16 February Saturday

തട്ടിനിരത്തരുത്, യുജിസിയെ

ഡോ. കെ കെ അബ്ദുല്ലUpdated: Tuesday Jul 31, 2018


'കാലാൽ തട്ടിനിരത്തട്ടെ
കാലം, ജീർണിച്ചതൊക്കെയും'

മാറ്റത്തിനുവേണ്ടി കൊതിക്കുന്ന ഏതൊരു സമൂഹത്തിനും സംസ്കാരത്തിനും വിദ്യാഭ്യാസ സമ്പ്രദായത്തിനും ആവേശംതരുന്ന വരികളാണ് മഹാകവി ജി ശങ്കരക്കുറുപ്പിന്റേത്. പക്ഷേ മാറ്റം ജീർണതയിൽനിന്ന് മുക്തി നേടുന്നതാകണം, പാകപ്പിഴകളെ പഴുതടയ‌്ക്കുന്നതാകണം, വെല്ലുവിളികളെ നേരിടുകയും മുമ്പോട്ടുള്ള പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതുമാകണം.
ഉന്നത വിദ്യാഭ്യാസരംഗത്തെ സമഗ്രമാറ്റത്തിന്റെഭാഗമായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷനു(യുജിസി)പകരം ഉന്നതവിദ്യാഭ്യാസ കമീഷൻ (എച്ച്ഇസിഐ) രൂപവൽക്കരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനുള്ള ഹയർ എഡ്യുക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ നിയമം 2018 ന്റെ (യുജിസി നിയമം റദ്ദാക്കൽ) കരട് പുറത്തിറങ്ങി. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് മൊത്തമായി ഒരേ മാനദണ്ഡങ്ങൾ നിർവചിക്കുകവഴി സ്ഥാപനങ്ങളെ നിരീക്ഷിക്കാനും നിലനിർത്താനും എളുപ്പമാകുമെന്ന് ഈ ബില്ലിന്റെ ഉപജ്ഞാതാക്കൾ കണക്കുകൂട്ടുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്വയംഭരണം പ്രോത്സാഹിപ്പിക്കുമെന്നും നിലവാരം ഉയർത്തുമെന്നും ഗുണമേന്മ വർധിപ്പിക്കുമെന്നും കരടിന്റെ ആമുഖത്തിലുണ്ട്. അക്കാദമികരംഗത്ത് ഭരണത്തിന്റെ ഇടപെടൽ ഇല്ലാതാക്കുമെന്നും മത്സരാധിഷ്ഠിതലോകത്ത് സമഗ്ര വളർച്ച  ഉറപ്പുവരുത്തുമെന്നും പ്രസ്താവിക്കുന്ന കമീഷനെ സംബന്ധിച്ച ചില പ്രസക്തമായ കാര്യങ്ങൾ ഇവയാണ്:

• ഒരു ചെയർപേഴ്സൺ, ഒരു വൈസ്ചെയർപേഴ്സൺ, 12 അംഗങ്ങൾ കൂടിയതാണ് കമീഷൻ. 12 അംഗങ്ങളിൽ ഒരാൾ മെമ്പർ സെക്രട്ടറിയും. മെമ്പർ സെക്രട്ടറി ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്ന പാനലിലെ അംഗംകൂടിയാണ്!
• മാനവ വിഭവശേഷിവകുപ്പ് മന്ത്രി അധ്യക്ഷനായ ഉന്നതാധികാര ഉപദേശകസമിതി, കമീഷന്റെ ഉപരിതലത്തിൽ.
• ഹയർ എഡ്യുക്കേഷൻ  കമീഷന് അക്കാദമികമായ നടപടികൾ എടുക്കാം. എന്നാൽ, ധനസഹായം നൽകുന്നത് പൂർണമായും മന്ത്രാലയമായിരിക്കും.
• രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനം, പരീക്ഷ, മൂല്യനിർണയം, അധ്യാപനം, ഗവേഷണം എന്നിവയുടെ ഉൽപ്പന്നഫലങ്ങളുടെ നിലവാരം എന്തായിരിക്കണമെന്നതിന് രാജ്യവ്യാപകമായ ഏക മാനദണ്ഡം കമീഷൻ നിശ്ചയിക്കും. ഗ്രാന്റുകൾ അനുവദിക്കുന്നത് ഉൽപ്പന്നഫലത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
• കമീഷൻ നിർദേശങ്ങളെ ലംഘിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പിഴചുമത്താനും ഡിഗ്രി/ഡിപ്ലോമ കൊടുക്കാനുള്ള അംഗീകാരം റദ്ദാക്കാനും കമീഷന് അധികാരമുണ്ടാകും. പിഴ ഒടുക്കുന്നില്ലെങ്കിൽ 3 വർഷംവരെ തടവ് കിട്ടാവുന്ന പ്രോസിക്യൂഷൻ നടപടികൾക്ക് സ്ഥാപനമേധാവികൾ വിധേയരാകേണ്ടിവരും.
• ദേശീയനയവുമായി ബന്ധപ്പെട്ട് സർക്കാർ കാലാകാലങ്ങളിൽ നൽകുന്ന നിർദേശങ്ങൾ കമീഷൻ സ്വീകരിക്കേണ്ടതാണ്. സ്വീകരിക്കാതെവന്നാൽ സർക്കാർ നിർദേശങ്ങളാകും നിലനിൽക്കുക.

