16 February Saturday

വാൾമാർട്ടിന്റെ വരവും ഇന്ത്യൻ സമ്പദ്ഘടനയും

പ്രൊഫ. കെ എൻ ഗംഗാധരൻUpdated: Thursday May 17, 2018


ഒരു കമ്പനി മറ്റൊന്നിനെ ഏറ്റെടുക്കുക. അല്ലെങ്കിൽ വേറൊന്നുമായി ചേർന്ന് ബിസിനസ് നടത്തുക. കോർപറേറ്റ് ലോകത്തെ പുതിയരീതികളാണിവ. ഏതുവിധേനയും മൂലധനം വളർത്തി പരമാവധി ലാഭം കൊയ്യുകയാണ് ലക്ഷ്യം. ചിലപ്പോഴെങ്കിലും ദുർബലങ്ങളായ കമ്പനികൾ വിറ്റൊഴിഞ്ഞ് സ്ഥലം കാലിയാക്കുന്ന സംഭവങ്ങളുമുണ്ട്.  പക്ഷേ, ഭൂരിപക്ഷവും ഒന്നിച്ചുനിന്ന് വിപണി കീഴടക്കി ലാഭം കൊയ്യുകയാണ് ലക്ഷ്യം. അത്തരമൊന്നാണ് സർക്കാർ പിന്തുണയോടെ കഴിഞ്ഞാഴ്ച അരങ്ങേറിയത്. ആഗോള ചില്ലറവ്യാപാര കുത്തകക്കമ്പനിയായ വാൾമാർട്ട് ഓൺലൈൻ വ്യാപാരരംഗത്ത് 40 ശതമാനം കൈകാര്യംചെയ്യുന്ന ഇന്ത്യൻ കമ്പനിയായ ഫ്ലിപ‌്കാർട്ടിനെ ഏറ്റെടുത്തു. ഫ്ലിപ‌്കാർട്ടിന്റെ 77 ശതമാനം ഓഹരി കൈവശപ്പെടുത്തി. പുതിയ ഡയറക്ടർബോർഡ് രൂപീകരിച്ചു. എട്ട് ഡയറക്ടർ ബോർഡിൽ അഞ്ചുപേർ വാൾമാർട്ടിൽനിന്ന്. രണ്ടുപേർ ഓഹരി ഉടമകളുടെ അതായത്, വാൾമാർട്ടിന്റെതന്നെ പ്രതിനിധികൾ. ഒരാൾ ഫ്ലിപ‌്കാർട്ട് മുൻ ഉടമ. ഇന്ത്യൻ കമ്പനിയുടെ ഉടമസ്ഥാവകാശം ഏതാണ്ട് പൂർണമായും വാൾമാർട്ടിലമർന്നു. ഉൽപ്പാദനത്തിലല്ല വാൾമാർട്ട് നിക്ഷേപിച്ചത്. ഓഹരി വാങ്ങാനാണ്. ലാഭത്തിന് കൈകാര്യം ചെയ്യാനാണ്. അത് ധനമൂലധനനിക്ഷേപമാണ്. ഓഹരികൾ വാങ്ങാനും വിൽക്കാനുമാണ് ധനമൂലധനം നിക്ഷേപിക്കുന്നത്. "വിദേശമൂലധന നിക്ഷേപവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്ന''തിന്റെ ഉത്തമോദാഹരണമാണ് വാൾമാർട്ടുമായുണ്ടാക്കിയ ഉടമ്പടി.

