31 May Sunday

പിന്നെ അവർ മൃദംഗപുസ്തകം തേടിവന്നു

എ എം ഷിനാസ്‌Updated: Tuesday Feb 11, 2020

1946ൽ നാസി വിരുദ്ധനായ ലൂഥറൻ വൈദികൻ മാർട്ടിൻ നീമൊളൊ, എഴുതിയ വരികൾ നാസികളുടെ നിഷ്ഠുരവാഴ്ചയിൽ നടന്ന നരമേധത്തിനുനേരെ വലിയൊരു വിഭാഗം ജർമൻകാരും യൂറോപ്പിലെ പല രാജ്യങ്ങളും വച്ചുപുലർത്തിയ നിർദാക്ഷിണ്യ നിസ്സംഗതയും മരവിച്ച മൗനവും സർവോപരി മനുഷ്യരാശിക്കുള്ള ഉഗ്രമായ താക്കീതും പ്രേക്ഷണം ചെയ്യുന്നതിനായിരുന്നു. നാസി ചരിത്രത്തെപ്പറ്റി സാമാന്യ ധാരണയുള്ളവർക്കെല്ലാം പരിചിതമായ ആ വരികൾ വിസ്താരഭയം കാരണം ആവർത്തിക്കുന്നില്ല.

ഇടിച്ചുപരത്തിയ അരിയും മസാലക്കൂട്ടുകളും ചേർത്തുണ്ടാക്കുന്ന ‘പോഹ’ എന്ന ഭക്ഷ്യവിഭവം കഴിക്കുന്നവരെല്ലാം ബംഗ്ലാദേശികളാണെന്നും അവർ രാഷ്ട്രവിരുദ്ധരാണെന്നുമുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ്‌ വിജയ് വർഗീയയുടെ വർഗീയ ഉദീരണത്തെ മുൻനിർത്തി എഴുത്തുകാരനായ സന്ദീപ് റോയ്, മാർട്ടിൻ നീമൊളെയുടെ വരികൾ സമകാലിക ഇന്ത്യയിലെ ഫാസിസ്റ്റ് പ്രയോഗരീതികൾ പ്രകാശിപ്പിക്കാൻ ഇങ്ങനെ പരാവർത്തനം ചെയ്തു. (പാർട്ടീഷൻ ഇൻ ദ ടിഫിൻ ബോക്‌സ്, ദഹിന്ദു, 02.02.2020).

‘‘ആദ്യം അവർ മാട്ടിറച്ചി കഴിക്കുന്നവരെ തേടിവന്നു.
ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാൻ മാട്ടിറച്ചി കഴിക്കാറില്ല.
പിന്നെയവർ മധ്യപ്രദേശിൽ മുട്ട കഴിക്കുന്നവരെ തേടിവന്നു. ഞാനൊന്നും മിണ്ടിയില്ല, കാരണം ഞാൻ മുട്ട തിന്നാറില്ല.
പിന്നെയവർ ഭക്ഷണവിതരണം നടത്തുന്ന മുസ്ലിം ബാലനെ തേടിവന്നു. ഞാനൊന്നും പറഞ്ഞില്ല. കാരണം ഞാൻ അത്തരത്തിലുള്ള ഒരു മുസ്ലിം ബാലനായിരുന്നില്ല.
പിന്നെ പോഹ കഴിക്കുന്നവരെ തേടി അവർ വന്നു, അപ്പോൾ ഞാൻ ഉറക്കെ ശബ്ദിച്ചു, കാരണം ഞാൻ പോഹയും ചിവിഡയും കഴിക്കുന്നവനാണ്''

ഇതോടൊപ്പം ഒരു വരികൂടി കൂട്ടിച്ചേർക്കാം.

‘പിന്നെ അവർ മൃദംഗ നിർമാതാക്കളെപ്പറ്റിയുള്ള പുസ്തകം തേടിയും വന്നു.'

