19 January Sunday

ഭൗമചാപം - ഇന്ത്യൻ ഭൂപടനിർമ്മാണത്തിന്റെ വിസ്മയ ചരിത്രം: രസകരമായൊരു ഭൂപടവായന

ഡോ. സിന്ധു ജോസ്Updated: Monday Jan 28, 2019

സിന്ധു അന്ന ജോസ്

സിന്ധു അന്ന ജോസ്

"ഒരു ഭൂപടം നിവർത്തുമ്പോൾ നാമൊരു മല കയറാൻ, പുഴ കടക്കാൻ, കാട് പൂകാൻ, മരുഭൂമി താണ്ടാൻ തുടങ്ങുന്നു." - സി. എസ്. മീനാക്ഷി.

"ഹാരിപോട്ടർ' സീരിസിലെ ആദ്യ പുസ്തകമായ "ഹാരിപോട്ടർ ആൻഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണി'ലെ ഒന്നാമധ്യായത്തിലെ ഒരു വാചകമാണ്: "It was on the corner of the street that he noticed the first sign of something peculiar - a cat reading a map.' റിയാലിറ്റിയിൽ നിന്ന് ഫാന്റസിയിലേക്ക് കഥ വ്യതിചലിക്കുന്നു എന്ന് വായനക്കാരെ ബോധ്യപ്പെടുത്താൻ ജെ. കെ. റൗളിങ് ഉപയോഗിക്കുന്ന "reversal of order" അഥവാ "diametric reversal" (Eric S. Rabkin, "The Fantastic in Literature") -ലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭൂപടം വായിക്കുന്ന ഈ പൂച്ച (പൂച്ചകൾ ഭൂപടം വായിക്കാറില്ലല്ലോ!). ഈ പൂച്ച പിന്നീട് ഒരു സ്ത്രീയായി രൂപാന്തരപ്പെടുന്നു - സീരിസിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ, പ്രൊഫ. മക്ക്ഗൊണാഗൽ. "സ്ത്രീകൾക്ക് ഭൂപടം വായിക്കാനാകുമോ?" എന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള "തമാശയെ" റൗളിങ് വെല്ലുവിളിക്കുന്നതായി ഞാൻ ഈ രംഗത്തെ വായിച്ചെടുക്കും. എന്നാൽ, യാതൊരു "reversal of order" ന്റെയും അകമ്പടിയില്ലാതെ ഒരു സ്ത്രീ ഭൂപടം വായിക്കുകയാണ് "ഭൗമചാപ"ത്തിൽ. വായിക്കുക മാത്രമല്ല, ഭൂപടങ്ങൾ ഉണ്ടാക്കുന്നതെങ്ങനെ എന്ന് - അതായത്, ഉരുണ്ട ഭൂമിയെ പരന്ന പ്രതലത്തിലേക്ക്, കൈപ്പിടിയിൽ ഒതുങ്ങുന്ന അളവുകളിലേക്ക് എങ്ങനെ വരച്ചെടുക്കുന്നുവെന്ന്, ഭൂപടനിർമ്മാണത്തിന്റെ ചരിത്രത്തെക്കുറിച്ച്, ഭൂപടനിർമ്മാണത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച്, ഭൂപടനിർമ്മാണത്തിന് പിന്നിൽ പ്രതിഫലേച്ഛയില്ലാതെ രാപ്പകൽ പ്രവർത്തിച്ച മനുഷ്യരെക്കുറിച്ചൊക്കെ ഗ്രന്ഥകാരി സി. എസ്. മീനാക്ഷി സംസാരിക്കുന്നു.

