08 June Thursday

തീജ്വാലയായ വൈക്കം - കെ എൻ ഗണേശ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

ആധുനിക കേരളചരിത്രത്തിലെ വഴിത്തിരിവുകളിൽ ഒന്നായ വൈക്കം സത്യഗ്രഹം ആരംഭിച്ചിട്ട് 100 വർഷം തികയുകയാണ്. വൈക്കം ക്ഷേത്രത്തിന്റെ അടുത്തുള്ള തെരുവുകളിലൂടെ നടക്കുന്നതിനുള്ള സ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങൾക്കും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സമരം ഏതാണ്ട് ഒരു വർഷം നീണ്ടുനിന്നെങ്കിലും അപ്പോൾത്തന്നെ ഈ അവകാശം നേടിയെടുക്കാൻ കഴിഞ്ഞില്ല. എങ്കിലും സഞ്ചാരസ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശനത്തിനുമുള്ള സമരങ്ങളുടെ വേലിയേറ്റംതന്നെ സൃഷ്ടിക്കാൻ സത്യഗ്രഹത്തിന് കഴിഞ്ഞു.

ജാതിവിരുദ്ധ നവോത്ഥാന പ്രസ്ഥാനത്തിലെ ഒരു പൊതുപ്രവണതയ്‌ക്കും ഈ സമരം വേദിയായി. നിരവധി പ്രത്യേക ജാതിസമൂഹങ്ങളിൽ നിലനിന്ന അനാചാരങ്ങൾക്കും വിലക്കുകൾക്കും വിവേചനമുറകൾക്കും എതിരായി വളർന്നുവന്ന ചെറുത്തുനിൽപ്പുകളെ പൊതുവായ ബഹുജനപ്രക്ഷോഭമായി മാറ്റിയത് വൈക്കം സത്യഗ്രഹമായിരുന്നു. അയിത്തം, സഞ്ചാരവിലക്കുകൾ, പൊതുഭക്ഷണത്തിനും പൊതുവായ കൂടിച്ചേരലിനും മിശ്രവിവാഹത്തിനുമുള്ള വിലക്കുകൾ, സ്കൂളുകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, തൊഴിൽ സ്ഥാപനങ്ങൾ, മറ്റു പൊതുസ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള വിലക്കുകൾ തുടങ്ങി ജാതിസമൂഹങ്ങളിൽ നിലനിന്ന നിരവധി വിലക്കുകൾക്ക് എതിരായ സമരം ഇവയ്ക്ക് ഇരകളായ ജനങ്ങൾ ഒന്നിച്ചുനടത്തേണ്ടതാണെന്നും അതിനാവശ്യമായ സമരൈക്യം വ്യത്യസ്ത സമുദായങ്ങളിലും അവരുടെ സംഘടനകളിലും വളർന്നുവരേണ്ടതാണെന്നുള്ള ബോധം രൂപംകൊണ്ട കാലമായിരുന്നു ഇത്. കൂടാതെ മലബാറിലെ കുടിയാൻമാരുടെ സമരവും തിരുവിതാംകൂറിലെ പൗരാവകാശസമരങ്ങളുംപോലെ എല്ലാ സമുദായത്തെ ഒരുപോലെ ബാധിക്കുന്ന ജീവിതവൃത്തിക്കും പൗരാവകാശങ്ങൾക്കുംവേണ്ടിയുള്ള സമരങ്ങളും ഇക്കാലത്ത് വളർന്നുവന്നു. ഇവയിൽ വ്യത്യസ്തസമുദായങ്ങൾ ഒന്നിച്ചുനിൽക്കാൻ തയ്യാറായി.

