10 August Monday

ജന്തുജന്യരോ​ഗങ്ങൾക്കെതിരെ കരുതൽ വേണം - ഡോ. എൻ അജയൻ കൂടൽ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


കോവിഡ്‌ 19 ന്റെ ഭീതിദമായ സാഹചര്യത്തിലാണ്‌  ഇത്തവണത്തെ ലോക ജന്തുജന്യരോ​ഗനിവാരണദിനം കടന്നുപോകുന്നത്. എല്ലാ വർഷവും ജൂലൈ ആറിനാണ്‌ ഈ ദിനം ആചരിക്കുന്നത്‌. കൊറോണ വൈറസ് ബാധ ജന്തുജന്യരോ​ഗമെന്ന്‌ ഇനിയും പൂർണ സ്ഥിരീകരണമായിട്ടില്ലെങ്കിലും ജന്തുജന്യരോ​ഗംതന്നെ. ഒരുതരം വവ്വാലുകളും വെരുകും മരപ്പട്ടിയുമൊക്കെ രോഗാണുവാഹകരായി സംശയത്തിന്റെ നിഴലിൽ തുടരുന്നു.

നമ്മുടെ സംസ്ഥാനവും വിവിധതരം ജന്തുജന്യരോ​ഗങ്ങളുടെ ഭീഷണിയിലാണ്. ലോകത്തെമ്പാടുമുള്ള രോ​ഗമരണങ്ങളിൽ 16 ശതമാനവും പകർച്ചവ്യാധികളിലൂടെയാണ് സംഭവിക്കുന്നത്. അവയിൽ തന്നെ 60 ശതമാനവും ജന്തുജന്യരോ​ഗങ്ങളിലൂടെയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് പറയുന്നു. മൂന്നു ദശാബ്ദത്തിനിടെ പുതുതായി ഉയർന്നുവന്ന 75 ശതമാനം രോഗങ്ങളും മൃ​ഗങ്ങൾ മുഖേനയായിരുന്നു. അതു തന്നെയാകണം ലോകം ഇപ്പോൾ ആരോഗ്യസംരക്ഷണത്തിന്‌ കൂടുതൽ പ്രാമുഖ്യം നൽകുന്നതും.

രോ​ഗം തടയാനുള്ള മാർ​​ഗം ശക്തമാകണം
ചെള്ളുപനി, ജപ്പാൻജ്വരം, ഡെങ്കിപ്പനി, ചിക്കുൻ​ഗുനിയ, എലിപ്പനി, പക്ഷിപ്പനി, കുരങ്ങുപനി (ക്യാസനൂർ ഫോറസ്റ്റ് ഡിസീസ്), നിപാ, എബോള, ബ്രൂസലോസിസ്, ക്ഷയം, ആന്ത്രാക്‌സ്‌ അങ്ങനെ മുന്നൂറിലധികം ജന്തുജന്യരോ​ഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. റാബീസ്, എലിപ്പനി, ഡെങ്കിപ്പനി,  കോവിഡ്‐ --19 മുതലായ രോ​ഗങ്ങൾ കേരളത്തിൽ വളരെ ആശങ്കയുണർത്തുന്നു. വെസ്റ്റ്നൈൽ ഡിസീസ്, ഹാന്റാ ഫീവർ, കുരങ്ങുപനി എന്നിവയും അപൂർവമായുണ്ട്.

പ്രധാന ജന്തുജന്യരോ​ഗങ്ങളിൽ ആന്ത്രാക്‌സ്‌, ബ്രൂസലോസിസ്, ക്ഷയം, സാൾമൊണെല്ലോസിസ്, എലിപ്പനി എന്നിവ ബാ​ക്ടീരിയ മൂലവും റാബീസ്, ഏവിയൻ ഇൻഫ്ലുവൻസ, എബോള എന്നിവ വൈറസ് മൂലവും ഭ്രാന്തിപ്പശുരോ​ഗം പ്രയോൺ മൂലവും ഉണ്ടാകുന്നു. റിക്കറ്റ്സിയൽ ക്ലമീഡിയൻ ജന്തുജന്യരോ​ഗങ്ങളും പരാദ ജന്തുജന്യരോ​ഗങ്ങളും വർധിച്ചുവരികയാണ്. അവയിൽനിന്നെല്ലാം അകലംപാലിക്കുകയാണ് രോ​ഗം പകരാതിരിക്കാൻ ഇവിടെയും പോംവഴി.വയനാട്‌ ജില്ലയിൽ മനുഷ്യന്‌ ഭീഷണിയുയർത്തുന്ന ജന്തുജന്യരോ​ഗങ്ങളാണ് വെസ്റ്റ്നൈൽ ഡിസീസും കുരങ്ങുപനിയെന്ന ക്യാസനൂർ ഫോറസ്റ്റ് ഡിസീസും ഫ്ലേവി വൈറിഡേ എന്ന ഒരേ വൈറസ് കൊതുകു കടിയിലൂടെ ആദ്യരോ​ഗവും കുരങ്ങുചെള്ളുകടിയിലൂടെ രണ്ടാമത്തെ രോ​ഗവും മനുഷ്യന്‌ പകർത്തുന്നു.


