19 February Tuesday

യുജിസിക്കെതിരെ വാളോങ്ങുന്നതെന്തിന്

ദാമോദരൻ കെ കെUpdated: Thursday Jul 26, 2018

 

ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്നത്തെപോലെ വ്യാപാരതാല്പര്യത്തിന് മേൽക്കൈ ഇല്ലാതിരുന്ന കാലഘട്ടത്തിൽ രൂപംകൊണ്ട സ്ഥാപനമാണ് യുജിസി. അതുകൊണ്ടുതന്നെ ആഗോളവൽക്കരണ കാലഘട്ടത്തിൽ ഈ സ്ഥപനം ആക്രമിക്കപ്പെടുന്നത് തീർത്തും സ്വാഭാവികമാണ്. ഈ നിയമത്തിലെ പലവ്യവസ്ഥയും ആഗോളവൽക്കരണ കാലഘട്ടത്തിലെ മുൻഗണനകൾക്കെതിരാണ്. യുജിസിക്ക് പകരമായി കൊണ്ടുവരുന്ന ഹയർഎഡ്യൂക്കേഷൻ കമീഷൻ ഓഫ് ഇന്ത്യ ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വകാര്യനിക്ഷേപക സൗഹൃദമാക്കാനും അതിന്റെ ഉള്ളടക്കത്തെ ഹൈന്ദവവൽക്കരിക്കാനും ഉദ്ദേശിച്ചുള്ളതാണ‌്.

വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന മറ്റുസ്ഥാപനങ്ങളിൽനിന്ന‌്‌ സർവകലാശാലകളെ വ്യത്യസ്തമാക്കുന്നത‌് അക്കാദമിക കാര്യങ്ങളിൽ അവയ്ക്കുള്ള  സ്വാതന്ത്ര്യമാണ്.  ലോകത്തൊരിടത്തും അക്കാദമിക കാര്യങ്ങളിൽ തിരുമാനമെടുക്കാൻ സർവകലാശാലകൾക്ക് മുകളിൽ മറ്റൊരു സംവിധാനമില്ല. നാളിതുവരെ ഇന്ത്യയിലും സർവകലാശാലകൾക്കുള്ള സാമ്പത്തികസഹായവും നിലവാരം സംബന്ധിച്ച മാർഗനിർദേശങ്ങളും നൽകിയിരുന്നപ്പോൾപോലും സർവകലാശാലകളുടെ അക്കാദമിക കാര്യങ്ങളിൽ യുജിസി തീരെ ഇടപെട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ള ഹയർ എഡ്യൂക്കേഷൻ കമീഷൻ അതിൽനിന്ന‌് വ്യത്യസ്തമാണ്. ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാഗമായി സാധാരണ കോളേജുകളിൽ നടക്കുന്ന അധ്യയനം, പരീക്ഷ, മൂല്യനിർണയം, അധ്യാപകനിയമനം തുടങ്ങിയവയ്ക്ക് പുറമെ സർവകലാശാലകൾക്കുണ്ടായിരുന്ന കോഴ്‌സുകളുടെ രൂപകൽപ്പന, സിലബസ്, കരിക്കുലം, കോഴ്‌സുകളുടെ ലക്ഷ്യം നിർണയിക്കൽ എന്നിങ്ങനെയുള്ള സർവഅധികാരങ്ങളും ഹയർ എഡ്യൂക്കേഷൻ കമീഷൻ കൈയടക്കുകയാണ്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട പ്രകാരമുള്ള നിയമം നിലവിൽവന്നാൽ രാജ്യത്തുള്ള സർവകലാശാലകളെല്ലാംതന്നെ ഒന്ന് മറ്റൊന്നിന്റെ ക്ലോണുകളാകും. സംസ്ഥാനങ്ങളുടെ സാംസ്‌കാരികമോ പ്രാദേശികമോ ആയ വിഷയങ്ങൾക്കോ വിജ്ഞാനത്തിനോ ഒരു പരിഗണനയും ലഭിക്കില്ല. കമീഷന്റെ ഉത്തരവുകൾ അനുസരിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കാനും ഉത്തരവാദികളായ   ഉദ്യോഗസ്ഥരെ മൂന്നുവർഷംവരെ തടങ്കലിൽ ഇടാനും കമീഷന് അധികാരമുണ്ട്.

