18 November Monday

പാളിപ്പോയ അട്ടിമറിശ്രമം

അഡ്വ. ജി സുഗുണൻUpdated: Monday May 13, 2019


ഹ്യൂഗോ ഷാവേസിനു ശേഷം വെനസ്വേലൻ പ്രസിഡന്റായി നിക്കോളാസ‌് മഡൂറോ അധികാരമേറ്റെടുത്ത കാലംമുതൽ തന്നെ പ്രതിഷേധപ്രകടനങ്ങൾ പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. ഇതിനിടയിൽ രണ്ടാമതും അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇത് കൂടുതൽ ശക്തിപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനാധിപത്യവിരുദ്ധമായ മാർഗത്തിലാണ് നടന്നതെന്നും ഈ തെരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്നും പ്രതിപക്ഷം നിലപാടെടുത്തു. അമേരിക്ക അടക്കമുള്ള ചില രാഷ്ട്രങ്ങളും സാമ്രാജ്യത്വശക്തികളും പ്രതിപക്ഷത്തിന് ഇക്കാര്യത്തിൽ പിന്തുണ നൽകിവരികയാണ‌്.

അമേരിക്കയും മഡൂറോ സർക്കാരിന്റെ എതിരാളികളും രാജ്യത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള പല നടപടികളും സ്വീകരിച്ചു. കഴിഞ്ഞ ജനുവരിയിലാണ് പ്രതിപക്ഷ നേതാവ് യുവാൻ ഗൈഡോ സ്വയം രാജ്യത്തിന്റെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വന്നയുടൻ തന്നെ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഗൈഡോ സർക്കാരിനെ അംഗീകരിച്ചു.

അട്ടിമറിനീക്കം അമേരിക്കൻ സഹായത്തോടെ

യുവാൻ ഗൈഡോ പട്ടാള വിപ്ലവത്തിന് അഹ്വാനം നൽകിയെങ്കിലും ആ പദ്ധതി അപ്പാടെ പൊളിഞ്ഞുപോയി. ഗൈഡോ ആഹ്വാനംചെയ്ത സർക്കാർ വിരുദ്ധ പ്രക്ഷോഭവും ഉദ്ദേശിച്ച ഫലം കണ്ടില്ല. പ്രതിപക്ഷത്തിന്റെ സമരാഹ്വാനം പൊതുമേഖലാ ജീവനക്കാരും തള്ളി. അമേരിക്കയുടെയും മറ്റ‌് സാമ്രാജ്യത്വ ശക്തികളുടെയും സഹായത്തോടെ തന്നെയാണ് പ്രതിപക്ഷം സർക്കാർ വിരുദ്ധ പ്രക്ഷോഭം മുന്നോട്ടു കൊണ്ടുപോകുന്നത‌്.

തികച്ചും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനാണ് അമേരിക്കൻ സാമ്രാജ്യത്വവും മറ്റു ചില രാജ്യങ്ങളും ഇപ്പോൾ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഓരോ രാജ്യത്തെയും ആഭ്യന്തരപ്രശ്നങ്ങൾ സ്വന്തം താൽപ്പര്യത്തിനായി ഉപയോഗപ്പെടുത്തുകയും അത്തരം രാജ്യങ്ങളിൽ പാവ സർക്കാരുകളെ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളത് പ്രഖ്യാപിത നയമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും മറ്റുമൊക്കെ ചെയ്തത് വെനസ്വേലയിലും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഒരു പാവ സർക്കാരിനെ സൃഷ്ടിക്കാനുമുള്ള ഹീന നീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. 

തെക്കേ അമേരിക്കയിലെ വെനസ്വേല എന്നും അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു. മുൻ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിനെതിരെ ഡസൻകണക്കിന് അട്ടിമറിയാണ് അമേരിക്കൻ സാമ്രാജ്യത്വം നടത്തിയത്. കടുത്ത സാമ്പത്തിക ഉപരോധം നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നതുമാണ്. അതിനെയെല്ലാം അതിജീവിച്ചാണ‌് ഇടതുപക്ഷ നിലപാടിന്റെ അടിസ്ഥാനത്തിൽ വെനസ്വേല മുന്നോട്ടുപോയത്. അമേരിക്കൻ പിന്തുണയോടെ വെനസ്വേലയിലെ ഭരണം അട്ടിമറിക്കാനുള്ള പ്രതിപക്ഷ നേതാവ‌് യുവാൻ ഗൈഡോയുടെ ശ്രമത്തെ ചെറുത്തുതോൽപ്പിച്ചതായി പ്രസിഡന്റ് നിക്കോളാസ് മഡൂറോ പ്രസ്താവിച്ചു.

പ്രതിപക്ഷ നേതാവ് യുവാൻ ഗൈഡോയും അദ്ദേഹത്തിന്റെ ഉപദേശകനും അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ സർക്കാരിനെ സായുധമായി അട്ടിമറിക്കാൻ ശ്രമിച്ചെന്ന് മഡൂറോ ആരോപിച്ചു. ഈ അട്ടിമറിശ്രമത്തെ ബൊളീവിയൻ ആംഡ് ഫോഴ്സ് മണിക്കൂറുകൾക്കുള്ളിൽ തകർത്തെന്ന് പ്രസിഡന്റ് പറഞ്ഞു. യുഎസ് ദേശീയ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ ആസൂത്രണത്തിൽ നടന്ന ശ്രമത്തെയാണ് സൈന്യത്തിന്റെ പിന്തുണയോടെ മഡൂറോ സർക്കാർ ചെറുത്തുതോൽപ്പിച്ചത്. അട്ടിമറിശ്രമത്തിനെതിരായി രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം നടന്ന മെയ‌്ദിന റാലികളിൽ പങ്കെടുത്ത പതിനായിരങ്ങളും മഡൂറോ സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചു.

കാലം മാറിപ്പോയപ്പോൾ

തങ്ങൾക്ക് ഇഷ്ടമില്ലാത്ത ഭരണാധികാരികളെ ഹീനമായ മാർഗങ്ങളിൽക്കൂടി പുറത്താക്കാനും അവിടങ്ങളിൽ പാവ സർക്കാരുകളെ സൃഷ്ടിക്കാനുമാണ് എക്കാലവും അമേരിക്കാൻ സാമ്രാജ്യത്വം ശ്രമിച്ചിട്ടുള്ളത്. ഈ നിലയിൽ പല ഭൂഖണ്ഡങ്ങളിലും സർക്കാരുകളെ പുറത്താക്കുകയും പാവ ഗവൺമെന്റുകളെ അമേരിക്കയുടെ നേതൃത്വത്തിൽ അവരോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ന് സാർവദേശീയ സ്ഥിതിയിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞിരിക്കുകയാണ്. അമേരിക്കയുടെ കുഴലൂത്തിന് അനുസൃതമായി ആടാൻ ഭരണാധികാരികളെയും ജനങ്ങളെയും എളുപ്പം കിട്ടാത്ത സ്ഥിതിയാണ് ലോകത്ത് വളർന്നുവന്നിരിക്കുന്നത്. വെനസ്വേലയിലും ഇത്തരത്തിലുള്ള രാഷ്ട്രീയ സാഹചര്യമാണ്. സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് നിലകൊള്ളാൻ മഡൂറോ ഭരണകൂടവും രാജ്യത്തെ ജനങ്ങളും തയ്യാറല്ലെന്ന് അവർ സധൈര്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തെ ജനാധിപത്യം നിലനിന്നു കാണാനാഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലെ ജനകോടികൾ വെനസ്വേലൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.


പ്രധാന വാർത്തകൾ
 Top