29 May Friday

വേണം കുട്ടികൾക്കിണങ്ങിയ ലോകം

പി സതീദേവിUpdated: Thursday May 31, 2018


അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ രൂപംകൊണ്ടതിനുശേഷം ജൂൺ ഒന്നിന‌് കുട്ടികളുടെ അവകാശദിനമായി ആചരിച്ചുവരികയാണ്. കുട്ടികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ദിനാചരണത്തിന് പ്രസക്തി ഏറുകയാണ്. സോഷ്യലിസ്റ്റ‌് സാമൂഹ്യക്രമം നിലവിലുണ്ടായിരുന്ന സോവിയറ്റ് യൂണിയനിൽ പിറന്നുവീഴുന്ന ഒരോ കുഞ്ഞിനെയും രാഷ്ട്രത്തിന്റെ സമ്പത്തായി കണ്ടിരുന്നു. കൂടുതൽ പ്രസവിക്കുന്ന അമ്മമാർക്ക് പ്രത്യേക പരിരക്ഷ ഉറപ്പുവരുത്താൻ അവിടെ കഴിഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും തൊഴിലും ഉറപ്പുവരുത്താനുള്ള ബാധ്യത ഭരണകൂടം ഏറ്റെടുത്തു. ലാഭാധിഷ‌്ഠിതമായ മുതലാളിത്തവ്യവസ്ഥയിൽ കുട്ടികളും കച്ചവടച്ചരക്കാവുകയാണ്. ആഗോളവൽക്കരണനയങ്ങളുടെ അനന്തരഫലമായ ഉപഭോഗസംസ്കാരവും സൈബർലോകവും കുട്ടികളെ ഇരകളാക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളും ക്രിമിനൽവാസനകളും കുട്ടികൾക്കിടയിൽ വർധിച്ചുവരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയുമെല്ലാം കച്ചവടത്തിനായി കുട്ടികളെ ഉപയോഗപ്പെടുത്താനുള്ള മാഫിയ പ്രവർത്തനങ്ങൾ വർധിച്ചു. കുഞ്ഞുമനസ്സുകളിൽ വർഗീയതയുടെ വിഷം കുത്തിവയ‌്ക്കുന്ന പ്രവണതയും ശക്തിപ്പെടുകയാണ്.

പറഞ്ഞറിയിക്കാനാകാത്തവിധം ഭീതിദമായ അതിക്രമങ്ങളാണ് കുട്ടികൾക്കെതിരെ നടക്കുന്നത്. കശ്മീരിലെ കഠ്വയിലും യുപിയിലെ ഉന്നാവയിലുമുണ്ടായ ഭീതിജനകമായ സംഭവങ്ങളുടെ നടുക്കം മാറുന്നതിനുമുമ്പാണ് സാംസ്കാരിക പ്രബുദ്ധമായ കേരളത്തിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജാതി‐മത‐ ദേശ വ്യത്യാസമെന്യേ സമൂഹത്തിലാകെ അരക്ഷിതബോധം പടർത്തുകയാണ്. രക്ഷാകർത്താവാകേണ്ടവർതന്നെയാണ് സമാനതകളില്ലാത്ത ക്രൂരത കുട്ടികളോട് കാട്ടുന്നത് എന്നത് ഏറെ ഗൗരവതരമാണ്.

ഏതാനും മാസങ്ങൾക്കുമുമ്പാണ് വാളയാറിലെ കൊച്ചു കുടിലിനകത്ത് 13ഉം ഒമ്പതും വയസ്സുള്ള സഹോദരിമാരുടെ ജീവൻ ഒരു തുണ്ട് കയറിൽ പിടഞ്ഞ് ഒതുങ്ങിയത്. സംഭവം ഉണ്ടാക്കിയ വേവലാതി മാറുന്നതിനുമുമ്പാണ് അവിടെ വീണ്ടും ഒരു പെൺകുട്ടിയുടെ ദാരുണ അന്ത്യം റിപ്പോർട്ട് ചെയ്തത്. മാതാപിതാക്കളുടെ മൗനാനുവാദത്തോടെയുള്ള പീഡനങ്ങളുടെ എണ്ണം സീമാതീതമാംവിധം വർധിച്ചു. എടപ്പാളിലെ സിനിമ തിയറ്ററിനകത്ത് പെറ്റമ്മയുടെ സാന്നിധ്യത്തിൽ കൊച്ചുകുട്ടി പീഡനത്തിന‌് ഇരയാകുന്ന കാഴ്ച നമുക്ക് കാണേണ്ടിവന്നു. ഏറ്റവുമൊടുവിൽ അട്ടപ്പാടിയിലെ ആദിവാസിയൂരിൽ 12 വയസ്സുകാരിയെ ഉത്സവം കാണിച്ചുതരാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി നിരവധിപേർക്ക് കാഴ്ചവച്ച സ്ത്രീയുടെ മാനസികാവസ്ഥ ലാഭാധിഷ‌്ഠിതമായ സാമൂഹ്യവ്യവസ്ഥ മനുഷ്യമനസ്സുകളിൽ ഉണ്ടാക്കുന്ന കച്ചവടമനഃസ്ഥിതിതന്നെയല്ലേ വ്യക്തമാക്കുന്നത്?

