25 July Sunday

ഇന്ന്‌ പരിസ്ഥിതിദിനം ; ആവാസവ്യവസ്ഥയ്ക്കായി 
പുതുപോരാട്ടങ്ങൾ

ടി ഗോപകുമാർUpdated: Saturday Jun 5, 2021

ഫോട്ടോ: എ ആർ അരുൺരാജ്

ഇന്ന്‌ പരിസ്ഥിതിദിനം

ടി ഗോപകുമാര്‍

ടി ഗോപകുമാര്‍

നാൽപ്പത്തെട്ടാമത് ലോക പരിസ്ഥിതിദിനമാണ്‌ ഇന്ന്. ഈ ദിവസത്തിന്റെ ഇക്കൊല്ലത്തെ വിഷയമായി ഐക്യരാഷ്ട്ര സംഘടന മുന്നോട്ടുവയ്ക്കുന്നത് ‘ആവാസവ്യവസ്ഥയുടെ പുനരുദ്ധാരണം’ എന്നതാണ്. ആവാസവ്യവസ്ഥയുടെ നാശംമൂലം പല ജീവിവർഗങ്ങളുടെയും അതിജീവനം സാധ്യമാകാതെ പോകുന്ന ഒരു കാലഘട്ടത്തിലാണ് ഈ വിഷയം ചർച്ച ചെയ്യപ്പെടുന്നത്. ലോകമൊട്ടാകെ നോക്കിയാൽ പത്തുലക്ഷം ജീവിവർഗങ്ങൾ അതിരൂക്ഷമായ ജൈവനാശത്തിന്റെ വക്കിലാണ്. ഇന്ന് നാം അനുഭവിക്കുന്ന രൂക്ഷമായ പരിസ്ഥിതിപ്രശ്നങ്ങൾ പലതിനും നിദാനമാകുന്നത് ആവാസവ്യവസ്ഥയുടെ നാശമാണ്.

മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടൽ മറ്റ്‌ എല്ലാത്തിന്റെയുമെന്നപോലെ മനുഷ്യന്റെയും നിലനിൽപ്പിന് ഭീഷണിയാകുമെന്ന നിലയിലേക്ക്‌ എത്തിയിട്ട് കാലമേറെയായി. എല്ലാം മനുഷ്യനുവേണ്ടി; മനുഷ്യനുമാത്രം വേണ്ടി; അതിൽത്തന്നെ കുറച്ചുപേർക്കുമാത്രം വേണ്ടിയെന്ന രീതിയിലാണ് പ്രകൃതിചൂഷണം നടക്കുന്നത്.പതിനെട്ടാം നൂറ്റാണ്ടിൽ വ്യവസായവിപ്ലവം അരങ്ങേറുമ്പോൾ അന്തരീക്ഷവായുവിലെ കാർബണിന്റെ അളവ് 200 പിപിഎം ആയിരുന്നു. ഇപ്പോൾ അത് 400 പിപിഎം ആണ്‌. അത് 450 പിപിഎമ്മിലേക്ക് എത്തുന്നതോടെ അന്തരീക്ഷ താപനില നിലവിലുള്ളതിൽനിന്ന്‌ 2 ഡിഗ്രി സെൽഷ്യസ് ഉയരും. ഇത് വളരെ വലിയ പ്രത്യാഘാതങ്ങളാകും സൃഷ്ടിക്കുക. വളർച്ചയെന്ന് ആധുനിക മുതലാളിത്തം പേരിട്ടുവിളിക്കുന്ന വ്യാവസായിക വികസനത്തിന്റെ ഉപോൽപ്പന്നമായിട്ടാണ് അന്തരീക്ഷതാപനില വർധിക്കുന്നത്. ഈ വികസനമാകട്ടെ ഒരുപിടി ആളുകളുടെയോ ഭൂമിയിലെ ഒരു വിഭാഗത്തിന്റെയോ മാത്രം വളർച്ചയാണ്.

അമേരിക്ക പോലുള്ള വ്യാവസായിക മുതലാളിത്ത രാജ്യങ്ങളുടേതുപോലുള്ള ജീവിതനിലവാരം മുഴുവൻ മനുഷ്യർക്കും കൈവന്നിരുന്നെങ്കിൽ ഭൂമി എന്നേ ചൂടുകൂടി കത്തിച്ചാമ്പലാകുമായിരുന്നു? സർവനാശത്തിന്റെ ആ ദശാസന്ധിയിലേക്കാണ് മുതലാളിത്തവളർച്ച എത്തിച്ചേരുന്നത്. മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് അതത് ആവാസവ്യവസ്ഥകൾ നിലനിൽക്കേണ്ടതുണ്ട്. അത്തരം ആവാസവ്യവസ്ഥകളെ പുതുക്കിപ്പണിയുക എന്ന മുദ്രാവാക്യമാണ് ഇപ്രാവശ്യം നാം ഏറ്റെടുക്കുന്നത്.

