02 October Monday

പാഠ്യപദ്ധതി പരിഷ്കരണത്തിൽ കുട്ടികളും

രാജേഷ് എസ് 
വള്ളിക്കോട്Updated: Friday Nov 18, 2022

ഐക്യരാഷ്ട്രസംഘടനയുടെ കുട്ടികളുടെ അവകാശ കമീഷൻ കുട്ടികളുടെ അവകാശങ്ങളെ അതിജീവനം, ഉന്നമനം, സംരക്ഷണം, പങ്കാളിത്തം എന്നിങ്ങനെ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കുന്ന സമൂഹങ്ങളിൽത്തന്നെ ആദ്യ മൂന്നിനും നൽകുന്ന പ്രാധാന്യം പലപ്പോഴും പങ്കാളിത്തത്തിന് നൽകാറില്ല. കുട്ടികൾക്ക് പക്വത ഇല്ലെന്നും അതുകൊണ്ട് അവരുടെ അഭിപ്രായങ്ങൾക്ക് പ്രാധാന്യമില്ലെന്നും കരുതുന്നവരുടെ എണ്ണവും കുറവല്ല. വിവരങ്ങൾ തേടുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവസരങ്ങൾ കുട്ടിയുടെ പങ്കാളിത്ത അവകാശത്തിലുൾപ്പെട്ടതാണ്. കുട്ടികളുടെ പങ്കാളിത്ത അവകാശത്തെ സമാനതകളില്ലാത്ത വിധം കേരളം അംഗീകരിച്ച ദിവസമാണ് കടന്നുപോയത്. പാഠപുസ്തകവും പഠനരീതിയും എന്താകണമെന്ന് അഭിപ്രായം പ്രകടിപ്പിക്കാൻ കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും സർക്കാർ അവസരമൊരുക്കി. സ്കൂളിലുള്ള മുഴുവൻ കുട്ടികൾക്കും പാഠ്യപദ്ധതി പരിഷ്കരണ ചർച്ചകളിൽ പങ്കെടുക്കുന്നതിന് അവസരം ഉണ്ടായിരുന്നു. ക്ലാസ്‌ തലത്തിൽ അധ്യാപകരുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.

അനുനിമിഷം ബോധനരീതിയിലും പഠനക്രമത്തിലും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ മേഖലയിലെല്ലാംതന്നെ മാതൃകാപരമായ ഇടപെടൽ നടത്തിയ സംസ്ഥാനമാണ് നമ്മുടേത്. ഇത്തവണത്തെ പരിഷ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതയായി കുട്ടികളുടെയും സമൂഹത്തിന്റെയും വിപുലമായ ചർച്ചയെ കരുതാം. ആർക്കുവേണ്ടിയാണോ പാഠ്യപദ്ധതി രൂപീകരിക്കുന്നത്, അവർക്ക് പാഠ്യപദ്ധതി എങ്ങനെ രൂപീകരിക്കണം ? എന്തായിരിക്കണം ഉള്ളടക്കം ? നിലവിലുള്ള പരിമിതികൾ എന്തെല്ലാം ? ഇവയൊക്കെ വിശദമാക്കുന്നതിനുള്ള അവസരമാണ് ലഭിക്കുന്നത്. കുട്ടികളെ ചർച്ചയിൽ പങ്കെടുപ്പിക്കുന്നതിലൂടെ സമാനതകളില്ലാത്ത മറ്റൊരു വിദ്യാഭ്യാസ വിപ്ലവത്തിനാണ് കേരളം തുടക്കം കുറിക്കുന്നത്. കുട്ടികളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പങ്കുവയ്‌ക്കാനാണ് അവസരം ഒരുങ്ങിയത്. അതിനു സഹായകമായ രീതിയിൽ കുട്ടികൾക്കുള്ള ചർച്ചാക്കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. സോഫ്റ്റ് കോപ്പി ഇതിനകം എല്ലാ വിദ്യാർഥികൾക്കും ലഭ്യമാക്കിയിരുന്നു. ലഘുവായ വിശദീകരണങ്ങളും ഏതാനും ചോദ്യങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ചോദ്യങ്ങൾക്ക് ഉത്തരം പറയുകയെന്ന രീതിയിൽ ചർച്ച സംഘടിപ്പിക്കുന്നതിനല്ല നിർദേശം നൽകിയത്. അധ്യാപകർ ക്ലാസിൽ കാര്യങ്ങൾ വിശദീകരിച്ചതിനുശേഷം ആ മേഖലയുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള നിരീക്ഷണങ്ങൾ, നിർദേശങ്ങൾ അവതരിപ്പിക്കുന്ന രീതിയാണ് സ്വീകരിച്ചത്. പങ്കെടുത്ത് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവസരത്തെ ഭൂരിപക്ഷം കുട്ടികളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്.


