22 September Tuesday

കോവിഡ്: രോഗമുക്തി നിരക്കും യഥാർഥ രോഗഭാരവും...ദീപക് പി എഴുതുന്നു

ഡോ. ദീപക് പി Updated: Thursday Aug 13, 2020

ഡോ. ദീപക് പി

ഡോ. ദീപക് പി

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടുന്ന രോഗമുക്തി നിരക്കും സമൂഹത്തിലെ രോഗഭാരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. രോഗഭാരമേറുമ്പോഴും നിരന്തരം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കണക്കിനെ ആശ്രയിച്ചു കപടമായ വിജയം അവകാശപ്പെടാൻ ശ്രമിക്കുന്നവരോട് നാം ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം. ഒരു ജനാധിപത്യ സമൂഹം എന്ന നിലയിൽ ഈ ദുരന്തകാലത്തെ ചെപ്പടിവിദ്യക്കു നാം നിന്ന് കൊടുക്കേണ്ടതില്ല തന്നെ... ബ്രിട്ടണിലെ ക്വീൻസ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ദീപക് പി എഴുതുന്നു

ഹാമാരിയുടെ കാലം വാർത്തയിലെ സംഖ്യകളുടെ കാലം കൂടിയാണ്. രോഗത്തിൻറെ വ്യാപ്തിയും ഭാരവും ജനങ്ങളിലേക്കെത്തിക്കാൻ വാർത്താമാധ്യമങ്ങൾ നിരന്തരം സംഖ്യകളെ ആശ്രയിക്കുന്നു. കേരളത്തിൽ കോവിഡിന്റെ ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരുന്നത്  എല്ലാ ദിവസവും എത്ര പുതിയ രോഗികൾ ഉണ്ടാകുന്നു എന്നതാണ്. ഇപ്പോഴാകട്ടെ മറ്റൊരു സംഖ്യ കൂടി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിലും അതിലൂടെ വാർത്താമാധ്യമങ്ങളിലും ദൈനംദിനം ഇടംപിടിക്കുന്നു; അന്നേദിവസം എത്രപേർ രോഗമുക്തരായി എന്നുള്ളതാണ് അത്. ഓരോ ദിവസവും ഉള്ള പുതിയ രോഗികളുടെ എണ്ണം സമൂഹത്തിലേക്ക് അന്ന് വന്നുചേർന്ന  രോഗഭാരത്തെ (burden of disease) സൂചിപ്പിക്കുന്നു എങ്കിൽ അന്നേദിവസം എത്രപേർ രോഗമുക്തരായി എന്നുള്ളത് സമൂഹത്തിൽ നിന്ന് അന്നേദിവസം  ഒഴിഞ്ഞു പോയ  രോഗഭാരത്തെയും  സൂചിപ്പിക്കുന്നു. ഇങ്ങനെയുള്ള രണ്ട് സംഖ്യകളുടെ അന്തരത്തെ വച്ച് രോഗ ഭാരത്തെ സൂചിപ്പിക്കുന്ന രീതിയിലും തലക്കെട്ടുകൾ ഉണ്ടാവാറുണ്ട് ഉദാഹരണത്തിന് “ഇന്ന് കേരളത്തിൽ 1416  രോഗം സ്ഥിരീകരിച്ചു സംസ്ഥാനത്തിന് ആശ്വാസമായി 1427 പേർ രോഗ മുക്തരായി” എന്നിങ്ങനെയുള്ള വാർത്തകൾ നമുക്ക് ഈ കാലത്ത് സുപരിചിതമാണ്. ഓരോ ദിവസവും പുതുതായി രോഗബാധിതരായവരുടെ എണ്ണവും രോഗമുക്തരായവരുടെ എണ്ണവും ചേർത്തു വായിക്കുന്നതിലും അവ  തമ്മിൽ താരതമ്യം ചെയ്ത വിശകലനം ചെയ്യുന്നതിലും  തെറ്റില്ല എന്ന് വേണം പറയാൻ. രോഗമുക്തരായവരുടെ എണ്ണം പുതിയ രോഗികളുടെ എണ്ണത്തേക്കാൾ കൂടുതലെങ്കിൽ സമൂഹത്തിലെ നിലവിലുള്ള രോഗഭാരത്തിന് ഒരു ചെറിയ ശമനം വന്നിട്ടുണ്ട് എന്ന് മനസ്സിലാക്കാം. കോവിഡ് മൂലം കേരളം അനുഭവിക്കേണ്ടിവന്ന രോഗഭാരം മുഴുവനായി മനസ്സിലാക്കാൻ ആകെ രോഗികളുടെ എണ്ണവും ആകെ മരണങ്ങളുടെ എണ്ണം കൂടി നോക്കേണ്ടത് അനിവാര്യമാണ്. നിർഭാഗ്യവശാൽ ആകെ രോഗികളുടെ എണ്ണം ഇപ്പോൾ അധികം റിപ്പോർട്ട് ചെയ്യപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ വിശകലനം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്