ലാഭക്കൊതിമാത്രം കൈമുതലായുള്ള ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ പെൺവാണിഭങ്ങൾ വർധിച്ചുവരികയാണ്. കാൽ നൂറ്റാണ്ടിനിപ്പുറമാണ് പെൺവാണിഭം ഏറ്റവും ലാഭകരമായ വ്യവസായമായി മാറിയത്. ഇളം മാംസത്തോടുള്ള ആസക്തി വർധിച്ചുവരികയാണ്. കമ്പോളവ്യവസ്ഥയുടെ ഉപഭോക്താക്കളായും ഉപകരണങ്ങളായും കുട്ടികളെ മാറ്റിത്തീർക്കാതിരിക്കാനുള്ള ഇടപെടലുകൾക്കായിരിക്കണം ശിശുദിനാചരണ വേളയിൽ നാം ഊന്നൽ നൽകേണ്ടത്.

കുട്ടികളുടെ അവകാശങ്ങൾക്ക് പരിരക്ഷ നൽകുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. കുട്ടികളുടെ സാമൂഹ്യ പരിരക്ഷയും സർഗാത്മകമായ വളർച്ചയും ഉറപ്പുവരുത്തേണ്ടത് സമൂഹത്തിന്റെയും ബാധ്യതയാണ്. ഭാവിഭാരതത്തിന്റെ ഈടുവയ‌്പുകളായി കുട്ടികളെ വളർത്തിയെടുക്കാൻ നമുക്ക് കഴിയണം. ശൈശവപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനായുള്ള പദ്ധതികളും രൂപപ്പെടുത്തിയെടുക്കാനാകണം. ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ലക്ഷ്യമിട്ട് സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നിയമം നിലവിലിരിക്കുമ്പോഴും കുട്ടികളെ വിദ്യാഭ്യാസമേഖലയിൽനിന്ന് അകറ്റാനിടവരുത്തുന്ന വിധത്തിലാണ് ബാലവേല നിരോധന നിയമത്തിൽ ഭേദഗതി വരുത്തിയത്. വിനോദ‐വ്യവസായ മേഖലകളിൽ ശാരീരിക പീഡനങ്ങൾക്കും ലൈംഗിക ചൂഷണങ്ങൾക്കും കുട്ടികൾ വിധേയരാക്കപ്പെടുന്ന സാഹചര്യങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധമുണ്ടാക്കാൻ കഴിയണം.

പുതിയ അധ്യയനവർഷത്തിന് തുടക്കംകുറിക്കുന്ന സന്ദർഭത്തിലാണ് ശിശുദിനാചരണം നടക്കുന്നത്. അങ്കണവാടികളിലും സ്കൂളുകളിലെ പ്രവേശനോത്സവവേളകളിലുമെല്ലാം ദിനാചരണത്തിന്റെ സന്ദേശമെത്തിക്കാൻ കഴിയണം. കുട്ടികളുടെ പഠനപ്രവർത്തനത്തനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ കഴിയത്തക്കവിധത്തിൽ പഠനോപകരണങ്ങൾ നൽകിയും മറ്റും ഭാവിവാഗ്ദാനങ്ങൾക്ക് പ്രചോദനമാകാൻ നമുക്ക് കഴിയേണ്ടതുണ്ട്. വിദ്യാലയങ്ങളുടെ പ്രവർത്തനമികവിൽ നിർണായകഘടകമാകുന്ന അധ്യാപക‐ രക്ഷാകർതൃ സമിതികളിലും മദേഴ്സ് പിടിഎകളിലുമെല്ലാമുള്ള ഇടപെടലുകളിലൂടെ ‘കുട്ടികൾക്കിണങ്ങിയ ഒരു ലോകം’ പടുത്തുയർത്താൻ നമുക്ക് കഴിയണം.

(ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖിക)

പ്രധാന വാർത്തകൾ
 Top