. രാജകുടുംബത്തില്‍ പിറന്ന ഒരു കോളേജ് വിദ്യാര്‍ഥിയാണ് വര്‍മയെന്ന് ചോദിച്ച് അറിഞ്ഞ ശേഷമാണ്, പഴയ ഫ്യൂഡല്‍ ഓര്‍മകളുടെ തണലില്‍ സഞ്ചരിക്കാതെ പുതിയ കാലത്തിന്റെ മനുഷ്യനാകാന്‍ വയലാര്‍ ഉപദേശിച്ചത്.

 

മൂന്നര പതിറ്റാണ്ടുമുമ്പ് വയലാര്‍ നല്‍കിയ ആ ഉപദേശം സാര്‍ഥകമാക്കി പുരോഗമനപ്രസ്ഥാനത്തിന്റെ നറുവെളിച്ചം വീണ വഴിത്താരയിലൂടെയായി വര്‍മയുടെ യാത്ര. എസ്എഫ്ഐ നേതാവ്, കോളേജ് വിദ്യാഭ്യാസത്തിനുശേഷം ദേശാഭിമാനിയില്‍ പത്രപ്രവര്‍ത്തനം, ദൃശ്യമാധ്യമത്തിലാകട്ടെ കൈരളിയില്‍, പ്രസ് സെക്രട്ടറിയായി മുഖ്യമന്ത്രി ഇ കെ നായനാരുടെ കൂടെ- ഈ സഞ്ചാരത്തിനൊടുവില്‍ ഇന്ന് ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റര്‍. ഈ കാലയളവിലെല്ലാം പുരോഗമന കലാസാഹിത്യസംഘത്തിന്റെ സജീവസാരഥികളില്‍ ഒരാളാണ്. കാലചക്രം തിരിയുമ്പോഴും കവിത, ഗാനം, ലളിതഗാനം എന്നീ മേഖലകളിലെല്ലാം നിറഞ്ഞൊഴുകുന്ന സര്‍ഗവൈഭവത്തിന്റെ സുഗന്ധവാഹിയായി വര്‍മയുടെ കാവ്യജീവിതം. മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡായ വയലാര്‍ പുരസ്കാരലബ്ധിയിലൂടെ ആ കാവ്യവ്യക്തിത്വത്തെ അംഗീകരിക്കുകയാണ്. ഇത് അര്‍ഹതയ്ക്ക് ലഭിച്ച അംഗീകാരമാണ്.

 

പുരോഗമനരാഷ്ട്രീയത്തിന്റെ പക്ഷംചേര്‍ന്നാല്‍ സര്‍ഗാന്മകതയ്ക്ക് ഹൃദയച്ചുരുക്കം വരുമെന്ന വാദത്തിനുള്ള ഉചിതമായ മറുപടിയാണ് വര്‍മയുടെ കാവ്യവ്യക്തിത്വം. പുരോഗമന രാഷ്ട്രീയപ്രസ്ഥാനത്തിനൊപ്പം അണിനിരന്നാല്‍ സര്‍ഗാന്മകതയ്ക്ക് ഒരു ശോഷണവും സംഭവിക്കില്ലെന്ന് വര്‍മ തെളിയിച്ചിരിക്കുന്നു. ചില അവാര്‍ഡ്ദാന കേന്ദ്രങ്ങളുടെയും വരേണ്യവര്‍ഗ നിക്ഷിപ്തകേന്ദ്രങ്ങളുടെയും സ്വീകാര്യതയ്ക്ക് തങ്ങളുടെ കമ്യൂണിസ്റ്റ് പശ്ചാത്തലവും ബന്ധവും കുടഞ്ഞെറിഞ്ഞ് സ്വതന്ത്രകവികളും സാഹിത്യകാരന്മാരുമാണെന്ന് വരുത്താന്‍ ചിലര്‍ വല്ലാതെ പാടുപെടുന്ന കലികാലമാണ് ഇത്. ഇവിടെയാണ് പ്രഭാവര്‍മയെന്ന പത്രപ്രവര്‍ത്തകന്റെ രാഷ്ട്രീയനിലപാടിന്റെ പേരില്‍ "ശ്യാമമാധവം" എന്ന ഖണ്ഡകാവ്യത്തിന്റെ പ്രസിദ്ധീകരണം നിര്‍ത്തിയ ഒരു വാരികയുടെ രാഷ്ട്രീയ കടുംകൈ സ്മരിക്കേണ്ടത്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ സിപിഐ എം നേതൃത്വത്തിനെതിരെ അപവാദവും പെരുംകള്ളവും ചില മാധ്യമങ്ങള്‍ പെരുമഴയാക്കിയപ്പോള്‍, അതിന് യുക്തിഭദ്രമായ മറുപടി നല്‍കി എന്നതാണ് വര്‍മയുടെ കവിതയുടെ പ്രസിദ്ധീകരണം വഴിമധ്യേ നിര്‍ത്താന്‍ കാരണം. ഇത്തരം ഒരു അനുഭവം ഇന്ത്യയില്‍ത്തന്നെ ഏതെങ്കിലും ഒരു സാഹിത്യകൃതി നേരിട്ടിട്ടുണ്ടാകില്ല.

