18 October Monday

തകർന്നത്‌ യുഎസ്‌ അപ്രമാദിത്വം - ടി ചന്ദ്രമോഹൻ എഴുതുന്നു

ടി ചന്ദ്രമോഹൻUpdated: Saturday Sep 11, 2021

ന്യൂയോർക്കിലെ ലോകവ്യാപാരകേന്ദ്രത്തിന്റെ ഇരട്ട ഗോപുരങ്ങൾക്കും അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിനും നേരെ യാത്രാവിമാനങ്ങൾ തട്ടിയെടുത്തു നടത്തിയ ഭീകരാക്രമണത്തിന്റെ ഇരുപതാം വാർഷികമാണ്‌ ശനിയാഴ്‌ച. ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന് മാരകമായ പ്രഹരമാണ്‌ 2001 സെപ്‌തംബർ 11ന്‌ ഇസ്ലാമിക തീവ്രവാദികൾ വരുത്തിവച്ചത്‌. അമേരിക്കൻ പ്രതാപത്തിന്റെ അടയാളഗോപുരങ്ങൾ നിലംപൊത്തുന്നത്‌ ലോകം അമ്പരപ്പോടെയാണ്‌ കണ്ടത്‌.

അഫ്‌ഗാനിസ്ഥാനിൽ ഡോ. നജീബുള്ള നയിച്ച സോഷ്യലിസ്‌റ്റ്‌ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും ആയുധവും പണവും നൽകി വളർത്തിയ തീവ്രവാദികളാണ്‌ ആക്രമണം നടത്തിയത്‌. പാകിസ്ഥാനിലെയും അമേരിക്കയിലെയും ബ്രിട്ടനിലെയും രഹസ്യാന്വേഷണ ഏജൻസികൾ പരിശീലിപ്പിച്ച മുജാഹിദീനുകളിൽ നിന്നാണ്‌ അൽ ഖായിദയുടെ പിറവി. ന്യൂയോർക്കിലെ ബ്രൂക്ക്‌ലിനിൽ പ്രവർത്തിച്ചിരുന്ന ‘ഇസ്ലാമിക്‌ കോളേജിലാണ്‌ സൗദിയിൽനിന്നുള്ള എൻജിനിയറായിരുന്ന ഒസാമ ബിൻ ലാദൻ ഉൾപ്പെടെയുള്ളവർക്ക്‌ സിഐഎ പരിശീലനം നൽകിയത്‌. 2001 സെപ്‌തംബർ 11ന്‌ ശേഷമാണ്‌ ബിൻ ലാദൻ വേട്ട അമേരിക്കയുടെ ലക്ഷ്യമായത്‌. അൽ ഖായ്‌ദ ഭീകരരെയും അവരെ സമരക്ഷിച്ച താലിബാൻ സർക്കാരിനെയും വേട്ടയാടാൻ എത്തിയ അമേരിക്കൻ സഖ്യസേന 20 വർഷത്തിനുശേഷം മടങ്ങിപ്പോൾ താലിബാൻ കൂടുതൽ കരുത്തോടെ ഭരണം തിരിച്ചുപിടിച്ചിരിക്കുകയാണ്‌.

വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തിലെ മുഖ്യ സൂത്രധാരനെന്ന്‌ അമേരിക്ക കണ്ടെത്തിയ അൽ ഖായ്‌ദ നേതാവ്‌ ബിൻ ലാദനെ പാകിസ്ഥാനിലെ അബോട്ടാബാദിൽവച്ച്‌ വധിച്ചെങ്കിലും തീവ്രവാദം ഇല്ലാതാക്കാൻ സാധിച്ചില്ല. തീവ്രവാദികളെ സാമ്പത്തികമായി സഹായിച്ചിരുന്ന രാഷ്ട്രങ്ങളിൽ ചിലത്‌ അമേരിക്കയുടെ അടുത്ത സാമ്പത്തിക പങ്കാളികളാണ്‌ ഇപ്പോഴും. അഫ്ഗാൻ യുദ്ധത്തിൽ, പാകിസ്ഥാനിലെ താലിബാൻ സങ്കേതങ്ങൾ ഇല്ലാതാക്കാൻ അമേരിക്ക ഒരിക്കലും തയ്യാറായിരുന്നില്ല.

