11 April Sunday

സുരക്ഷയോടെ ടെന്റ് ടൂറിസം - മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടിUpdated: Friday Jan 29, 2021


വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവിട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണം. എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിങ്‌ ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ ടെന്റ്‌/ക്യാമ്പിങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം വിനോദ സഞ്ചാര മേഖലയുടെ  നടുവൊടിഞ്ഞിരിക്കുന്ന ഇക്കാലത്ത്.

ക്യാമ്പിങ് ടൂറിസം കേരളത്തിൽ പച്ചപിടിച്ചു വരുന്നതേയുള്ളൂവെങ്കിലും ലോകത്ത് ഇതൊരു പുതുമയല്ല. മസായ് മാരയിൽ വന്യമൃഗങ്ങളുടെ വിഹാരഭൂമിയുടെ നടുവിലും അജ്മാനിലെ മലയുടെ മുകളിലും സ്വിറ്റ്‌സർലൻഡിലെ മഞ്ഞുമൂടിയ താഴ്‌വരകളിലും ഞാൻ ടെന്റിൽ കിടന്നുറങ്ങിയിട്ടുണ്ട്. അതൊരു വല്ലാത്ത അനുഭവമാണ്, എല്ലാവരും അനുഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും. അതുകൊണ്ടാണ് എല്ലാവർക്കും ഇഷ്ടപ്പെടില്ലെങ്കിലും ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെന്റ് ടൂറിസത്തെ ഞാൻ അനുകൂലിക്കുന്നത്. ചെറിയ ചെലവിൽ സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണ് പൊതുവിൽ ടെന്റ് ടൂറിസം തെരഞ്ഞെടുക്കുന്നതെങ്കിലും ചൂടുവെള്ളവും അറ്റാച്ച്ഡ് ഷവറും മിനിബാറും ഉൾപ്പെടെ ആധുനിക സൗകര്യം ഉള്ള ആഡംബര സംവിധാനവുമുണ്ട്. കെനിയയിലെ പ്രശസ്തമായ മസായ് മാര നാഷണൽ പാർക്കിൽ ലിറ്റിൽ ഗവർണേഴ്സ് ലോഡ്ജ് എന്ന ടെന്റ്ക്യാമ്പ്‌ ഉണ്ട്. മാര നദിയോട് തൊട്ടുചേർന്ന് മസായ് മാര പാർക്കിന്റെ നടുവിലാണ് ക്യാമ്പ്‌. പാർക്കിൽ സിംഹംമുതൽ പന്നിവരെയുള്ള മൃഗങ്ങളുണ്ട്. നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ തൊട്ടടുത്ത് മൃഗങ്ങൾ വരുന്നതൊന്നും അപൂർവമല്ല.

എല്ലാ കാര്യത്തിലും സുരക്ഷ നോക്കുന്ന ഞാൻ അവിടത്തെ ക്യാമ്പിൽ ഒന്നിലേറെ തവണ പോയിട്ടുണ്ട്. ഇനിയും പോകാൻ മടിയില്ലതാനും. അതിന് രണ്ടു കാരണമുണ്ട്. ഒന്നാമത്, നമ്മൾ ക്യാമ്പിലെത്തിയാലുടൻ ലഭിക്കുന്നത് ഒരു സുരക്ഷാ വിവരണം ആണ്. ക്യാമ്പിൽ വൈദ്യുതി മുതൽ വന്യമൃഗങ്ങളെവരെ കൈകാര്യം ചെയ്യാൻ എങ്ങനെയാണ് അവർ പ്രാപ്തരായിരിക്കുന്നത്, കൊതുക് മുതൽ സിംഹത്തെവരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നെല്ലാം വിശദീകരിക്കും. രണ്ടാമത്, മാര പാർക്കിൽ ജനിച്ചുവളരുന്ന മസായ് വംശജരാണ് ക്യാമ്പിൽ ഗാർഡുകളായി നിൽക്കുന്നത്. മാര പാർക്കിലുള്ള ഓരോ മൃഗത്തെക്കുറിച്ചും അവർക്ക് നന്നായറിയാം. ഒരു ചെറിയ വടിയുമായി സിംഹത്തെപ്പോലും നേരിടുന്ന മനോധൈര്യവും പരിചയവും അവർക്കുണ്ട്. രണ്ട് ടെന്റിന് ഒരു ഗാർഡ് എന്ന നിലയിലാണ് സുരക്ഷ. അപായസൂചന ഉണ്ടായാലുടൻ നമ്മെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റും. പകലോ രാത്രിയോ ടെന്റിൽനിന്ന്‌ പുറത്തിറങ്ങിയാൽ ഗാർഡുകൾ  അടുത്തെത്തി അന്വേഷിക്കും. ഇത്തരത്തിൽ കൃത്യമായ പ്ലാനുകളും അറിവുള്ള സുരക്ഷാ ഗാർഡുകളും ഒക്കെയുണ്ടെങ്കിൽ സിംഹത്തിന്റെ മടയിൽപ്പോലും സുരക്ഷിതമായി ടെന്റ് ടൂറിസം നടത്താം.