ഈ സാഹചര്യങ്ങളിലാണ് കോൺഗ്രസ്‌ നിത്യജീവിതപ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ തയ്യാറാകുന്നത്. ൧൯൨൨ൽ നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കപ്പെട്ടു. എങ്കിലും ഭരണാധികാരികൾക്ക് എതിരായ ജനരോഷം ശക്തമായി നിലനിന്നുവെന്ന് വ്യക്തമായിരുന്നു. അപ്പോഴാണ്‌ ഈ ജനരോഷത്തെ അഹിംസയുടെ അടിസ്ഥാനത്തിലുള്ള പുതിയ മാർഗങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വഴികൾ മഹാത്മാ ഗാന്ധിയും കോൺഗ്രസ്‌ നേതൃത്വവും ആലോചിക്കുന്നത്. വിദേശ വസ്ത്രബഹിഷ്കരണത്തിനു പകരം ഖാദി, നികുതി ബഹിഷ്കരണത്തിനു പകരം മദ്യഷോപ് പിക്കറ്റിങ്‌, അയിത്തത്തിനും അനാചാരങ്ങൾക്കും എതിരായ പോരാട്ടം, ദേശീയ പ്രചാരണത്തോടൊപ്പം ഹിന്ദിബോധനം തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസിന്റെ മുഖ്യ പ്രമേയമാകുന്നത്‌ ഇക്കാലത്താണ്. ഇതിന്റെ ഭാഗമായാണ് ആന്ധ്രയിലെ കാക്കിനാഡയിൽ നടന്ന എഐസിസി സമ്മേളനത്തിൽ തിരുവിതാംകൂറിൽനിന്ന് പങ്കെടുത്ത ടി കെ മാധവൻ കോൺഗ്രസിന്റെ മുഖ്യ അജൻഡ എന്നനിലയിൽ അയിത്തോച്ചാടനപ്രമേയം അവതരിപ്പിക്കുകയും അത് അംഗീകരിക്കുകയും ചെയ്യുന്നത്.  ഈ പ്രവർത്തനങ്ങൾ കേരളത്തിൽ സംഘടിപ്പിക്കാനായി മാധവനും കെ പി കേശവമേനോനും കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടും ഉൾപ്പെട്ട സമിതിയെ നിയോഗിക്കുകയും ചെയ്തു.

വൈക്കത്തിന്റെ കേന്ദ്രഭാഗത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രവഴികൾ തുറന്നുകൊടുക്കൽ അവിടത്തുകാരുടെ നിത്യജീവിതവൃത്തിക്കുതന്നെ ആവശ്യമായിരുന്നു. അതുസംബന്ധിച്ച് ക്ഷേത്രം ഊരായ്മയും ഭരണസമിതിയും സ്വീകരിച്ച നിഷേധാത്മകമായ നിലപാട് അവിടെ അസ്വാരസ്യങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു വൈക്കം എന്നതുകൊണ്ട് അവിടെ നടക്കുന്ന സംഭവങ്ങൾ പൊതുജനശ്രദ്ധ ആകർഷിക്കുകയും ചെയ്യുമായിരുന്നു. തിരുവിതാംകൂറിലെ എല്ലാ വിഭാഗങ്ങളെയും മാത്രമല്ല, മറ്റു പ്രദേശങ്ങളിൽനിന്ന്‌ ജനങ്ങളെ സംഘടിപ്പിക്കാൻ താരതമ്യേന എളുപ്പമുള്ള പ്രദേശമായിരുന്നു വൈക്കം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ട് എല്ലാ ജനവിഭാഗങ്ങളെയും സംഘടിപ്പിക്കാൻ കെപിസിസി മുൻ കൈയെടുത്തത്‌ സത്യഗ്രഹത്തിന്റെ വിജയത്തിന് കാരണമായി. വിവിധ സമുദായങ്ങളിൽപ്പെട്ട സന്നദ്ധഭടന്മാർ ഒന്നുചേർന്ന നിയമലംഘനം നടത്തി അറസ്റ്റുവരിക്കുകയെന്ന തന്ത്രം ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു. ഇതിന്റെ ഫലമായി നാനാസമൂഹവിഭാഗങ്ങളിൽപ്പെട്ടവർ കേരളത്തിന്‌ പുറത്തുനിന്നും സത്യഗ്രഹത്തിൽ പങ്കെടുത്തു,

