26 April Friday

സിദ്ധാന്തവും പ്രയോഗവും വിജയകരമായി സമന്വയിപ്പിച്ച കമ്മ്യൂണിസ്റ്റുകാരന്‍

വെബ് ഡെസ്‌ക്‌Updated: Tuesday Mar 20, 2018

ചന്ദ്രദത്തിനൊപ്പം തോമസ്‌ ഐസക്ക്

അന്തരിച്ച ചന്ദ്രദത്തിനെ തോമസ്‌ ഐസക്ക് അനുസ്മരിയ്ക്കുന്നു
 
ഇക്കഴിഞ്ഞ ഞായറാഴ്ച പാതിരയോടെ അമൃത ആശുപത്രിയിലെ ഐസിയുവിലെത്തുമ്പോൾ ചന്ദ്രദത്ത് അത്യാസന്ന നിലയിലായിരുന്നു. മക്കൾ ഹിരൺ ദത്തും നിരൺ ദത്തും അവിടെയുണ്ടായിരുന്നു. അവസാനനിമിഷവും അദ്ദേഹം കാൻസറിനു കീഴടങ്ങിയില്ല. ആ ഓപ്പറേഷൻ വിജയകരമായിരുന്നു. അന്നു കാലത്താണ്, എല്ലാം ശരിയായെന്ന് ഭാര്യ പത്മാവതിയെ തള്ളവിരലുയർത്തി ആംഗ്യം കാണിച്ചത്. എന്നാൽ പിന്നീടുണ്ടായ ഹൃദയാഘാതം ചന്ദ്രദത്തിനെ കീഴടക്കി. ഞാനെത്തുമ്പോൾ, ആ വിളക്ക് ഏതാണ്ട് അണഞ്ഞു തുടങ്ങിയിരുന്നു.

നാം തമ്മിൽ അവസാനം നടത്തിയ കൂടിക്കാഴ്ച ഓർമ്മയിലെത്തി. ലാറി ബേക്കർ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കുന്നതു സംബന്ധിച്ച കൂടിയാലോചനകൾക്കാണ് അദ്ദേഹം നിയമസഭയിൽ വന്നത്. ആ പരിപാടികൾ നടത്തുന്നതിന് ദത്തുമാഷ് ഇനിയുണ്ടാവില്ല എന്ന തിരിച്ചറിവോടെയാണ് ഞാൻ അമൃതയിൽ നിന്നു മടങ്ങിയത്.

സിദ്ധാന്തവും പ്രയോഗവും വിജയകരമായി സമന്വയിപ്പിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു സഖാവ് ചന്ദ്രദത്ത്. വികസനാസൂത്രണപ്രവർത്തനങ്ങളും സാന്ത്വനപരിചരണവും വയോജന പരിപാലനവുമെല്ലാം അദ്ദേഹത്തിന് രാഷ്ട്രീയ പ്രവർത്തനങ്ങളായിരുന്നു. കാൻസർ ആക്രമണത്തിൽ നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കം ചെയ്യപ്പെട്ട ഈ മനുഷ്യൻ വ്യാപരിച്ച പ്രവർത്തനമേഖല ആരെയും അമ്പരപ്പിക്കും.

ചെലവു കുറഞ്ഞതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കെട്ടിട നിർമാണം, ഊർജ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, അയ്യന്തോളിൽ വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന പ്രത്യാശ ട്രസ്റ്റ് എന്ന പകൽവീടിന്റെ അമരക്കാരൻ, ആരോഗ്യ സംരക്ഷണം, സ്വയംതൊഴിൽ അവസരം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തളിക്കുളത്തു പ്രവർത്തിക്കുന്ന വികാസ് ട്രസ്റ്റിന്റെ ചെയർമാൻ, തളിക്കുളം പഞ്ചായത്തിലെ 35 വയസ്സിനു മുകളിലുള്ള സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള സമഗ്ര കർമപരിപാടിയുടെ ജീവാത്മാവ് എന്നിങ്ങനെ ദത്തുമാഷ് നേതൃത്വം നൽകിയ പ്രവർത്തനങ്ങൾ എത്രയെണ്ണം?

ഇതിനെല്ലാം പുറമെ സൈദ്ധാന്തിക സംവാദത്തിനും ആശയ രൂപീകരണത്തിനും വിട്ടുവീഴ്ചയില്ലാത്ത നിഷ്ഠയും പുലർത്തി. ഒരു വ്രതാനുഷ്ഠാനം പോലെയാണ് തൃശൂരിലെ ഇഎംഎസ് സ്മൃതി എന്ന വിപുലമായ സംവാദം അദ്ദേഹം മുന്നോട്ടു കൊണ്ടുപോയത്. ഇത്തരം സംവാദങ്ങളിലെ നിലപാടുകളൊക്കെ അദ്ദേഹം തന്നെ ക്രോഡീകരിച്ച് പുസ്തകങ്ങളാക്കുകയും ചെയ്തു. കാൻസർ ബാധിച്ചതിനു ശേഷം 10 പുസ്തകങ്ങളാണ് അദ്ദേഹം എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചത്. അതിനു പുറമെ പുതുവഴി എന്നൊരു ത്രൈമാസികത്തിന്റെയും എഡിറ്ററായിരുന്നു.

