21 June Monday

വാക്സിൻ നയത്തിലെ കൊടുംചതി - ജോർജ് ജോസഫ് എഴുതുന്നു

ജോർജ് ജോസഫ്Updated: Thursday May 13, 2021

കുത്തനെ ഉയരുന്ന റവന്യു ചെലവുകൾ പൂർണമായും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തം മാത്രമായി കരുതി, കേന്ദ്ര സർക്കാർ കൈയൊഴിയുന്ന പ്രവണത ശക്തമായി വരികയാണ്. ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലും എല്ലാ ക്ഷേമപ്രവർത്തനവും സംസ്ഥാനം വഹിക്കണമെന്ന നിലപാടിലാണ് കേന്ദ്രം. ഏറ്റവുമൊടുവിൽ കോവിഡ് വാക്സിൻ നയത്തിന്റെ കാര്യത്തിലും സ്വകാര്യ മരുന്നുനിർമാതാക്കൾക്കും ആശുപത്രികൾക്കും നേട്ടമുണ്ടാക്കുന്ന വിധത്തിൽ വാക്സിന്റെ വില നിശ്ചയിച്ച്, വേണമെങ്കിൽ കമ്പനികളിൽനിന്ന് വാങ്ങാമെന്ന നിലപാടെടുത്ത് കൈയൊഴിയുകയാണ് കേന്ദ്രം ചെയ്തത്. ക്ഷാമം രൂക്ഷമായതോടെ സ്വകാര്യ കമ്പനികളുടെ താൽപ്പര്യങ്ങൾക്കായി വാക്സിൻ വിപണി തുറന്നുനൽകുകയാണ് കേന്ദ്രം. മാർക്കറ്റ് വിലയ്ക്ക് വാക്സിൻ വാങ്ങി സൗജന്യ വാക്സിൻ എന്ന ചുമതല നിർവഹിക്കണമെന്ന് വരുന്നതോടെ സംസ്ഥാനങ്ങൾ പാപ്പരാകും. കേന്ദ്രത്തിനു നൽകുന്ന അതേ നിരക്കിൽ വാക്സിൻ സംസ്ഥാനങ്ങൾക്കും നൽകണമെന്ന് നിർദേശിക്കാൻ പോലും തയ്യാറാകാതെ മരുന്നുകമ്പനികളുടെ കൊള്ളയ്ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയാണ് കേന്ദ്ര സർക്കാർ.

വാക്സിനേഷനു വേണ്ടി 35,000 കോടി രൂപ വകയിരുത്തിയിരിക്കുന്നുവെന്ന പ്രഖ്യാപനം ബജറ്റിന്റെ ഹൈലൈറ്റായിരുന്നു. എന്നാൽ, യഥാർഥത്തിൽ ഇതിനായി കേന്ദ്രം നയാപൈസ ചെലവഴിക്കുന്നില്ല . ഈ തുക പിന്നീട് സംസ്ഥാനങ്ങൾക്കുള്ള ഗ്രാന്റിൽ വകയിരുത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വാക്സിനേഷനു വേണ്ടി കേന്ദ്രം ഇപ്പോൾ ചെലവഴിക്കുന്ന തുകയുടെ ബാധ്യതയും വന്നുചേരുന്നത് സംസ്ഥാനങ്ങളുടെ തലയിലാണ്. വാക്സിനേഷനു പണം ചെലവാക്കുന്നത് ഒറ്റത്തവണത്തേക്കാണ്. കേന്ദ്ര സർക്കാരിന്റെ കണ്ടിജൻസി ഫണ്ടിൽനിന്നോ, പി എം കെയേഴ്‌സ് ഫണ്ടിൽനിന്നോ ചെലവഴിക്കണമെന്ന ആവശ്യത്തോട് കുറ്റകരമായ നിസ്സംഗത പുലർത്തുകയാണ്. പകർച്ചവ്യാധികൾ തടയുക കൺകറന്റ്‌ ലിസ്റ്റിൽ ഉൾപ്പെടുന്നതാണ്. ഇതിനായി വരുന്ന ചെലവുകൾ സാമ്പത്തികത്തകർച്ച നേരിടുന്ന സംസ്ഥാനങ്ങളുടെ തലയിലിടുന്നത് നീതീകരിക്കാവുന്നതല്ല.

