20 March Wednesday

അവബോധം അനിവാര്യം

കെ കെ ശൈലജUpdated: Friday Dec 1, 2017

സിസംബര്‍ ഒന്ന്  ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്ഐവി അണുബാധ ഇന്നും ലോകത്ത് നിലനില്‍ക്കുന്നെന്നും എച്ച്ഐവി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാനുണ്ടെന്നും ഈ ദിനം മാനവരാശിയെ ഓര്‍മിപ്പിക്കുകയാണ്.

നമ്മുടെ സമൂഹത്തില്‍ ഇനി ഒരു പുതിയ എച്ച്ഐവി അണുബാധപോലും ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും മുന്‍കരുതലും നാം ഓരോരുത്തരും എടുക്കണമെന്ന് ഈ ദിനം ഓര്‍മിപ്പിക്കുന്നു. മാറുന്ന ജീവിതസാഹചര്യങ്ങളില്‍ എച്ച്ഐവി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും എച്ച്ഐവി പകരുന്നത്. ചില മുന്‍കരുതലുകള്‍ എടുത്താല്‍ പുതിയ എച്ച്ഐവി വൈറസുകളുടെ വ്യാപനം നമുക്ക് പൂര്‍ണമായും തടയാം. 

എച്ച്ഐവി അണുബാധിതര്‍ സമൂഹത്തില്‍നിന്നും, ചിലപ്പോള്‍ വീട്ടില്‍നിന്നുപോലും ഒറ്റപ്പെടലുകള്‍ അനുഭവിക്കേണ്ടിവരുന്നു. സാമൂഹ്യനിന്ദയും വിവേചനവും ഭയന്ന് എച്ച്ഐവി അണുബാധിതര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ മടിക്കുന്നു. ഇവിടെ നാം ചെയ്യേണ്ടത് എച്ച്ഐവി അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ക്കും മറ്റുള്ളവരെപോലെ സാധാരണ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ്. ആവശ്യമായ കരുതലും പരിചരണവും നല്‍കി എച്ച്ഐവി അണുബാധിതരെ ഈ സമൂഹത്തിന്റെ ഭാഗമായി കാണണമെന്ന് ഈ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നു. ഒറ്റപ്പെടലും വിവേചനവും ഇല്ലെങ്കില്‍ സമൂഹത്തിലെ മുഴുവന്‍ എച്ച്ഐവി അണുബാധിതരെയും കണ്ടെത്താനും അതുവഴി അവര്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങളും ചികിത്സയും ലഭ്യമാക്കാനും കഴിയും.

ലോകത്ത് എച്ച്ഐവി അണുബാധിതരായി 3.67 കോടി ജനങ്ങളുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ എയ്ഡ്സ് ബാധിച്ച ഒരാള്‍ പ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റ് രോഗങ്ങള്‍ ബാധിച്ച് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിച്ചുപോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍, ഇന്ന് എച്ച്ഐവി /എയ്ഡ്സിന് നൂതനങ്ങളായ ചികിത്സാരീതികളുണ്ട്. അതില്‍ പ്രധാനമാണ് ആന്റി റിട്രോവൈറല്‍ ട്രീറ്റ്മെന്റ് അഥവാ എആര്‍ടി. ഇതുവഴി എച്ച്ഐവി അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാനും സാധിക്കുന്നു. എന്നാല്‍, ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇന്നും ഈ ചികിത്സാരീതികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ല. ചികിത്സ ആവശ്യമുള്ള മുഴുവന്‍ എച്ച്ഐവി അണുബാധിതര്‍ക്കും ഈ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ എയ്ഡ്സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിയും. എച്ച്ഐവി പ്രതിരോധത്തിന് ഓരോ പൌരനും മുന്‍കൈയെടുക്കണമെന്ന ആഹ്വാനവുമായാണ് നാം ഈ വര്‍ഷം എയ്ഡ്സ് ദിനം ആചരിക്കുന്നത്.

2016ല്‍ 18 ലക്ഷം പുതിയ എച്ച്ഐവി അണുബാധ ഉണ്ടായിട്ടുണ്ട്. ഇതില്‍ 1.5 ലക്ഷം കുട്ടികളിലാണ്. എന്നാല്‍, 2000നെ അപേക്ഷിച്ച്  2016ല്‍ പുതുതായി ഉണ്ടാകുന്ന എച്ച്ഐവി അണുബാധയുടെ എണ്ണം 35ശതമാനം കുറഞ്ഞിട്ടുണ്ട്. ഇത് ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു.