തൃശൂരെ ഒരു എസ്എഫ്ഐ ക്യാമ്പിൽ വെച്ചാണ് ചന്ദ്രദത്തിനെ ആദ്യമായി പരിചയപ്പെട്ടത്. അടുത്തു പ്രവർത്തിച്ചത് 1985ലെ കോസ്റ്റ് ഫോഡിന്റെ രൂപീകരണത്തോടെയും. അച്യുതമേനോനും ഡോ. കെ. എൻ. രാജും ലാറി ബേക്കറും ചേർന്ന് ബദൽ നിർമ്മാണ വികസന രീതികളെക്കുറിച്ച് ഗവേഷണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടി രൂപം നൽകിയ സന്നദ്ധ സംഘടനയാണിത്. അതിന്റെ മുഖ്യചുമതലക്കാരനായി അവർ കണ്ടെത്തിയത് നാട്ടിക പോളി ടെക്നിക്കിലെ അധ്യാപകനായിരുന്ന ചന്ദ്രദത്തിനെയാണ്. ഡോ. കെ പി കണ്ണൻ, കെ കെ സുബ്രഹ്മണ്യൻ തുടങ്ങി കോസ്റ്റ് ഫോഡുമായി അടുത്തു സഹകരിച്ച ഒട്ടേറെ പണ്ഡിതർ സിഡിഎസിൽ ഉണ്ടായിരുന്നു. ഞാൻ കോസ്റ്റ് ഫോഡിന്റെ പ്രവർത്തകനായിരുന്നില്ലെങ്കിലും വലിയ പ്രതീക്ഷയോടെയാണ് ഈ സംരംഭത്തെ നോക്കി കണ്ടിരുന്നത്.

സാക്ഷരതായജ്ഞത്തെ തുടർന്ന് വിഭവഭൂപട നിർമ്മാണപദ്ധതിയിലേയ്ക്കു നീങ്ങിയപ്പോഴാണ് സഹകരിച്ചു പ്രവർത്തിക്കാൻ തുടങ്ങിയത്. വിഭവഭൂപടത്തിന്റെ അടിസ്ഥാനത്തിൽ കല്യാശേരി ആസൂത്രണ പരീക്ഷണത്തിന് സമാന്തരമായി തൃശൂർ ജില്ലയിലെ പ്രാദേശിക പദ്ധതി ആവിഷ്കരണത്തിന് കോസ്റ്റ് ഫോഡും പരീക്ഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു. സ്വാഭാവികമായി ജനകീയാസൂത്രണത്തിൽ ഇവയെല്ലാം ഉൾച്ചേർന്നു. ജനകീയാസൂത്രണത്തിൽ ബദൽ നിർമ്മാണ രീതികൾക്കുള്ള അക്രെഡിറ്റഡ് ഏജൻസിയായി കോസ്റ്റ് ഫോഡിനെ അംഗീകരിച്ചു. കോസ്റ്റ് ഫോഡിന്റെ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമാക്കുന്നതിൽ ഇതൊരു പങ്കുവഹിച്ചിട്ടുണ്ട്. തൃശൂർ ജില്ലാ സമഗ്ര പാർപ്പിട പദ്ധതി ഇഎംഎസ് പാർപ്പിട പദ്ധതി രൂപീകരിക്കുന്നതിന് പ്രചോദനമായിരുന്നു.

നാട്ടിക ഫർക്കയിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ അനിഷേധ്യ നേതാക്കളിൽ ഒരാളായിരുന്നു ദത്തുമാഷുടെ പിതാവ് ടി കെ രാമൻ. വിമോചന സമരത്തെ എതിർത്തുകൊണ്ടാണ് ചന്ദ്രദത്ത് എന്ന വിദ്യാർത്ഥി രാഷ്ട്രീയപ്രവർത്തനമാരംഭിച്ചത്. തൃശൂർ വലപ്പാട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരിക്കുമ്പോൾ മലബാർ ഐക്യ വിദ്യാർഥി സംഘടനയുടെ നാട്ടിക മേഖല സെക്രട്ടറിയായിരുന്നു അദ്ദേഹം. വിമോചന സമരം കൊടുമ്പിരിക്കൊണ്ട കാലം. സമരത്തിനെതിരെ ചന്ദ്രദത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ യോഗം ചേർന്നു. യോഗത്തിൽ പങ്കെടുത്തവരെ സമരാനുകൂലികൾ ക്രൂരമായി മർദ്ദിച്ചു. കൊടിയ മർദനമേറ്റ് നിലത്തുവീണ ചന്ദ്രദത്തിനെ ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിച്ച് വെള്ളം കൊടുത്തത് ഒരു സഹപാഠിയായിരുന്ന പത്മാവതിയായിരുന്നു. അവർ പിന്നീട് ചന്ദ്രദത്തിന്റെ ജീവിത സഖിയായി.

അസൂയാർഹമായ കർമ്മശേഷിയാൽ ജീവിതം ഇതിഹാസമാക്കിയ സഖാക്കളിൽ പ്രമുഖനാണ് ദത്ത് മാഷ്. പഠിച്ചതു പ്രവർത്തിച്ചും പുതിയ വഴികൾ തേടിയും മുന്നോട്ടുപോകാൻ ഒരു ശാരീരിക പരിമിതിയും അദ്ദേഹത്തിനു തടസമായില്ല.. പണ്ടു പറഞ്ഞതും പഠിച്ചതും അതുപോലെ ആവർത്തിച്ചുകൊണ്ടിരുന്നാൽ മാറിയകാലത്ത് മുന്നേറാനാവില്ല എന്ന ബോധ്യം അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. ചെയ്യേണ്ട കാര്യങ്ങൾ വേഗതയിൽ നടപ്പിലാകാത്തതിലെ അസ്വസ്ഥത ഒരിക്കലും മറച്ചുവെച്ചുമില്ല. ഒരേ സമയം അദ്ദേഹം കാൻസറിനോടും ഹൃദ്രോഗത്തിനോടും പടവെട്ടി. രോഗപീഡയെ അസാമാന്യമായ മനോബലം കൊണ്ട് മറികടന്നു. കർമ്മനിരതമായ ആ ജീവിതത്തിനു അന്ത്യാഞ്ജലികൾ.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top