ആരോഗ്യമേഖലയുടെ മൊത്തം വിഹിതം 2,23,846 കോടി രൂപയായി ഉയർത്തിയതായി ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറയുന്നുണ്ട്. മുൻവർഷത്തേക്കാൾ 137 ശതമാനം വർധന വരുത്തിയെന്നാണ് വാദിച്ചുറപ്പിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ശുദ്ധജല വിതരണം, പോഷകാഹാര പദ്ധതികൾ, സ്വച്ച് ഭാരത്, സ്വസ്ത് ഭാരത്, ശുദ്ധവായു ലഭ്യത, കോവിഡ് വാക്‌സിൻ എന്നുതുടങ്ങി പഴയ വാഹനങ്ങൾ പൊളിക്കുന്നതടക്കമുള്ള നിരവധി കാര്യത്തിനായി നീക്കിവയ്ക്കുന്ന തുകകൾ ചേർത്തുവച്ചാണ് 2,23,846 കോടി രൂപയെന്ന വലിയ സംഖ്യ കാണിച്ചിരിക്കുന്നത് . അനുബന്ധ കണക്കുകൾ പരിശോധിക്കുമ്പോൾ മഹാമാരിയുടെ ഘട്ടത്തിലും കേന്ദ്ര സർക്കാർ ജനങ്ങളുടെ ജീവൻ വച്ചുകളിക്കുന്ന അനാസ്ഥയുടെ നേർചിത്രം വ്യക്തമായി കാണാം. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിനു മാത്രമായി നീക്കിവച്ചരിക്കുന്നത് 71,269 കോടി യാണ്. ഇതോടൊപ്പം ഈ മേഖലയിലെ ഗവേഷണത്തിന് 2663 കോടി യും ആയുഷ് വകുപ്പിന് 2970 കോടിയും വകയിരുത്തിയിരിക്കുന്നു. ഇതെല്ലാം ചേർക്കുമ്പോൾ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കും അടിസ്ഥാനസൗകര്യ വികസനത്തിനും മാത്രമായി വരുന്നത് 76,902 കോടി യാണ്. എന്നാൽ, 2020–- -21 ബജറ്റിന്റെ പുതുക്കിയ കണക്കുകൾ പ്രകാരം യഥാർഥത്തിൽ ചെലവഴിച്ചിരിക്കുന്നത് 69,234 കോടി യാണ്. അതായത് ഏറ്റവും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കേവലം 7668 കോടി യുടെ വർധന മാത്രമാണ് ആരോഗ്യമേഖലക്കുവേണ്ടി കണക്കാക്കുന്നത്.

2020–--21ലെ ജിഡിപിയുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ ആരോഗ്യമേഖലയിൽ ചെലവഴിക്കാൻ ഉദ്ദേശിക്കുന്ന തുക മൊത്തം ജിഡിപിയുടെ 0.38 ശതമാനമാണ്. 2017ലെ ദേശീയ ആരോഗ്യനയത്തിൽ പ്രഖ്യാപിക്കപ്പെട്ടതുപോലെ ഇത് ജിഡിപിയുടെ 2.5 ശതമാനമെന്ന നിലയിലേക്ക് ഉയരണമെങ്കിൽ 2025 ഓടെ ആരോഗ്യമേഖലയിലെ ചെലവ് 48,75,000 കോടിയായി വർധിപ്പിക്കണം. നയമനുസരിച്ച് ഇതിന്റെ 42 ശതമാനം പങ്ക് കേന്ദ്രം വഹിക്കേണ്ടതുണ്ട്. 15–-ാം ധന കമീഷന്റെ നിർദേശങ്ങൾ അനുസരിച്ച് 2021–- -22 സാമ്പത്തിക വർഷത്തിൽ കേന്ദ്രം, ജിഡിപിയുടെ 0.68 ശതമാനം ചെലവഴിക്കണം. അതായത് പുതിയബജറ്റിൽ കേന്ദ്രം നീക്കിവയ്ക്കേണ്ടിയിരുന്ന തുക 1,44,000 കോടിയാണ്. 67,098 കോടിയുടെ കുറവ് . ഈ അടിയന്തരഘട്ടത്തിൽ പോലും കുറ്റകരമായ അനാസ്ഥയാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