 

ഒരു കവിയെ വല്ലാതെ തളര്‍ത്തുന്ന അനുഭവമാണ് ഇത്. എന്നിട്ടും കുലുങ്ങാതെ മുന്നോട്ടുപോകാന്‍ ധൈര്യംപകര്‍ന്നത്, തന്റെ ഖണ്ഡകാവ്യത്തിന്റെ മൂല്യത്തെപ്പറ്റി ഒ എന്‍ വി ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ നല്‍കിയ അഭിപ്രായമഹിമയാകണം. "ആശാനേന്തിയ പന്തമേറ്റുവാങ്ങിയവരില്‍ പ്രമുഖന്‍ വൈലോപ്പിള്ളിയാണെങ്കില്‍ വൈലോപ്പിള്ളിയില്‍നിന്നാ പന്തം ഏറ്റുവാങ്ങിയ പുതിയ കാലത്തെ കവിയായി പ്രഭാവര്‍മ നമ്മുടെ മുന്നില്‍ നില്‍ക്കുന്നു എന്ന് "ശ്യാമമാധവ"ത്തെ മുന്‍നിര്‍ത്തി പറയാനെനിക്ക് സന്തോഷമുണ്ട്" - എന്നാണ് കൃതിയുടെ അവതാരികയില്‍ ഒ എന്‍ വി കുറിച്ചത്. അങ്ങനെ ഇതിഹാസമാനമുള്ള ഒരു കൃതി രചിച്ച് വര്‍മ വയലാര്‍ അവാര്‍ഡിന് അര്‍ഹനാകുമ്പോള്‍ മൂന്നരപ്പതിറ്റാണ്ട് മുമ്പ് താന്‍ നല്‍കിയ ഉപദേശം സാര്‍ഥകമായിരിക്കുന്നുവെന്ന് വയലാര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ ഉറക്കെ പ്രഖ്യാപിക്കുമായിരുന്നു. ഫ്യൂഡല്‍ ഭക്തി തീണ്ടാത്ത ശ്രീകൃഷ്ണനെ അവതരിപ്പിക്കുന്നതാണ് ഈ കൃതി. ഇതിഹാസകഥാപാത്രങ്ങളെ അവലംബിക്കുന്ന കൃതികള്‍ യാഥാസ്ഥിതികമാണെന്ന തെറ്റായ ചിന്താഗതി ചിലര്‍ക്കുണ്ട്. ഇതിഹാസത്തെ പഠിക്കുന്നത് പുക കാണാനല്ല അതിലെ അഗ്നിയും വെളിച്ചവും കാണാനാകണമെന്ന് പണ്ഡിതനായ മുന്‍ രാഷ്ട്രപതി എസ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