ഓൺലൈൻ വ്യാപാരവിഹിതം 40 ശതമാനത്തിൽനിന്ന് ഇരട്ടിയാക്കുന്നതിലൂടെ ഇന്ത്യയിലെ ഓൺലൈൻ വിപണി കീഴടക്കാൻ എളുപ്പമായി. അതിനുള്ള വിഭവങ്ങളും വിപണനതന്ത്രങ്ങളും വാൾമാർട്ടിനുണ്ട്. ആ രംഗത്ത് കുത്തക സ്ഥാപിച്ചുകഴിഞ്ഞാൽ ഉപഭോക്തൃചൂഷണം എളുപ്പമായി. ആദ്യം കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വിൽക്കുക. തുടർന്ന് ഉയർന്ന വിലയ്ക്കും. എല്ലാ സാധനങ്ങളുടെയും വില ഒറ്റയടിക്ക് ഉയർത്തുകയില്ല. ചിലവയുടെ വില 10 ശതമാനം കുറയ്ക്കുമ്പോൾ കൂടുതൽ വിൽപ്പനയുള്ള മറ്റു ചിലതിന്റേത് 20 ശതമാനം ഉയർത്തും. ഇതോരു വിപണനതന്ത്രമാണ്. വേദനയറിയാത്ത ശസ്ത്രക്രിയപോലെ ഉപഭോക്താക്കൾ അറിയില്ല പോക്കറ്റിൽനിന്ന് എത്ര പണം ചോർന്നെന്ന്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയ‌്ക്ക് മാരകമായ ദുരിതങ്ങൾ സമ്മാനിക്കുന്നതാണ് വാൾമാർട്ടിന്റെ രംഗപ്രവേശം. ചെറുകിടവ്യാപാരികളുടെ കാലക്രമത്തിലുള്ള തകർച്ച ഉറപ്പാണ്. വൻകിട സ്ഥാപനത്തിന്റെ വിപണനതന്ത്രങ്ങളോട് മത്സരിക്കാൻ ചെറുകിടവ്യാപാരികൾക്കാകില്ല. അവർ തകർത്തെറിയപ്പെടും. അത്തരമൊരു അനിവാര്യദുരന്തത്തിലേക്കാണ് ഇന്ത്യൻ ഗവൺമെന്റ് നാലുകോടി വ്യാപാരികളെയും അവരെ ആശ്രയിക്കുന്ന കോടിക്കണക്കിനു ജനങ്ങളെയും തള്ളിവിടുന്നത്. രാജ്യത്ത് കൃഷി കഴിഞ്ഞാൽ ഏറ്റവുമധികം ജനങ്ങൾ ഉപജീവനം നടത്തുന്നത് ചെറുകിട കച്ചവടത്തിലേർപ്പെട്ടാണ്. ചെറുകിടവ്യാപാരികളെ പരീക്ഷണത്തിനെറിഞ്ഞുകൊടുക്കാതെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. കുറഞ്ഞ മുതൽമുടക്കും ഉറപ്പുള്ള വിപണിയും കുടുംബ ബിസിനസായി നടത്തിക്കൊണ്ടുപോകാനുള്ള സൗകര്യവും ചെറുകിട വ്യാപാരം ആകർഷകമാക്കുന്നു.  ചെറുകിടവ്യാപാരികളെ ശാക്തീകരിക്കുകയാണ് പ്രതിബദ്ധതയുള്ള സർക്കാർ ചെയ്യേണ്ടത്. ദൗർഭാഗ്യവശാൽ, എവ്വിധമാണോ സർക്കാർ കൃഷിക്കാരെ അവഗണിക്കുന്നത് ആ വിധത്തിൽ ചെറുകിട വ്യാപാരികളെയും അവഗണിക്കുകയാണ്. മറിച്ച് വൻകിട വ്യവസായികളെയും കുത്തക കച്ചവടക്കാരെയും ധനികകൃഷിക്കാരെയും പരിലാളിക്കുകയും ചെയുന്നു.

ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന വിപുലമായ വ്യാപാരശൃംഖലയാണ് വാൾമാർട്ട്. 500 ശതകോടി ഡോളറാണ് പ്രതിവർഷ വിറ്റുവരവ്. 11,718 സൂപ്പർ സ്റ്റോറും ഹൈപ്പർ സ്റ്റോറും ഉപ സ്റ്റോറുകളുമുണ്ട്. ഒരു സ്റ്റോറിന്റെ ശരാശരി വിസ്തീർണം 1,78,000 ചതുരശ്രഅടി. അതായത്, 1000 ചതുരശ്രഅടി തറവിസ്തീർണമുള്ള 178 വീട‌് അടുത്തടുത്ത‌് വച്ചാലുള്ള വലുപ്പം. ഏറ്റവും വലിയ സ്റ്റോറിന്റെ വലുപ്പം 2,60,000 ചതുശ്രഅടിവരും. 260 വീടുകളുടെ വിസ്തൃതി. ഉപ്പുതൊട്ട് കർപ്പൂരംവരെ അവിടെ കിട്ടും. ധനികരുടെ ഉപഭോഗവസ്തുക്കൾമാത്രമല്ല വിൽക്കപ്പെടുക. ചുക്കും ചുണ്ണാമ്പുംവരെ വിൽക്കപ്പെടും. അഥവാ സമ്പന്നർമാത്രമായിരിക്കില്ല വാൾമാർട്ടിലേക്ക‌് ആകർഷിക്കപ്പെടുക. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നവരും ആകർഷിക്കപ്പെടും.

ഏറെനാളായി ഇന്ത്യയിലേക്കുള്ള പ്രവേശം കാക്കുകയായിരുന്നു വാൾമാർട്ട്. ജനകീയപ്രതിഷേധങ്ങളും നിയമതടസ്സങ്ങളും പ്രവേശനം എളുപ്പമല്ലാതാക്കി. ആ പശ്ചാത്തലത്തിലാണ് പിൻവാതിൽ പ്രവേശം സംബന്ധിച്ച് ഗവൺമെന്റ് ആലോചിച്ചത്. വിദേശി‐സ്വദേശി പങ്കാളിത്തത്തിൽ പരിഹാരം കണ്ടെത്തി. ഭാർതി എന്റർപ്രൈസസുമായി വാൾമാർട്ട് കൂട്ടുസംരംഭം ആരംഭിച്ചു. രണ്ടുപേരുകളും ഉപേക്ഷിച്ച‌് മൂന്നാമതൊരു പേര് സ്വീകരിച്ചു. ബെസ്റ്റ‌് പ്രൈസ്. സ്ഥാപനത്തിന്റെ മുൻനിര ഇടപാടുകൾ ഭാർതി എന്റപ്രൈസസിന്. വിൽക്കുന്നത് വാൾമാർട്ട് ഉൽപ്പന്നങ്ങൾ. ആദ്യം ഏക ബ്രാൻഡ‌്﹣ ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുമതി നൽകി. പിന്നീട് ബ്രാൻഡ‌് ഉൽപ്പന്നങ്ങൾ വിൽക്കാനും. 2012ലാണ് അനുമതി നൽകിയത്. അന്ന് യുപിഎ ആയിരുന്നു ഭരണത്തിൽ. വാൾമാർട്ടിന് പ്രവർത്തനാനുമതി നൽകാൻ കോൺഗ്രസ് പാർടി 25 ദശലക്ഷം ഡോളർ കോഴ വാങ്ങിയെന്ന ആരോപണം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു.