ശാസ്ത്രീയമായ കൃത്യതയോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ അളന്നു തിട്ടപ്പെടുത്തിയ, 1802 മുതൽ 1871 വരെ നീണ്ടു നിന്ന, The Great Trignometrical Survey അഥവാ The Great Arc Survey -യുടെ വിശദാമ്ശങ്ങളാണ്  "ഭൗമചാപ"ത്തിൽ. ഈ സർവേയുടെ ഗുണഫലങ്ങളായി താഴെപ്പറയുന്നവയെ പുസ്തകം അടയാളപ്പെടുത്തുന്നു: "1. കന്യാകുമാരി മുതൽ അക്ഷാംശം 18 ഡിഗ്രി വരെയുള്ള, ഭൂമദ്ധ്യ രേഖയ്ക്കേറ്റവുമടുത്തുള്ള രേഖാംശരേഖ അളക്കപ്പെട്ടു. അക്ഷാംശം 8 ഡിഗ്രി മുതൽ 37 ഡിഗ്രി വരെയുള്ള അക്ഷാംശചാപമളക്കുന്നുണ്ട് GTS ന്റെ ഭാഗമായി. 18 ഡിഗ്രി വരെ വില്യം ലാംബ്ടന്റെ (1818-1823) കാലത്തളന്നു. 37 വരെ ജോർജ്ജ് എവറസ്റ്റും (1823-1843). പിന്നീട് വന്നവർ അത് വടക്കോട്ട് നീട്ടി. 2. ഇന്ത്യയിലെ ആയിരക്കണക്കിന് പ്രധാനപ്പെട്ട സ്ഥലങ്ങളുടെ അക്ഷാംശരേഖാംശങ്ങൾ അടയാളപ്പെടുത്തപ്പെട്ടു. 3. ഭൂമിയുടെ ആകൃതിയും വർത്തുളതയും നിർണ്ണയിക്കപ്പെട്ടു. 4. ഭൂമിയുടെ കറക്കം കാരണം അതിന്റെ നടുക്ക് ഒരു തള്ളിച്ച (Bulging) ഉണ്ടാകുമെന്നും ഏറ്റവും കൂടിയ വ്യാസം മദ്ധ്യത്തിലായിരിക്കുമെന്നും ന്യൂട്ടൺ പ്രവചിച്ചിരുന്നു. ഭൂമദ്ധ്യരേഖാപ്രദേശത്തെ ഭൂമിയുടെ വ്യാസവും ധ്രുവങ്ങൾ തമ്മിലുള്ള ദൂരവും തമ്മിലുള്ള അനുപാതം ഏറ്റവും ശാസ്ത്രീയമായി കണ്ടുപിടിക്കപ്പെടുന്നത് ഇരുന്നൂറിലധികം വർഷങ്ങൾക്കിപ്പുറം ഇന്ത്യയിൽ നടന്ന GTS സർവേയിലൂടെയാണ്. 5. പശ്ചിമഘട്ടത്തിലെ ഏറ്റവുമുയർന്ന കൊടുമുടി ആനമുടിയാണെന്ന് കണ്ടെത്തുന്നു. 6. എവറെസ്റ്റ് കൊടുമുടി, K2, കാരക്കോരം മലനിരകൾ എന്നിവയുടെ ഉയരം നിർണ്ണയിക്കുന്നതും ഈ സർവേയിലാണ്." ഗതാഗത സൗകര്യങ്ങളോ, അത്യാഹിത സന്ദർഭങ്ങളിൽ ചികിത്സാസൗകര്യങ്ങളോ, വൈദ്യുതിയോ യാതൊന്നുമില്ലാതിരുന്ന പത്തൊൻപതാം നൂറ്റാണ്ടിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഉൾനാടുകളിലൂടെ വിദേശീയരും തദ്ദേശീയരും ദശാബ്ദങ്ങൾ നീണ്ട പ്രയത്നത്തിലൂടെയതെല്ലാം ചെയ്തു തീർത്തത്!