 

സംസ്ഥാനത്ത് മാംസത്തിന്റെ ഉപയോ​ഗം വർധിച്ചുവരുമ്പോഴും മാംസത്തിലൂടെ മനുഷ്യരിലേക്കു പകരാവുന്ന രോ​ഗങ്ങൾ തടയാനുള്ള മാർ​​ഗങ്ങൾ ശക്തമല്ല. ശുദ്ധമായ മാംസോൽപ്പാദനവും സ്വയംപര്യാപ്തവുമൊക്കെ സുഭിക്ഷ കേരളം പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. കശാപ്പുശാലകൾ ആധുനികവൽക്കരിക്കുക, മാംസപരിശോധന കർശനമാക്കുക, അനധികൃത കശാപ്പുശാലകൾ നിർത്തലാക്കുക, മാംസത്തിന്റെ ​ഗുണനിലവാരം ഉറപ്പുവരുത്തുക എന്നിവയാണ്‌ രോ​ഗം തടയാനുള്ള മാർ​​ഗങ്ങൾ. എന്നാൽ, ജന്തുജന്യരോ​ഗങ്ങളെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ ആ​ദ്യം ഓർമയിലെത്തുന്ന അതിഭീകരവും ഭീതിദവുമായ പേവിഷബാധയായ റാബീസാണ്. ലോക ജന്തുജന്യരോ​ഗദിനത്തിന്‌ തുടക്കം കുറിച്ചതും റാബീസ് ആണല്ലോ. ഒരിക്കൽ റാബീസിന്റെ പ്രകടമായ ലക്ഷണങ്ങൾ കണ്ടുകഴിഞ്ഞാൽ ഒരു വൈദ്യശാസ്ത്രത്തിനും രോ​ഗിയെ രക്ഷിക്കാനാകില്ല എന്നതാണ്‌ ദുഃഖസത്യം. ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരാൾ വീതം പേവിഷ ബാധയാൽ മരിക്കുന്നു. ഇന്ത്യയിൽ 20,000നും 25,000 നുമിടയിൽ ആളുകൾ റാബീസ് മൂലം മരിക്കുന്നു. നായകടി മൂലമുള്ള 40 ശതമാനം ഇരകളും 15 വയസ്സിനു താഴെയുള്ള കുട്ടികൾ. ഇന്ത്യയിൽ ഓരോ രണ്ട്‌ സെക്കൻഡിലും ഓരു നായകടി സംഭവിക്കുന്നു.

തെരുവുനായ ശല്യത്തിന്‌ ശാശ്വത പരിഹാരം
നമ്മുടെ സംസ്ഥാനത്ത് റാബീസ് പ്രധാനമായും പകരുന്നത് നായകടിയിലൂടെയാണ്. രണ്ടാം സ്ഥാനത്ത് പൂച്ചയുമുണ്ട്. കുറുക്കൻ, കീരി, ചെന്നായ, നാട്ടെലി, ​ഗിനിപ്പന്നി, മുയൽ എന്നിവ കടിച്ചാൽ വാക്‌സിനേഷൻ വേണ്ട. ലൂയിപാസ്ചർ ആദ്യത്തെ റാബീസ് വാക്‌സിൻ കണ്ടുപിടിച്ചിട്ട് 135 വർഷമാകുന്നു. പൊക്കിളിനു ചുറ്റും ചെയ്തുപോന്ന വാക്‌സിന്റെ സ്ഥാനത്ത് കൈകളിൽ ചെയ്യാവുന്ന ആധുനിക ടിഷ്യാ വാക്‌സിനുകൾ നിലവിൽ വന്നിരിക്കുന്നു. വാക്‌സിനേഷൻ രീതിയിലും കാലോചിതമായ മാറ്റംവന്നിട്ടുണ്ട്. മേൽചർമത്തിനു താഴെ ചെയ്യുന്ന റാബീസ്‌ വാക്‌സിനേഷൻ‌ ഏറെ സാമ്പത്തിക മെച്ചമുള്ളതും ഫലപ്രദവും ലളിതവും നൈതികവും പെട്ടെന്നു പ്രതിരോധശേഷി ലഭിക്കുന്നതും പാർശ്വഫലങ്ങൾ കുറവുള്ളതുമാണ്‌. വാക്‌സിനേഷൻ കാലത്ത് അമിതമായ കായികാധ്വാനവും ലഹരി ഉപയോ​ഗവും കുറയ്ക്കണമെന്നതൊഴികെ പഥ്യക്രമങ്ങളില്ല. നാരങ്ങ, കുമ്പളങ്ങ, കരിപ്പുകട്ടി വെള്ളം, കോഴിയിറച്ചി എന്നിവയ്ക്കൊന്നും റാബീസുമായി ബന്ധമില്ല. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തെരുവുനായകളെ പിടിച്ചുകൊണ്ടുവന്ന് വിരേചനവും വന്ധ്യംകരണവും പേവിഷപ്രതിരോധ കുത്തിവയ്പും നടത്തി അടയാള കോളറോ ചിപ്പോ ഇട്ട് പിടിച്ചസ്ഥലത്തു തന്നെ കൊണ്ടുവിടുന്ന എബിസി -- എആർ പ്രോ​ഗ്രാം കാലോചിതവും യുക്തിസഹവും പ്രായോ​ഗികവുമായി പരിഷ്കരിക്കാൻ സമ്മർദമുണ്ടാകണം.