വന്യമൃഗങ്ങളുടെ നടുക്ക് മാത്രമല്ല ടെന്റ്ടൂറിസം നടത്തുന്നതും നടത്തേണ്ടതും. മരുഭൂമിയിൽ ടെന്റ് കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇഴജന്തുക്കളെയും തേൾപോലുള്ള ജീവികളെയുമാണ്. മഞ്ഞിൽ ടെന്റ് കെട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത് തണുപ്പിനെയും ടെന്റ് ചൂടാക്കാനുപയോഗിക്കുന്ന യന്ത്രങ്ങളെയുമാണ്. സുരക്ഷാപ്രശ്നങ്ങൾ എന്തുതന്നെയാണെങ്കിലും അത് മുൻകൂട്ടി അറിയുക, ആകുന്നത്ര മുൻകരുതലുകൾ എടുക്കുക, സഞ്ചാരികളെ അതിന്റെ റിസ്‌കും മുൻകരുതലുകളും പറഞ്ഞു മനസ്സിലാക്കുക എന്നിവ പ്രധാനമാണ്. ടെന്റിൽ ടൂറിസത്തിന് പോകുന്നവർ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുമുണ്ട്. റിസോർട്ടിൽ  കിടന്നുറങ്ങുന്നതുപോലെ സമ്പൂർണ സുരക്ഷ ടെന്റിൽ ലഭിക്കില്ല, ഒരൽപ്പം സാഹസികത അതിലുണ്ട്. അതും കൂടിച്ചേർന്നാണ് ക്യാമ്പിങ് ആകർഷകമാകുന്നത്. റിസ്‌ക് എന്താണെന്നും അതിനെതിരെയുള്ള പ്രതിരോധം എന്തെന്നും ആദ്യംതന്നെ അറിയുക. നമുക്ക് എടുക്കാനാകാത്തത്ര റിസ്ക് ഉണ്ടെന്ന് തോന്നിയാൽ ഒഴിവാക്കുക. അതാണ് ചെയ്യേണ്ടത്. വന്യമൃഗങ്ങളുള്ള പ്രദേശങ്ങളിൽ അതിന് പ്രത്യേക ഇൻഷുറൻസ് എടുക്കുന്നതും ശരിയായ രീതിയാണ്.

പാശ്ചാത്യരാജ്യങ്ങളിൽ ടെന്റ് ടൂറിസം വലുതായി വളർന്ന ഒരു മേഖലയാണ്. മസായ് മാരയിലെപ്പോലെ ലക്ഷ്വറി ടൂറിസമല്ല അത്. മിക്കവാറും ആളുകൾ സ്വന്തം ബാക്ക് പാക്കായി ടെന്റ് കൊണ്ടുപോകുന്നതാണ് രീതി. ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനുള്ള സംവിധാനമുണ്ട്. അവിടെ ടോയ്‌ലറ്റ് മുതൽ ബാർബിക്യു വരെയുള്ള സൗകര്യങ്ങളുമുണ്ടായിരിക്കും. ഒളിക്യാമറയും മോറൽ പൊലീസിങ്ങും ഉണ്ടാകില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ലക്ഷക്കണക്കിന് ആളുകൾ, പ്രത്യേകിച്ച് യുവാക്കൾ ടെന്റുമായി യാത്രയ്‌ക്കിറങ്ങും. നോർഡിക് രാജ്യങ്ങളിൽ ഡെന്മാർക്കിൽ ഒഴിച്ച് വിദേശികൾക്ക് ഉൾപ്പെടെ  മറ്റുള്ളവരുടെ പറമ്പിൽ ടെന്റടിച്ച് രാത്രി ചെലവഴിക്കാനുള്ള പാരമ്പര്യ അവകാശംപോലുമുണ്ട്.

ടെന്റുമായി യാത്ര പോകാൻ പറ്റാതിരുന്നവർ സ്വന്തം പറമ്പിൽ ടെന്റടിച്ച് കൂടിയ ഹോം ടെന്റിങ് ഈ കൊറോണക്കാലത്ത് പോപ്പുലറായി. കേരളത്തിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ടെന്റുമായി കേരളത്തിൽ വ്യാപകമായി യാത്രയ്‌ക്കിറങ്ങണമെന്നും അവർ ഉൾപ്പെടെ ലോകത്തെവിടെനിന്നും വരുന്നവർക്ക് കേരളത്തിലെ ഓരോ ഗ്രാമത്തിലും ടെന്റ് അടിക്കാനും ടോയ്‌ലറ്റ്, ഓപ്പൺ ജിം, ക്യാമ്പ്‌ ഫയർ തുടങ്ങിയ സൗകര്യം ഒരുക്കണമെന്നുമുള്ള നിർദേശങ്ങൾ അടുത്ത സർക്കാരിന് എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് വയനാട്ടിലെ ദൗർഭാഗ്യകരമായ സംഭവം. അതുകൊണ്ടുതന്നെ ടെന്റ് ടൂറിസം സുരക്ഷിതമാക്കാനുള്ള അവസരമായി ഇതെടുക്കുകയാണ് വേണ്ടത്.

(ഐക്യരാഷ്‌ട്രസഭയുടെ യുഎൻഇപി–-ദുരന്ത ലഘൂകരണ വിഭാഗം മേധാവിയാണ്‌ ലേഖകൻ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top