കേരളത്തിലെ കൊവിഡ് വിശകലനം ആദ്യം പറഞ്ഞുവെങ്കിലും ഈ ലേഖനത്തിന്റെ  മുഖ്യവിഷയം കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധയോടെ മാധ്യമങ്ങളിലേക്ക്  എത്തിക്കുന്ന കോവിഡ് പുരോഗതിയുടെ മാപിനിയെ  വിശകലനം ചെയ്യുക എന്നുള്ളതാണ്.  കോവിഡ് രോഗമുക്തി നിരക്ക് അഥവാ റിക്കവറി റേറ്റ്  എന്നുള്ളതാണ് കേന്ദ്രസർക്കാർ വളരെ ശ്രദ്ധയോടുകൂടി സമൂഹത്തിലേക്ക് എത്തിക്കാനും വിശകലനത്തിന് വിധേയമാക്കാനും  ശ്രമിക്കുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും എത്ര പേർക്ക് പുതുതായി കോവിഡ്  രോഗബാധ സ്ഥിരീകരിക്കുന്നു എന്നുള്ളതും എത്രപേർ രോഗമുക്തർ ആകുന്നുണ്ട് എന്നുള്ളതും വേൾഡ്-ഓ-മീറ്റർ ( https://www.worldometers.info/coronavirus/ )  മുതലായ വെബ്സൈറ്റുകൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത്തരം കണക്കുകൾക്കു മീതെ എന്ത് എന്ത് വിവരമൂല്യമാണ് കോവിഡ്  രോഗമുക്തി നിരക്ക് നൽകുന്നത് എന്നുള്ളത് നാം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട്.

 എന്താണ് കോവിഡ് രോഗമുക്തി നിരക്ക്?

നമുക്ക് ആദ്യം കേന്ദ്രസർക്കാർ കോവിഡ് രോഗമുക്തി നിരക്ക് കണക്കാക്കുന്നത് എങ്ങനെ എന്ന് നോക്കാം. രോഗമുക്തി നേടിയവർ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എത്ര ശതമാനമാണ് എന്നതാണ് രോഗമുക്തി നിരക്കായി കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.

 

രോഗമുക്തി നിരക്കിന്റെ കണക്കിൽ ഒഴിവാക്കപ്പെടുന്ന രണ്ട് വിഭാഗങ്ങൾ ഉണ്ട്. ഒന്ന് രോഗം ബാധിച്ചു മരണമടഞ്ഞവർ, രണ്ടാമതായി രോഗം ബാധിച്ച ഇപ്പോഴും ചികിത്സയിൽ ഉള്ളവർ. അതുകൊണ്ടു തന്നെ ഇന്ത്യയിൽ കോവിഡ് ബാധിച്ചാൽ രോഗം ഭേദം ആവാനുള്ള സാധ്യത എത്ര എന്ന് വിലയിരുത്താനായി ഈ നിരക്ക് ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ ഉപയോഗിക്കണമെങ്കിൽ രോഗം ബാധിച്ച് ചികിത്സയിൽ ഉള്ളവരെ ഈ ഫോർമുലയിൽ നിന്ന് പാടേ ഒഴിവാക്കണം; എന്തുകൊണ്ടെന്നാൽ അവരുടെ ചികിത്സയുടെ പരിണിതഫലം നമുക്ക് ലഭ്യമല്ലല്ലോ. അത്തരത്തിൽ നവീകരിച്ച രോഗമുക്തി നിരക്ക് ഫോർമുലയും താഴെ ചേർക്കുന്നു.