അക്കാദമികമേഖലയിലെ നിർണായകമായ എല്ലാ അധികാരങ്ങളും ഇത്തരത്തിൽ കേന്ദ്രീകരിക്കുമ്പോൾ ത്തന്നെ മറുഭാഗത്ത് ധാരാളമായി സ്വയംഭരണ കോളേജുകളും സർവകലാശാലകളും അനുവദിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ഇതോടെ സ്വയംഭരണമെന്നപേരിൽ നൽകപ്പെടുന്നത് അക്കാദമികസ്വാതന്ത്ര്യമല്ല എന്ന‌് വ്യക്തം. 

പൊതുവിലുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ലളിതമായ വ്യവസ്ഥകളിൽ സർവകലാശാലകൾക്കും കോളേജുകൾക്കും നൽകിവന്നിരുന്ന തിരിച്ചടയ‌്ക്കേണ്ടാത്ത ധനസഹായമായിരുന്നു ഗ്രാന്റുകൾ. സർവകലാശാലകൾക്കും അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകൾക്കും ഇവ ലഭിക്കും. പ്രദേശത്തെ ജനത്തിന്റെ പ്രത്യേകത പരിഗണിക്കുന്ന ഏതെങ്കിലും കോഴ്‌സ് നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടാൽ യുജിസി അംഗീകാരം ലഭിക്കും. ഗ്രാന്റ് പൂർണമായി വിനിയോഗിച്ചില്ലെങ്കിൽ പലിശസഹിതം തിരിച്ചടയ‌്ക്കാനാവശ്യപ്പെടുകയും ചില സന്ദർഭങ്ങളിൽ പിഴ ഈടാക്കുകയും വരെ ചെയ്‌തേക്കാം. കരണം സ്ഥാപനം ഇത് വിനിയോഗിക്കുകയെന്നത് രാജ്യത്തിന്റെ ആവശ്യമായാണ് കണക്കാക്കുന്നത്. കേരളത്തിലെ സർക്കാർ കോളേജുകളിൽ നിർമിച്ചിരിക്കുന്ന ബഹുഭൂരിപക്ഷം സയൻസ് ബ്ലോക്ക് കെട്ടിടങ്ങളും വനിതാ ഹോസ്റ്റലുകളും ഇത്തരത്തിലുള്ളവയാണ്. എന്നാൽ, ഇനിമുതൽ ഗ്രാന്റുകൾ ഉണ്ടാകില്ല. സർവകലാശാലകൾക്കും ദേശീയപ്രാധാന്യമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമുള്ള പണം ഹയർ എഡ്യൂക്കേഷൻ ഫിനാൻസ്ഏജൻസി (RUSA) വഴി വായ്പനൽകും. കോളേജുകളുടെ കാര്യത്തിൽ, നാഷണൽ അസസ്‌മെന്റ് ആൻഡ‌് അക്രെഡിറ്റേഷൻ കൗൺസിലിന്റെ(നാക്ക്) ഗ്രേഡുള്ള കോളേജുകൾക്ക് ഞഡടഅ വഴി സ്ഥാപനത്തിന്റെ മികവനുസരിച്ച്പണം ലഭിക്കും. രാജ്യത്ത് 40ശതമാനത്തിൽ താഴെ കോളേജുൾക്ക് മാത്രമേ നാക്കിന്റെ അംഗീകാരമുള്ളൂ. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മക്കളുടെ ഏക ആശ്രയമായ 60 ശതമാനം സ്ഥാപനങ്ങൾക്കും ഇവ ലഭിക്കില്ല.