മഗ്‌സസെ അവാർഡ് ജേതാവായ കർണാടക സംഗീതജ്ഞനും എഴുത്തുകാരനുമായ പ്രഭാഷകനും ആക്ടിവിസ്റ്റുമായ ടി എം കൃഷ്ണയുടെ ‘സെബാസ്റ്റ്യൻ ആന്റ്‌ ദ സൺസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് മൃദംഗം മേക്കേഴ്‌സ്' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് ആദ്യം അനുമതി നൽകുകയും പിന്നെ റദ്ദുചെയ്യുകയുമായിരുന്നു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ചെന്നൈയിലെ കലാക്ഷേത്ര ഫൗണ്ടേഷൻ ഫാസിസത്തിന്റെ വിഷനാവുകൾ ദൈനംദിന ജീവിതത്തിന്റെ സമസ്ത മേഖലകളെയും നക്കിത്തുടങ്ങിയിരുന്നു എന്നതിന്റെ ഭീതിദ നിദർശനങ്ങളിൽ ഒടുവിലത്തേതായിരുന്നു ഈ പുസ്തകപ്രകാശന നിഷേധം. കലാക്ഷേത്രയുടെ ഡയറക്ടർ രേവതി രാമചന്ദ്രൻ പറഞ്ഞത് കൃഷ്ണയുടെ ഗ്രന്ഥം ‘സമുദായങ്ങൾക്കിടയിൽ വിരോധവും അപസ്വരവും കുത്തിപ്പൊക്കുന്നത്' ആണെന്നാണ്. (തുടർന്ന് ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസത്തിന്റെ വേദിയിൽ നിറഞ്ഞ സദസ്സിനു മുമ്പിൽ ഗ്രന്ഥം പ്രകാശനം ചെയ്തു).


 

ഹിന്ദുസ്ഥാനി സംഗീതത്തിൽ തബലയ്ക്കുള്ള പ്രാധാന്യം കർണാടക സംഗീതവേദികളിൽ മൃദംഗത്തിനുണ്ട്. മൃദംഗ നിർമാതാക്കളിൽ ഭൂരിഭാഗവും ദളിത് ക്രിസ്ത്യാനികളത്രെ. പശു, ആട്, എരുമ എന്നീ നാൽക്കാലികളുടെ തോൽ, അവയുടെ രക്തമാംസങ്ങളിൽ ചവിട്ടിയുള്ള സംസ്‌കരണശേഷമാണ് മൃദംഗ നിർമാണത്തിന് ഉപയോഗിക്കുന്നത്. മൃദംഗ സ്രഷ്ടാക്കളായ ദളിതർ നേരിടുന്ന ജാതി വിവേചനം മാത്രമല്ല മൃദംഗവാദകരും ഗോമാംസ നിഷേധികളുമായ ബ്രാഹ്മണർ ഗോചർമം കൊണ്ടുണ്ടാക്കുന്ന മൃദംഗം സർവാത്മനാ ആശ്ലേഷിച്ചതിലെ വൈരുധ്യവും ഈ ഗ്രന്ഥം അനാച്ഛാദനം ചെയ്യുന്നു. 2016ൽ കർണാടിക് സംഗീതരംഗത്തെ ജാതീയത തുറന്നുകാട്ടുന്ന ഒരു ഗ്രന്ഥം (എ സതേൺ മ്യൂസിക്: എ കർണാടിക് സ്റ്റോറി) കൃഷ്ണ പുറത്തിറക്കിയിരുന്നു.

12 അധ്യായമുള്ള ‘സെബാസ്റ്റ്യൻ ആൻഡ് സൺസിലെ'ദ ബീറ്റ്‌സ് ഹൈഡ് (ശ്രുതിയുടെ ചർമം) എന്ന ആറാം അധ്യായത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ചാൽ ഹിന്ദുത്വവാദികളുടെ ഗ്രന്ഥ വിരോധത്തിന്റെ കാരണം വ്യക്തമാകും. കൃഷ്ണ എഴുതുന്നു: ലോകമാകെയുള്ള ഒരു പൊതുവിശ്വാസം ഹിന്ദുക്കൾ ഗോമാംസം കഴിക്കാറില്ല എന്നാണ് . എന്നാൽ, ബ്രാഹ്മണർ ഉൾപ്പെടെയുള്ള സവർണ ജാതിവിഭാഗങ്ങൾ വൈദിക കാലഘട്ടത്തിലും അതിനുശേഷവും യഥേഷ്ടം മാട്ടിറച്ചി തിന്നിരുന്നു എന്നതിന് തെളിവുണ്ട്. ഇപ്പോഴും ധാരാളം ഹിന്ദുക്കൾ മാട്ടിറച്ചി കഴിക്കാറുണ്ട്. പ്രത്യേകിച്ച് ദളിത് സമുദായങ്ങൾ. ഇതിനെല്ലാം പുറമെ മാട്ടിറച്ചി കയറ്റുമതി ചെയ്യുന്ന അഞ്ച് മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൊല്ലാൻ പാടില്ലാത്ത "വിശുദ്ധ' മൃഗമാണ് പശു എന്നത് ഒരു ആധുനിക ബ്രാഹ്മണ്യസങ്കൽപ്പമാണ്. ഈ ധാരണ വലിയൊരു വിഭാഗം ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ പങ്കുവയ്ക്കുന്നില്ല. എന്നാൽ, തങ്ങളുടെ ജനസംഖ്യയേക്കാൾ നയരൂപീകരണത്തിലും സാസ്‌കാരിക മാതൃകകൾ നിർമിക്കുന്നതിലും സ്വാധീനശേഷിയുള്ള ബ്രാഹ്മണജാതികൾ ഈ അസത്യത്തെ ഒരു വിശുദ്ധ സാർവത്രികമാക്കുകയായിരുന്നു. അത്രത്തോളമാകയാൽ പശു ഭരണഘടനയിൽവരെ ഇടംനേടി. ഭരണഘടനയുടെ മാർഗനിർദേശക ചട്ടങ്ങളിലാണ് പശുവിനെ പരാമർശിക്കുന്നതെങ്കിലും അതിനാൽ, കോടതികൾക്ക് ഗോഹത്യാ നിരോധനം നടപ്പിലാക്കാനാകില്ലെങ്കിലും പശുവിന് ഭരണഘടനയിൽ ഇപ്പോഴും വിശേഷപദവിയുണ്ട്. ഏതാനും വർഷങ്ങൾക്കിടയിൽ പല സംസ്ഥാന സർക്കാരുകളിൽ ഗോവധം നിരോധിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നു'