ഈ നവീകരിച്ച രോഗമുക്തി നിരക്ക് ഇന്നത്തെ നിലയിൽ ഇന്ത്യയിൽ കണക്കാക്കിയാൽ അത് ഒരുപക്ഷേ 95 ശതമാനം വരെ വരാം. ഇത്തരത്തിൽ രോഗപരിണാമത്തെ വിലയിരുത്താൻ സഹായിക്കുന്ന അർത്ഥപൂർണ്ണമായ ഒരു നവീകരിച്ച രോഗമുക്തി നിരക്ക് കണക്കാക്കാം എന്നിരിക്കെ എന്തിനാണ് കേന്ദ്രസർക്കാർ മറ്റൊരു രോഗമുക്തി നിരക്ക് നിരന്തരം പറയുന്നത്. അതിലെന്താണ് അർത്ഥമുള്ളത്?

കോവിഡ്  രോഗമുക്തി നിരക്ക് എന്തിനെ അർത്ഥമാക്കുന്നു?


ശരിയായ രോഗമുക്തി സാധ്യതയെ അത് അളക്കുന്നില്ലെങ്കിൽ രോഗമുക്തി നിരക്ക് എന്തിനെയാണ് അളക്കുന്നത്. കഴിഞ്ഞ ഒന്നര മാസം കൊണ്ട് കേന്ദ്രസർക്കാർ നമ്മളോട് പറയുന്നത് രോഗമുക്തി നിരക്ക് 60ൽനിന്നു  70 ശതമാനം വരെ എത്തി എന്നുള്ളതാണ്. അത് ഒരു നല്ല കാര്യം ആയിട്ടും ചിത്രീകരിക്കപ്പെടുന്നു. ഇതിൽ എത്രത്തോളം വാസ്തവമുണ്ട് എന്ന് വിശകലനം ചെയ്യാൻ ഒരു ലളിത ഗണിത മാതൃകയിലൂടെ നമുക്ക് ശ്രമിക്കാം.

നമ്മുടെ ലളിതവൽക്കരിച്ച മാതൃകയിൽ എല്ലാ ദിവസവും ആയിരം പേർക്ക് രോഗം പിടിപെടുന്നു എന്നിരിക്കട്ടെ. അങ്ങനെ ഒരു ദിവസം രോഗം പിടിപെട്ട ആയിരം പേരിൽ 950 പേരും 10 ദിവസം കഴിയുമ്പോൾ  രോഗമുക്തരാകുന്നു ആകുന്നു എന്നിരിക്കട്ടെ. ബാക്കി 50 ഹതഭാഗ്യർ മരണത്തിനു കീഴടങ്ങുകയും ചെയ്യുന്നു. ഇന്ന് തീയതി 16 ആണെങ്കിൽ എങ്കിൽ ഏഴാം തീയതി മുതൽ പതിനാറാം തീയതി വരെ രോഗം പിടിപെട്ടവരാണ് ചികിത്സയിലുള്ളത്. എന്നു വച്ചാൽ ആയിരം ഗുണം പത്ത്, അതായത് പതിനായിരം പേർ. ഇതിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഏതൊരു ദിവസം എടുത്താലും നമ്മുടെ ഈ മാതൃക അനുസരിച്ച് ചികിത്സയിൽ ഉണ്ടാവുക പതിനായിരം പേർ തന്നെയാണ്.