യുജിസി അംഗീകാരമുള്ള സ്ഥാപനങ്ങൾക്കെല്ലാം കെട്ടിടം, ലബോറട്ടറി, ലൈബ്രറി, അധ്യാപകഗവേഷണം തുടങ്ങി അവരവരുടെ ആവശ്യം കണക്കിലെടുത്താണ‌്‌ ഗ്രാന്റുകൾ അനുവദിച്ചിരുന്നത്.  എന്നാൽ, ഇനിമുതൽ നൽകുന്ന സഹായം, സ്ഥാപനത്തിലെ വിജയശതമാനം, ഗവേഷണപ്രവർത്തനം, പ്രസിദ്ധീകരണം, സ്വന്തമായുള്ള പകർപ്പവകാശം തുടങ്ങി സ്ഥാപനമികവിന്റെമാത്രം അടിസ്ഥാനത്തിലായിരിക്കും. ഇത് സർക്കാർ മേഖലയിലും ഗ്രാമീണപ്രദേശങ്ങളിലുമുള്ള സ്ഥാപനങ്ങളെയും സാധാരണക്കാരന്റെ വിദ്യാഭ്യാസ അവസരങ്ങളെയും സാരമായി ബാധിക്കും.

സഹായധനത്തിനായി അപേക്ഷകൾ പരിശോധിച്ച് തീർപ്പുകൽപ്പിച്ചിരുന്നത് ഉദ്യോഗസ്ഥരാണ്. എന്നാൽ, ഇനിമുതൽ അപേക്ഷകൾ സമർപ്പിക്കുന്നത് ഓൺ ലൈനിലാകും. തീരുമാനമെടുക്കുന്ന പ്രക്രിയ പൂർണമായും കംപ്യൂട്ടറുകളെ ഏൽപ്പിക്കുമെന്നും മനുഷ്യന്റെ ഇടപെടൽ ഏറ്റവും കുറയ്ക്കുമെന്നുമാണ്പ്രഖ്യാപിച്ചിട്ടുള്ളത്. ഏതെങ്കിലും ഉപാധികൾ പാലിക്കാൻ കഴിയാതെവന്നാൽ സർക്കാർ സ്ഥാപനങ്ങളുടെയും ഗ്രാമീണസ്ഥാപനങ്ങളുടെയും അപേക്ഷകൾ നിരസിക്കപ്പെടും. വിശദീകരണമോ വ്യാഖ്യാനമോ പരിഗണിക്കാൻ അവസരമില്ല. നിലവിൽത്തന്നെ കോളേജുകൾക്ക് ഞഡടഅ വഴി നൽകിവരുന്ന സഹായങ്ങൾ ഈ വ്യവസ്ഥകളോടെയാണ്. റൂസ പതിമൂന്ന് ഇനത്തിൽ സഹായം വാഗ്ദാനംചെയ്യുന്നുണ്ടെങ്കിൽപോലും ഭൂരിഭാഗം സംസ്ഥാനങ്ങൾക്കും ചുരുക്കം ഇനങ്ങളിൽ മാത്രമേ അപേക്ഷിക്കാൻ പോലും കഴിയുന്നുള്ളൂ. 2017ൽ ഇരുപത്തയ്യായിരം കോടി രൂപ റൂസ വഴി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം രണ്ടായിരത്തിനാനൂറ് കോടി മാത്രമേ വിതരണംചെയ്യാൻ കഴിഞ്ഞുള്ളു. പരിശോധനകൾ, മനുഷ്യാവകാശം, സ്ത്രീസുരക്ഷ, തൊഴിൽ പീഡനം, റാഗിങ‌്, സംവരണം, വിദ്യാർഥിപ്രവേശനം, അധ്യാപകനിയമനം, ശമ്പളം, ഫീസ്, കോഴ്‌സുകളുടെ ഉള്ളടക്കം തുടങ്ങി നിരവധി വിഷയങ്ങളിൽ സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയോ റിപ്പോർട്ട്തേടുകയോ ചെയ്യാറുണ്ട്. യുജിസിയിൽനിന്ന‌് സഹായം കൈപ്പറ്റിക്കൊണ്ടിരിക്കുന്നതോ  സഹയം തേടുന്നതോ  ആയ സ്ഥാപനങ്ങളെ നിയന്ത്രിക്കാനും അവയുടെ ചൂഷണം തടയാനും ഉദ്ദേശിച്ചുള്ള ഈ അധികാരം പാടെ എടുത്തുകളഞ്ഞിരിക്കുന്നു. ഇത്തരം വിഷയങ്ങളിലെല്ലാം ഇനിമുതൽ സ്ഥാപനമുടമ നൽകുന്ന സത്യപ്രസ‌്താവന മാത്രം മതിയാകും. സർവകലാശാലകൾക്ക് ഗ്രേഡഡ് ഓട്ടോണമി നൽകാനും  കോളേജുകൾക്ക് റാങ്കും ഗ്രേഡും നൽകാനും പുതിയ സർവകലാശാലകളും ബിരുദദാനസ്ഥാപനങ്ങളും പ്രവർത്തനം തുടങ്ങാൻ ഇനിമുതൽ അവർ നടത്തുന്ന സുതാര്യ പ്രഖ്യാപനങ്ങൾ മാത്രം മതി. മൂലധനതാല്പര്യസംരക്ഷണാർഥം 2017ൽ തൊഴിൽനിയമങ്ങളിൽ വരുത്തിയ മാറ്റങ്ങൾക്ക് സമാനമാണിത്. സ്വകാര്യമൂലധനവ്യാപാര രംഗത്തെ രീതികളും കാഴ്ചപ്പാടുകളും ഈ മേഖലയിൽ ഏത് പരിധിവരെ സ്വീകാര്യമായി എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് റിലയൻസ് ഇൻഡസ‌്ട്രീസ് സ്ഥാപിക്കാൻപോകുന്ന സ്ഥാപനത്തിന് ശ്രേഷ്ഠപദവി നൽകിയ നടപടി. രണ്ട് പ്രധാന ഘടകങ്ങൾ ശ്രദ്ധേയമാണ്.

