19 April Monday

അജയന്‍ മാഷിന് ശിഷ്യരുടെ സ്‌നേഹോപഹാരമായി കലാനിഘണ്ടു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 29, 2020

തിരുവനന്തപുരം> കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍നിന്ന് വിരമിച്ച പ്രൊഫസറും സാഹിത്യ നിരൂപകനുമായ ഡോ.എന്‍ അജയകുമാറിന് ശിഷ്യരുടെ സ്‌നേഹോപഹാരമായി കലാനിഘണ്ടു. കലാസൗന്ദര്യശാസ്ത്ര മണ്ഡലത്തിലെ ഇരുനൂറോളം സൂത്രവാക്കുകളുടെ വിവരണാത്മക പദ കോശമാണ് ഒരു സംഘം പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയത്.

'സൂത്രവാക്കുകള്‍' എന്ന കലാനിഘണ്ടുവിന്റെ പ്രകാശനം ജനുവരി ഒന്നിന് നടക്കും. പകല്‍ 11ന് മലയാള വിഭാഗത്തില്‍ നടക്കുന്ന ചടങ്ങില്‍ മാര്‍ഗി മധു നിഘണ്ടു പ്രകാശനം ചെയ്യും. പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരുമായ ഡോ.സി ആദര്‍ശ്, ഡോ. രാജേഷ് എം ആര്‍ എന്നിവരാണ് നിഘണ്ടുവിന്റെ എഡിറ്റര്‍മാര്‍. സച്ചിദാനന്ദന്‍, സ്‌കറിയ സക്കറിയ, ആര്‍ നന്ദകുമാര്‍, ഇ പി രാജഗോപാലന്‍, സുനില്‍ പി ഇളയിടം, പി എന്‍ ഗോപീകൃഷ്ണന്‍, ജി ഉഷാകുമാരി, കവിതാ ബാലകൃഷ്ണന്‍, കെ എം അനില്‍, അജു കെ നാരായണന്‍, സുധീഷ് കോട്ടേമ്പ്രം, ഏറ്റുമാനൂര്‍ കണ്ണന്‍ തുടങ്ങിയ എഴുത്തുകാരും കേരളത്തിന് അകത്തും പുറത്തുമുള്ള സര്‍വ്വകലാശാലകളിലെ യുവഗവേഷകരും നിഘണ്ടു രചനയില്‍ പങ്കാളികളായി.

 സമകാലികമായ ആശയലോകത്തെ പരമാവധി അഭിമുഖീകരിച്ചുകൊണ്ടുള്ള കലാസൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള പദകോശമാണ് 'സൂത്രവാക്കുകള്‍ ' എന്ന പുസ്തകം. കലയെക്കുറിച്ചുള്ള ചിന്ത, ചരിത്രം, സൗന്ദര്യശാസ്ത്രം എന്നിവ എന്ത്, എങ്ങനെ, എന്തുകൊണ്ട് എന്നുള്ള അന്വേഷണമാണ് കൃതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലെ കുറിപ്പുകള്‍ പരമാവധി ശ്രമിക്കുന്നതും ഈ ചോദ്യത്തെ പൂരിപ്പിക്കാനാണ്. അതേസമയം സാമ്പ്രദായികമായ കലാസങ്കല്‍പത്തിനു പുറത്തായ ധാരാളം കലാമാതൃകകളെയും ഇതില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

പാചകവും ട്രോളും ഉര്‍വ്വരതയും ഞാറ്റുവേലയും മുതല്‍ ഫാഷനും ഗ്രാഫിക് ഡിസൈനും വരെ നിഘണ്ടുവില്‍ സൂത്രവാക്കുകളായിട്ടുണ്ട്. അതേസമയം ക്ലാസ്സിക്കല്‍ കലകളും ഫോക്കലകളും ആധുനിക ചിത്രകലാസങ്കേതങ്ങളും സാഹിത്യസങ്കല്‍പങ്ങളും സിനിമയുമെല്ലാം ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്.
 ഇരുനൂറോളം വാക്കുകളും നൂറ്റിപ്പതിനേഴു എഴുത്തുകാരും ഈ നിഘണ്ടുവില്‍ സമ്മേളിച്ചിരിക്കുന്നു. ഗയ പുത്തകച്ചാലയാണ് പ്രസാധകര്‍.

ക്രൗണ്‍ സൈസില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകത്തിന് എണ്ണൂറ് രൂപയാണ് വില. കേരളീയ കലാ സാംസ്‌കാരിക പഠനത്തിന് വലിയൊരു മുതല്‍ക്കൂട്ടാകും സൂത്രവാക്കുകള്‍ എന്ന ഈ കലാനിഘണ്ടു.

 ക്ലാസിക്കല്‍ കലാരൂപങ്ങളിലും കവിതയിലും സാഹിത്യ-സാംസ്‌കാരിക സിദ്ധാന്തങ്ങളിലും ഒരേപോലെ അവഗാഹമുള്ള ചുരുക്കം പണ്ഡിതന്മാരിലൊരാളാണ് ഡോ.എന്‍ അജയകുമാര്‍. ആധുനികത മലയാള കവിതയില്‍, കവിതയുടെ വഴികള്‍, വാക്കിലെ നേരങ്ങള്‍, നളചരിത പഠനങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്‌കൃത സര്‍വകലാശാല മലയാള വിഭാഗത്തില്‍നിന്ന് കഴിഞ്ഞ മെയ് അവസാനമാണ് ഡോ.എന്‍ അജയകുമാര്‍ വിരമിച്ചത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top