നൽകിയ പാഠം
9/11 ലെ തീവ്രവാദി ആക്രമണം ഉദാരമായ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും തിരിച്ചടിയായി. ലോകമെമ്പാടും വ്യാപകമായ ഭയം സൃഷ്ടിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകൾ തീരുമാനങ്ങൾ എടുക്കുമ്പോൾ സുരക്ഷാ ഏജൻസികൾക്ക് വീറ്റോ അധികാരം നൽകുന്നതിന്‌ ഇത്‌ വഴിവച്ചു. ഇന്ത്യയിൽപ്പോലും ഈ സ്ഥിതിയാണ് ഇന്ന്‌. സ്വന്തം അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും നിയന്ത്രണത്തിൽ പൗരന്മാർ പങ്കാളികളാകേണ്ടിവരുന്നു. സുരക്ഷിതമായിരിക്കാൻ, നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധികൾ നിങ്ങൾ അംഗീകരിക്കണമെന്നും സ്വകാര്യതയ്ക്കായുള്ള നിങ്ങളുടെ നിർബന്ധം ഉപേക്ഷിക്കണമെന്നും സാഹോദര്യബോധം ഉപേക്ഷിക്കണമെന്നും സർക്കാരിൽനിന്ന്‌ ആഹ്വാനമുണ്ടാകുന്നു. ഭരണകൂടത്തിനും അതിന്റെ സുരക്ഷാ ഏജൻസികൾക്കും അപകടകരമായ സാമുദായിക മാനമുള്ള ഇടുങ്ങിയ വംശീയ ദേശീയത വളർത്താനുള്ള സാഹചര്യമാണ്‌ ഇത്‌ സൃഷ്ടിച്ചിരിക്കുന്നത്‌. ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലെയും വർഗീയ, വലതുപക്ഷ സർക്കാരുകൾ ചെയ്യുന്നതും ഇതാണ്‌. സുരക്ഷാ ഏജൻസികളെയും വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള നുഴഞ്ഞുകയറ്റ നിരീക്ഷണത്തെയും സർക്കാർ ന്യായീകരിക്കുന്നു.

ഭൗമരാഷ്ട്രീയ മാറ്റങ്ങൾക്കും ഭീകരാക്രമണം കാരണമായി. ശീതയുദ്ധത്തിന്റെ അവസാനംമുതൽ അമേരിക്കയുടെ നേതൃത്വത്തിൽ ഏകധ്രുവലോകത്തിലേക്ക്‌ നീങ്ങുകയായിരുന്നു. തീവ്രവാദത്തിനെതിരായ യുദ്ധം അമേരിക്കയുടെ ദേശീയ ഊർജത്തെ നശിപ്പിച്ചു, അതിന്റെ വിപുലീകരിച്ച സാമ്രാജ്യത്തിന്റെ ചെലവ് ഉയർത്തി. അമേരിക്കയും "മറ്റുള്ളവരുടെ’ ഭയത്തിന് ഇരയാകുന്നു. ചൈനയും ഒപ്പം നിൽക്കുന്ന രാജ്യങ്ങളും പ്രധാന ശക്തികളായി ഒരു ഭാഗത്ത്‌ അണിനിരക്കുമ്പോൾ ബഹുമുഖ രാഷ്ട്രീയചേരിയിലേക്ക്‌ ലോകം നീങ്ങുകയാണ്‌.

തീവ്രവാദികൾ റാഞ്ചിയത്‌ 4 വിമാനം
നാല്‌ വിമാനം റാഞ്ചി 19 ഭീകരർ നടത്തിയ ആക്രമണം അമേരിക്കയുടെ സാമ്പത്തിക, സൈനിക പ്രതാപത്തിനേറ്റ കനത്ത തിരിച്ചടിയായി. അമേരിക്കൻ എയർലൈൻസ്‌ 11, യുണൈറ്റഡ്‌ എയർലൈൻസിന്റെ 175, 77, 93 എന്നീ നാല്‌ വിമാനമാണ്‌ ആക്രമണത്തിന്‌ ഉപയോഗിച്ചത്‌. ഭീകരാക്രമണത്തിൽ 2977 പേർ കൊല്ലപ്പെട്ടു. ഇരുപത്തയ്യായിരത്തിലധികം പേർക്ക്‌ പരിക്കേറ്റു. അൽ ഖായ്‌ദയുടെ നേതൃത്വത്തിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ അഭിമാനസ്തംഭമായിരുന്ന ലോകവ്യാപാരകേന്ദ്രം പൂർണമായും നിലംപൊത്തി. രണ്ട്‌ വിമാനമാണ്‌ മിനിറ്റുകളുടെ ഇടവേളയിൽ വ്യാപാരകേന്ദ്രത്തിന്റെ രണ്ട്‌ ഗോപുരത്തിലേക്ക്‌ ഇടിച്ചുകയറിയത്‌. നിമിഷനേരത്തിൽ ന്യൂയോർക്കിലെ കെട്ടിടസമുച്ചയം തീഗോളമായി മാറി.