 

അതുപോലെ രാത്രി 10നും രാവിലെ ആറിനും ഇടയിൽ തെരുവുകൈയേറുന്ന അപകടകാരികളായ നായകളാണ് രക്തദാഹികളായ യഥാർഥ തെരുവുനായകളെന്ന ബോധ്യമുണ്ടാകാത്തിടത്തോളം ഈ പദ്ധതി പൂർണമാകില്ല. 8--12 ആഴ്ച പ്രായത്തിൽ തന്നെ ഹോർമോൺ സന്തുലിതാവസ്ഥ കോട്ടംവരാതെയുള്ള വന്ധ്യംകരണ രീതിയായ ഇഎൻഡി  പ്രോ​ഗ്രാമിനു വർധിച്ച പ്രോത്സാഹനം നൽകുകയും വേണം. എബിസി പ്രോ​ഗ്രാമിനേക്കാൾ സാമ്പത്തികച്ചെലവു കുറഞ്ഞതും പ്രകൃതി സന്തുലിതാവസ്ഥ നിലനിർത്തുന്നതുമായ ഈ പദ്ധതി മധ്യകേരളത്തിൽ പ്രചാരമേറിവരികയാണെന്ന് കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയിലെ എന്റർപ്രണർഷിപ്പുമേധാവിയും. ഇതിനു നേതൃത്വം നൽകുന്നയാളുമായ ഡോ. എം കെ നാരായണൻ അഭിപ്രായപ്പെടുന്നു. റാബീസ് മൂലം പൊന്നോമനകളുടെയോ പ്രിയപ്പെട്ടവരുടെയോ വേർപാടുണ്ടാകുമ്പോൾ മാത്രം പ്രതികരിച്ചിട്ടോ വിലപിച്ചിട്ടോ കാര്യമില്ല.

മാലിന്യം തെരുവിൽ വലിച്ചെറിയാതിരിക്കുക വഴി തെരുവുനായകളെ മാത്രമല്ല എലിപ്പനിയും ഡെങ്കിപ്പനിയുമൊക്കെ തടയാനാകും . മാലിന്യമകലെ -- എലിയകലെ -- എലിപ്പനിയകലെ എന്നാണല്ലോ പ്രമാണം. വികസ്വര രാജ്യങ്ങളിലെ സാമൂഹിക ആരോ​ഗ്യസുരക്ഷയ്ക്ക് ജന്തുജന്യരോ​ഗങ്ങൾ ​ഗുരുതരമായ ഭീഷണി ഉയർത്തുന്നുണ്ട്. ലോകാരോ​ഗ്യ സംഘടന അതിന്റെ ആ​ഗോള ആരോ​ഗ്യപരിപാടിയിൽ ഒരു മുഖ്യഘടകമായി ജന്തുജന്യ നിർമാർജനത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജീവിതശൈലീ രോ​ഗങ്ങൾക്കൊപ്പം ജന്തുജന്യ​രോ​ഗങ്ങൾക്കും മാറ്റംവന്നുകൊണ്ടിരിക്കയാണ്. ഒരു മഹാമാരിയോ മാരകരോ​ഗമോ സാമൂ​ഹ്യപ്രശ്നമായി മാറുമ്പോൾ മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ വസ്തുനിഷ്ഠമാകണം. ജനം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമാകുകയും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്താൽ മാത്രമേ ജന്തുജന്യരോ​ഗങ്ങളെ ഒരുപരിധിവരെയെങ്കിലും ചെറുക്കാനാകൂ.

( മൃഗസംരക്ഷണ വകുപ്പ്‌ റിട്ട. ജോയിന്റ്‌ ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top