സർവ്വയെക്കുറിച്ച് മീനാക്ഷിയുടെ തന്നെ വാചകങ്ങളിൽ: "ആകാശങ്ങൾ അധികമൊന്നും തുറക്കപ്പെട്ടിട്ടില്ലാതിരുന്ന, വിഹഗവീക്ഷണം ഇന്നത്തെയത്ര പുരോഗമിച്ചിട്ടില്ലായിരുന്ന ആ കാലത്ത്, നിരീക്ഷണങ്ങൾ നടത്തുവാൻ മണ്ണിലിറങ്ങിയേ തീരൂ എന്നതായിരുന്നു അവസ്ഥ. സഹസ്രാബ്ദങ്ങളായി രൂപപ്പെട്ട് ക്രമേണ സ്ഥിരപ്പെട്ട പല പല സംസ്കാരങ്ങൾ, സാമൂഹികാചാരങ്ങൾ, മറ്റുള്ളവർക്ക് വിചിത്രമെന്നു തോന്നുന്ന ജീവിതരീതികൾ എല്ലാം കൂടിക്കുഴഞ്ഞ് ഒരു സാമൂഹിക സന്തുലിതാവസ്ഥ ഇവിടെ നിലനിന്നിരുന്നു. ഈയൊരു സങ്കീർണ്ണതയിലേക്കാണ് ബ്രിട്ടീഷ് സർവേയർമാർ അവരുടെ നിരീക്ഷണോപകരണങ്ങളും ചങ്ങലയും ദൂരദർശിനിയും ‘നോട്ട’ങ്ങളുമായി പ്രവേശിക്കുന്നത്. മലമുകളിൽനിന്നും തുറസ്സുകളിൽനിന്നും അവർ നടത്തിയ നോട്ടങ്ങൾ നാട്ടുകാർക്ക് ‘ഒളിച്ചുനോട്ട’മായാണനുഭവപ്പെട്ടത്! കാരണം ദൂരദർശിനികളിലൂടെ എന്താണ് ബ്രിട്ടീഷ് സർവേയർമാർ നോക്കിയിരുന്നത് എന്നത് അവർക്ക് അജ്ഞാതമായിരുന്നു. മറ്റെല്ലാ ചുറ്റുപണികൾക്കും ഇന്ത്യക്കാരെ ഉപയോഗിച്ചപ്പോഴും നിരീക്ഷകന്‍റെ വേഷം, വളരെ അപൂർവം സന്ദർഭങ്ങളിലൊഴിച്ച്, ബ്രിട്ടീഷുകാർ തന്നെ കൈകാര്യം ചെയ്തു. കാചങ്ങളിലൂടെ അവർ കണ്ട കാഴ്ചകളെപ്പറ്റി നാട്ടുകാർ കഥകൾ ചമച്ചു. എല്ലാം തലതിരിഞ്ഞാണ് കാണുക എന്ന് അവർ മനസ്സിലാക്കി. കിണറുകളിലെ വെള്ളം വറ്റിപ്പോകുന്നത് വെള്ളക്കാർ അത് മറിച്ചിടുന്നത് കൊണ്ടാണെന്നു വരെ കഥകൾ പ്രചരിച്ചു! ഒരു ജീവിതമാർഗ്ഗമെന്ന നിലയിൽ സർവേയുടെ കൂടെ കൂടിയവരുണ്ട്; അതിനെ ചെറുത്തുനിന്നവരുണ്ട്; ആക്രമിച്ചവരുണ്ട്; എല്ലാ സഹായവും ചെയ്ത് വരവേറ്റവരുണ്ട്. അവരുടെയൊക്കെ ജീവിതങ്ങളും ഇതിന്‍റെ കൂടെ ചേർത്തുവായിച്ചാൽ മാത്രമേ ചിത്രം പൂർണ്ണമാകുകയുള്ളു." ഈ ചരിത്രമാകമാനം ആറ് അദ്ധ്യായങ്ങളിലായി മീനാക്ഷി "ഭൗമചാപ"ത്തിൽ അടയാളപ്പെടുത്തുന്നു.

സിവിൽ എൻജിനീയറായ മീനാക്ഷിയുടെ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് എഴുത്തുകാരനും സിവിൽ എൻജിനീയർ കൂടിയുമായ ആനന്ദാണ്. ആറദ്ധ്യായങ്ങളാണ് പുസ്തകത്തിൽ. ആദ്യ രണ്ടദ്ധ്യായങ്ങൾ സർവേയുടെ ചരിത്രം, സർവേയ്‌ക്ക് പിന്നിൽ പ്രവർത്തിച്ച കൊളോണിയൽ താത്പര്യങ്ങൾ, സർവേ ബ്രിട്ടീഷ് അധിനിവേശത്തിന് എങ്ങനെ സഹായകരമായി എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. മൂന്നാമദ്ധ്യായം റവന്യൂ സർവേ, ടോപ്പോഗ്രാഫിക്കൽ സർവേ, ലെവലിങ് സർവേ, ജലസേചന സർവേ, എന്നിങ്ങനെ ബ്രിട്ടീഷുകാർ അന്ന് വരെ നടത്തിയ വിവിധ സർവേകളെക്കുറിച്ചും, നാലാമദ്ധ്യായം GTS ന്റെ ശാസ്ത്രീയവശങ്ങളും സർവേയുമായി ബന്ധപ്പെട്ട രസകരമായ അനുഭവങ്ങളും സർവേ സംഘത്തിന് തരണം ചെയ്യേണ്ടി വന്ന പ്രയാസങ്ങളും വിശദമാക്കുന്നു. അഞ്ചാമദ്ധ്യായം ഉപഭൂഖണ്ഡത്തിലെ വിവിധ ഭൂവിഭാഗങ്ങൾ, ഇവിടങ്ങളിലെ വിവിധ പർവതങ്ങൾ, നദികൾ, ഇവ മുറിച്ചു കടന്നുള്ള സർവേ സംഘത്തിന്റെ യാത്രകൾ, സൗഹാർദ്ദാന്തരീക്ഷമില്ലാത്തിടങ്ങളിൽ സർവേ നടത്താനുപയോഗിച്ച കുറുക്കു വഴികൾ, വിദേശീയരും അവർ നിയോഗിച്ച തദ്ദേശീയരുമടക്കമുള്ള വിവിധയാളുകളുടെ യാത്രകൾ, സഞ്ചാരപഥങ്ങൾ, അവർ നേരിട്ട വെല്ലുവിളികൾ എന്നിവയെക്കുറിച്ചാണ്. ആറാമദ്ധ്യായം ബ്രിട്ടീഷുകാർ നടത്തിയ ഈ സർവേയിലെ ഇന്ത്യക്കാരെക്കുറിച്ചും, സർവേ ഇന്ത്യയിലെ സാധരണജനങ്ങൾ എങ്ങനെ വീക്ഷിച്ചുവെന്നും (ഭയപ്പാടുകൾ, അന്ധവിശ്വാസങ്ങൾ, പ്രതിരോധങ്ങൾ) വരച്ചു കാട്ടുന്നു. GTS-ലെ ഇന്ത്യൻ ബൗദ്ധിക പങ്കാളിത്തത്തെക്കുറിച്ചും ഇന്ത്യൻ തൊഴിലാളികളുടെ സ്തുത്യർഹമായ സേവനത്തെക്കുറിച്ചുമുള്ള വിശദമായ കുറിപ്പുകളാണ്  ഈ അദ്ധ്യായത്തിൽ.