ഇതിനു പിന്നാലെ സൈനിക ആസ്ഥാനവും പ്രതിരോധമന്ത്രാലയവും സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയായ വാഷിങ്‌ടൺ നഗരത്തോട്‌ ചേർന്ന പെന്റഗണിന്റെ ഒരു ഭാഗവും മറ്റൊരു വിമാനം ഇടിച്ചിറക്കി തകർത്തു. യുണൈറ്റഡ്‌ എയർലൈൻസ്‌ 77 വിമാനത്തിലെ യാത്രക്കാർ നടത്തിയ ചെറുത്തുനിൽപ്പാണ്‌ ഒരു ഭീകരാക്രമണം പരാജയപ്പെടുത്തിയത്‌. വൈറ്റ്‌ ഹൗസോ ക്യാപിറ്റോൾ മന്ദിരമോ ആയിരുന്നു ഈ വിമാനത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്‌.

ആക്രമണത്തെതുടർന്ന്‌ ചരിത്രത്തിലാദ്യമായി അമേരിക്കയിലെ മുഴുവൻ വിമാന സർവീസും നിർത്തി. വൈറ്റ് ഹൗസും ക്യാപിറ്റോൾ മന്ദിരവുമടക്കം രാജ്യത്തെ സർക്കാർ ഓഫീസുകൾ മുഴുവൻ ഒഴിപ്പിച്ചു. നടന്നത്‌ 21–-ാം നൂറ്റാണ്ടിലെ പേൾ ഹാർബറാണെന്നായിരുന്നു പ്രസിഡന്റ്‌ ജോർജ്‌ ബുഷിന്റെ പ്രതികരണം. തീവ്രവാദികളിൽ ഭൂരിഭാഗവും സൗദി പൗരന്മാരായിരുന്നു.

പൂർത്തിയാകാതെ സ്മാരകനിർമാണം
ലോകവ്യാപാര കേന്ദ്രത്തിന്റെ പുനർനിർമാണം 20 വർഷമായിട്ടും പൂർത്തിയാക്കാൻ അമേരിക്കയ്‌ക്ക്‌ കഴിഞ്ഞിട്ടില്ല. പ്രാരംഭ ഘട്ടത്തിൽ തകർന്ന ഇരട്ട ഗോപുരങ്ങൾ അതേപോലെ പുനർനിർമിക്കാനും താഴെ (ഗ്രൗണ്ട്‌ സീറോ) ഉദ്യാനമാക്കാനുമായിരുന്നു പദ്ധതി. എന്നാൽ മരിച്ചവരുടെ ബന്ധുക്കളുടെയടക്കം സമ്മർദ്ദത്തിനൊടുവിൽ സ്‌മാരകമടക്കമുള്ളവ ഉൾക്കൊള്ളിച്ച്‌ പദ്ധതി മാറ്റിയാണ്‌ നിർമാണം ആരംഭിച്ചത്‌.

ആറു ഗോപുരം, സ്മാരകവും മ്യൂസിയവും, മാൾ, ഗതാഗത കേന്ദ്രം, പാർക്ക്, പള്ളി, കലാകായിക കേന്ദ്രം, പാർപ്പിട സമുച്ചയം എന്നിവയാണ്‌ ലോക വ്യാപാര കേന്ദ്രത്തിലുള്ളത്‌. ആദ്യഗോപുരം 2014 നവംബർ മൂന്നിന്‌ തുറന്നു, എന്നാൽ കലാ കായികകേന്ദ്രം, പാർപ്പിട സമുച്ചയം തുടങ്ങിയവ പൂർത്തിയായിട്ടില്ല.