ക്യാഷ് ആൻഡ‌് ക്യാരി രീതിയാണ് ബെസ്റ്റ‌് പ്രൈസ് ഷോപ്പുകൾ അവലംബിക്കുന്നത്.  കാശുകെടുത്ത് സാധനങ്ങൾ വാങ്ങിക്കൊണ്ട് പോവുക എന്നല്ല അതിനർഥം. വൻതോതിൽ സ്റ്റോക്കുചെയ്ത് മൊത്തക്കച്ചവടക്കാർക്ക് വിൽക്കുകയാണ് രീതി. മൊത്തവ്യാപാരികൾക്ക് ഇഷ്ടപ്പെട്ട രീതിയാണത്. കുറഞ്ഞ വിലയ്ക്ക് കിട്ടും. അനുബന്ധ ചെലവുകളും ലാഭവും ചേർത്ത് ആ തുകയ്ക്ക് ഇടത്തട്ടുകാർക്ക് വിൽക്കാം. അതുകൊണ്ട് മൊത്തക്കച്ചവടക്കാർ ബെസ്റ്റ‌് പ്രൈസിനെതിരെ ശബ്ദിച്ചില്ല. ചെറുകിടകച്ചവടക്കാരെ മെരുക്കിനിർത്താൻ ചില പ്രസ്താവനകൾ ഇറക്കി പ്രതിഷേധം ഒതുക്കി.

ദുരന്തമായിരിക്കും ചെറുകിടവ്യാപാരത്തിന്റെ തകർച്ച. രാജ്യത്തിന്റെ മൊത്തം ദേശീയവരുമാനത്തിൽ 10 ശതമാനം സംഭാവനചെയ്യുന്നത് ചെറുകിട വ്യാപാരമേഖലയാണ്. ആകെ തൊഴിലിന്റെ എട്ട‌്‌ ശതമാനം ചെറുകിട വ്യാപാരമേഖലയുടെ സംഭാവനയാണ്.

ചെറുകിട വ്യാപാരത്തിന്റെ തകർച്ച ദേശീയവരുമാനത്തിലുണ്ടാക്കുന്ന പ്രത്യാഘാതം രാജ്യം നേരിട്ട് അറിഞ്ഞതാണ്. നോട്ടുനിരോധനം ചില്ലറ വ്യാപാരം നിശ്ചലമാക്കി. കൊടുക്കൽ വാങ്ങലുകൾക്ക് പണമില്ലാതെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടി.  കച്ചവടം സ്തംഭിച്ചു. ദേശീയവരുമാനം യഥാർഥത്തിൽ ഇടിഞ്ഞു. ഒന്നും സംഭവിച്ചില്ലെന്നു സ്ഥാപിക്കാൻ കേന്ദ്രസർക്കാരിന് കേന്ദ്ര സ്ഥിതിവിവരക്കണക്ക‌് സ്ഥാപനത്തെ സ്വാധീനിക്കേണ്ടിവന്നു. പ്രമുഖ അമേരിക്കൻ പത്രപ്രവർത്തകനും"വാൾമാർട്ട്: ലോകത്തെ ഏറ്റവും വലിയ കമ്പനി എങ്ങനെ പ്രവർത്തിക്കുന്നു’’എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ചാൾസ് ഫിഷ്മാൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: "നിങ്ങൾ ഇന്ത്യയിലെ ഒരു ചില്ലറവ്യാപാരിയാണ്, വാൾമാർട്ടോ ആമസോണോ വിൽക്കുന്ന അതേ ഉൽപ്പന്നങ്ങൾ വിൽക്കുകയും ചെയ്യുന്നുവെന്ന് കരുതുക. വരുംനാളുകളിൽ നിങ്ങളെ സംബന്ധിച്ച് ഏറ്റവും ദുഷ്കരമായിരിക്കും. രാജ്യത്തെ ഉപഭോക്താക്കൾ, തൊഴിലാളികൾ, സമ്പദ്വ്യവസ്ഥ എന്നിവയെ കാത്തുസംരക്ഷിക്കേണ്ട ചുമതല ഭരണാധികാരികൾ ഏറ്റെടുക്കേണ്ടിവരും. "അതുതന്നെയാണല്ലോ പ്രശ്നം. എല്ലാം വിപണിക്ക‌് എറിഞ്ഞുകൊടുത്ത ഗവൺമെന്റിൽനിന്ന‌് എന്ത‌് പ്രതീക്ഷിക്കാൻ.’’
 

പ്രധാന വാർത്തകൾ
 Top