 

പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അഭിപ്രായപ്രകടനങ്ങൾതന്നെ പാഠ്യപദ്ധതിയുടെ രൂപീകരണത്തെ വലിയ തോതിൽ സ്വാധീനിക്കും. സ്വന്തം സ്കൂൾ അനുഭവങ്ങളെയും പഠനത്തെയും അടിസ്ഥാനമാക്കി നിരീക്ഷണങ്ങൾ അവതരിപ്പിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു.
നിലവിലുള്ള പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തെ സംബന്ധിച്ച് കുട്ടികൾക്കാണ് കൃത്യമായി പറയാൻ കഴിയുക. എല്ലാ കുട്ടികൾക്കും ഒരുപോലെ ഉൾക്കൊള്ളാൻ കഴിയുന്നതാണോ ഇന്നത്തെ പാഠപുസ്തകം എന്നത് കുട്ടികളുടെ ചർച്ചയിലൂടെ തെളിയുമ്പോൾ അതിന്റെ അടിസ്ഥാനത്തിൽ പാഠപുസ്തകങ്ങളെ രൂപകൽപ്പന ചെയ്യാൻ അക്കാദമിക സമൂഹത്തിന് കഴിയും.

ചർച്ചാവേളയിൽ കുട്ടികളുടെ പ്രതികരണങ്ങൾ ക്ലാസ് അധ്യാപകർ കുറിച്ചെടുത്തിട്ടുണ്ട്. കുട്ടികൾക്ക് പ്രതികരണങ്ങൾ എഴുതി നൽകുന്നതിനും അവസരം നൽകിയിരുന്നു. ഇങ്ങനെ ലഭ്യമാകുന്ന എല്ലാ പ്രതികരണങ്ങളും ചേർത്താണ് ക്ലാസ്‌ തലത്തിലുള്ള റിപ്പോർട്ട് തയ്യാറാക്കുന്നത്. എല്ലാ ക്ലാസിലെയും റിപ്പോർട്ടുകൾ ചേർത്തുവച്ചാണ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട കുട്ടികളുടെ ചർച്ചകളുടെ സ്കൂൾതല റിപ്പോർട്ട് തയ്യാറാക്കേണ്ടത്.
കുട്ടികളുടെ അഭിപ്രായങ്ങൾ ഗൗരവത്തോടെ പരിഗണിക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ അവരുടെ വ്യക്തിത്വം അംഗീകരിക്കുകയാണ് ചെയ്യുന്നത്. ഇത് കേരളത്തിലെ കുട്ടികൾക്ക് അങ്ങേയറ്റം ഹൃദ്യമായി അനുഭവപ്പെടും. കുട്ടികളുടെ നിർദേശങ്ങൾകൂടി പരിഗണിച്ചുകൊണ്ട് രൂപപ്പെടുന്ന പാഠ്യപദ്ധതി ശിശുസൗഹൃദ അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കും. 

(എസ്‌സിഇആർടി റിസർച്ച് 
ഓഫീസറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top