ആക്രമണം നാൾവഴി

1) അമേരിക്കൻ എയർലൈൻസ്‌ 11
അമേരിക്കൻ സമയം രാവിലെ 7.59ന്‌ ബോസ്റ്റണിലെ ലോഗൻ     വിമാനത്താവളത്തിൽനിന്ന്‌ 81 യാത്രക്കാരും 11 ജീവനക്കാരുമായി ലൊസ്‌ ആഞ്ചലസിലേക്ക്‌ പുറപ്പെട്ടു.
8.14ന്‌ -മധ്യ മസാച്യുസെറ്റ്‌സിനു മുകളിൽവച്ച്‌ ഭീകരർ റാഞ്ചി
8.46–- ലോകവ്യാപാരകേന്ദ്രത്തിന്റെ വടക്കേ ഗോപുരത്തിൽ ഇടിച്ചു. 93–-99 നിലകളിലേക്കായിരുന്നു ആക്രമണം
10.28–- ലോകവ്യാപാരകേന്ദ്രത്തിന്റെ വടക്കേ ഗോപുരം വിമാനം ഇടിച്ച്‌ 1.42 മണിക്കൂറിനുശേഷം തകർന്നുവീണു. ഗോപുരങ്ങളുടെ താഴെ സ്ഥിതി ചെയ്‌തിരുന്ന മാരിയറ്റ് ഹോട്ടലും തകർന്നു

2) യുണൈറ്റഡ്‌ എയർലൈൻസ്‌ 175
8.14ന്‌ ലോഗനിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ പുറപ്പെട്ടു. വിമാനത്തിൽ 56 യാത്രക്കാരും ഒമ്പത്‌ ജീവനക്കാരും.
8.42നും 8.46നും ഇടയിൽ–- വിമാനം 175 വടക്കുപടിഞ്ഞാറൻ ന്യൂജേഴ്‌സിക്കു മുകളിൽവച്ച്‌ റാഞ്ചി
9.03ന്‌- ലോകവ്യാപാരകേന്ദ്രത്തിന്റെ തെക്കേ ഗോപുരത്തിൽ ഇടിച്ചു. 77–-85 നിലകളിലേക്കായിരുന്നു ആക്രമണം.
9.59ന്‌ വിമാനം ഇടിച്ചതിന്റെ ആഘാതത്തിൽ 56 മിനിറ്റിനുശേഷം ലോകവ്യാപാരകേന്ദ്രത്തിന്റെ തെക്കേ ഗോപുരം തകർന്നുവീണു.

3) യുണൈറ്റഡ്‌ എയർലൈൻസ്‌ 77
8.20ന്‌ വാഷിങ്‌ടൺ ഡള്ളസ് വിമാനത്താവളത്തിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ 58 യാത്രക്കാരും ആറ്‌ ജീവനക്കാരുമായി പുറപ്പെട്ടു.
8.50–8.54നും ഇടയിൽ തെക്കൻ ഒഹിയോക്കു മുകളിൽവച്ച്‌ റാഞ്ചി.
9. 37–-പെന്റഗണിൽ ഇടിച്ചിറക്കി. തുടർന്ന്‌ കെട്ടിടത്തിൽ തീ പടർന്നു.
10.50ന്‌- പെന്റഗണിന്റെ ഒരു ഭാഗത്തിന്റെ അഞ്ച് നില തീപിടിത്തത്തിൽ തകർന്നു.

4) യുണൈറ്റഡ്‌ എയർലൈൻസ്‌ 93
8.42ന്‌- നെവാർക്ക് വിമാനത്താവളത്തിൽനിന്ന്‌ സാൻഫ്രാൻസിസ്‌കോയിലേക്ക്‌ 73 യാത്രക്കാരും ഏഴ്‌ ജീവനക്കാരുമായി പുറപ്പെട്ടു.
9.28ന്‌- വിമാനം 93 വടക്കൻ ഒഹിയോയുടെ മുകളിൽവച്ച്‌ ഭീകരർ റാഞ്ചി.
9.57ന്‌ വിമാനം 93ൽ ഭീകരരും യാത്രക്കാരുമായി സംഘർഷം. 10.03–- കോക്‌പിറ്റിൽ നടന്ന സംഘർഷത്തെതുടർന്ന്‌ പെൻസിൽവാനിയയിലെ പിറ്റ്‌ട്‌സ്‌ബർഗിൽ തകർന്നുവീണു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top