മീനാക്ഷി തന്റെ പുസ്തകം സമർപ്പിച്ചിരിക്കുന്നതു തന്നെ “...ബ്രിട്ടീഷ് സർവേയ്ക്കിടയിൽ കാനനവിജനതകളിലും ഏകാന്തമായ പർവതനിരകളിലും, പട്ടിണി കിടന്നും മലമ്പനി ബാധിച്ചും പുലി പിടിച്ചും പാമ്പ് കടിച്ചും ആക്രമണങ്ങൾക്കിരയായും ജീവൻ വെടിഞ്ഞ ആയിരക്കണക്കിന് അറിയപ്പെടാത്ത ഇന്ത്യൻ തൊഴിലാളികൾക്കാണ്.” പുസ്തകം വായിച്ചു നിർത്തുമ്പോൾ GTS  സർവ്വേയെക്കുറിച്ച് കൂടുതലറിയുവാനും വായിക്കുവാനും തോന്നുക സ്വാഭാവികം. വിഷയത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ താത്പര്യമുള്ളവർക്ക് പുസ്തകത്തിന്റെ അവസാനഭാഗത്തെ "റെഫറൻസു"കൾ തീർച്ചയായും പ്രയോജനപ്പെടും.

ചരിത്രപുസ്തകത്തോടൊപ്പം തന്നെ ശാസ്ത്രപുസ്തകം കൂടിയാണ് “ഭൗമചാപം.” കഴിവതും ലളിതമായി സർവ്വേയുടെ ശാസ്ത്രവശങ്ങൾ വിവരിക്കുവാൻ മീനാക്ഷി ശ്രമിച്ചിട്ടുണ്ട്. ശാസ്ത്ര-ചരിത്ര വർത്തമാനങ്ങൾക്കിടയിൽ കടന്നു വരുന്ന പുരാണ-സാഹിത്യ പരാമർശങ്ങൾ വായനയെ കൂടുതൽ രസകരമാക്കുന്നു. സച്ചിദാനന്ദന്റെ "ഭൂപടങ്ങൾ",  കല്പറ്റ നാരായണന്റെ "ആഗോളം",  കുമാരനാശാന്റെ "നളിനി", മാരാരുടെ കാളിദാസവിവർത്തനങ്ങൾ, അദ്ധ്യാത്മരാമായണം, സംഘകാല തമിഴ്‌സാഹിത്യ പരാമർശങ്ങൾ, അഥർവവേദം അങ്ങനെ. സ്‌കൂൾ പാഠപുസ്തകങ്ങൾക്കും  ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകങ്ങൾക്കും ശേഷം വര്ഷങ്ങള്‍ക്കിപ്പുറമാണ് ഒരു ശാസ്ത്രപുസ്തകം മലയാളത്തിൽ വായിക്കുന്നത്. മറന്നു തുടങ്ങിയ പല വാക്കുകളും പുസ്തകത്തിൽ അങ്ങോളമിങ്ങോളമുണ്ട്. മലയാളത്തിൽ രചിക്കുന്ന ശാസ്ത്രപുസ്തകങ്ങൾ ഭാഷയിലെ വൈഞ്ജാനികസാഹിത്യത്തെ സമ്പന്നമാക്കുമെന്നതിൽ സംശയമില്ല. ആംഗലേയഭാഷാപരിജ്ഞാനം കുറവായവർക്കും ശാസ്ത്രവും ചരിത്രവും പ്രാപ്യമാവും, ഭാഷയിൽ ശാസ്ത്രപുസ്തകങ്ങൾ രചിക്കപ്പെട്ടാൽ. അതുകൊണ്ടു തന്നെ അഭിനന്ദനീയമാണ് ഗ്രന്ഥകാരിയുടെ ഈ ഉദ്യമം.


പ്രധാന വാർത്തകൾ
 Top