പ്രസക്തമാകുന്ന ചിലചോദ്യങ്ങൾ:

• 1956ലെ പാർലമെന്റ് ആക്ടിലൂടെ നിലവിൽവന്ന, ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസമേഖലയുടെ കേന്ദ്രബിന്ദുവാണ് യുജിസി. ഇതിനെ ഉടച്ചുവാർത്തുകൊണ്ടുള്ള ഒരു പരിഷ്കാരത്തിനൊരുങ്ങുമ്പോൾ, ഇന്ത്യയിലെ അക്കാദമികസമൂഹത്തിന് ചർച്ചചെയ്യാൻ കേവലം ദിവസങ്ങൾമാത്രം. മാസങ്ങൾമാത്രം കാലാവധിയുള്ള ഒരു സർക്കാർ രാജ്യത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗതിവിഗതികൾ മാറ്റിത്തീർക്കാവുന്ന ഏറെ പ്രാധാന്യമുള്ള ഒരു നിയമനിർമാണത്തിനൊരുങ്ങുമ്പോൾ അധ്യാപകരോടും വിദ്യാർഥികളോടും പൊതുസമൂഹത്തോടും നീതികാട്ടാതെ, വളരെ ധൃതിപ്പെട്ട് തീരുമാനം എടുക്കുന്നതിന്റെ യുക്തി എന്താണ്?

• കമീഷന്റെ ഘടനതന്നെ നോക്കുക. 14 പേരടങ്ങുന്ന കമീഷനിൽ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്നുള്ളവർ കേവലം 4 പേരും ബാക്കിയുള്ളവർ സർക്കാർ നിർദേശിക്കുന്നവരുമായിരിക്കും. യുജിസിയുടെ നിർദേശങ്ങളിൽനിന്ന് വ്യത്യസ്തമായി, അംഗങ്ങളെ നീക്കംചെയ്യാനുമുള്ള അധികാരം സർക്കാർ കൈയാളുന്നുണ്ട്. ഇത്,  ഉന്നതവിദ്യാഭ്യാസരംഗത്തെ സമുന്നതമായ കമീഷനെ സർക്കാർ വിലാസം വകുപ്പാക്കിമാറ്റാനുള്ള ആസൂത്രിതശ്രമമല്ലേ ? 

• യുജിസി, ഐഐസിടിഇ, എൻസിടിഇ തുടങ്ങിയ ഏജൻസികൾക്ക് പകരമായി ഹയർ എഡ്യുക്കേഷൻ ഇവാല്യുവേഷൻ ആൻഡ‌് റഗുലേഷൻ അതോറിറ്റി (ഹീര) രൂപവൽക്കരിക്കാൻ മുൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. ഇന്നത്തെ ഗവൺമെന്റ്, ഈ തീരുമാനം പിൻവലിച്ചത് ഇന്ത്യൻ ഫെഡറൽ സംവിധാനത്തെ അത് തുരങ്കംവയ‌്ക്കും എന്നാരോപിച്ചാണ്. സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കൊടുക്കാതെ, കേന്ദ്ര ഗവൺമെന്റിൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്ന  ഏകീകൃതമാക്കുന്ന ഈ പരിഷ്കാരം ഫെഡറൽ സംവിധാനത്തെ പ്രോത്സാഹിപ്പിക്കുന്നതെങ്ങനെയാണ്?

• ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ ഓരോ പൗരനും ലഭ്യമാക്കണമെന്ന് ഉദ്ദേശിച്ച് ഡോ. എസ് രാധാകൃഷ്ണൻ കമീഷന്റെ ഉപദേശത്തിലാണ് യുജിസി നിലവിൽവന്നത്. അധ്യാപനത്തിന്റെയും പരീക്ഷാമൂല്യനിർണയം എന്നിവയുടെയും ഗവേഷണത്തിന്റെയും മിനിമം നിലവാരം നിശ്ചയിക്കുകയും ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും വികസനത്തിനുവേണ്ടി ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നത് യുജിസിയാണ്. എന്നാൽ, പുതുതായി വരുന്ന ഹയർ എഡ്യുക്കേഷൻ കമീഷന് ഈ അവകാശം നിഷേധിക്കുന്നുവെന്നുള്ളതാണ് രണ്ട് കമീഷനുകൾതമ്മിലുള്ള പ്രകടമായ വ്യത്യാസം. ഹയർ എഡ്യുക്കേഷൻ കമീഷന് അക്കാദമികമായ ചുമതലമാത്രം. അർഹതയ്ക്ക് അംഗീകാരംകൊടുത്ത് വിദ്യാഭ്യാസവിചക്ഷണന്മാർ കൈകാര്യംചെയ്തിരുന്ന ഗ്രാന്റ് അനുവദിക്കാനുള്ള അവകാശം, ഇപ്പോൾ മാനവവിഭവശേഷി മന്ത്രാലയത്തിൽ സുരക്ഷിതം! കമീഷനുമേൽ സാമ്പത്തികാധികാരമുള്ള സർക്കാർ നിയന്ത്രണ ഉപദേശകസമിതിയെ കുടിയിരുത്താനുള്ള നിർദേശം, പൊതുവിദ്യാഭ്യാസ രംഗത്തെ സർക്കാർ നിക്ഷേപം കുറച്ചുകൊണ്ട്, സ്വകാര്യമേഖലയ‌്ക്ക് തീറെഴുതാനുള്ള ശ്രമമല്ലാതെ മറ്റെന്താണ്?

• ഇന്ത്യയിലെ പത്ത് ശതമാനം കോളേജുകൾ സ്വയംഭരണം നേടണം എന്നുദ്ദേശിച്ച് യുജിസി 1978ൽ ഓട്ടോണമസ് കോളേജുകൾക്ക് അനുമതി കൊടുത്തു നടപ്പാക്കി. എന്നാൽ, 40 വർഷങ്ങൾ കഴിഞ്ഞിട്ടും സ്വയംഭരണം നേടിയ കോളേജുകൾ ഒരുശതമാനം മാത്രം. ഇതിന്റെ കാരണം ചില 'സിസ്റ്റമിക്' പ്രശ്നങ്ങളാണെന്ന് 2013ൽ യുജിസിതന്നെ പ്രസിദ്ധീകരിച്ച രാഷ്ട്രീയ, ഉച്ചതാർ ശിക്ഷാ അഭിയാൻ (റൂസ) രേഖ, പേജ് 68ൽ പറയുന്നു. ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കാതെ ഓട്ടോണമസ് സിദ്ധാന്തം ഹയർ എഡ്യൂക്കേഷൻ കമീഷൻ വീണ്ടും ഉയർത്തിപ്പിടിക്കുന്നതിന്റെ ന്യായമെന്താണ് ?

• വർഷംതോറും പ്രവേശനത്തിനെത്തുന്ന വിദ്യാർഥികളുടെ എണ്ണത്തിലുള്ള വർധന, ഒഴിവുകൾ നികത്താത്തതിലുള്ള അധ്യാപകക്ഷാമം, പുറത്തേക്കുവരുന്ന വിദ്യാർഥികളുടെ ഗുണനിലവാരത്തകർച്ച, വികസനത്തിനും ഗവേഷണം മാറ്റിവയ‌്ക്കപ്പെടുന്ന ഫണ്ടിന്റെ കുറവ്, ചുരുക്കം ചില സ്ഥാപനങ്ങളിലേതുമാത്രം ഒഴിച്ചുനിർത്തിയാൽ ഗവേഷണത്തിന്റെ അന്താരാഷ്ട്രനിലവാരക്കുറവ് എന്നിവ ഇന്ത്യൻ ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ പ്രതിസന്ധികളും വെല്ലുവിളികളുമാണ്. പരിമിതികൾക്കുള്ളിലും ഇവയെ നേരിടാൻ ശ്രമിച്ചുകൊണ്ടിരുന്ന യുജിസിയെ തന്നെ അട്ടിമറിച്ചുകൊണ്ടുവരുന്ന ഹയർഎഡ്യുക്കേഷൻ കമീഷൻ ഈ പ്രശ്നങ്ങളുടെ പരിഹാരമാകുന്നതെങ്ങനെയാണ്?