അവർണസമുദായങ്ങളും സവർണരും കൂടാതെ മറ്റു മതങ്ങളിൽപ്പെട്ടവർ, പഞ്ചാബിൽനിന്നുള്ള അകാലികൾ, ഇ വി രാമസ്വാമി നായ്ക്കരെപ്പോലുള്ള സാമൂഹ്യ വിപ്ലവകാരികൾ തുടങ്ങിയവർ സത്യഗ്രഹത്തിന് ഒപ്പംചേർന്നു. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള സവർണ ജാഥയും എം ഇ നായിഡുവിന്റെ നേതൃത്വത്തിലുള്ള ജാഥയും ചേർന്നതോടെ സത്യഗ്രഹം ബഹുജനപ്രക്ഷോഭമായി മാറുകയായിരുന്നു.
ശ്രീനാരായണ ഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ, ചട്ടമ്പിസ്വാമികൾ, ശിവയോഗി, വാഗ്ഭടാനന്ദൻ, സഹോദരപ്രസ്ഥാനം, എസ്എൻഡിപി, സാധുജനപരിപാലനസഭ മുതലായവരുടെ സംഭാവനകൾ ഈ പ്രക്ഷോഭത്തിന്റെ അടിസ്ഥാനശിലകളായി മാറിയെന്നതിൽ സംശയമില്ല.  മുമ്പ് നടന്ന ഓരോ പ്രക്ഷോഭവും ജാതിസമൂഹത്തിന്റെ ആന്തരികവൈരുധ്യങ്ങളും പ്രശ്നങ്ങളും ഉയർത്തിക്കൊണ്ടുവരുന്നതിൽ വിജയിച്ചപ്പോൾ, ഇവയുടെ ഫലമായി ഉയർന്നുവന്ന ജാതിവിരുദ്ധ പൊതുബോധത്തെ ഫലപ്രദമായി പ്രയോജനപ്പെടുത്തി ഒരു പൊതുപ്രക്ഷോഭം വളർത്തിയെടുക്കുകയാണ് വൈക്കം സത്യഗ്രഹത്തിൽ ചെയ്തത്.


 

കേരളസമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിൽ ഈ പൊതുപ്രക്ഷോഭം വഹിച്ച പങ്ക് നിസ്തുലമാണ്. പിന്നീട് നടന്ന തിരുവാർപ്പ് സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം, വിവിധ ഇനം ക്ഷേത്രപ്രവേശനസമരങ്ങൾ തുടങ്ങിയവയെല്ലാം  ഇവയുമായി ബന്ധപ്പെട്ട സംഘടനകളുടെ നേതൃത്വത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങളായി മാറിയത് കേരളത്തിന്റെ ജനാധിപത്യവൽക്കരണത്തിൽ വഹിച്ച് പങ്കും രേഖപ്പെടുത്തേണ്ടതാണ്.
വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കുന്നതിന്‌ കോൺഗ്രസ്‌ അടക്കം പല സംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്. ഗാന്ധിയൻ ചിന്തകൾ പരീക്ഷിക്കപ്പെട്ട ഇടമായി ചില കോൺഗ്രസ്‌ നേതാക്കൾ ചിത്രീകരിക്കുന്നുണ്ട്. ഗാന്ധിയൻ സത്യഗ്രഹരീതി പരീക്ഷിച്ചു വിജയിച്ച ഇടമായി വൈക്കത്തെ കണക്കാക്കാമെങ്കിലും അതിനാധാരമായ പ്രശ്നങ്ങൾ പ്രക്ഷോഭരീതിയിൽ നേരത്തേ തന്നെ രൂപപ്പെട്ടതാണ്. അയ്യൻകാളിയുടെ വില്ലുവണ്ടി സമരം സഞ്ചാര സ്വതന്ത്ര്യത്തിനുള്ള ആദ്യത്തെ പ്രക്ഷോഭമായിരുന്നു. കോഴിക്കോട്ടെ തളിക്ഷേത്രത്തിനു മുമ്പിലുള്ള തെരുവിലൂടെ മിതവാദി സി കൃഷ്ണനും മഞ്ചേരി രാമയ്യരുംകൂടി നടന്നത് ഉദാഹരണമാണ്. ഇതേ രീതിയാണ് വൈക്കത്തും നടത്തിയത്. അതിനെ ഒരു ഹൈന്ദവ മുന്നേറ്റമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. നവോത്ഥാനമെന്ന് നാം വിളിക്കുന്ന ജാതി, ജന്മി, നാടുവാഴിത്തവിരുദ്ധ മുന്നേറ്റങ്ങളുടെ തുടർച്ചയാണ് വൈക്കം സത്യഗ്രഹത്തെ കാണേണ്ടത്. മഞ്ചേരി സമ്മേളനം മുതലുള്ള ഒരു ദശകക്കാലത്ത് കേരളത്തിലെ കോൺഗ്രസുകാരും ഈ പ്രക്ഷോഭത്തിൽ  പങ്കാളികളാകാൻ സന്നദ്ധരായിരുന്നു എന്നോർക്കണം. ചില ഹിന്ദു സംഘടനകൾ അന്ന് പ്രവർത്തിച്ചിരുന്നെങ്കിലും അവർ ആരുംതന്നെ സത്യഗ്രഹത്തിലോ പിന്നീട് നടന്ന സമരങ്ങളിലോ ഉണ്ടായിരുന്നില്ല. ഗുരുവായൂർ പോലുള്ള പല സ്ഥലത്തും അവർ പ്രക്ഷോഭങ്ങളെ തുറന്നെതിർക്കുകയാണ് ചെയ്തത്. തിരുവിതാംകൂറിലെ അവർണ മുന്നേറ്റങ്ങളിലും സമാനമായ നിലപാടാണ് സവർണ ഹിന്ദുക്കൾ സ്വീകരിച്ചത്. അവിടെ നടന്ന നാടുവാഴിത്തവിരുദ്ധ പ്രക്ഷോഭത്തെ തകർക്കാൻ സർ സിപി  ഹിന്ദുസംഘടനകളെയെല്ലാം സംഘടിപ്പിക്കാൻ ശ്രമിച്ചെന്നും ഓർക്കേണ്ടതാണ്. വൈക്കം സത്യഗ്രഹത്തിൽ വളർന്നുവന്ന മതനിരപേക്ഷമായ അന്തരീക്ഷത്തിൽനിന്ന് നേർവിപരീതമായിരുന്നു അത്.