ഇന്ന് ലോകത്ത് എച്ച്ഐവി അണുബാധയ്ക്ക് 1.95 കോടി പേര്‍ ചികിത്സ എടുക്കുന്നു. 2005ല്‍ എയ്ഡ്സ് കൊണ്ടുള്ള മരണം 22.4 ലക്ഷം ആയിരുന്നു. ഇത് 2016ല്‍ എആര്‍ടി ചികിത്സയുടെ ഫലമായി 10 ലക്ഷമായി കുറഞ്ഞു. എച്ച്ഐവി അണുബാധിതരായ അമ്മമാരില്‍ 77ശതമാനം ആളുകള്‍ക്ക് ചികിത്സ എടുക്കുകവഴി കുഞ്ഞിലേക്കുള്ള അണുബാധ തടയാന്‍ സാധിച്ചു.

എച്ച്ഐവി എയ്ഡ്സ് മേഖലയില്‍ കേരളത്തില്‍ ബോധവല്‍ക്കരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയാണ്. പൊതുസമൂഹത്തെ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍കൂടാതെ എച്ച്ഐവി അണുബാധ പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും സൊസൈറ്റി നടത്തുന്നുണ്ട്. ആയിരക്കണക്കിന് എച്ച്ഐവി അണുബാധിതര്‍ക്ക് ഔഷധം, ചികിത്സ, കൌണ്‍സലിങ് തുടങ്ങിയവ നല്‍കുന്നതിനൊപ്പം അവര്‍ക്ക് പുനരധിവാസവും പരിശീലനവും നിയമസഹായവും സൊസൈറ്റിവഴി ഒരുക്കിയിട്ടുണ്ട്. ജ്യോതിസ്സ്, ഉഷസ്സ്, സുരക്ഷ, പുലരി, റെഡ് റിബണ്‍ ക്ളബുകള്‍ എന്നിവ വഴിയുള്ള വിവിധ സേവനകേന്ദ്രങ്ങളിലൂടെയാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

സംസ്ഥാനത്ത് 502 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ്സ് കേന്ദ്രങ്ങളില്‍ എച്ച്ഐവി പരിശോധന സൌജന്യമായി നല്‍കുന്നതിനുള്ള സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. എച്ച്ഐവി പരിശോധന കൂടാതെ കൌണ്‍സലിങ്ങും ഇവിടെനിന്ന് ലഭ്യമാകും. ഉഷസ്സ് കേന്ദ്രങ്ങളിലൂടെ ആന്റി റിട്രോവൈറല്‍ ചികിത്സ ലഭ്യമാകും. കൂടാതെ ചികിത്സയ്ക്ക് മുന്നോടിയായുള്ള കൌണ്‍സലിങ്ങും മറ്റ് അവസരജന്യരോഗങ്ങള്‍ക്കുള്ള ചികിത്സയും സൌജന്യമായി ലഭ്യമാകും. പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികിത്സയും അണുബാധവ്യാപനം ഇല്ലാതാക്കാനുള്ള സുരക്ഷാപദ്ധതിയും സൊസൈറ്റിയുടെ ഭാഗമായി നടപ്പാക്കിവരുന്നുണ്ട്.

ഇതിലേറെ പ്രാധാന്യം ഇന്ന് നല്‍കുന്നത് സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളാണ്. എച്ച്ഐവി പോലുള്ള അണുബാധകള്‍ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഇതിനേറെ പ്രാധാന്യം നല്‍കുന്നത്. സുരക്ഷിതരക്തം ലഭിക്കുക എന്നത് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. ഒരുവര്‍ഷം ശരാശരി 4 ലക്ഷം യൂണിറ്റ് രക്തമാണ് നമ്മുടെ സംസ്ഥാനത്ത് ആവശ്യമായിവരുന്നത്. ഇതിനായി സൊസൈറ്റി നടപ്പാക്കിവരുന്ന കര്‍മപദ്ധതികളുടെ ഫലമായി സന്നദ്ധ രക്തദാനത്തില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ ഇന്ന് നമുക്ക് സാധിച്ചിട്ടുണ്ട്. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് ബ്ളഡ് ട്രാന്‍സ്ഫ്യൂഷന്‍ കൌണ്‍സിലും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ബോധവല്‍ക്കരണ ക്ളാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. കോളേജുകളില്‍ പ്രവര്‍ത്തിക്കുന്ന റെഡ് റിബണ്‍ ക്ളബ്ബുകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സന്നദ്ധ രക്തദാനത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്.
 ഇന്ന് പുതിയ എച്ച്ഐവി അണുബാധിതരുടെ എണ്ണം കേരളത്തില്‍ കുറഞ്ഞുവരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. കൃത്യമായ ബോധവല്‍ക്കരണത്തിലൂടെ പരമാവധി ജനങ്ങള്‍ക്ക് എച്ച്ഐവി എയ്ഡ്സ് സംബന്ധിച്ച് അവബോധം സൃഷ്ടിച്ച് സംസ്ഥാനത്ത് പുതുതായി ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഒരു സ്ഥിതിവിശേഷം സംജാതമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്

പ്രധാന വാർത്തകൾ
 Top