ശ്രേഷ്ഠപദവിയുടെ വ്യവസ്ഥകൾ തയ്യാറാക്കിയ രീതിയാണ് ഒന്ന്. 2016ൽ കേന്ദ്ര മാനവശേഷി വികസന സെക്രട്ടറി വിനയ്ഷീൽ ഒബ്രോയ‌്‌യുടെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയത്. 2017 ഫെബ്രുവരിയിൽ സർവീസിൽ നിന്നുപിരിഞ്ഞ അദ്ദേഹം പിന്നീട് സ്വകാര്യചുമതലകൾ ഒന്നും ഏറ്റെടുത്തിരുന്നില്ല. 2017 സെപ‌്തംബർ 12 ന് ശ്രേഷ്ഠപദവി നേടാൻ താല്പര്യമുള്ള സ്ഥാപനങ്ങളിൽനിന്ന‌് സർക്കാർ താല്പര്യപത്രം ക്ഷണിച്ചു.

അതേദിവസമാണ് റിലയൻസ‌് ഫൗണ്ടേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ്എഡ്യൂക്കേഷൻ ആൻഡ‌് റിസർച്ച് എന്ന സ്ഥാപനം കമ്പനി നിയമത്തിലെ വകുപ്പ് എട്ട് പ്രകാരം രജിസ്റ്റർ ചെയ്യുന്നത്. ഇപ്രകാരം താല്പര്യമറിയിച്ച സ്ഥാപനങ്ങളെ 2018 ജൂലൈ 10ന് മാനവശേഷി മന്ത്രാലയം കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. റിലയൻസ‌് കമ്പനിക്കുവേണ്ടി പദ്ധതി അവതരിപ്പിക്കാൻ അംബാനിക്കൊപ്പം വന്ന വിനയ്ഷീൽ ഒബ്രോയിയെ കണ്ട് മറ്റുള്ളവർ അമ്പരന്നു. ആകെ അവതരിപ്പിക്കപ്പെട്ട സ്വകാര്യ പദ്ധതികളിൽ പതിനൊന്നെണ്ണം ഗ്രീൻ ഫീൽഡ് വിഭാഗത്തിൽനിലവിൽ വന്നിട്ടില്ല. പക്ഷേ സ്ഥാപിതമായാൽ വേഗത്തിൽ ലക്ഷ്യം നേടും എന്നു പ്രതീക്ഷിക്കുന്നവ) പ്പെട്ടവയായിരുന്നു. ബാക്കിയുള്ള പത്ത് പദ്ധതികളും പരാജയപ്പെട്ടപ്പോൾ ഒരേയൊരു ജിയോക്ക് മാത്രമേ എല്ലാ നിബന്ധനകളും പാലിക്കാൻ കഴിഞ്ഞുള്ളൂ.