• രാജ്യത്തിന്റെ സമഗ്രവികസനത്തെ ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ് ബില്ലെന്ന് മന്ത്രാലയം അവകാശപ്പെടുന്നു. അങ്ങനെയാണെങ്കിൽ ഗ്രാമപ്രദേശങ്ങൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും പ്രയോജനം ലഭിക്കുന്നവിധം വേണം അത് വിഭാവനം ചെയ്യാൻ. എന്നാൽ, സ്ഥാപനങ്ങളുടെ ഉൽപ്പന്നഫലങ്ങളെമാത്രം നോക്കി ധനസഹായം ചെയ്യുമെന്ന് നിർദേശിക്കുമ്പോൾ പൊതുമേഖലയിലുള്ള മിക്കവാറും സ്ഥാപനങ്ങളും അവഗണിക്കപ്പടും. സാമൂഹ്യമായും സാമ്പത്തികമായും പ്രാദേശികമായും പിന്നോക്കംനിൽക്കുന്ന വിഭാഗങ്ങൾ ഉന്നതവിദ്യാഭ്യാസരംഗത്തുനിന്ന് എന്നെന്നേക്കുമായി പിന്തള്ളപ്പെടും. 'ഗ്രോസ് എൻറോൾമെന്റ് അനുപാതം'ഇരുപത് ശതമാനത്തിൽതാഴെ മാത്രമായിരിക്കുമ്പോൾ, സാമൂഹ്യനീതിയെ അട്ടിമറിക്കാനുള്ള മേൽനടപടി എങ്ങനെയാണ് സമഗ്രവികസനമാകുന്നത്?

വ്യത്യസ്തഭാഷകളും വിവിധ സംസ്കാരങ്ങളുംകൊണ്ട് വൈവിധ്യമാർന്ന ഒരുരാജ്യത്ത് സർവകലാശാലകൾക്കും കോളേജുകൾക്കും വേണ്ടത് കാലികവും പ്രാദേശികവുമായ ജൈവാവസ്ഥയെ നിലനിർത്തി ആധുനികവിജ്ഞാന സമ്പാദനത്തിനും ഗവേഷണത്തിനും അവയെ പ്രാപ്തമാക്കുകയാണ് എന്നുള്ളതാണ്. ഈ രംഗത്തെ സങ്കീർണതകളെ ലഘൂകരിക്കാനുള്ള  വഴികളിലൊന്ന‌് വികേന്ദ്രീകൃതമായ ആസൂത്രണമാണ്. അതിനുപകരം  ഏകീകൃതവും കേന്ദ്രീകൃതവുമായ ഒരു സംവിധാനത്തിന്റെ കുടക്കീഴിലാക്കുന്നത് കാര്യങ്ങൾ വീണ്ടും സങ്കീർണമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഇന്ത്യയിലിന്ന്, എണ്ണൂറിനടുത്ത് സർവകലാശാലകളും നാൽപ്പതിനായിരത്തിലധികം കോളേജുകളുമുണ്ട്. ഇതിന്റെയെല്ലാം നിയന്താവായിനിന്നുകൊണ്ട് ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ മൂല്യങ്ങളായ സാമൂഹ്യനീതി, പ്രാപ്യത, ഗുണമേന്മ എന്നിവ കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ സ്ഥാപനത്തെ, യുജിസിയെ, കാലാനുസൃതമല്ലാത്ത അപക്വമായ ഒരു പരിഷ്കാരത്തിലൂടെ തട്ടിനിരത്തരുത്.

(കോഴിക്കോട്‌ ഫാറൂഖ്‌ കോേളജിലെ ഊർജ്ജതന്ത്ര വിഭാഗം മുൻ മേധാവിയാണ്‌ ലേഖകൻ)

പ്രധാന വാർത്തകൾ
 Top