ജാതിമതനിരപേക്ഷമായ ജനാധിപത്യബോധം ജാതിജന്മി സമൂഹം സൃഷ്ടിച്ച വിലക്കുകൾക്കും അനാചാരങ്ങൾക്കും എതിരായ പോരാട്ടങ്ങളുടെ കാതലാണ്. വൈക്കം സത്യഗ്രഹം തുടങ്ങിവച്ച ജനകീയ പ്രക്ഷോഭങ്ങളിൽ ഉണ്ടായ വൻ ജനപങ്കാളിത്തം ഈ ബോധത്തെ ജനങ്ങൾ ഉൾക്കൊണ്ടു എന്നുതന്നെയാണ് കാണിക്കുന്നത്. ഇപ്പോൾ സത്യഗ്രഹത്തിന്റെ ശതാബ്ദി ആചരിക്കുമ്പോൾ ഈ ബോധം ഉൾക്കൊള്ളാൻ നാം തയ്യാറുണ്ടോ എന്നതാണ് ചോദ്യം. വൈക്കം സത്യഗ്രഹം കോൺഗ്രസ്‌ ആരംഭിച്ചതാണെങ്കിലും ജനങ്ങൾ ഏറ്റെടുത്ത പ്രക്ഷോഭമാണ്. വൈക്കം ക്ഷേത്രപരിസരത്താണ് നടന്നതെങ്കിലും ജാതിമതഭേദമന്യേയുള്ള പങ്കാളിത്തം ഉണ്ടായിരുന്നു. ജാതീയമായ വിലക്കുകളെയും വിവേചനത്തെയും സ്വതന്ത്ര്യനിഷേധത്തെയും നിർമൂലനം ചെയ്യാനുള്ള ജനാധിപത്യപോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. ഇത് ഇന്നത്തെ സാഹചര്യത്തിൽ ഏറ്റെടുക്കാൻ  തയ്യാറുള്ളവർക്കാണ് വൈക്കം സത്യഗ്രഹത്തിന്റെ യഥാർഥ പിന്തുടർച്ചക്കാരാകാൻ  കഴിയുക. അത് ഏതെങ്കിലും കക്ഷിയുടെമാത്രം ചാപ്പ കുത്തേണ്ട ഒന്നല്ല. അത് ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ സ്വത്വരാഷ്ട്രീയത്തിന്റെ സൃഷ്ടിയല്ലെന്നും ജനാധിപത്യപരമായ പൊതുബോധത്തിന്റെ വളർച്ചയുടെ സൂചകമാണെന്നുമുള്ള തിരിച്ചറിവും പ്രധാനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top