സ്ഥാപനങ്ങളുടെ മികവിനെയും ശേഷിയെയും വിലയിരുത്തുന്ന രീതിശാസ്ത്രത്തിൽ വന്ന മാറ്റമാണ് രണ്ടാമത്തേത്. സാധാരണഗതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നത് അവയുടെ നിലവിലെ മികവും പ്രവർത്തനങ്ങളും പരിഗണിച്ചാണ്. എത്ര കോഴ്‌സുകൾ, വിദ്യാർഥികളുടെയും അധ്യാപകരുടെയും അക്കാദമികവും അനുബന്ധവുമായ നേട്ടങ്ങൾ, പൂർവ വിദ്യാർഥികളുടെ നിലവിലെ സ്ഥിതി, സ്ഥാപനങ്ങളിലെ പശ്ചാത്തലസൗകര്യങ്ങൾ, സ്ഥാപനം ഏർപ്പെട്ടിരിക്കുന്ന ഗവേഷണങ്ങൾ, പരീക്ഷണങ്ങൾ മുതലായവയാണ് പരിഗണിക്കപ്പെടുന്നത്.ഇക്കാര്യങ്ങൾ ഒത്തുനോക്കാൻ പര്യാപ്തമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള അവകാശവാദങ്ങളെമാത്രമേ പരിഗണിക്കുകയുള്ളൂ.
എന്നാൽ, വ്യാപാര രംഗത്ത് സ്ഥാപനങ്ങളെ വിലയിരുത്തുന്നത് മറ്റൊരു രീതിയിലാണ്. വിലയിരുത്തപ്പെടുന്ന സ്ഥാപനത്തിന്റെ മുൻകാലങ്ങളിലെയും നിലവിലെയും പ്രവർത്തനങ്ങളുടെ ആകെ തുകയ്ക്ക് നൽകുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം അവയുടെ ഭാവിസാധ്യതകൾക്കാണ് നൽകുക. എത്രതന്നെ പ്രശസ്തമായ സ്ഥാപനമായാലും അവയുടെ ഭാവിയെ സംബന്ധിക്കുന്ന എന്തെങ്കിലും സംശയങ്ങൾ ഉയർന്നാൽ അവയുടെ സ്വീകാര്യതയും വിപണിമൂല്യവും ഇടിയും. ജവാഹർലാൽ നെഹ്രു സർവകലാശാല ഉൾപ്പെടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന സർവകലാശാലകൾ പലതും ശ്രേഷ്ഠമല്ലാതാകുമ്പോൾത്തന്നെ ഭൂതവും വർത്തമാനവും വട്ടപ്പൂജ്യമായിട്ടുപോലും റിലയൻസ് ജിയോ ശ്രേഷ്ഠമാകുന്നത് ഈ കാഴ്ചപ്പാടിൽ നിന്നു വിലയിരുത്തുമ്പോഴാണ്. അതുകൊണ്ട് ഇതിനെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനോ സർവകലാശാലകളുടെ ലോക റാങ്കിംഗിൽ കടന്നുകൂടാനോ ഉള്ള ശ്രമമായി കണ്ടുകൂടാ. ഇത് ഉന്നത വിദ്യാഭ്യാസരംഗത്ത് നിലനിൽക്കുന്ന സകല സാമൂഹ്യപരിഗണനകളെയും ജനാധിപത്യരീതികളെയും വൈവിധ്യത്തെയും നൈതികതയെയും തുടച്ചുനീക്കി അടിമുടി കച്ചവടവൽക്കരിക്കാനും ഹൈന്ദവവൽക്കരിക്കാനും അതുവഴി സാധാരണക്കാരെയും മതേതരവാദികളെയും ഈ രംഗത്തുനിന്ന‌് നിഷ്‌കാസനംചെയ്യാനുമുള്ള കൊണ്ടുപിടിച്ച ശ്രമമാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം.

എകെജിസിടി ജനറൽ സെക്രട്ടറിയാണ‌് ലേഖകൻ

പ്രധാന വാർത്തകൾ
 Top