ഇതേ അധ്യായത്തിൽ കൃഷ്ണ, മൃദംഗവാദകരായ ബ്രാഹ്മണർ നേരിട്ട ധർമസങ്കടവും വൈരുധ്യവും വെളിപ്പെടുത്തുന്ന ഒരു സംഭവം വിവരിക്കുന്നു.
പാലക്കാട്ടെ സാമ്പ്രദായിക ബ്രാഹ്മണകുടുംബത്തിൽനിന്നുള്ള പ്രശസ്ത മൃദംഗവാദകനായിരുന്നു പാലക്കാട്ട് മണി അയ്യർ. മൃദംഗം ഒരു വേദവാദ്യമാണെന്ന് രൂഢമായ വിശ്വാസമുണ്ടായിരുന്നു മണി അയ്യർക്ക്. അതേസമയം, മൃദംഗ നിർമാണത്തിന് "വിശുദ്ധ'പശുവിനെ കൊന്ന് തൊലിയുരിക്കുന്നത് ശരിയാണോ എന്ന വിചാരവും മണി അയ്യരെ അലട്ടി. ഈ അഗാധ പ്രതിസന്ധിക്ക് സമാധാനമുണ്ടാക്കാൻ മണി അയ്യർ, സി രാജഗോപാലാചാരിയെ ചെന്നുകണ്ടു. രാജാജി ഒരു പഴഞ്ചൊല്ല് ഉദ്ധരിച്ചാണ് മണി അയ്യർക്ക് ഉത്തരം നൽകിയത്. ‘ഒരു നദിയുടെ സ്രോതസ്സ് ഏതാണെന്നോ ഒരു പുണ്യവാളന്റെ കഴിഞ്ഞകാലം എന്താണെന്നോ ചികഞ്ഞുനോക്കരുത്' എന്നായിരുന്നു രാജാജിയുടെ ഉപദേശം. മറ്റുവിധത്തിൽ പറഞ്ഞാൽ ബുദ്ധിമുട്ടുള്ള ഉത്തരങ്ങൾ ആരായേണ്ടതില്ല. എത്ര സൗകര്യപ്രദമായ ഉത്തരം! അപ്പോൾ മൃദംഗവാദകനിൽനിന്ന് പശു മാറ്റിനിർത്തപ്പെടുന്നു. പശുവിനെ കൊല്ലുന്നതും തൊലിയുരിയുന്നതിനും മൃദംഗ കലാകാരന്മാരുടെ അനുഭവ മണ്ഡലത്തിലല്ല നടക്കുന്നത്. അപ്പോൾ ഗോഹത്യയും മൃദംഗകലാകാരന്മാരായ ബ്രാഹ്മണരും തമ്മിൽ വളരെ അകലമുണ്ടാകുന്നു. അങ്ങനെ മൃദംഗ കലാകാരന്മാരായ ബ്രാഹ്മണർക്ക് ‘ശുദ്ധി' നിലനിർത്താൻ കഴിയുന്നു. മൃദംഗ നിർമാതാക്കളാകട്ടെ‘അശുദ്ധ'രും അസമരുമായി തുടരുകയും ചെയ്യുന്നു.'