ഇത്രയൊക്കെ ഓർമപ്പെടുത്തലുകൾ ഉണ്ടായിട്ടും ഭൂമിയെ മുഴുവൻ അടിതുരന്നു തീർക്കുന്ന ആർത്തിപിടിച്ച തുരപ്പൻപണിയാണ് ലോക മുതലാളിത്തം നടത്തിക്കൊണ്ടിരിക്കുന്നത്. ലാഭത്തിനുവേണ്ടിയുള്ള മൂലധന പരക്കംപാച്ചിലിനിടയിൽ മനുഷ്യന്റെ തന്നെ അജൈവശരീരമായ ഭൂമിയെ കാർന്നുതിന്നുകയാണ് ലോകമുതലാളിത്തം. ഇതിനെതിരെ ചെറുതെങ്കിലും പ്രതിഷേധവുമായി വരുന്നതാകട്ടെ ഭൂമിയിലെ ഏറ്റവും നിസ്വരായ മനുഷ്യരാണ്. ലോകത്തെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങളിൽ 40 ശതമാനമെങ്കിലും പ്രകൃതിചൂഷണത്തിനും അതുണ്ടാക്കിയ ദുരന്തങ്ങൾക്കും എതിരെയുള്ളതാണ്.

ഈ സാഹചര്യത്തിലാണ് മുതലാളിത്തത്തിന്റെ ഉൽപ്പാദനയുക്തിയെയും പ്രകൃതിദർശനത്തെയും ഒരുപോലെ വിമർശ വിധേയമാക്കിയ മാർക്സിസത്തിന്റെ പ്രസക്തിയും ഇതുസംബന്ധിച്ച മാർക്സിസം മുന്നോട്ടുവച്ച വീക്ഷണങ്ങളുടെ സാംഗത്യവും കൂടുതൽ ശരിവയ്ക്കപ്പെടുന്നത്. മാർക്‌സും ഏംഗൽസും ലെനിനും മാത്രമല്ല, "പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടിയുള്ള സമരം വർഗസമരത്തിന്റെ ഭാഗമാണ്’ എന്ന ഫിഡൽ കാസ്ട്രോയുടെ വിശദീകരണവും ഇതിന്‌ ഉദാഹരണമാണ്. പരിസ്ഥിതിപ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തുന്ന സമരവും വർഗസമരം തന്നെയെന്ന് തിരിച്ചറിയാനും അവയെ നിർണായക സമരമുഖമായി മാറ്റിയെടുക്കാനും ഇന്ത്യയിലെ ഇടതുപക്ഷം തയ്യാറാകുന്നുവെന്നത് ഏറെ പ്രാധാന്യമുള്ള ഒന്നാണ്.

ആവാസവ്യവസ്ഥയ്ക്ക്‌ മനുഷ്യൻ ഏൽപ്പിച്ച  മുറിവുണങ്ങുന്നില്ല. എങ്കിലും പ്രകൃതി അതിജീവനത്തിനായുള്ള പോരാട്ടം തുടരുന്നു. ട്രാഫിക്‌ സിഗ്‌നലിന്റെ  ഇത്തിരിയിടത്തിൽ ഇടം കണ്ടെത്തിയ 
കുഞ്ഞുചെടി ലോക പരിസ്ഥിതിദിനത്തിൽ മാനവരാശിയെ പലതും 
ഓർമപ്പെടുത്തുന്നു          ഫോട്ടോ: എ ആർ  അരുൺരാജ്

ആവാസവ്യവസ്ഥയ്ക്ക്‌ മനുഷ്യൻ ഏൽപ്പിച്ച മുറിവുണങ്ങുന്നില്ല. എങ്കിലും പ്രകൃതി അതിജീവനത്തിനായുള്ള പോരാട്ടം തുടരുന്നു. ട്രാഫിക്‌ സിഗ്‌നലിന്റെ ഇത്തിരിയിടത്തിൽ ഇടം കണ്ടെത്തിയ 
കുഞ്ഞുചെടി ലോക പരിസ്ഥിതിദിനത്തിൽ മാനവരാശിയെ പലതും 
ഓർമപ്പെടുത്തുന്നു ഫോട്ടോ: എ ആർ അരുൺരാജ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top