അമ്പതു ദിവസം കഴിഞ്ഞപ്പോൾ: നമ്മുടെ ഈ മാതൃകയിൽ 50 ദിവസം കഴിയുമ്പോൾ ഉള്ള രോഗമുക്തി നിരക്ക് പരിശോധിക്കാം. ആദ്യത്തെ 40 ദിവസങ്ങളിലായി രോഗം പിടിപെട്ട 40,000 പേരൽ 38,000 പേർ രോഗ മുക്തി നേടിയിരിക്കുന്നു. 2,000 ഹതഭാഗ്യർ മരണത്തിന് കീഴടങ്ങുകയും  ചെയ്തിരിക്കുന്നു. നിലവിൽ ചികിത്സയിൽ ഉള്ളതാകട്ടെ എപ്പോഴത്തെയും പോലെ പതിനായിരം പേരും അങ്ങനെ നോക്കുമ്പോൾ രോഗമുക്തി നിരക്ക് ദൃശ്യത്തിൽ കാണിച്ചിരിക്കുന്നത് പോലെ 76 ശതമാനത്തിൽ എത്തിനിൽക്കും.

ലളിത വൽക്കരിച്ച മാതൃകയിലെ 50 ദിവസം കഴിയുമ്പോൾ ഉള്ള അവസ്ഥ. രോഗമുക്തി നേടിയവരെ പച്ചനിറത്തിലും, മരണമടഞ്ഞവരെ സൂചിപ്പിക്കാൻ ചുവന്ന നിറവുംഉപയോഗിച്ചിരിക്കുന്നു. 40 ദിവസങ്ങളിലായി  രോഗം പിടിപെട്ട 40,000 പേരിൽ 38,000 പേരും രോഗമുക്തരാവുകയും രണ്ടായിരം പേർ മരണത്തിന് കീഴടങ്ങുകയും  ചെയ്തിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ 50 ദിവസം കഴിയുമ്പോൾ ഉള്ള രോഗമുക്തി നിരക്ക് (38000/50000)*100 = 76 ശതമാനം.
 

നൂറു ദിവസം കഴിയുമ്പോൾ: സമാനമായി നമുക്ക് നൂറു ദിവസം കഴിയുമ്പോൾ ഉള്ള അവസ്ഥ പരിശോധിക്കാം.   ആദ്യത്തെ 90 ദിവസങ്ങളിലായി രോഗം പിടിപെട്ട് 90,000 പേരിൽ 85500 പേർക്കും രോഗമുക്തി സാധ്യമായിട്ടുണ്ട്. 4500 പേർ മരണപ്പെടുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ചികിത്സയിലുള്ള പതിനായിരം പേർ ഉൾപ്പെടെ ഒരു ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.  അങ്ങനെ വരുമ്പോൾ ഇപ്പോഴുള്ള രോഗമുക്തി നിരക്ക് (85500/ 100000)*100 = 85.5 ശതമാനം.

ഇതെന്ത് ജാലവിദ്യ എന്നല്ലേ? 50 ദിവസങ്ങൾ കഴിഞ്ഞ് നൂറ് ദിവസങ്ങളിലേയ്ക്ക് എത്തുമ്പോൾ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു,  കൂടുതൽ ആളുകൾ മരണമടഞ്ഞിരുന്നു, സമൂഹത്തിലെ രോഗഭാരം വർധിച്ചിരിക്കുന്നു, രോഗത്തിന് ഒരു ശമനവും വന്നിട്ടില്ല. രോഗം പിടിപെടുന്ന 100 പേരിൽ 95 പേർ മാത്രമാണ് അപ്പോഴും ഇപ്പോഴും രോഗമുക്തരാകുന്നത്. എന്നിട്ടും രോഗമുക്തി നിരക്ക് അ 10 ശതമാനത്തോളം വർദ്ധിച്ചിരിക്കുന്നു!!