 

കർണാടക സംഗീതത്തെ ബ്രാഹ്മണ്യത്തിന്റെ നെടുങ്കോട്ടയിൽനിന്ന് മോചിപ്പിക്കാൻ സർഗാത്മക കലാപങ്ങൾ നടത്തിവരുന്ന ടി എം കൃഷ്ണ, സ്വതന്ത്ര ഇന്ത്യയിൽ രണ്ടു പ്രാവശ്യം കേന്ദ്രമന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരിയുടെ സഹോദരപൗത്രനാണ്. 2014ൽ കൃഷ്ണയും സുഹൃത്തുക്കളും ചേർന്ന് ചെന്നൈയിലുള്ള ഒരു മുക്കുവ ഗ്രാമത്തിൽ പറയാട്ടം, കൂത്ത്, കർണാടിക്, റോക്ക് തുടങ്ങിയ വ്യത്യസ്ത കലാരൂപങ്ങൾ സമ്മേളിച്ച ഒരു സംഗീതോത്സവം നടത്തിയിരുന്നു. കലാരൂപങ്ങൾക്കിടയിൽ നിലനിർത്തിപ്പോരുന്ന മേൽ കീഴ്ഘടനയുടെയും കർണാടിക് സംഗീതം പറയാട്ടത്തേക്കാളും കൂത്തിനേക്കാളും ശ്രേഷ്ഠമാണെന്ന സവർണ മിഥ്യയുടെയും അടിപ്പടവ് അട്ടിമറിച്ചു ആ സംഗീതോത്സവം. അതിപ്പോഴും നടന്നുവരുന്നു. ശ്രേഷ്ഠത (ക്ലാസിക്കൽ) എന്ന വാക്ക് സാമൂഹിക, രാഷ്ട്രീയ നിർമിതിയാണെന്നും കർണാടിക് സംഗീതത്തെ ക്ലാസിക്കൽ എന്ന കള്ളിയിൽ ഉൾപ്പെടുത്തുന്ന അതേ യുക്തിയുടെ അടിസ്ഥാനത്തിൽ ക്ലാസിക്കൽ അല്ലെന്ന് വിലയിരുത്തപ്പെടുന്ന പല കലകളെയും ക്ലാസിക്കലായി കാണാമെന്നുമാണ് കൃഷ്ണയുടെ പക്ഷം. കലാലോകത്ത് നിലനിൽക്കുന്ന ജാതീയവും മതപരവും വംശീയവും ലിംഗപരവുമായ എല്ലാ വിവേചനങ്ങളെയും ബിജെപിയുടെയും അതിന്റെ ആരൂഢങ്ങളായ ഫാസിസ്റ്റ് സ്വരൂപങ്ങളുടെ പ്രതിലോമ രാഷ്ട്രീയത്തെയും ഇടതടവില്ലാതെ എതിർത്തുപോരുന്ന കൃഷ്ണയുടെ കൃതി ‘ഗോപൂജക'രും ‘ഗോരക്ഷക'രുമായ സംഘപരിവാറിന് അപ്രിയമാകുന്നത് സ്വാഭാവികം. ഗോമാംസം വേണ്ട, ഗോചർമം വേണമെന്ന ബ്രാഹ്മണ്യ വൈരുധ്യത്തിന്റെ തൊലിക്കട്ടിയും മൃദംഗ നിർമാതാക്കൾ നേരിട്ട/ നേരിടുന്ന ജാതീയ വിവേചനത്തിന്റെ ആഴവും അനാവരണം ചെയ്യുന്ന ഈ ഗ്രന്ഥം ഭക്ഷ്യഫാസിസം അഭിരമിക്കുന്ന സ്ഥലികളെ വൃഥാ സ്ഥൂലമാക്കുകയും ചെയ്യുന്നു.

കഴിഞ്ഞയാഴ്‌ച കൃഷ്‌ണ ഷഹീൻ ബാഗിലെത്തി ഫൈസ്‌ അഹമ്മദ്‌ ഫൈസിന്റെ ‘ഹം ദേഖേംഗേ’ എന്ന പ്രശസ്‌ത പ്രതിഷേധ പദ്യം ഉറുദുവിലും മലയാളത്തിലും തമിഴിലും കന്നഡയിലും ആലപിച്ചിരുന്നു. സൈനിക സേച്ഛാധിപതിയായിരുന്ന ജനറൽ സിയാവുൾ ഹഖ്‌ ഭരണം പിടിച്ചെടുത്ത ഉടൻ പല കലാരൂപങ്ങൾക്കും പാകിസ്ഥാനിൽ ഏർപ്പെടുത്തിയ വിലക്കിനെ വെല്ലുവിളിക്കുന്നതായിരുന്നു ഫൈസിന്റെ കവിത. ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ രൂക്ഷവിമർശകനായ കൃഷ്‌ണ ഷഹീൻബാഗാണ്‌ യഥാർഥ ഇന്ത്യയെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ നാലു ഭാഷയിൽ ആ കവിതയ്‌ക്ക്‌ ആവിഷ്‌കാരം നൽകിയത്‌.


പ്രധാന വാർത്തകൾ
 Top