2017ലെ ആരോഗ്യനയത്തിൽ ആരോഗ്യമേഖലയ്‌ക്കായുള്ള വിഹിതം മൊത്തം ജിഡിപിയുടെ 2.5 ശതമാനമായി ഉയർത്തുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ട്. 2025 ഓടെ ആരോഗ്യമേഖലയിലെ ചെലവഴിക്കൽ നിലവിലുള്ളതിൽനിന്ന് 50 ശതമാനം കണ്ട് ഉയർത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള മൊത്തം ചെലവിന്റെ 42 ശതമാനം കേന്ദ്രവും 58 ശതമാനം സംസ്ഥാനങ്ങളും വഹിക്കുമെന്നുമാണ് ധാരണ. സംസ്ഥാനങ്ങളും കേന്ദ്രവും ചേർന്ന് ആരോഗ്യമേഖലയിൽ മൊത്തം ചെലവഴിക്കുന്നത് 1,95,000 കോടിയാണ്. ഇതിൽ 38 ശതമാനമാണ് കേന്ദ്രം വഹിക്കുന്നത്. കൂടുതലായി ചെലവഴിക്കാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുമെന്ന് കരുതാനാകില്ല. ഇതിനുള്ള കാരണങ്ങൾ പലതാണ്. ഒന്ന്, സംസ്ഥാനങ്ങൾ വൻതോതിൽ വായ്പ എടുത്താണ് പണം കണ്ടെത്തുന്നത്. ഇന്ത്യയിൽ മൊത്തം സർക്കാർ ചെലവുകളുടെ 60 ശതമാനം വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. ആരോഗ്യമേഖലയുടെ കാര്യത്തിലാകട്ടെ ഇത് 62.-64 ശതമാനമാണ്.

ദീർഘവീക്ഷണമെന്നത് മരുന്നിനു പോലുമില്ലാത്ത കേന്ദ്രസർക്കാരിന്റെ അനാസ്ഥ കോവിഡിന്റെ രണ്ടാം തരംഗം ഇത്രമേൽ രൂക്ഷമാകുന്നതിന് വഴിയൊരുക്കിയതായി കാണാം. കഴിഞ്ഞ സെപ്തംബറിൽ ഒരു ലക്ഷത്തിനു മുകളിലെത്തിയ പ്രതിദിന കേസുകളുടെ എണ്ണം പിന്നീട് ക്രമമായി കുറഞ്ഞു, ഫെബ്രുവരി അവസാനത്തോടെ ഇത് 20,000ത്തിൽ താഴെയെത്തി. എന്നാൽ, അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, സ്‌പെയിൻ തുടങ്ങി മിക്കവാറും രാജ്യങ്ങളിൽ ശക്തമായ രണ്ടാം തരംഗം ഉണ്ടായതിനെ കേന്ദ്ര സർക്കാർ കാര്യമായി കണക്കിലെടുത്തില്ല. ഇന്ത്യയിൽ എല്ലാം അവസാനിച്ചു, എല്ലാം സുരക്ഷിതമാണ് എന്ന തരത്തിൽ നിസ്സംഗമായാണ് സർക്കാർ പ്രവർത്തിച്ചത്. ഡൽഹിയിലും ഗുജറാത്തിലും യുപിയിലും കനത്ത വില ഇതിനു നൽകേണ്ടിവന്നു. ആ സമയത്ത് പുതിയ പാർലമെന്റ് നിർമാണം, രാമക്ഷേത്ര നിർമാണം, ബംഗാൾ എങ്ങനെയും പിടിച്ചെടുക്കൽ തുടങ്ങിയ കലാപരിപാടികളുമായി നീങ്ങിയ ബിജെപി സർക്കാരിന്‌ ലക്ഷങ്ങൾ ചത്തുവീണാലും ഒരു കുലുക്കവും ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top