ദിവസങ്ങൾ പുരോഗമിക്കുമ്പോൾ ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം ആകെ രോഗികളുടെ എണ്ണത്തിനെ  അപേക്ഷിച്ച്  ചെറുതാവുന്നതാണ് രോഗമുക്തിനിരക്കിന്റെ ഈ വർധനവിന്റെ കാതൽ. ചികിത്സയിലുള്ളവരുടെ എണ്ണം മൊത്തം രോഗികളുടെ ഇന്നത്തെ അപേക്ഷിച്ചു കാലക്രമേണ കുറഞ്ഞുകൊണ്ടിരിക്കുമല്ലോ; അതിനോടൊപ്പം രോഗമുക്തി നിരക്കിന്റെ വർദ്ധനവിന്റെ തോത് കുറയുമെങ്കിലും അത് വർദ്ധിച്ചു കൊണ്ട് തന്നെ ഇരിക്കും. എന്തിരുന്നാലും 5% മരണനിരക്ക് എന്നുള്ളതുകൊണ്ടുതന്നെ രോഗമുക്തി നിരക്ക് 95 ശതമാനം അപ്പുറം പോവില്ല. താഴെ ദൃശ്യത്തിൽ നൽകിയിരിക്കുന്നത് പോലെ 200 ദിവസം കഴിയുമ്പോൾ നമ്മുടെ രോഗമുക്തി നിരക്ക് 90  ശതമാനത്തിനു മേലെ എത്തി നിൽക്കും.

അതേ കണക്കിന് പോയാൽ 200 ദിവസം കഴിയുമ്പോൾ ഉള്ള രോഗമുക്തി നിരക്ക് 90 ശതമാനത്തിനും മേലെയാകും. കൃത്യമായി പറഞ്ഞാൽ മുകളിൽ കാണിച്ചിരിക്കുന്നത് പോലെ 90.25%.

നാം ഇതുവരെ കണ്ടത് വളരെ ലളിതവൽക്കരിച്ച ഒരു മാതൃകയാണ്. ഇതും കോവിഡും തമ്മിൽ വലിയ അന്തരമുണ്ട്; കൃത്യം പത്തുദിവസം അല്ല എല്ലാവര്ക്കും കോവിഡ് രോഗശാന്തിക്കു വേണ്ട സമയം. എന്നാൽ തന്നെയും രോഗമുക്തി നിരക്ക് എന്ന കണക്കിന് നിരന്തരമായ വർദ്ധനവിന്റെ തത്വം നമ്മുടെ മാതൃകയിലും കോവിഡിന്റെ കാര്യത്തിലും ഒന്ന് തന്നെയാണ്.

ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ട്

കോവിഡ് എന്ന മഹാമാരി ഇന്ത്യയിലൊട്ടാകെ നാശംവിതച്ച് മുന്നേറുമ്പോഴും രോഗഭാരം സമൂഹത്തിൽ വളരെ വർധിക്കുമ്പോഴും നിരന്തരം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കണക്കാണ് രോഗമുക്തി നിരക്ക് എന്നത് കൊണ്ടുതന്നെ നിലവിലെ കേന്ദ്രസർക്കാരിന് അത് പ്രിയപ്പെട്ടതാവാൻ വേറെ കാരണം ഒന്നും നാം അന്വേഷിച്ചു പോകേണ്ടതില്ല.

എന്തിരുന്നാലും നാം പൂർണ്ണഅർത്ഥത്തിൽ മനസ്സിലാക്കേണ്ടത് രോഗമുക്തി നിരക്കും സമൂഹത്തിലെ രോഗ ഭാരവും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നുള്ളതാണ്. രോഗഭരമേറുമ്പോഴും നിരന്തരം മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു കണക്കിനെ ആശ്രയിച്ചു കപടമായ വിജയം അവകാശപ്പെടാൻ ശ്രമിക്കുന്നവരോട് നാം ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം. ഒരു ജനാധിപത്യ സമൂഹം എന്ന നിലയിൽ ഈ ദുരന്തകാലത്തെ ചെപ്പടിവിദ്യക്കു നാം നിന്ന് കൊടുക്കേണ്ടതില്ല തന്നെ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top