ആ കര്‍മമാണ് വര്‍മ അനുഷ്ഠിച്ചത്. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥാപാത്രങ്ങളെ, അവരുടെ അനുഭവങ്ങളെ മനനംചെയ്ത് പുനരാവിഷ്കരിക്കുന്ന കൃതികള്‍ നോവലായും കവിതയായും വന്നിട്ടുണ്ട്. പക്ഷേ ശ്രീകൃഷ്ണനെ കേന്ദ്രമാക്കിയുള്ള ശ്യാമമാധവത്തിലെ പുനരാഖ്യാനം അപൂര്‍വതയുള്ളതാണ്. ശ്രീകൃഷ്ണനെ ദൈവ അവതാരമായി കാണുകയാണ് പൊതുരീതി. അതില്‍നിന്ന് ഭിന്നമായി ശ്രീകൃഷ്ണനിലെ അര്‍ധനരേശ്വരനിലെ "നരനെ" പുറത്തെടുക്കുകയും ആ നരന്റെ വ്യഥകള്‍, ആസന്നമൃത്യുവായ നേരത്തിലൂടെ അവതരിപ്പിക്കുകയുമാണ് കവി. ഇവിടെയാണ് ആനന്ദലീലകളുടെ കണ്ണനുപകരം ദുഃഖപുത്രനായി കൃഷ്ണനെ മാറ്റുന്നത്. ബന്ധുമിത്രാദികളെയും ഗുരുക്കന്മാരെയും സഹോദരങ്ങളെയും കൊന്നിട്ട് എന്ത് വിജയം എന്ന് കുരുക്ഷേത്രത്തില്‍ അര്‍ജുനന്‍ പറയുന്നുണ്ട്. അത് തിരുത്തുന്നതാണ് കൃഷ്ണന്റെ ഗീതോപദേശം. എന്നാല്‍, മൃത്യുവിന്റെ വായില്‍ അകപ്പെടുന്നതിന് തൊട്ടുമുമ്പുള്ള നേരത്ത് ശ്യാമമാധവത്തില്‍ കൃഷ്ണന്‍ തിരിച്ചറിയുന്നു താന്‍ പറഞ്ഞതല്ല അര്‍ജുനന്‍ പറഞ്ഞതായിരുന്നു സത്യമെന്ന്.

 

പാര്‍ത്ഥ! ബോധ്യമെനിക്കിപ്പോള്‍ ഗീത നിന്‍വാക്കുതന്നെയാം! അതിന്റെയമൃതേ പോരും മൃതിക്കപ്പുറമെത്തുവാന്‍! എന്ന് കൃഷ്ണന്‍ തന്റെ അവസാന മുഹൂര്‍ത്തത്തില്‍ തിരിച്ചറിയുന്നു. ഇങ്ങനെ ജീവിതത്തില്‍ ചിലപ്പോഴെല്ലാം അനുഷ്ഠിക്കേണ്ടിവന്ന തെറ്റുകളും അധര്‍മങ്ങളുമോര്‍ത്ത് വേദനിക്കുകയാണ് കൃഷ്ണന്‍. ഇവിടെ ഉദാത്തനായ ഒരു മനുഷ്യനായി കൃഷ്ണനെ ഉയര്‍ത്തുകയാണ് കവി. ഉള്ളടക്കം തിരയുമ്പോള്‍ ഉജ്വലമായ ഒരു യുദ്ധവിരുദ്ധ കൃതിയായിക്കൂടി ശ്യാമമാധവം മാറുന്നു. സമീപകാലത്ത് വര്‍മയുടെ ഒരു കവിതയിലെ നാലുവരി സന്ദേശവിളംബരമാണ്. "എന്റെ കൈയിലെ ഓടത്തില്‍ എണ്ണ നിന്നു തുളുമ്പവേ എണ്ണ വറ്റിക്കെടാന്‍ പാടി- ല്ലൊരു കൈത്തിരി നാളവും. ഇതില്‍ തുളുമ്പുന്നത് സഹജീവി സ്നേഹമാണ്. അതിന്റെ ഉദ്ഘോഷമാണ് ശ്യാമമാധവവും. ആ കൃതിയിലൂടെ ദേശാഭിമാനിയുടെ തിരുമുറ്റത്ത് വയലാര്‍ അവാര്‍ഡ് എത്തിച്ച വര്‍മ ഇനി കേരളക്കരയില്‍ ജ്ഞാനപീഠവും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.

പ്രധാന വാർത്തകൾ
 Top